Civilization

തകര്‍ന്നടിഞ്ഞ സമൂഹത്തിന്റെ നിര്‍മ്മിതി അത്ര എളുപ്പമോ?

സകല വിശ്വാസ ധാരകളിലും,രാഷ്ട്രീയ രാഷ്ട്രീയേതര ദര്‍ശനങ്ങളിലും സമൂഹ നന്മയാണ് അടിസ്ഥാനം. ദുര്‍ഗുണരായ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ ഉള്‍പെട്ട ധാരയുടെ കണക്കില്‍ ചേര്‍ക്കപ്പെടുന്ന നാട്ടു നടപ്പ് ഒരു പരിധിവരെ തിന്മയുടെ വിളയാട്ടത്തിനും ചേരിതിരിവിനും ചിദ്രതയ്ക്കും വഴിവെയ്ക്കുന്ന ഘടകമായിരിക്കണം.

തങ്ങളുള്‍കൊണ്ടതിലുള്ള ഭ്രാന്തമായ ആവേശമാണ് മറ്റൊരു പ്രധാന ഘടകം. ദുര്‍ബല നിമിഷങ്ങളില്‍ തോന്നുന്നതൊക്കെ വീണ്ടു വിചാരമില്ലാതെ കുത്തിക്കുറിക്കുന്നതും തല്‍ ക്ഷണമെന്നപോല്‍ പോസ്റ്റും പേസ്റ്റും ചെയ്തു കൊണ്ടേയിരിക്കുന്ന ദുരവസ്ഥയും സാമൂഹികാന്തരീക്ഷം വഷളാക്കുന്നതില്‍ വഹിക്കുന്ന പങ്ക് വിവരണാതീതം. ബോധ പൂര്‍വ്വം സദ് ഗുണങ്ങള്‍ സന്നിവേശിപ്പിക്കപ്പെടുന്ന സംഘങ്ങള്‍ മാത്രമാണ് ഇതിന്നൊരപവാദം. പ്രത്യക്ഷ സ്വഭാവത്തില്‍ തിന്മയെ തുണക്കുന്നവരും വിഷം ചീറ്റുന്നവരും ന്യൂനാല്‍ ന്യൂനമായ ഒരു സംഘം മാത്രമായിരിക്കുമല്ലോ ഉണ്ടാവുക.

ജൈവ ശാസ്ത്രപരമായി പറഞ്ഞാല്‍ ഒരാള്‍ എന്ത് ആഹരിക്കുന്നുവോ അതായിരിയ്ക്കും നാളത്തെ അയാളുടെ ശരീരം. മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ ദിനേനയെന്നോണം ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്. ഇവ്വിധം ജനന മരണ ലീലകള്‍ വ്യത്യസ്ഥ തോതനുസരിച്ച് ആന്തരികാവയവങ്ങള്‍ക്ക് പോലും സംഭവിക്കുന്നുണ്ട്. ഇത്തരത്തിലൊരു പ്രക്രിയ ഇല്ലായിരുന്നുവെങ്കില്‍ രോഗ നിര്‍ണ്ണയവും ചികിത്സയും പരിചരണവും ഒന്നും ഫലം ചെയ്യുമായിരുന്നില്ല.

ശരീരത്തിലെ കോശങ്ങള്‍ക്ക് സംഭവിക്കുന്ന -സംഭവിച്ചേക്കാവുന്ന – ന്യൂനതകള്‍ ഒരു വേള ആരോഗ്യകരമായ ശിക്ഷണങ്ങളെ ബോധപൂര്‍വം അവഗണിക്കുന്നത് കൊണ്ടാണ്. എന്നാല്‍ ബോധപൂര്‍വമല്ലാതെ സംഭവിക്കുന്ന ഭവിഷ്യത്തും വളരെ ഏറെയത്രെ. ഇതിനു കാരണം രോഗാതുരമായ അന്തരീക്ഷത്തില്‍ ജീവിക്കേണ്ടി വരുന്നതു കൊണ്ടാണ്.

എന്തു അറിയുന്നു, പഠിക്കുന്നു, എന്തു ഉള്‍കൊള്ളുന്നു എന്നതിന്റെ നിതാനത്തിലാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപം പ്രാപിക്കുന്നത്. ശരീരത്തിലേതെന്നതു പോലെ ബോധപൂര്‍വമല്ലാതെയും മനുഷ്യന്‍ അവന്റെ സാഹചര്യങ്ങളില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ സ്വാംശീകരിക്കുന്നുണ്ട്. സാമൂഹികാന്തരീക്ഷത്തിലെ ആരോഗ്യ- അനാര്യോഗ്യ അവസ്ഥയും പ്രധാനം എന്നു സാരം.

എന്തായാലും അനാരോഗ്യകരമായ ഒരു അവസ്ഥ സംജാതമായാല്‍ അതില്‍ നിന്നും മുക്തനാകണം എന്ന ബോധം സര്‍വ സാധാരണമാണ്. എന്നാല്‍ ഇങ്ങനെ സര്‍വ സാധാരണമായിരുന്നതൊന്നും വര്‍ത്തമാന കാലത്ത് അധികമൊന്നും ശേഷിക്കുന്നില്ലെന്നത് അതി ഗുരുതരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

അഥവ ആരോഗ്യ അനാരോഗ്യ അവസ്ഥ ശരീരത്തിലായാലും സമൂഹത്തിലായാലും തിരിച്ചറിയാന്‍ പോലും അസാധ്യമായ ഒരു കെട്ട യുഗത്തിലാണ് മനുഷ്യന്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്. ഈ ദുരവസ്ഥയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്ന ഘടനയും കാലാവസ്ഥയും ലോകാടിസ്ഥാനത്തില്‍ തന്നെ പ്രവര്‍ത്തന സജ്ജവുമത്രെ.

മദീനാ മസ്ജിദില്‍ വിസര്‍ജ്ജിച്ച ബദവിയോട് ഇതു വിസര്‍ജ്ജിക്കാനുള്ള ഇടമല്ല എന്നു മാത്രമാണ് ഉപദേശിച്ചത്. നമസ്‌കാര സമയത്ത് അഭിവാദ്യ പ്രത്യാഭിവാദ്യങ്ങള്‍ നടത്തിയവരോട് നമസ്‌കാരത്തിലെ ദികറുകള്‍ ഓര്‍മ്മിപ്പിക്കുക മാത്രമാണ് പ്രവാചകന്‍ ചെയ്തത്. അരുതായ്മകള്‍ കാണുമ്പോള്‍ എന്തിനു അങ്ങിനെ ചെയ്തു എന്നതിനു പകരം ചെയ്യേണ്ടിയിരുന്നത് ഇവ്വിധമാണെന്നു പഠിപ്പിക്കുന്ന ശൈലിയായിരുന്നു പ്രവാച പ്രഭുവിന്റേത്. സഹ ധര്‍മ്മിണി ദേഷ്യപ്പെട്ട് അകത്തളത്തില്‍ എറിഞ്ഞുടച്ച പളുങ്കു പാത്രത്തിന്റെ മൂര്‍ച്ചയുള്ള ഓരോ ചീളും സമ ചിത്തയോടെ പെറുക്കിയെടുക്കുന്നതിനായിരുന്നു സ്‌നേഹ സമ്പന്നനായ തിരു ദൂതര്‍ പ്രാധാന്യം നല്‍കിയത്.

പറഞ്ഞ് വന്നത് മനുഷ്യ സഹജമായ പല അബദ്ധങ്ങളും പലരില്‍ നിന്നും സംഭവിക്കുന്നുണ്ട്. അബദ്ധങ്ങളെ അബദ്ധങ്ങള്‍ കൊണ്ട് നേരിടുന്നതായിരിക്കരുത് വിശ്വാസിയുടെ ശൈലി.

മദീനയില്‍ പലായനം ചെയ്‌തെത്തിയ പ്രവാചകനും അനുചരന്മാരും മക്കയില്‍ വലിയ ദുരിതവും ഭക്ഷ്യ ക്ഷാമവുമാണെന്നും അറിഞ്ഞപ്പോള്‍ ഖുറൈഷികളെ സഹായിക്കാനുള്ള സത്വര നടപടികളുമായി പ്രവാചകന്‍ മുന്നോട്ടു വന്നു. വിശ്വാസികളെ അക്രമിക്കുകയും അധിക്ഷേപിക്കുകയും പരിഹസിക്കുകയും എന്നല്ല നാടുവിടാന്‍ പോലും കാരണക്കാരും ആയവരെ എന്തിനു സഹായിക്കണെമെന്ന സഹജരുടെ ആശങ്കയെ നിര്‍വീര്യമാക്കിയ പ്രതികരണം ചരിത്രത്തില്‍ നാം വായിച്ചതാണ്. നിഷേധികള്‍ ചെയ്തത് അവരുടെ അജ്ഞതയുടെ സംസ്‌കാരം. വിശ്വാസികള്‍ അനുഷ്ഠിക്കുന്നത് അവര്‍ സ്വീകരിച്ച നന്മയുടെ സംസ്‌കാരം.

ഒരാളുടെ അകത്തളം സദ്‌വിചാരങ്ങള്‍ കൊണ്ട് പൂരിതമായിരിക്കണം. നല്ലത് ചിന്തിക്കുക. നല്ലത് പ്രവര്‍ത്തിക്കുക. നല്ലതിനെ പ്രോസാഹിപ്പിക്കാനുതകുന്ന പഠന മനനങ്ങളില്‍ വ്യാപൃതനാകുക. ഇത്തരക്കാരുടെ മുഖവും ഭാവവും പ്രസന്നമായിരിയ്ക്കും ഭാഷ മധുരമായിരിയ്ക്കും, മുഖാമുഖം സന്തോഷദായകമായിരിയ്ക്കും.

ഒരു പൂ മൊട്ടിട്ട് വിരിയാനാവുമ്പോഴേക്കും പൂമ്പൊടിയും മധുവും മണവും കൊണ്ട് സമ്പന്നമാകുന്നുണ്ട്. പറന്നെത്തുന്ന സകല മധുപന്മാര്‍ക്കും മധുവൂട്ടുകയും ഇളം തെന്നലില്‍ മണം പരത്തുകയും ചെയ്യുന്നു. വരുന്നവര്‍ക്കൊക്കെ മധു ചുരത്താനും മണം പകരാനും മാത്രമേ പൂക്കള്‍ക്ക് സാധിക്കുകയുള്ളൂ. ശേഖരം നന്നായിരിക്കണം എന്നു ചുരുക്കം.

ശാരീരികാരോഗ്യത്തെയും സാമൂഹ്യാരോഗ്യത്തെയും യഥോചിതം പരിഗണിക്കുന്നവരും പരിചരിക്കുന്നവരും വിരളമാണെന്നത് വസ്തുതയാണ്. എന്നാല്‍ നിരാശ ജനിപ്പിക്കേണ്ടതും അല്ല.

പരിസര മലിനികരണത്താല്‍ അസഹ്യമായ ഒരു പ്രദേശത്തു പോലും ഒരു സുഗന്ധിപ്പൂവിന് സാന്നിധ്യമറിയിക്കാന്‍ സാധിച്ചേക്കും. ഘനാന്ധകാരം നിറഞ്ഞ ഭീതിതമായ സാഹചര്യത്തില്‍ കേവലം ഒരു നെയ്തിരിയുടെ പ്രാകാശത്തിന് ആശ്വാസം നല്‍കാന്‍ കഴിഞ്ഞേക്കും. കാടിളക്കി മറിക്കുന്ന ഗജകേസരികള്‍ മര്‍മ്മം അറിയുന്ന ബാലന്റെ ആംഗ്യത്തില്‍ പോലും വിഷണ്ണനായേക്കും. നാടിളക്കി മേവുന്ന നാട്ടു കേസരികള്‍ യഥാര്‍ഥ ധര്‍മ്മം അറിയുന്നവന്റെ മുന്നിലും. നെറികെട്ട ലജ്ജകെട്ട ആഭാസന്മാര്‍ പ്രകൃതി സഹജമായ നര്‍മ്മ ബോധമുള്ളവന്റെ മുന്നിലും ചൂളിപ്പോയേക്കും.

സൂക്ഷ്മമായി മര്‍മ്മം അറിയുന്ന സമഗ്രമായി ധര്‍മ്മം അറിയുന്ന സമര്‍ഥമായി നര്‍മ്മം അറിയുന്നവര്‍ക്ക് സമൂഹത്തെ പുനര്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ശരിയാണ് ഇടിഞ്ഞു പൊളിഞ്ഞ കെട്ടടങ്ങള്‍ കെട്ടിപ്പൊക്കുന്നത്ര എളുപ്പമല്ല തകര്‍ന്നടിഞ്ഞ സമൂഹത്തിന്റെ നിര്‍മ്മിതി.

Facebook Comments
Show More

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി, രായംമരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍, ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവമായ മഞ്ഞിയിലിന്റെ മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ച ഇദ്ദേഹം എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതിയിട്ടുണ്ട്.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്. തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍ കൂടിയാണ് മഞ്ഞിയില്‍.സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞുപോയ ബാലപ്രതിഭ അബ്‌സ്വാര്‍, അന്‍സാര്‍, ഹിബ, ഹമദ്, അമീന എന്നിവരാണ് മക്കള്‍.

Related Articles

Close
Close