Current Date

Search
Close this search box.
Search
Close this search box.

സ്വഹാബികള്‍ കണ്ട ബെര്‍മിങ്ഹാം ഖുര്‍ആന്‍?

birmingham-quran.jpg

ഖുര്‍ആനിന്റെ ഏറ്റവും പുരാതനമായ ശേഷിപ്പുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ബെര്‍മിങ്ഹാം യൂണിവേഴ്‌സിറ്റി കഴിഞ്ഞ ജൂണില്‍ വെളിപ്പെടുത്തിയത് ലോകമാകെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ കയ്യെഴുത്തു പ്രതിയുടെ ഉത്ഭവസ്ഥാനത്തെ പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ഗവേഷണലോകത്ത് ചൂടുപിടിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ തന്നെ വലിയ കണ്ടെത്തലായി ഇത് മാറാനിടയുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്. പ്രവാചകന്റെ സന്തതസഹചാരി അബൂബക്കര്‍(റ)ന്റെ പക്കലുണ്ടായിരുന്ന ഖുര്‍ആനിന്റെ ശേഷിപ്പുകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. ബെര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയിലുള്ള ഖുര്‍ആനിന്റെ താളുകള്‍ 1370 വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ്. അവ ലഭിച്ചത് ഈജിപ്തിലെ ഫുസ്താതിലുള്ള അംറിബ്‌നുല്‍ ആസ്വ് മസ്ജിദില്‍ നിന്നുമായിരുന്നു. പാരിസിലെ നാഷണല്‍ ലൈബ്രറി ഓഫ് ഫ്രാന്‍സില്‍ സൂക്ഷിച്ചിട്ടുള്ള ഖുര്‍ആനിക താളുകള്‍ ബെര്‍മിങ്ഹാം ഖുര്‍ആനിന്റെ ഭാഗമാണെന്നാണ് ഇംഗ്ലണ്ടിലെ ഗവേഷകര്‍ പറയുന്നത്. കോളേജ് ദെ ഫ്രാന്‍സിലെ ഖുര്‍ആനിക ചരിത്രകാരനായ ഫ്രാന്‍കോയ് ദെറോഖെയും ബെര്‍മിങ്ഹാമിലെ ഗവേഷകനായ ആല്‍ബാ ഫെദെലിയുമൊക്കെ ഈ വാദക്കാരാണ്. പാരീസിലെ ഖുര്‍ആനും ഈജിപ്തില്‍ നിന്ന് വന്നതായിരിക്കാമെന്ന് ഇവര്‍ പറയുന്നു.

നെപ്പോളിയന്റെ ഉപദേശക സമിതിയില്‍ അംഗമായിരുന്ന അസ്സെലിന്‍ ദെ ഷെര്‍വിലെയാണ് ഈജിപ്തില്‍ നിന്ന് പാരീസിലേക്ക് ഖുര്‍ആനിക താളുകള്‍ കൊണ്ടുവന്നത്. എന്നാല്‍ 1820-കളില്‍ അസ്സെലിന്റെ വിധവ ഈ ഖുര്‍ആന്‍ ശേഷിപ്പടക്കം കുറേയധികം ഇസ്‌ലാമിക കയ്യെഴുത്തുപ്രതികള്‍ ബ്രിട്ടീഷ് ലൈബ്രറിക്ക് വില്‍ക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍, അവസാനം പാരീസിലെ ലൈബ്രറിയില്‍ തന്നെ എത്തിപ്പെടുകയായിരുന്നുവെന്നും പ്രൊഫ.ദെറോഖെ പറയുന്നു. എന്നാല്‍ ഫ്രാന്‍സിലെ ലൈബ്രറിയില്‍ ഉള്ള ഖുര്‍ആനിന്റെ പേജുകള്‍ എങ്ങനെ ഇംഗ്ലണ്ടിലെ ബെര്‍മിംഗ്ഹാമില്‍ എത്തി എന്നത് ഒരു ചോദ്യമാണ്. ഇതില്‍ പ്രൊഫ. ദെറോഖിന്റെ വിശദീകരണം, ”19-ാം നൂറ്റാണ്ടില്‍ ഫുസ്താത്ത് പള്ളിയില്‍ നിന്ന് ഖുര്‍ആന്‍ കെയ്‌റോയിലെ നാഷണല്‍ ലൈബ്രറിയിലേക്ക് മാറ്റപ്പെട്ടു. അശ്രദ്ധ മൂലം ചില താളുകള്‍ പുരാവസ്തുക്കള്‍ വില്‍ക്കുന്ന മാര്‍ക്കറ്റുകളിലാണ് എത്തിപ്പെട്ടത്. അവ പലരുടയെും പക്കല്‍ കറങ്ങിത്തിരിഞ്ഞ് അവസാനം 1920-കളില്‍ പശ്ചിമേഷ്യന്‍ ചരിത്രശേഷിപ്പുകളുടെ ശേഖരണത്തില്‍ തല്‍പരനും ചരിത്രകാരനുമായ അല്‍ഫോന്‍സ് മിന്‍ഗാനയുടെ കയ്യിലെത്തിപ്പെട്ടു. മിന്‍ഗാനയാണ് ചരിത്രപ്രാധാന്യമുള്ള ഈ താളുകള്‍ ബെര്‍മിങ്ഹാമിലെത്തിച്ചത്. ഈ വാദത്തിന് കൃത്യമായ തെളിവുകള്‍ ലഭ്യമല്ല. എന്നാലും മിന്‍ഗാനയ്ക്ക് ഈ താളുകള്‍ ഫുസ്താത്തിലെ തെരുവുകളില്‍ നിന്ന് എങ്ങനെ ലഭിച്ചു എന്നത് പ്രാധാന്യമര്‍ഹിക്കുന്നു.” ഇതുപോലെ ധാരാളം ചരിത്രശേഷിപ്പുകള്‍ പശ്ചിമേഷ്യയില്‍ നിന്നും യൂറോപ്പിലെത്തിയിട്ടുണ്ടാകാമെന്നും അവ വെളിച്ചം കാണേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

ബെര്‍മിങ്ഹാമില്‍ നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനയില്‍ ഏ.ഡി 568-നും 645-നും ഇടക്കാണ് ഇതിന്റെ കാലപ്പഴക്കം നിര്‍ണയിക്കപ്പെട്ടത്. പ്രവാചകന്റെ മരണശേഷമുള്ള 13 വര്‍ഷം കൂടി കാലഗണനയില്‍ പെടുന്നു. ബെര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ ക്രൈസ്തവ-ഇസ്‌ലാം പഠനങ്ങളില്‍ പ്രൊഫസറായ ഡേവിഡ് തോമസ് പറയുന്നത് ”ഈ കയ്യെഴുത്തു പ്രതികളുടെ രചയിതാവ് തീര്‍ച്ചയായും പ്രവാചകനെ വ്യക്തമായി അറിയുന്ന, അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ ശ്രവിച്ച വ്യക്തിയാണ് ” എന്നാണ്. എന്നാല്‍ സൂക്തങ്ങളെ തമ്മില്‍ വേര്‍തിരിച്ചിരിക്കുന്നതും വ്യാകരണ അടയാളങ്ങള്‍ ചേര്‍ത്തതും വ്യക്തമാക്കുന്നത് ഇത് പില്‍ക്കാലത്ത് ഉള്ളതാണെന്നാണ്, ലണ്ടനിലെ ഓറിയന്റല്‍ ആഫ്രിക്കന്‍ സ്റ്റഡീസ് സ്‌കൂളിലെ ഇസ്‌ലാമിക് ഡിപ്പാര്‍ട്ടമെന്റിലെ മുസ്തഫാ ഷാ പറയുന്നു. ആദ്യകാല അറബി ലിഖിതങ്ങളില്‍ പുരോഗമിച്ച ലിപി വ്യവസ്ഥയോ വ്യാകരണ നിയമങ്ങളോ കാണാനാകില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫ. ദെറോഖെയും സമാനമായ ആശങ്ക മറച്ചുവെച്ചില്ല. അദ്ദേഹം പറഞ്ഞു, ”കാലഗണന വ്യക്തമായ ചില ശേഷിപ്പുകളില്‍ നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനകള്‍ പോലും തെറ്റായ വിവരങ്ങള്‍ നല്‍കിയിരുന്നു”.

എന്നാല്‍ താളുകളില്‍ പരിശോധന നടത്തിയ ഓക്‌സ്‌ഫോര്‍ഡിലെ റേഡിയോ കാര്‍ബണ്‍ യൂണിറ്റിന്റെ കണ്ടെത്തല്‍ പ്രകാരം കാലഗണന വളരെ കൃത്യമാണ്. അടുത്ത കാലത്തായി കാര്‍ബണ്‍ ഡേറ്റിംഗിന്റെ കൃത്യത വര്‍ധിച്ചതായും പൊടിപടലങ്ങളോ മറ്റ് മാലിന്യങ്ങളോ നീക്കം ചെയ്യപ്പെടാത്ത സാംപിളുകളാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതെന്നും ഗവേഷകനായ ഡേവിഡ് ഷിവാല്‍ ചൂണ്ടിക്കാണിച്ചു. ബെര്‍മിങ്ഹാം ഖുര്‍ആനിന്റെ കാര്യത്തില്‍ 95% വും കാലഗണന കൃത്യമാണെന്നും റിച്ചാര്‍ഡ് മൂന്നാമന്റെ എല്ലുകളുടെ സാമ്പിളുകള്‍ പരിശോധിച്ച അതേ ആത്മവിശ്വാസത്തോടെയാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എട്ടാം നൂറ്റാണ്ടിന് മുമ്പുള്ള പൂര്‍ണ്ണ ഖുര്‍ആന്‍ ലഭ്യമല്ലെന്നാണ് 1990 വരെ പാശ്ചാത്യലോകം വിശ്വസിച്ചിരുന്നതെന്ന് ഡോ.ഷാ പറഞ്ഞു. എന്നാല്‍ ഇന്ന് വിശ്വാസങ്ങളും നിഗമനങ്ങളും മാറിമറിയുയാണ്. പാരീസിലെ ഖുര്‍ആനിക താളുകളില്‍ കൂടി കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയാലേ കാലഗണനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു.  ബെര്‍മിങ്ഹാമില്‍ രണ്ട് താളുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ വേറെയും 200 താളുകള്‍ ഉണ്ടെന്നാണ് പ്രൊഫ.ഡേവിഡ് തോമസ് പറയുന്നത്. ബെര്‍മിങ്ഹാമിലെ ഖുര്‍ആന്‍ അബൂബക്കറിന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഖുര്‍ആന്‍ തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുന്നതായി റാഷിദ് അല്‍-മക്തൂം ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടറായ ജമാല്‍ ബിന്‍ ഹുവാറൈബ് പറഞ്ഞു.

കാര്‍ബണ്‍ ഡേറ്റിംഗ് പ്രകാരം തെളിയുന്നത് തോലിന്റെ കാലപ്പഴക്കമാണ്. ലിഖിതങ്ങളുടെ കാലപ്പഴക്കമല്ല. അങ്ങനെയെങ്കില്‍ തോലിന്റെ കാലഗണനക്കും ശേഷമായിരിക്കും ഖുര്‍ആനിക സൂക്തങ്ങള്‍ അതില്‍ പകര്‍ത്തിയത്. പ്രൊഫ.തോമസിന്റെ അഭിപ്രായപ്രകാരം ഏ.ഡി 650-നും 655-നും ഇടക്കായിരിക്കും ലിഖിതങ്ങള്‍ എഴുതപ്പെട്ടത് എന്നാണ്. അപ്പോള്‍ അബൂബക്കറിന്റെ കാലത്തായിരിക്കാന്‍ സാധ്യതയില്ല. മറിച്ച് അതിന്റെ കെട്ടും മട്ടും കൂടി കണക്കിലെടുക്കുമ്പോള്‍ മുസ്‌ലിം ഗവര്‍ണര്‍മാര്‍ക്ക് അയച്ചു കൊടുക്കാന്‍ ഖലീഫാ ഉഥ്മാനിന്റെ കാലത്ത് എഴുതപ്പെട്ട ഖുര്‍ആന്‍ പ്രതിയാവാനും സാധ്യതയുണ്ട്. ഉഥമാന്റെ ഭരണകാലവും പ്രൊഫ. തോമസ് പറഞ്ഞ കാലഗണനയും ചേര്‍ന്നു വരികയും ചെയ്യുന്നു. ഇങ്ങനെയാണെങ്കിലും അത് മഹത്തായ ഒരു കണ്ടെത്തല്‍ തന്നെയാണ്. ഇത് അബൂബക്കറിന്റെ കാലത്തേതാണെന്നോ ഉഥ്മാനിന്റെ കാലത്തേതാണെന്നോ ഞാന്‍ ഉറപ്പിച്ച് പറയുന്നില്ല. ഈ മേഖലയില്‍ അഗ്രഗണ്യനായ ദെറോഖെയെ ഞാന്‍ വിമര്‍ശിക്കുന്നുമില്ല. എന്നാല്‍ ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് ഒഴിവാക്കുകയും ശാസ്ത്രീയമായി കൂടുതല്‍ പഠനങ്ങള്‍ നടത്തുകയുമാണ് വേണ്ടത്, ഷാര്‍ജ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി അറബിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജോസഫ് ലംബാര്‍ഡ് പറഞ്ഞു.

അവലംബം: bbc.com

വിവ: അനസ് പടന്ന

Related Articles