Civilization

മദീന ചാർട്ടർ; ഒരു സമകാലിക വായന

ലോകത്താദ്യമായി എഴുതപ്പെട്ട ഒരു രാജ്യത്തിന്റെ ഭരണഘടനയാണ് മദീന ചാർട്ടർ. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ആദ്യത്തെ ഭരണഘടനയെന്നത് പോലെ, മനുഷ്യ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സമഗ്ര ലിഖിത ഭരണഘടന കൂടിയാണിതെന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള  ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത്, പ്രവാചകരുടെ നേതൃത്വതത്തിൽ രേഖപ്പെടുത്തപ്പെട്ട മദീന ചാർട്ടർ പ്രവാചകരുടെ ബഹുസ്വര സമീപനങ്ങളെ കൃത്യമായി വരച്ച് കാട്ടുന്നുണ്ട്. മദീനയിലെ 8 ജൂത ഗോത്രങ്ങളും അൻസ്വാറുകളും മക്കയിലെ മുഹാജിറുകളും ക്രൈസ്തവ വിഭാഗങ്ങളുമെല്ലാം അടങ്ങിയ ഒരു ജനസമൂഹത്തെ ഒരു ഉമ്മത്ത് അഥവാ നാഷൻ എന്ന അടിസ്ഥാനത്തിൽ ദർശിച്ച്, ഒരു രാഷ്ട്രം പടുത്തുയർത്തിയ സമാനതകളില്ലാത്ത ചരിത്രോർമ്മകളാണ് മദീന ചാർട്ടർ സമ്മാനിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകങ്ങളായ രാഷ്ട്രീയം, നിയമനിർമ്മാണം, ഭരണ-നീതിന്യായ സംവിധാനം തുടങ്ങിയവയെല്ലാം തന്നെ മദീനാ ചാർട്ടറിൽ വിശദമായി വിവരിക്കുന്നുണ്ട്. അതിൽ രേഖപ്പെടുത്തപ്പെട്ട ഓരോ നിയമങ്ങളും പ്രവാചകരിലെ രാഷ്ട്രതന്ത്രജ്ഞൻ എത്രത്തോളം പ്രതിഭാധനനായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.

പ്രവാചകർ(സ്വ) മദീനയിലെത്തുമ്പോൾ എല്ലാ അർഥത്തിലുമുള്ള ശൂന്യത അവിടം തളം കെട്ടിനിന്നിരുന്നു. രാഷ്ട്രീയ ശൂന്യത പ്രത്യേകം പറയേണ്ടതില്ലല്ലോ. ആയതിനാൽ പ്രവാചകർ(സ്വ)യുടെ നേതൃത്വം വളരെ വേഗം സ്വീകാര്യമാവുകയായിരുന്നു. നബി(സ്വ)യുടേയും അനുയായികളുടേയും ഹിജ്‌റയെതുടർന്നാണ് യസ്‌രിബ് വിശ്വപ്രസിദ്ധമായ മദീന യായി രൂപാന്തരപ്പെടുന്നത്. തുടർന്ന്, മദീന ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ആസ്ഥാനമായി മാറുകയായിരുന്നു. മുസ്‌ലിംകളും ജൂതന്മാരും ക്രൈസ്തവരുമടങ്ങുന്ന 22ലധികം ഗോത്രങ്ങൾ അധിവസിക്കുന്ന മദീനയിലെ മൊത്തം ജനവിഭാഗത്തെ ഒരു രാഷ്ട്ര സംവിധാനത്തിന് കീഴിൽ കൊണ്ടുവരാൻ കൃത്യമായ ഒരു ഭരണഘടന അനിവാര്യമായിരുന്നു. അങ്ങനെ നിർമ്മിക്കപ്പെടുന്ന ഭരണഘടന മുഴുവൻ ജനവിഭാഗങ്ങൾക്കും തുല്യപരിഗണന നൽകുന്നതും ഏവർക്കും സ്വീകാര്യമാവുന്നതുമായിരിക്കണമെന്ന് പ്രവാചകർ(സ്വ)ക്ക് നിർബന്ധമുണ്ടായിരുന്നു. ആയതിനാൽ വൈവിധ്യങ്ങളെ പൂർണ്ണമായും ഉൾകൊണ്ട് കൊണ്ടായിരുന്നു മദീന ചാർട്ടർ നിർമ്മിക്കപ്പെടുന്നത്.

Also read: ഉസ്മാനീ സാമ്രാജ്യത്തിലെ സൽജൂഖീ സ്വാധീനം

ഒന്നാം ഖണ്ഡിക ഒരു സമൂഹത്തിന്റെ ഉദ്ഗ്രഥനത്തെ പ്രഖ്യാപിക്കുന്നുണ്ട്. ഇവർ ഒരു ഉമ്മത്ത് (കമ്മ്യൂണിറ്റി) ആയിരിക്കും. ഉമ്മത്തിലെ എല്ലാ ഓരോരുത്തർക്കും (മുസ്‌ലിമിനും ജൂതനും ക്രൈസ്തവനും ബഹുദൈവാരാധകനും) തുല്യാവകാശമുണ്ടായിരിക്കും. 3 മുതൽ 10 വരെയുള്ള ഖണ്ഡികകൾ സ്വന്തം കാര്യങ്ങൾ നടത്തുന്നതിൽ ഓരോ ഗോത്രത്തിനും സ്വയം ഭരണാധികാരമുണ്ടായിരിക്കുമെന്ന് പ്രഖ്യാപിക്കുന്നു.

3-ാം ഖണ്ഡിക ഇങ്ങനെ വായിക്കാം. ബനൂ ഔഫ് ഗോത്രം പൊതുസുരക്ഷാ ക്രമം, രക്തതെണ്ടം, യുദ്ധത്തടവുകാരുടെ മോചനം മുതലായവ അവരുടെ പഴയ ഗോത്രനിയമമനുസരിച്ച് നിലനിർത്തുകയും യുദ്ധത്തടവുകാരോട് കാരുണ്യത്തോടും നീതിപൂർവ്വവും വർത്തിക്കുകയും ചെയ്യുന്നതാണ്. എല്ലാ മത വിഭാഗങ്ങൾക്കുമായി ഏക നിയമം നടപ്പിൽ വരുത്തുക എന്നത് മികച്ച ഒരു രാഷ്ട്ര സംവിധാനത്തിന് ഉചിതമല്ലെന്ന് ഇത് ബോധ്യപ്പെടുത്തുന്നു. ചിലപ്പോഴൊക്കെ സ്വന്തം ഗോത്രനേതാക്കൾക്ക് മുന്നിൽ തീർപ്പാവാത്ത കാര്യങ്ങളുമായി ജൂതന്മാർ പ്രവാകരെ സമീപിച്ച അവസരങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ, പ്രവാചകർ അവരുടെ വ്യക്തി നിയമങ്ങളനുസരിച്ച് അവയിൽ തീർപ്പ് കൽപ്പിക്കുകയായിരുന്നു. എന്നാൽ, അന്യായം പ്രവർത്തിക്കുന്നവരോടും രാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നവരോടും പ്രവാചകർ കൃത്യമായ നിലപാടെടുത്തിരുന്നു.

മദീനാ ചാർട്ടറിലെ 25-ാം ഖണ്ഡിക ഇങ്ങനെ പറയുന്നുണ്ട്,  ജൂത ഗോത്രമായ ബനൂ ഔഫിനെ വിശ്വാസികളായ മുസ്‌ലിംകളോടൊപ്പം ഒറ്റ ഉമ്മത്ത് (കമ്മ്യൂണിറ്റി) അയി പരിഗണിക്കും. ജൂതന്മാർക്ക് അവരുടെ മതത്തിൽ നിലകൊള്ളാം. അവരുടെ സ്വതന്ത്രമാക്കപ്പെട്ട ആളുകൾക്കും ഇത് ബാധകമാണ്. അന്യായം പ്രവർത്തിക്കുന്നവർക്കും പാപം പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമല്ല. കാരണം അവർ അവരോടും അവരുടെ കുടുംബത്തോടുമാണ് ദ്രോഹം ചെയ്യുന്നത്.

Also read: “കാഫിർ” ഒരു വിളിപ്പേരല്ല

47-ാം ഖണ്ഡികകൾ ഉൾക്കൊള്ളുന്ന മദീനാ ചാർട്ടറിന്റെ അവസാനത്തെ ഖണ്ഡിക ഇങ്ങനെ പ്രഖ്യാപിക്കുന്നു: കുറ്റവാളി കുറ്റത്തിന്റെ ഭാരം വഹിക്കണം. അല്ലാഹു നീതിപൂർവ്വം ഈ കരാർ രേഖപ്പെടുത്തുന്നു. തിന്മയും പാപവും പ്രവർത്തിക്കുന്നവരെ ഈ രേഖ സംരക്ഷിക്കുന്നില്ല. അല്ലാഹു നന്മ ചെയ്യുന്നവരേയും സത്യസന്ധതയോടെ പ്രവർത്തിക്കുന്നവരേയും സംരക്ഷിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു.

Facebook Comments
Related Articles
Close
Close