Current Date

Search
Close this search box.
Search
Close this search box.

താലിബാന്‍ സുരക്ഷയോടെ, അഫ്ഗാന്‍ മ്യൂസിയം വീണ്ടും തുറന്നു

അഫ്ഗാനിസ്ഥാനിലെ ദേശീയ മ്യൂസിയം വീണ്ടും തുറന്നിരിക്കുന്നു. പകരംവയ്ക്കാന്‍ കഴിയാത്ത രാജ്യത്തെ ദേശീയ പൈതൃക ഭാഗങ്ങളെ ഒരുകാലത്ത് തകര്‍ത്ത താലിബാനും അതിന്റെ അംഗങ്ങളും ഇപ്പോള്‍ തലസ്ഥാനമായ കാബൂളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് കാവല്‍ നില്‍ക്കുകയാണ്. നിലവില്‍, ദിവസേന 50 മുതല്‍ 100 പേരാണ് മ്യൂസിയം സന്ദര്‍ശിക്കുന്നത്. അതില്‍ പലരും താലിബാന്‍ അംഗങ്ങളാണ്. പ്രാചീന ശിലായുഗം മുതല്‍ 20-ാം നൂറ്റാണ്ട് വരെയുള്ള കരകൗശല വസ്തുക്കള്‍ ഉള്‍കൊള്ളുന്ന മ്യൂസിയം ആഴ്ചകള്‍ക്ക് മുമ്പാണ് തുറന്നത്. രാജ്യത്തുനിന്ന് യു.എസ്, നാറ്റോ സൈന്യം പിന്‍വാങ്ങിയ സാഹചര്യത്തില്‍, ആഗസ്റ്റിന്റെ പുകുതിയോടെ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ആദ്യമായാണ് മ്യൂസിയം തുറക്കുന്നത്. ഇതിന്റെ ഡയറക്ടര്‍ മുഹമ്മദ് ഫഹീം റഹീമിനും അംഗങ്ങള്‍ക്കും തല്‍സ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കിയെങ്കിലും, മറ്റ് അഫ്ഗാന്‍ സിവില്‍ സര്‍വീസുകാരെ പോലെ ആഗസ്റ്റ് മുതല്‍ ശമ്പളം ലഭിക്കുന്നില്ല. അഫ്ഗാന്‍ പദ്ധതികള്‍ക്ക് അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ ധനസഹായം വെട്ടികുറക്കുകയും, ബില്യണ്‍ക്കണക്കിന് ഡോളറിന്റെ അഫ്ഗാന്‍ ആസ്തികള്‍ യു.എസ് മരവിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

സുരക്ഷാ ഗാര്‍ഡുകള്‍ മാത്രമാണ് മാറിയതെന്ന് മുഹമ്മദ് ഫഹീം റഹീമി പറയുന്നു. ഇപ്പോള്‍, താലിബാന്‍ കെട്ടിട സുരക്ഷക്ക് കാവല്‍ നിന്നിരുന്ന പൊലീസ് സംഘത്തെ മാറ്റുകയും, സ്ത്രീ സന്ദര്‍ശകരെ പരിശോധിക്കുന്നതിന് വനിത സുരക്ഷാ ഗാര്‍ഡുകളെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. പതിവായി വൈദ്യുതി മുടക്കം ഉണ്ടാവുകയും, മ്യൂസിയത്തിലെ ജനറേറ്റര്‍ തകരാറിലാവുകയും ചെയ്തതിനാല്‍ പ്രദര്‍ശനമുറികള്‍ ഇരുട്ടിലകപ്പെട്ടിരിക്കുന്നു. ചുമലില്‍ തൂങ്ങികിടക്കുന്ന തോക്കുമായി വെളളിയാഴ്ച വിവിധ താലിബാന്‍കാരും സന്ദര്‍ശനത്തിനെത്താറുണ്ട്. അവര്‍ മൊബൈല്‍ ഫോണിലെ വെളിച്ചം ഉപയോഗിച്ചാണ് 18-ാം നൂറ്റാണ്ടാലെ ആയുധങ്ങളും, പുരാതന മണ്‍പാത്രങ്ങളും കാണുന്നത്.

ഇത് നമ്മുടെ പുരാതന ചരിത്രത്തിന്റെ ഭാഗമാണ്. അതിനാല്‍ ഇത് കാണാനാണ് ഞങ്ങള്‍ വന്നിരിക്കുന്നതെന്ന് തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയില്‍ നിന്നുള്ള 29 വയസ്സുകാരനായ താലിബാന്‍ പോരാളി മന്‍സൂര്‍ ദുല്‍ഫിഖാര്‍ പറഞ്ഞു. ഇപ്പോള്‍ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തില്‍ സുരക്ഷാ ഗാര്‍ഡായി നിയമിക്കപ്പെട്ടിരിക്കുന്നു. രാജ്യത്ത ദേശീയ പൈതൃകത്തില്‍ ഉള്‍പ്പെട്ട അമ്പരിപ്പിക്കുന്ന മ്യൂസിയത്തിലേക്കുള്ള ആദ്യ സന്ദര്‍ശന ശേഷം, ‘ഞാനിപ്പോള്‍ വളരെ സന്തോഷവാനാണ്’ എന്നാണ് ദുല്‍ഫിഖാര്‍ പറയുന്നത്.

1990കളില്‍ അധികാരത്തിലെത്തിയ ആദ്യ ഘട്ടത്തില്‍ താലിബാന്‍ മ്യൂസിയം കൊള്ളയടിക്കുകയും, വിലമതിക്കാനാവാത്ത പ്രതിമകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു; അനിസ്‌ലാമികമാണെന്ന് കാണുന്നവ പ്രത്യേകിച്ചും. അത്തരത്തിലുള്ള കരകൗശല വസ്തുക്കളില്‍ ഒന്നിന്റെ -രണ്ടാം നൂറ്റാണ്ടിലെ രാജാവിന്റേതെന്ന് കരുതന്ന പ്രതിമയുടെ അവശിഷ്ടങ്ങള്‍ മ്യൂസിയത്തിന്റെ പ്രവേശന കവാടത്തില്‍ കാണാവുന്നതാണ്. ഇപ്പോള്‍ അത് ഫ്രാന്‍സിലെ വിദഗ്ധരും, മ്യൂസിയത്തിന്റെ പുനരുദ്ധാരണ വകുപ്പും ചേര്‍ന്ന് പനഃസ്ഥാപിച്ചിട്ടുണ്ട്.

2001ല്‍ താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഉമറിന്റെ നിര്‍ദേശപ്രകാരം മധ്യ അഫ്ഗാനിസ്ഥാനിലെ ബാമിയാനിലെ പാറക്കെട്ടില്‍ കൊത്തിയ ആറാം നൂറ്റാണ്ടിലെ വലിയ രണ്ട് ബുദ്ധ പ്രതിമകള്‍ താലിബാന്‍ തകര്‍ക്കുകയും, അത് വലിയ അന്താരാഷ്ട്ര വിമര്‍ശനത്തിന് കാരണമാവുകയും ചെയ്തിരുന്നു. അതിനാല്‍, ഈ വര്‍ഷത്തിന്റെ ആദ്യത്തില്‍ താലിബാന്‍ അഫ്ഗാന്‍ നിയന്ത്രണത്തിലാക്കുകയും, ഓരോ പ്രവിശ്യകള്‍ പിടിച്ചെടുക്കുകയും ചെയ്തത്, രാജ്യത്തെ സാംസ്‌കാരിക പൈതൃകത്തിന് സമാന വിധി കാത്തിരിക്കുന്നുണ്ടെന്ന കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നുവെങ്കിലും, ഇതുവരെ അങ്ങനെയൊന്നും രാജ്യത്ത് ദൃശ്യമാകുന്നില്ല.

2001ല്‍ മ്യൂസിയത്തിലെ പുരവാസ്തുക്കള്‍ നശിപ്പിച്ചത് ഉന്നതാധികാര ഉദ്യോഗസ്ഥരില്‍ നിന്നുള്ള ഉത്തരവില്ലാതെ താഴെതട്ടിലുള്ള താലിബാന്‍ അംഗങ്ങളാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് വര്‍ദക് പ്രവിശ്യയില്‍ നിന്നുള്ള 40കാരനായ താലിബാന്‍ അംഗവും, മതവിദ്യാലയത്തിലെ അധ്യാപകനുമായ സൈഫുല്ല വ്യക്തമാക്കിയത്. മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിന് പുറത്ത് ഫലകത്തില്‍ കൊത്തിവെച്ചതുപോലെ, ‘സംസ്‌കാരം നിലനില്‍ക്കുമ്പോഴാണ് രാഷ്ട്രം നിലനില്‍ക്കുന്നത്’ എന്ന ആശയത്തെ ഒരുപക്ഷേ, പുതിയ അഫ്ഗാന്‍ സര്‍ക്കാര്‍ വിലമതിക്കുമെന്ന് കരുതാം.

( കടപ്പാട്- അല്‍ജസീറ)

Related Articles