കൈറോ മിനാരങ്ങളുടെ നഗരമാണ്. നൂറുകണക്കിന് മസ്ജിദുകളുടെ മിനാരങ്ങളും താഴികക്കുടങ്ങളുമില്ലാതെ കൈറോ നഗരദൃശ്യം അപൂർണ്ണമാണ്. ഈജിപ്തിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച കഥകൾ ഈ ആരാധനാലയങ്ങൾക്ക് പറയാനുണ്ട്.


ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ റാഷിദൂൻ ഖിലാഫത്തിന്റെ കീഴിലാണ് മുസ്‌ലിംകൾ ഈജിപ്ത് കീഴടക്കിയത്. നൂറ്റാണ്ടുകളായി ഈ പ്രദേശം ഭരിച്ചിരുന്ന ബൈസന്റൈനുകളെ പരാജയപ്പെടുത്തി, അംറ് ബ്‌നുൽ-ആസിന്റെ നേതൃത്വത്തിലുള്ള സൈന്യം വടക്കേ ആഫ്രിക്കയുടെ ബാക്കി ഭാഗങ്ങൾ അറബികളുടെ അധീനതയിലാക്കുകയായിരുന്നു.
അൽ-ആസ് നൈൽ നദിക്കരയിൽ ‘അൽ ഫുസ്ത്വാത്’ എന്ന പേരിൽ ഒരു വാസസ്ഥലം നിർമ്മിക്കുകയും അതിന്റെ പരിധിക്കുള്ളിൽ നഗരത്തിലെ ആദ്യത്തെ മസ്ജിദ് നിർമ്മിക്കുകയും ചെയ്തു. നൂറുകണക്കിന് മുസ്‌ലിം രാജവംശങ്ങൾ തങ്ങളുടേതായ വാസ്തുവിദ്യാ ശൈലികളിലൂടെ നഗരത്തിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചത് ഇവിടെയായിരുന്നു. ഉമയ്യ,അബ്ബാസിയ്യ തുടങ്ങിയ അറബ് രാജവംശങ്ങൾ, ഫാത്തിമികൾ, ഒട്ടോമൻ തുർക്കികൾ എന്നിവർ ഇതിൽ പ്രധാനികളാണ്.


1-Mosque of Ibn Tulun
കൈറോയിൽ ഇന്നും അതിന്റെ പഴയകാല പ്രൌഡിയോടെ നിലനിൽക്കുന്ന പള്ളിയാണ് ഇബ്നു തുലൂൻ മസ്ജിദ്.
അൽ-ഫുസ്താത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അൽ-ഖത്തായിയിലുള്ള ഇത് കൈറോയിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണ്.
അബ്ബാസി രാജവംശത്തിന് കീഴിലായിരുന്ന ഈജിപ്തിലെ ഗവർണർ അഹ്മദ് ഇബ്നു തുലൂനാണ് 884 CE-ൽ ഇത് നിർമ്മിച്ചത്. അബ്ബാസി ഖലീഫയിൽ നിന്ന് ഇബ്നു തുലുൻ ഔപചാരിക സ്വാതന്ത്ര്യം നേടിയില്ലെങ്കിലും അദ്ദേഹത്തിന് ചില വിശേഷാധികാരങ്ങലളുണ്ടായിരുന്നു.


ബാഗ്ദാദിൽ നിന്നുള്ള ഒരു ബാലഅടിമയായിരുന്ന ഇബ്‌നു തുലൂൻ, അബ്ബാസിയ്യ സൈന്യത്തിൽ ചേരുകയും ഉന്നത പഥവിയിലെത്തുകയും ചെയ്തു. 868 CE-ൽ ലെഫ്റ്റനന്റും പിന്നീട് ഈജിപ്തിലെ ഗവർണറുമായി. തന്റെ മികച്ച രാഷ്ട്രീയതന്ത്രജ്ഞത കാരണമായി അബ്ബാസി ഖലീഫയിൽ നിന്ന് സ്വയംഭരണ പദവിയിലേക്ക് സ്വയം മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പള്ളിസമുച്ചയത്തിനുള്ളിലെ തുറസ്സായ പ്രദേശങ്ങൾ ഉൾപ്പെടെ ഏകദേശം 26,318 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഇബ്ൻ തുലൂൻ മസ്ജിദ് രാജ്യത്തെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ്.
രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആരാധനാലയമാണ് അൽ-അസ്ഹർ മസ്ജിദ്. ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെ പ്രധാനകേന്ദ്രവും ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക വിദ്യാഭ്യാസ സമുച്ചയമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനവുമായാണ് ഇത് അറിയപ്പെടുന്നത്.
ഇബ്‌ൻ തുലൂനിന്റെ ജന്മനാടായ ഇറാഖിൽ നിന്നുള്ള പരമ്പരാഗത അലങ്കാര രീതികളാണ് പള്ളിയിൽ സ്വീകരിച്ചിട്ടുള്ളത്. വലിയ ഇഷ്ടിക കമാനങ്ങളും ചുറ്റും വിശാലമായ നടുമുറ്റമുള്ള ഇവിടെ മനോഹരമായ ഒരു ജലധാര നിർമ്മിച്ചിട്ടുണ്ട്. ആരാധകർക്ക് പ്രാർത്ഥനയ്ക്ക് മുമ്പ് അംഗസ്നാനം വരുത്താനുള്ള ഈ സൗകര്യം പിന്നീട് 1296ൽ മംലൂക്ക് സുൽത്താൻ ഹുസാമുദിൻ ലാജിനിന്റെ കീഴിലാണ് കൂട്ടിച്ചേർത്തത്.


ഇഷ്ടിക ചുവരുകളും ജിപ്‌സം അലങ്കാരങ്ങളും കൊണ്ട് മനോഹരരമാക്കിയ ആരാധനാലയത്തിനുള്ളിലെ കുഫി ശൈലിയിലുള്ള കാലിഗ്രാഫി മസ്ജിദിനെ ചാരുതയോടെ നിലനിർത്തുന്നു. വ്യത്യസ്തമായ ഗോവണിയോടെയുള്ള ഉയർന്ന മിനാരമാണ് മസ്ജിദിന്റെ ശ്രദ്ധേയഘടകം. ഇത് സമാറയിലെ ഗ്രേറ്റ് മസ്ജിദിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാവാം.
2- Al-Azhar Mosque
രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആരാധനാലയമാണ് അൽ-അസ്ഹർ മസ്ജിദ്. ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെ പ്രധാനകേന്ദ്രവും ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക വിദ്യാഭ്യാസ സമുച്ചയമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനവുമായാണ് ഇത് അറിയപ്പെടുന്നത്.
പ്രവാചകൻ മുഹമ്മദ് നബിയുടെ മകൾ ഫാത്തിമ അൽ-സഹ്‌റയുടെ പേരിലാണ് ഈ സമുച്ചയത്തിന്റെ നാമകരണം. പള്ളി നിർമ്മാതാക്കളായ ഷിയ ഇസ്മായിലി ഫാത്തിമിയ്യ രാജവംശം അവരോട് പുലർത്തിയിരുന്ന ആദരവിന്റെ ഭാഗമായിരുന്നു ഇത്.


970 CE-ൽ ജൗഹർ അസ്-സിഖില്ലിയുടെയും പ്രവാചക വംശപരമ്പര അവകാശപ്പെടുന്ന വടക്കേ ആഫ്രിക്കൻ രാജവംശത്തിന്റെ ഭാഗമായ, ഒന്നാം ഫാത്തിമി ഖലീഫയായ ‘അൽ-മുഇസു ദീനില്ല’യുടെ ഭരണത്തിനു കീഴിലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.
ഇന്ന് സുന്നി കർമ്മശാസ്ത്ര കേന്ദ്രമാണെങ്കിലും യൂണിവേഴ്സിറ്റിയുടെ ആദ്യകാലത്ത് ഷിയ ഇസ്‌ലാമിക് വിജ്ഞാനങ്ങൾ പഠിപ്പിക്കുകയും മുസ്‌ലിംലോകമെമ്പാടുമുള്ള ഷിയ വിദ്യാർത്ഥികളെ ആകർഷിക്കുകയും ചെയ്തിരുന്നു. പിന്നീട് മുസ്‌ലിംപോരാളിയായ സലാഹുദ്ദീൻ ഫാത്തിമികളെ അട്ടിമറിക്കുകയും ഈജിപ്തിൽ സുന്നി ആധിപത്യം സ്ഥാപിക്കുകയും അൽ അസ്ഹറിനെ സുന്നികേന്ദ്രമാക്കി മാറ്റുകയും ചെയ്തു.
12,000 ചതുരശ്ര മീറ്ററിൽ 380 മാർബിൾ സ്തംഭങ്ങളുടെ സഹായത്തോടെയാണ് മസ്ജിദ് സജ്ജീകരിച്ചിരിക്കുന്നത്. അതിനുചുറ്റും ചൂടിൽ നിന്ന് തണലേകുന്ന ഒറ്റ ആർക്കേഡോടു കൂടിയ വലിയ മാർബിൾ നടുമുറ്റം ഇതിന്റെ പ്രധാനസവിശേഷതതാണ്.
സമുച്ചയത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രാർത്ഥനാ ഹാളാണ് പള്ളിയുടെ ഏറ്റവും പഴക്കം ചെന്ന ഭാഗം. മുറ്റത്തേക്കാൾ വലിപ്പമുള്ള ഇവിടെ തടി ബീമുകളും നിരകളും ബിൽഡിംഗിനെ സ്ഥായിയായി നിലനിർത്തുന്നു. കുഫി ലിഖിതങ്ങളും സ്വർണ്ണ പാറ്റേണുകളും മക്കയുടെ ദിശയെ സൂചിപ്പിക്കുന്ന പള്ളി മിഹ്‌റാബിനെ അലങ്കരിക്കുന്നു.
എന്നാൽ മറ്റു കെയ്‌റോ പള്ളികളേക്കാൾ അൽ-അസ്ഹറിനെ വ്യത്യസ്തമാക്കുന്നത് ഈജിപ്തിലെ രാജവംശങ്ങളുടെ വ്യക്തമായ സ്വാധീനമാണ്. മസ്ജിദിന്റെ അഞ്ച് മിനാരങ്ങളിലോരോന്നും ഈജിപ്തിലെ വ്യത്യസ്ത ഭരണ രാജവംശങ്ങളെ പ്രതിനിധീകരിക്കുന്ന ശൈലിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചരിത്രത്തിലെ വ്യത്യസ്ത കാലങ്ങളിലാണ് ഇവ കൂട്ടിച്ചേർക്കപ്പെട്ടത്.
‘മിനാരറ്റ് അൽ-ഗൂർ’ എന്ന പേരിലുള്ള ഒരു മിനാരം മറ്റുള്ളവയേക്കാൾ ഉയരത്തിലാണ് നിലനിൽക്കുന്നത്. 1514-ൽ മംലൂക്ക് സുൽത്താൻ അൽ-ഗുരി നിർമ്മിച്ച ഇതിന് 16 വശങ്ങളുണ്ട്.


3- Al-Hussein Mosque
അൽ-അസ്ഹറിന് അടുത്ത് സ്ഥിതിചെയ്യുന്ന മറ്റൊരു ഫാത്തിമി പള്ളിയാണ് അൽ ഹുസൈൻ മസ്ജിദ്. 1154-ൽ ഒരു ഫാത്തിമി സെമിത്തേരിയുടെ മുകൾഭാഗത്താണ് ഇത് നിർമ്മിച്ചത്. അൽ-ഹുസൈൻ മസ്ജിദിന്റെ മിനാരങ്ങളുടെ കുമ്മായജനൽപാളികൾ(stucco panels) പതിനാലാം നൂറ്റാണ്ടിലേതാണ്. പള്ളി സന്ദർശിച്ച ഒട്ടോമൻ സുൽതാൻ അബ്ദുൽ അസീസ് ഇസ്താംബൂളിൽ നിന്ന് മാർബിൾ തൂണുകൾ കൊണ്ടുവരാനും ഒരു അലങ്കാര മരമിമ്പർ സ്ഥാപിക്കാനും ഉത്തരവിടുകയും ബാക്കിയുള്ളവ 1874-ൽ പുനർനിർമ്മിക്കുകയുമായിരുന്നു.


മുഹമ്മദ് നബിയുടെ പേരമകനായ,ഷിയാക്കൾ ഇമാം ഹുസൈൻ എന്ന് വിശേഷിപ്പിക്കുന്ന ഹുസൈൻ ബ്നു അലിയുടെ പേരിലാണ് ഈ പള്ളി അറിയപ്പെടുന്നത്. പൊതുവെയുള്ള വിശ്വാസമനുസരിച്ച്, 680 CE-ൽ ഇമാം ഹുസൈൻ ഉമയ്യാ ഭരണാധികാരികളാൽ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ ശിരസ്സ് പള്ളിയുടെ പച്ചയും വെള്ളിയും കലർന്ന ശവകുടീരത്തിൽ അടക്കം ചെയ്യുകയും വർഷങ്ങൾക്ക് ശേഷം തല കണ്ടെത്തി കെയ്റോയിലേക്ക് കൊണ്ടുപോവുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. മറ്റു ചില റിപ്പോർട്ടുകളനുസരിച്ച് അദ്ദേഹത്തിന്റെ തല എടുത്ത് ഡമാസ്കസിലെ ഉമയ്യ മസ്ജിദിൽ അടക്കം ചെയ്യുകയോ അല്ലെങ്കിൽ ഇറാഖിലെ കർബലയിലേക്ക് കൊണ്ട് പോയി അദ്ദേഹത്തിന്റെ ശരീരത്തോടൊപ്പം അടക്കം ചെയ്തു എന്നിങ്ങനെ പലതരത്തിലുള്ള വിശ്വാസങ്ങളുമുണ്ട്.
4- The Mosque and Madrassa of Sultan Hassan
സെൽജുക് വാസ്തുവിദ്യയുടെ സ്വാധീനം ഏറെയുള്ള പള്ളിയാണ് സുൽത്താൻ ഹസൻ മസ്ജിദ്. സങ്കീർണ്ണമായ കൊത്തുപണികൾ, കമാനാകൃതിയിലുള്ള മുകൾ ഭാഗം, തേനീച്ചകൂട് പോലെയുള്ള മുഖർനകൾ എന്നിവയാൽ മനോഹരമാണിത്. 14-ാം നൂറ്റാണ്ടിൽ ഇതിന്റെ നിർമ്മാണത്തിനിടെ 68 മീറ്റർ ഉയരമുള്ള നാല് മിനാരങ്ങളിൽ ഒന്ന് തകർന്ന് 300 പേർ മരണപ്പെട്ട ഒരു ദുരന്ത ചരിത്രം കൂടി ഈ സമുച്ചയത്തിന് പറയാനുണ്ട്.


1357-ൽ അന്നാസിർ ഹസൻ എന്നറിയപ്പെടുന്ന അന്നാസിർ ബദറുദ്ദീൻ ഹസൻ ഇബ്നു മുഹമ്മദ് ഇബ്നു ഖലാവുനാണ് ഇതിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. പള്ളിക്കകത്ത് കൂഫി ലിപിയിലുള്ള ഖുർആൻ വാക്യങ്ങൾ പുഷ്പ ഡിസൈനുകളാൽ ചായം പൂശിയ ചുവരുകളിൽ കൊത്തിവച്ചത് അതിമനോഹരമാണ്. കൂടാതെ മിഹ്‌റാബിനെ ചുറ്റിപ്പറ്റിയുള്ള സ്വർണ്ണ ലിഖിതങ്ങൾ ഈജിപ്തിലെ ഏറ്റവും മനോഹരമായ പള്ളയെന്നാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്.
150 മീറ്റർ നീളവും 7,906 ചതുരശ്ര മീറ്റർ വിസ്തീർണ്ണവുമാണ് പള്ളിക്കുള്ളത്. വർണ്ണപകിട്ടാർന്ന കല്ലുകളും മാർബിളും പാകിയ അകത്തളം തിരക്കേറിയ കെയ്‌റോയുടെ തെരുവ് ശബ്ദങ്ങളെ സമർത്ഥമായി തടയാൻ സഹായകമാവുന്നു.
മുറ്റത്തോട് ചേർന്നുനിൽക്കുന്ന നാല് മതിലുകളുള്ള മുറികളിൽ ഓരോന്നും ഷാഫി, മാലിക്കി, ഹനഫി, ഹൻബലി എന്നീ നാല് മദ്ഹബുകളുടെ പാഠശാലകളുണ്ട്.


5.Great Mosque of Muhammad Ali Pasha
ഈജിപ്തിൽ 1517 ൽ ഓട്ടോമൻ ഭരണം ആരംഭിക്കുകയും രാജ്യത്തെ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കി മാറ്റുകയും ചെയ്തു. 1798-ൽ നെപ്പോളിയന്റെ ഈജിപ്ത് അധിനിവേശമായിരുന്നു ഈ മേഖലയിലെ ഓട്ടോമൻ ആധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണം. ഈ അധിനിവേശത്തെ ഭാഗികമായി ചെറുത്ത് നിർത്തിയത് ആധുനിക ഈജിപ്ഷ്യൻ രാഷ്ട്രത്തിന് അടിത്തറയിട്ട മുഹമ്മദ് അലി പാഷ എന്ന അൽബേനിയൻ-ഓട്ടോമൻ ഉദ്യോഗസ്ഥനായിരുന്നു.


മുഹമ്മദ് അലി ഒട്ടോമനിൽ നിന്ന് സ്വതന്ത്രനാവുകയും സ്വയം ഈജിപ്തിന്റെ ഭരണാധികാരിയാവുകയും 1849-ൽ അദ്ദേഹത്തിന്റെ മരണം വരെ അധികാരം നിലനിർത്തുകയും ചെയ്തു. മുഹമ്മദ് അലിയുടെ കീഴിൽ, ഈജിപ്ത് അതിവേഗ നവീകരണ പ്രക്രിയയ്ക്ക് വിധേയമായി. യൂറോപ്യൻ ശൈലിയിലുള്ള ബ്യൂറോക്രസിയും സൈനിക ഭരണവും അദ്ദേഹം കടമെടുക്കുകയായിരുന്നു.
തന്റെ അൽബേനിയൻ പാരമ്പര്യം മഹത്തായ സ്മാരകങ്ങളിലൂടെയും കെട്ടിടങ്ങളിലൂടെയും ആവിഷ്കരിക്കാൻ മുഹമ്മദ് അലി ശ്രമിച്ചു. അതിലൊന്നായിരുന്നു മുഹമ്മദ് അലി പാഷ മസ്ജിദ്. ഇസ്താംബൂളിലെ സുൽത്താൻ അഹമ്മദ് മോസ്‌ക് അല്ലെങ്കിൽ ബ്ലൂ മോസ്‌കിനോട് സമാനമായി നിർമ്മിക്കാൻ ആഗ്രഹിച്ച അദ്ദേഹം കെട്ടിടം രൂപകൽപ്പന ചെയ്യാൻ ടർക്കിഷ് ആർക്കിടെക്റ്റായ യൂസഫ് ബോഷ്‌നാക്കിനെ കൊണ്ടുവന്നിരുന്നു.
1830-ൽ പണികഴിപ്പിച്ച 84 മീറ്റർ ഉയരമുള്ള ഇരട്ട മിനാര ടവർ ഈജിപ്തിലെ ഏറ്റവും ഉയരം കൂടിയതാണ്. നാല് ചെറിയ താഴികക്കുടങ്ങളാൽ വലയം ചെയ്ത് മധ്യഭാഗത്ത് മനോഹരമായ ഒരു താഴികക്കുടക്കുടവുമടങ്ങുന്ന യഥാർത്ഥ ഒട്ടോമൻ ശൈലിയിലാണ് മസ്ജിദ് നിലനിൽക്കുന്നത്. അലബസ്റ്റർ പാളി കൊണ്ട് പൊതിഞ്ഞ ഈ പള്ളി “അലബസ്റ്റർ മസ്ജിദ്” എന്നും അറിയപ്പെടുന്നു.
കെയ്‌റോയിലെ ചരിത്രപരമായ കോട്ടയിലെ ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന മുഹമ്മദ് അലി മസ്ജിദ് നൈൽ നദിയും ഗിസയിലെ പിരമിഡുകളുമടങ്ങുന്ന ഈജിപ്ഷ്യൻ തലസ്ഥാനത്തിന്റെ വിശാലമായ കാഴ്ചകൾ സമ്മാനിക്കുന്നതാണ്.


1845-ൽ ഫ്രഞ്ച് രാജാവ് ലൂയിസ് ഫിലിപ് സമ്മാനിച്ച ഒരു ചെമ്പ് ക്ലോക്ക് ടവർ മസ്ജിദിന്റെ മുറ്റത്ത് കാണാം. ഇതിനു പകരമായി, മുഹമ്മദ് അലി ഫ്രഞ്ച് രാജാവിന് നൽകിയ ലക്സർ സ്തൂപം ഇപ്പോഴും പാരീസിലെ പ്ലേസ് ഡി ലാ കോൺകോർഡിൽ നിലകൊള്ളുന്നുണ്ട്.
അൽബേനിയൻ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ സന്ദർശകരെ അനുവദിക്കുന്ന ഒരു വെളുത്ത മാർബിൾ ശവകുടീരം മസ്ജിദിന്റെ പ്രവേശന കവാടത്തിൽ കാണാവുന്നതാണ്.
6. Al-Rifai Mosque
ഒറ്റ നോട്ടത്തിൽ സുൽത്താൻ ഹസ്സൻ മസ്ജിദിന്റെ തനിപകർപ്പാണെന്നു തോന്നിപ്പിക്കുന്നതാണ് അൽ-രിഫായി മസ്ജിദ്. രൂപഘടനയിലെ സാദൃശ്യതയും ബാഹ്യഭാഗങ്ങളുടെ സമാനതയും പലപ്പോഴും സന്ദർശകരെ ആശയക്കുഴപ്പത്തിലക്കാറുണ്ട്. എന്നാൽ ഹസൻ മസ്ജിദ് ദുരന്തത്തിന്റെ ചരിത്രം പറയുമ്പോൾ യോജിപ്പിന്റെയും മൈത്രിയുടെയും കഥകളാണ് അൽ-രിഫായി മസ്ജിദിനു പറയാനുള്ളത്.
1869-ൽ ഖോഷൈർ ഹനേമിന്റെ കീഴിൽ നിർമ്മാണം തുടങ്ങിയ ഈ മസ്ജിദ് 43 വർഷമെടുത്ത് 1912-ലാണ് പണി പൂർത്തിയാക്കിയത്. ഖോഷിയാർ ഒരു റൊമാനിയൻ രാജകുമാരിയും മുഹമ്മദ് അലി പാഷയുടെ മരുമകളുമായിരുന്നു. ഈജിപ്ത് ഖദീവായിരുന്ന അദ്ദേഹത്തിന്റെ മകൻ ഇബ്രാഹിം പാശയാണ് അവരെ വിവാഹം കഴിച്ചത്.
മസ്ജിദിന്റെ പ്രഥമ ഡിസൈനറായ ഹുസൈൻ ഫഹ്മി പാഷ നിർമ്മാണത്തിനിടെ മരണപ്പെടുകയുണ്ടായി. തുടർന്ന്, കെയ്റോയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയം (ബാബ് അൽ-ഖൽഖ്) രൂപകൽപ്പന ചെയ്ത ഹംഗേറിയൻ ആർക്കിടെക്റ്റായ മാക്സ് ഹെർസാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.


രാജകുടുംബത്തിനായി ഒരു ശവകുടീരം നിർമ്മിക്കാനുള്ള ഖോഷിയാറിന്റെ ആഗ്രഹസാഫല്യമായിരുന്നു ഈ മസ്ജിദ്. ഫാറൂക്ക് രാജാവ്, ഭാര്യ ഫരീദ, ഖോഷിയാർ ഉൾപ്പെടെ നിരവധി രാജകുടുംബങ്ങളെ ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. ഇറാനിയൻ വിപ്ലവത്തിൽ നിന്ന് രക്ഷപ്പെട്ട ഇറാന്റെ അവസാനത്തെ ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയെ അടക്കം ചെയ്തത് ഈ പള്ളിക്കകത്താണ്. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്ത് അദ്ദേഹത്തിന് അഭയം നൽകുകയായിരുന്നു.
പ്രശസ്തമായ വലുതും ചെറുതുമായ അനേകം മസ്ജിദുകളുടെ സംഗമ ഭൂമിയായ കൈറോ നഗരം ഇന്നും ഇസ്‌ലാമിക സാംസ്കാരിക മണ്ഡലത്തിൽ പ്രശോഭിച്ചു നിൽക്കുന്നുണ്ട്.
നിരവധി ആത്മീയനേതാക്കളുടെയും പണ്ഡിതന്മാരുടെയും അന്ത്യവിശ്രമസ്ഥാനമായ പഴയ അയ്യൂബി കാലഘട്ടത്തിലെ അൽ സാഖിറ പള്ളിയുടെ സ്ഥാനത്ത് നിർമ്മിച്ചത് കൊണ്ട് തന്നെ അവരുടെ ശവകുടീരങ്ങളും നിലവിലെ അൽ-രിഫായി മസ്ജിദിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത പ്രാർത്ഥനകൾക്കായി ഒരു ചെറിയ ഭാഗം ഇതിൽ നീക്കിവച്ചിട്ടുണ്ട്.
സൂഫി ആചാര്യനായ ഷെയ്ഖ് അഹമ്മദ് അൽ രിഫായിയുടെ പേരിലുള്ള സാവിയ ഓഫ് അൽ-രിഫായി എന്ന ഇസ്‌ലാമിക മതപാഠശാലയുടെ അടിസ്ഥാനം കൂടിയാണിത്. ശൈഖ് രിഫാഇ ഇവിടെ സന്ദർശിച്ചിട്ടുണ്ടെങ്കിലും അന്ത്യവിശ്രമം ഇവിടെയല്ല.
ഈ വലിയ പള്ളിയിലേക്ക് നിരവധി പ്രവേശന കവാടങ്ങളുണ്ടെങ്കിലും അതിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ളതാണ് പ്രധാന കവാടം. കോണുകൾ സ്വർണ്ണം കൊണ്ടലങ്കരിച്ച ഒരു താഴികക്കുടം ഈ കവാടത്തെ വ്യത്യസ്തമാക്കുന്നുണ്ട്. അതിന്റെ ഉയർന്ന മേൽത്തട്ടും ഗോപുരങ്ങളും മാർബിളുകളും സ്വർണ്ണ ഖുർആൻ ലിഖിതങ്ങളും എബോണി മരവും കൊണ്ട് അലങ്കരിച്ചത് അതിമനോഹരമാണ്. ചുവരുകൾ അലങ്കരിക്കാൻ ഏഴ് രാജ്യങ്ങളിൽ നിന്ന് വൈവിധ്യമാർന്ന മാർബിളുകൾ ഇറക്കുമതി ചെയ്തതായി പറയപ്പെടുന്നുണ്ട്.
ഇങ്ങനെ പ്രശസ്തമായ വലുതും ചെറുതുമായ അനേകം മസ്ജിദുകളുടെ സംഗമ ഭൂമിയായ കൈറോ നഗരം ഇന്നും ഇസ്‌ലാമിക സാംസ്കാരിക മണ്ഡലത്തിൽ പ്രശോഭിച്ചു നിൽക്കുന്നുണ്ട്.
മൊഴിമാറ്റം: മുജ്തബ മുഹമ്മദ്
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp