Current Date

Search
Close this search box.
Search
Close this search box.

മകനെ, നായകള്‍ക്കെങ്കിലും ഇരയാകാന്‍ കെല്‍പ്പില്ലാത്തവനെ  സിംഹമെന്ന്  എങ്ങനെ വിളിക്കും ?

ഖാബൂസ്‌നാമ - 12

മകനെ, പോരാട്ടഭൂമിയിലേക്ക് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ യാതൊരു അലസതയും ഉദാസീനതയും പാടില്ല. ശത്രു നിന്നെ അത്താഴമാക്കുംമുന്നേ ശത്രുവിനെ പ്രാതലാക്കുക. യുദ്ധത്തില്‍ യാതൊരു വീഴ്ചയും കാണിക്കരുത്. സ്വശരീരത്തോടുപോലും കരുണ കാണിക്കരുത്. ഖബറില്‍ സുഖനിദ്രക്ക് ധൈര്യപ്പെടുന്നവന് വീട്ടിലെ മെത്തയില്‍ തെല്ലും ഉറക്കം ലഭിക്കില്ല. ഒരു കവിത പാടാം:
‘സിംഹം ശത്രുവായിക്കഴിഞ്ഞാല്‍
രഹസ്യമാകിലും പരസ്യമാകിലും
എതിരിടും ഞാന്‍ വാളാല്‍
ഖബറില്‍ പത്‌നിയില്ലാതുറക്കം സാധ്യമായവന്
വീട്ടില്‍ പത്‌നിക്കൊപ്പം ഉറക്കമില്ല!’
പോര്‍ക്കളത്തില്‍ ആവുന്നത്രയും മുന്നേറുക. ഒരിക്കലും പിന്തിരിയരുത്. യുദ്ധഭൂമിയില്‍ ശത്രുക്കളാല്‍ വളയപ്പെട്ട് മരണത്തെ മുഖാമുഖം കണ്ടാല്‍പോലും പോരാട്ടം അവസാനിപ്പിക്കരുത്. കാരണം, യുദ്ധത്തിലൂടെയാണ് ശത്രുവിനുമേല്‍ ആധിപത്യം നേടാനാകുന്നത്. ദൈവികാനുഗ്രങ്ങളുടെ അടയാളം നിന്നില്‍ കാണപ്പെടുന്ന കാലത്തോളം അവര്‍ നിന്നെ ഭയപ്പെടുത്തിക്കൊണ്ടിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഹൃദയത്തിന് മരണത്തിന്റെ ആനന്ദം പകരാന്‍ ശ്രമിക്കുക. ഒരിക്കലും ഭയപ്പെടരുത്. മുന്നോട്ടു കുതിച്ചുകൊണ്ടേയിരിക്കുക. എത്ര ചെറിയ വാളും ധീരന്റെ കയ്യിലെത്തിയാല്‍ അതിന് നീളമേറും. പോരാട്ടത്തിനുള്ള അവസരങ്ങളൊന്നും നഷ്ടപ്പെടുത്തരുത്. കാരണം, നിന്റെ മുഖത്ത് ഭയവും അശക്തതയും പ്രകടമായിക്കഴിഞ്ഞാല്‍പിന്നെ ആയിരം ആത്മാവുണ്ടായിട്ടും കാര്യമില്ല. ഒന്നുകൊണ്ടുപോലും നിനക്ക് രക്ഷപ്പെടാനാകില്ല. സമൂഹത്തിലെ ഏറ്റവും അബലന്‍പോലും നിന്നെ കീഴ്‌പ്പെടുത്തും. അതുമൂലം ഒന്നുകില്‍ നീ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ നിന്നെക്കുറിച്ച് ദുഷ്‌കീര്‍ത്തി പരക്കുകയോ ചെയ്യും.
അപ്രകാരം ഭയവും ഭീരുത്വവും ഉള്ളവനായിക്കഴിഞ്ഞാല്‍ സ്വന്തം കൂട്ടുകാര്‍ക്കിടയില്‍പോലും നീ ലജ്ജിക്കേണ്ടി വരും. സമൂഹത്തിനിടയില്‍ മുഴുവന്‍ നീ വഷളനാകും. നിന്റെ പേരും പ്രശസ്തിയുമെല്ലാം നഷ്ടപ്പെടും. കാലാകാലം ലജ്ജിതനായി കഴിയേണ്ടി വരും. ആ ഒരു ജീവിതത്തെക്കാള്‍ നല്ലത് മരണമാണ്. ലജ്ജാപൂര്‍ണമായ ജീവിതത്തെക്കാള്‍ നല്ലത് കേളികേട്ട മരണമാണ്. എന്നിരിക്കിലും, വധിക്കല്‍ നിഷിദ്ധമായവരെ വധിക്കാന്‍ നീ ധൈര്യപ്പെടരുത്.
അക്രമിയോ കൊള്ളക്കാരനോ മോഷ്ടാവോ അല്ലാത്ത കാലത്തോളം ഒരു മുസ്‌ലിമിന്റെ രക്തവും നിനക്ക് അനുവദനീയമല്ല. കാരണം, പാരത്രിക പ്രതിബന്ധം നിഷിദ്ധമായ രക്തച്ചൊരിച്ചിലുമായാണ് കെട്ടുപിണഞ്ഞു കിടക്കുന്നത്. പരലോകത്തുവച്ച് ആദ്യംതന്നെ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരും. അതുമൂലം ഇഹലോകത്തും അപകീര്‍ത്തി നേരിടേണ്ടി വരും. അനാവശ്യമായ രക്തച്ചൊരിച്ചില്‍ മറ്റുള്ളവരെ നിന്നില്‍നിന്ന് അകറ്റും. നിന്നോടുള്ള സഹകരണമെല്ലാം നിലക്കും. ജനങ്ങളെല്ലാം നിന്നില്‍നിന്ന് ഓടിയൊളിക്കും. നിഷിദ്ധമായ രക്തച്ചൊരിച്ചിലിന്റെ ശിക്ഷ മുഴുവന്‍ പരലോകത്തേക്ക് മാറ്റിവെക്കപ്പെടുകയില്ല. അതുമായി ബന്ധപ്പെട്ട് പല ഗ്രന്ഥങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. എന്റെ അനുഭവജ്ഞാനവും പറയുന്നത് തിന്മയുടെ ശിക്ഷ ഇഹലോകത്തുവച്ചും നേരിടേണ്ടി വരുമെന്നാണ്. പ്രസ്തുത കൊലയാളികള്‍ മരിച്ചുകഴിഞ്ഞാല്‍ അതിന്റെ ദുര്‍ലക്ഷണങ്ങള്‍ അവരുടെ മക്കളെയും തേടിവരും. അതുകൊണ്ട് സ്വന്തത്തോടും ഏറ്റവും ചുരുങ്ങിയത് മക്കളോടെങ്കിലും കരുണയുള്ളവരാവുക. അനാവശ്യമായി ആരുടെയും രക്തം ചിന്താതിരിക്കുക. എന്നാല്‍, ആവശ്യമായ ഇടത്തുനിന്ന് പിന്തിരിയാതെയുമിരിക്കുക. വീഴ്ചകളില്‍നിന്നാണ് മിക്കപ്പോഴും തിന്മകളും തെമ്മാടിത്തരങ്ങളും ഉത്ഭവിക്കുന്നത്.
എന്റെ പിതാമഹന്‍ ശംസുല്‍ മആലിയെക്കുറിച്ച് അദ്ദേഹമൊരു രക്തദാഹിയാണെന്ന് പറയാറുണ്ട്. ഒരു അപരാധത്തിനും അദ്ദേഹം മാപ്പുകൊടുത്തിരുന്നില്ല. അദ്ദേഹമൊരു ക്രൂരനായിരുന്നു. അതിനാല്‍, തന്റെ സൈനിക സംഘത്തില്‍നിന്നുള്ള ചിലര്‍തന്നെ അദ്ദേഹത്തിന്റെ ചെയ്തികളോട് പകരം ചോദിച്ചു. അതിനായി എന്റെ അമ്മാവന്‍ ഫലകുല്‍ മആലിയുമായി അവര്‍ ഗൂഢാലോചന നടത്തി. ഫലകുല്‍ മആലി തന്റെ പിതാവിനടുത്തേക്ക് വരികയും അദ്ദേഹത്തെ ബലാല്‍ക്കാരമായി പിടികൂടുകയും ചെയ്തു. തങ്ങളുടെ നിബന്ധനകള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ഈ അധികാരം ഞങ്ങള്‍ അപരിചിതരായ മറ്റു ചിലര്‍ക്ക് കൈമാറും എന്ന് സൈന്യം ഭീഷണി മുഴക്കി. അധികാരം തന്റെ കുടുംബത്തില്‍നിന്ന് മറ്റൊരിടത്തേക്ക് മാറുമെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം തന്റെ പല തീരുമാനങ്ങളില്‍നിന്നും പിന്മാറി. ചുരുക്കിപ്പറഞ്ഞാല്‍, രാജാവിനെ പിടികൂടി ബന്ധനസ്ഥനാക്കുകയും ഒരു പല്ലക്കില്‍ ചനാഷക് എന്ന ഉപേക്ഷിക്കപ്പെട്ട കോട്ടയിലേക്ക് അയക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ നിരീക്ഷണ ചുമതലയില്‍ അബ്ദുല്ലാഹ് അല്‍ജമാസി എന്ന് പേരുള്ള ഒരു വ്യക്തിയുമുണ്ടായിരുന്നു. കോട്ടയിലേക്കുള്ള യാത്രാ മധ്യേ ശംസുല്‍ മആലി അദ്ദേഹത്തോട് ചോദിച്ചു:
‘ഹേയ് അബ്ദുല്ലാഹ്, ഇതിനുപിന്നില്‍ ആരാണെന്ന് നിനക്ക് അറിയില്ലേ? വലിയ ഗൂഢാലോചനകള്‍ എങ്ങനെ നടന്നുവെന്നും ഒടുവില്‍ എനിക്ക് തിരിച്ചറിയാന്‍ കഴിയാത്തവിധം അപകടാവസ്ഥയിലേക്ക് ഞാനെങ്ങനെ എത്തിപ്പെട്ടുവെന്നും നിനക്ക് അറിയില്ലേ?’
ചോദ്യം കേള്‍ക്കേണ്ട താമസം അബ്ദുല്ലാഹ് സൈന്യത്തെ ഹൈജാക്ക് ചെയ്ത അഞ്ച് സൈന്യാധിപന്മാരുടെ പേരുകള്‍ അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. കൂടെ അദ്ദേഹം പറഞ്ഞു: ‘ഞാനും അക്കൂട്ടത്തിലുണ്ടായിരുന്നു. കാര്യങ്ങള്‍ ഈയൊരു രീതിയിലെങ്കിലും രമ്യമായി പരിഹരിക്കാന്‍ ഞാനാണ് മുന്‍കൈ എടുത്തത്. അതുകൊണ്ട് ഈ പ്രശ്‌നത്തിന് എന്നെ പഴിചാരരുത്. യഥാര്‍ഥത്തില്‍ നിങ്ങള്‍ തന്നെയാണ് ഇതിനെല്ലാം ഉത്തരവാദി. സൈന്യം കൂറുമാറിയതല്ല, നിങ്ങള്‍ അനവധി ആളുകളെ കൊല്ലുന്നതാണ് എല്ലാത്തിനും കാരണം.’
‘ഹേയ് അല്ല.. ഞാന്‍ പലരെയും വധിക്കാതിരുന്നതാണ് കാരണം. ഇതെങ്ങാനും എന്റെ മാനസിക നിയന്ത്രണത്തില്‍നിന്ന് പിടിവിട്ടിരുന്നെങ്കില്‍ ആ അഞ്ചുപേര്‍ക്കൊപ്പം നിന്നെയും ഞാന്‍ വധിക്കുമായിരുന്നു. അതുമാത്രമാണ് എല്ലാത്തിനുമുള്ള പരിഹാരം. അതിലൂടെ മാത്രമേ എനിക്ക് സമാശ്വാസവും ലഭിക്കൂ.’ ശംസുല്‍ മആലി പറഞ്ഞു.
രാഷ്ട്രീയത്തിലും നീതിയിലും നിനക്ക് വീഴ്ച സംഭവിക്കാതിരിക്കാനാണ് ഞാന്‍ ഈ ചരിത്രം പറഞ്ഞു തന്നത്. ഇവ്വിഷയകമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു കാര്യവുംതന്നെ നിസാരമായി കാണരുത്. വൃഷ്ണഛേദം നടത്തരുത്. അത് വധത്തിന് തുല്യമാണ്. നിന്റെ കേവല വികാര പൂര്‍ത്തീകരണത്തിനായി അതിലൂടെ മുസ്‌ലിം സന്താന പരമ്പരയുടെ തുടര്‍ച്ചയെ അറുത്തുകളയരുത്. അതിനെക്കാള്‍ വലിയ അപരാധമില്ല.
വധത്തെക്കുറിച്ച് ഞാന്‍ പറഞ്ഞതെല്ലാം നിന്റെ ഓര്‍മയില്‍ ഉണ്ടായിരിക്കുക. അക്കാര്യത്തില്‍ സ്വന്തത്തോടുപോലും കരുണ കാണിക്കാതിരിക്കുക. നായകള്‍ക്കെങ്കിലും ഇരയാകാന്‍ കെല്‍പ്പില്ലാത്തവനെ എങ്ങനെ സിംഹമെന്ന് വിളിക്കും. അഭിമാനവും ജീവിത സൗഖ്യവും നേടുക. അതുകഴിഞ്ഞ് മാത്രം സമ്പാദ്യത്തിലേക്ക് ശ്രദ്ധ കൊടുക്കുക. സമ്പത്ത് നേടിക്കഴിഞ്ഞാല്‍ അത് സംരക്ഷിക്കുകയും ആവശ്യമായ രീതിയില്‍ ചിലവഴിക്കുകയും ചെയ്യുക.
വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles