Current Date

Search
Close this search box.
Search
Close this search box.

തട്ടത്തിൻ മറയത്ത്

ഇക്കാലത്ത് മുസ്ലിം സ്ത്രീയുടെ ലജ്ജയേയും ഒതുക്കത്തേയും ചിത്രീകരിക്കുന്ന “തട്ടത്തിൻ മറയത്ത് ” എന്ന തലവാചകം ചരിത്രത്തിൽ മൊത്തം പെണ്മയുടെ പ്രതീകമായിരുന്നു എന്നാണ് തട്ടത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവുന്നത്.

ദിവ്യ പ്രോക്ത മതങ്ങളായ ജൂത / ക്രൈസ്തവ മതങ്ങടക്കം വേയ്ൽ അഥവാ ഹിജാബ് ധരിക്കാൻ ശക്തമായി ആഹ്വാനം ചെയ്തിരുന്നു.
പുരാതന മെസൊപ്പൊട്ടേമിയയിലെയും ഗ്രീക്ക്, പേർഷ്യൻ സാമ്രാജ്യങ്ങളിലെയും കുലസ്ത്രീകൾ മാന്യതയുടെയും ഉയർന്ന പദവിയുടെയും അടയാളമായി മൂടുപടമടക്കമുള്ള ശിരോവസ്ത്രം ധരിച്ചിരുന്നു. BC 1400 -നും 1100 -നും ഇടയിലുള്ള മധ്യ അസീറിയൻ നിയമങ്ങളിലാണ് മൂടുപടം സംബന്ധിച്ച ആദ്യകാല സാക്ഷ്യപ്പെടുത്തിയ പരാമർശം കാണുന്നത്. സമൂഹത്തിലെ സ്ത്രീയുടെ വർഗ്ഗം, തറവാട്, പദവി, തൊഴിൽ എന്നിവയെ ആശ്രയിച്ച് ഏത് സ്ത്രീകളാണ് മൂടുപടം അനുഷ്ഠിക്കേണ്ടതെന്നും ഏത് സ്ത്രീകൾക്ക് തട്ടമേ പാടില്ലെന്നും വിശദീകരിക്കുന്ന അസൂറിയൻ സമ്പൂർണ്ണ നിയമങ്ങൾ അക്കാലത്തുണ്ടായിരുന്നു. അടിമകൾക്കും വേശ്യകൾക്കും മൂടുപടം നിരോധിക്കുകയും അങ്ങനെ ചെയ്താൽ കടുത്ത ശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന കാലമായിരുന്നു മധ്യ അസീറിയൻ ഘട്ടം. വേശ്യയെ തലമൂടിക്കൊണ്ടു നടക്കുന്ന മനുഷ്യനെ പിടിച്ചാൽ ചാട്ടവാറ് കൊണ്ട് 50 അടി അടിക്കാനും അവൻ ഒരു മാസം മുഴുവൻ രാജാവിന്റെ സേവനം അനുഷ്ഠിക്കണമെന്നുമായിരുന്നു അസീറിയൻ നിയമം.

പുരാതന ഗ്രീസിൽ തല മറക്കൽ പ്രഭുവർഗ്ഗ പദവിയുടെ അടയാളപ്പെടുത്തൽ മാത്രമല്ല, പാതിവൃത്യം നിലനിർത്താൻ ആഗ്രഹിക്കുന്ന സ്ത്രീകളെയും പൊതുവായി വേർതിരിച്ചറിയാൻ സഹായിക്കുന്ന ഏകകമായിരുന്നുവത്.

BC 13-ാം നൂറ്റാണ്ടിൽ പുരാതന അയോണിക് ഗ്രീക്കിൽ മൂടുപടം എന്ന വാക്കിന്റെ ഉത്ഭവമായ കലിപ്ട്ര (καλύπτρα) ആയിരുന്നു പിന്നീട് ഈജിപ്തിലെ വളരെ ശക്തയായ ഭരണാധികാരി ആയിരുന്നു ക്ലിയോപാട്രയുടെ പേരിന്റെ അടിസ്ഥാനം പോലും. BC 332 ൽ അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത് കീഴടക്കുകയും കുറച്ചു കാലം ഭരണം നടത്തുകയും ചെയ്തിരുന്നു. അലക്സാണ്ടറിനു ശേഷം ഈജിപ്തിന്റെ ഭരണാധികാരിയായത് ടോളമിയായിരുന്നു. ടോളമി രാജവംശ പരമ്പയിൽ ടോളമി XII-ാമൻെറ മകളായ ക്ലിയോപാട്രയുടെ പേരിന്റെ വേരുകൾ തേടിയാൽ എത്തുന്നത് കലിപ്ട്ര അഥവാ മൂടുപടമണിഞ്ഞ പെൺകുട്ടി എന്ന വേയ്ൽ സങ്കല്പമാണെന്ന് കാണാം.

ക്ലാസിക്കൽ ഗ്രീക്ക്, ഹെല്ലനിസ്റ്റിക് ചരിത്രത്തിലും സ്ത്രീകളെ തലയും മുഖവും മൂടുപടം കൊണ്ട് മൂടിയതായി ചിത്രീകരിക്കുന്നത് കാണാം. കരോലിൻ ഗാൽട്ടും ലോയ്ഡ് ലെവെലിൻ-ജോൺസും പുരാതന ഗ്രീസിലെ സ്ത്രീകൾ പൊതുവായി അവരുടെ തല മറയ്ക്കുന്നത് സാധാരണമായിരുന്നുവെന്ന് അത്തരം പ്രാതിനിധ്യങ്ങളിൽ നിന്നും സാഹിത്യ പരാമർശങ്ങളിൽ നിന്നും അകാദമികമായി സിദ്ധാന്തിക്കുന്നത്. ഭാര്യയുടെ മേൽ ഭർത്താവിന്റെ അധികാരത്തിന്റെ പ്രതീകമായാണ് റോമൻ സ്ത്രീകൾ ഒരുകാലത്ത് മൂടുപടം ധരിച്ചിരുന്നത്. തട്ടം ഒഴിവാക്കിയ വിവാഹിതയായ സ്ത്രീ വിവാഹത്തിൽ നിന്ന് സ്വയം പിന്മാറുന്നതിന്റെ പ്രഖ്യാപനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. BC 166 -ൽ, കോൺസൽ സുൽപീഷ്യസ് ഗാലസ് തന്റെ ഭാര്യയെ ഉപേക്ഷിച്ചതിന് കാരണം അവർ തലമറക്കാതിരുന്നതായിരുന്നു.

റോമൻ വിവാഹങ്ങളിൽ വധുവിന്റെ വസ്ത്രധാരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായിരുന്നു ഫ്ലാമിയം എന്ന മൂടുപടം. മെഴുകുതിരി ജ്വാലയെ അനുസ്മരിപ്പിക്കുന്ന ആഴത്തിലുള്ള മഞ്ഞ നിറമായിരുന്നു അക്കാലത്തെ മൂടുപടം. സ്ത്രീകളുടെ മറയും തട്ടവും ഗ്രീക്കുകാരിലും റോമക്കാരിലുമുണ്ടായിരുന്നത് പോലെ തുടർന്ന് യഹൂദരിൽ നിന്ന് ക്രിസ്ത്യാനികളിലേക്കും അവിടെ നിന്നും പരിഷ്കൃത നഗര അറബികളിലേക്കും വ്യാപിക്കുകയായിരുന്നു .

ഇന്നത്തെ ഇസ്രയേൽ – ജൂത സമൂഹങ്ങളിൽ ബുർഖ പോലെയുള്ള മൂടുപടം ഹസിദിക് സ്ത്രീകൾ ഇന്നും കൃത്യമായി അനുഷ്ഠിച്ചു വരുന്നു. ആരാധനാ സമയത്ത് ഏത് ജൂത സ്ത്രീയും തലമറക്കൽ നിർബന്ധമാണ്. ക്രിസ്തു മതത്തിൽ ശിരോവസ്ത്രം ദൈവത്തിന്റെ മുമ്പിലുള്ള താഴ്മയുടെ അടയാളമായും ക്രിസ്തുവുമായും സഭയുമായുമുള്ള ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലുമായാണ് കാണുന്നത്.
സെന്റ് പൗലോസ് കൊരിന്ത്യർക്കുള്ള തന്റെ കത്തിൽ വിശദീകരിക്കുന്നതിൽ 5,6 സൂക്തങ്ങളിൽ വായിക്കുക:

ശിരോവസ്ത്രം ധരിക്കാതെ ഒരു സ്ത്രീ പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്താൽ അവൾ തന്റെ ശിരസ്സിനെ അപമാനിക്കുന്നു; അതു മുണ്ഡനം ചെയ്യുന്നതിനു തുല്യമാണ്. ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിക്കുന്ന സ്ത്രീ മുടി മുറിച്ചുകളയട്ടെ. മുടി മുറിച്ചുകളയുന്നതോ തലമുണ്ഡനം ചെയ്യുന്നതോ തനിക്കു ലജ്ജാകരമെന്ന് ഒരു സ്ത്രീക്കു തോന്നുന്നെങ്കിൽ അവൾ നിർബന്ധമായും ശിരോവസ്ത്രം ധരിക്കണം.

ക്രിസ്തുമതത്തിന്റെ ആദ്യകാല പുരോഹിതനായ ടെർറ്റൂലിയൻ സ്ത്രീകളുടെ ശിരോവസ്ത്രങ്ങൾക്കായി “കന്യകമാരുടെ ശിരോവസ്ത്രം” എന്ന വിശദമായ നിയമ ഗ്രന്ഥം തന്നെ എഴുതിയിട്ടുണ്ട്. യാഥാസ്ഥിതിക കത്തോലിക്കാ സമുദായങ്ങളിലും അമിഷ് പോലുള്ള അനാബാപ്റ്റിസ്റ്റുകളിലും മെനോനൈറ്റ് ക്രിസ്ത്യാനികളിലും ഇപ്പോഴും തല മൂടുന്നത് സാധാരണമാണ്. കന്യാസ്ത്രീകൾ സദാസമയവും
അല്ലാത്ത വിശ്വാസിനികൾ പ്രാർത്ഥനാ വേളകളിലും നിർബന്ധപൂർവ്വം ശിരോവസ്ത്രം ധരിക്കുന്നത് ഇന്നും നമുക്ക് കാണാം.

ലേഡി അന്ന (CE 1589 ) ഡെന്മാർക്ക്, സ്കോട്ട്ലാന്റ്, ഇംഗ്ലണ്ട്, അയർലൻഡ് അവിഭക്ത ബ്രിട്ടണിലെ 16ാം നൂറ്റാണ്ടിലെ രാജ്ഞിയും പ്രഥമ പൗരയുമായിരുന്നു. സ്കോട്ട്ലാന്റിലെ ജെയിംസ് ആറാമൻ രാജാവിനെ വിവാഹം ചെയ്തതോടെയാണ് അവർ കൃത്യമായി ശിരോവസ്ത്രം ധരിക്കുന്നത് ആരംഭിച്ചത്. അതിനുള്ള ആധാരമാവട്ടെ ഉപരിസൂചിത കൊരിന്ത്യർക്കുള്ള ലേഖനവും ടെർറ്റൂലിയന്റെ ശിരോവസ്ത്ര നിയമങ്ങളുമായിരുന്നു.

References:
1 -Women in the Ancient Near East. Richardson, Helen,, Richardson,
2- The Theological Significance of the Veil”. Veils by Lily.
3 – Wikipedia

Related Articles