Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് ബിന്‍ തുഗ്ലക്കും തലസ്ഥാന മാറ്റവും

ജുനാആ് ഖാന്‍, ഉലുഗ് ഖാന്‍ എന്നീ പേരുകളില്‍ ചരിത്രത്തില്‍ അറിയപ്പെട്ട വ്യക്തിയാണ് മുഹമ്മദ് ബിന്‍ തുഗ്ലക്ക്. ചരിത്രം വാനോളം പുകഴ്ത്തുകയും അത്ര തന്നെ ഇകഴ്ത്തുകയും ചെയ്ത ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികളിലെ അപൂര്‍വ്വ പ്രതിഭാ പുരഷഗണങ്ങളിലൊന്ന്. മുഹമ്മദ് എന്ന തുഗ്ലക്ക് പരിഷ്‌കാരിയെ അറിയാത്തവര്‍ നമുക്കിടയില്‍ കുറവാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ബുദ്ധിമാനായ മുസ്ലിം ഭരണാധികാരിയെ ചരിത്രം വിഡ്ഢി വേഷം കെട്ടിച്ചത്തിന്റെ പിന്നിലെ താല്പര്യം എന്തായിരുന്നു? 1326ലെ മുഹമ്മദ് ബിന്‍ തുഗ്ലക്ക് ഡല്‍ഹിയില്‍ നിന്ന് തന്റെ തലസ്ഥാനം ഇന്നത്തെ മഹാരാഷ്ട്രയിലെ ദൗലത്താബാദിലേക്ക് (ദിയോഗര്‍) മാറ്റി വിപ്ലവകരമായ മാറ്റം നടത്തി. പത്ത് വര്‍ഷത്തിനു ശേഷം തീരുമാനം മാറ്റി ഡല്‍ഹിയെ തന്നെ വീണ്ടും തലസ്ഥാനമായി തെരഞ്ഞെടുത്തെങ്കിലും ചരിത്രം അദ്ദേഹത്തെ വിഡ്ഢി വേഷം കെട്ടിച്ചു തുടങ്ങിയിരുന്നു. പ്രസ്തുത മാറ്റം അന്നത്തെ ജനങ്ങളുടെ സാമൂഹിക സംവിധാനങ്ങളെ പാടെ തകിടം മറിച്ചു.

ഡല്‍ഹിയില്‍ നിന്ന് മുഹമ്മദിനൊപ്പം പുറപ്പെട്ട ഡല്‍ഹി നിവാസികള്‍ക്ക് യാത്രയില്‍ ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നു. എങ്കിലും തന്റെ യാത്രയുടെ ലക്ഷ്യം അദ്ദേഹം പൂര്‍ത്തീകരിച്ചു. ചരിത്രത്തിലെ പോരായ്മകള്‍ പെരുപ്പിച്ച് തേജോവധം ചെയ്യേണ്ട വ്യക്തിത്വമല്ല ചരിത്രത്തിലെ മുഹമ്മദ്. ഒരു ഭരണാധികാരിയും പരിപൂര്‍ണ്ണ വിജയം നേടി ലോകത്ത് മറഞ്ഞ് പോയിട്ടില്ല. അങ്ങനെ വരുമ്പോള്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് മാത്രം ‘ബുദ്ധിമാനായ വിഡ്ഢി’യായി എന്ത് കൊണ്ട് അവതരിപ്പിക്കപ്പെടണം! ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വലിയൊരു ഭാഗം അടക്കി ഭരിച്ച ഭരണവര്‍ഗമായിരുന്നു തുഗ്ലക്ക് വംശം. ദക്ഷിണേന്ത്യയെ ഡല്‍ഹിയില്‍ നിന്ന് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ മുഹമ്മദ് അവിടെ തന്നെയുള്ള ഏതെങ്കിലുമൊരു പ്രദേശം തെരഞ്ഞെടുത്തു ഭരണം നടത്താന്‍ തീരുമാനിച്ചതായിരുന്നു തലസ്ഥാന മാറ്റത്തിന് പിന്നിലുള്ള ഉദ്ദേശ്യമെങ്കിലും ഡല്‍ഹിയിലെ മംഗോള്‍ ആക്രമണത്തില്‍ നിന്ന് തന്നെ പ്രജകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായും തലസ്ഥാന മാറ്റം ചരിത്രത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. തന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ ഒരുക്കമല്ലാതിരുന്ന മുഹമ്മദ് പിന്നെയും പരിഷ്‌കരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പ്രജകളുടെ നന്മ മാത്രം മുന്നില്‍ കണ്ട് തുടങ്ങി വെച്ച പല പ്രവര്‍ത്തനങ്ങളും അദേഹത്തിനു വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചു. ചിലതെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.

ദക്കിനി ഉര്‍ദു

പത്ത് വര്‍ഷത്തെ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ദക്ഷിണേന്ത്യയിലെ ഭരണ നേട്ടങ്ങള്‍ എണ്ണിതിട്ടപ്പെടുത്താന്‍ ചരിത്രത്തിനു കഴിഞ്ഞിരുന്നെങ്കില്‍ പിന്‍തലമുറയുടെ വായനകളില്‍ മുഹമ്മദ് എന്ന പരിഷ്‌കര്‍ത്താവിന്റെ സ്ഥാനം കേവലം ഒരു വിഡ്ഢിയില്‍ ഒതുങ്ങില്ലായിരുന്നു. തലസ്ഥാന മാറ്റത്തിലൂടെ പില്‍കാലത്ത് ദക്ഷിണേന്ത്യയില്‍ കൈവന്ന മാറ്റങ്ങള്‍ അവിശ്വസനീയമായിരുന്നു. ഡക്കാന്‍ പ്രവിശ്യയിലെ മുസ്ലിം ജനസംഖ്യാ അനുപാതത്തിലുണ്ടായ വമ്പിച്ച പുരോഗതി എടുത്തു പറയേണ്ട മാറ്റം തന്നെയായിരുന്നു. സംസ്‌കാരങ്ങളുടെ കൂടിച്ചേരലുകളിലൂടെ ഭാഷ, കല സാഹിത്യം, തുടങ്ങിയ കൈമാറ്റം ചെയ്യപ്പെട്ടു. സാഹിത്യ രചനകളിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും ഉര്‍ദു ഭാഷ ദക്ഷിണേന്ത്യക്ക് സുപരിചിതമായി. കവികള്‍, പണ്ഡിതന്മാര്‍, കലാകാരന്മാര്‍ തുടങ്ങിയവരിലൂടെ ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകള്‍ ഇന്നത്തെ ഹൈദരാബാദ് അടങ്ങുന്ന ഡക്കാന്‍ പ്രവിശ്യയിലെ ജനങ്ങള്‍ക്കിടയില്‍ വളരെ വേഗം വ്യവഹരിക്കപ്പെട്ടു. ഡല്‍ഹിയിലെ കോടതി ഭാഷയായിരുന്ന പേര്‍ഷ്യന്‍ ഭാഷയുടെ സ്ഥാനം ദക്ഷിണേന്ത്യയില്‍ ദക്കിനി ഉര്‍ദു എന്ന പുതിയ ഭാഷ കൈവശപ്പെടുത്തി. ധാരാളം അന്യഭാഷാ സാഹിത്യകൃതികള്‍ ഉര്‍ദുവിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. ദക്ഷിണേന്ത്യയിലെ പ്രധാന ഭാഷകളായ മറാത്തി, കൊങ്കിണി, തെലുങ്ക്, കന്നഡ ഭാഷകളോടൊപ്പം മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉര്‍ദു ഭാഷക്കും സാഹിത്യ അഭിരുചി കൈവന്നു.

തുടരും…

Related Articles