Current Date

Search
Close this search box.
Search
Close this search box.

സ്പാനിഷ് ഭാഷയിലെ അറബി സ്വാധീനം

moorish.jpg

സ്‌പെയിനിന് ഇസ്‌ലാമിക ലോകവുമായി വളരെ അടുത്ത ബന്ധമുണ്ട്. നിരവധി മുസ്‌ലിം രാജ്യങ്ങളുമായി നയതന്ത്ര-കച്ചവട ബന്ധം വെച്ചുപുലര്‍ത്തുന്നതോടൊപ്പം തന്നെ ഇസ്‌ലാമിന്റെ സമ്പന്നമായ ഒരു ഭൂതകാലവും സ്‌പെയിനിന് പറയാനുണ്ട്. എട്ടു നൂറ്റാണ്ടു കാലത്തോളം അന്‍ദുലുസ് അടക്കമുള്ള ‘മൂറിഷ് ഐബീരിയ’ ഭരിച്ചത് മുസ്‌ലിംകളാണ്. ഇന്നത്തെ സ്‌പെയിനും പോര്‍ച്ചുഗലും അടങ്ങുന്ന ഉപദ്വീപാണ് ഐബീരിയ. മുസ്‌ലിം കാലഘട്ടത്തിലേക്ക് ചേര്‍ത്താണ് മൂറിഷ് ഐബീരിയ എന്ന് പ്രയോഗിക്കപ്പെടുന്നത്. ഏ.ഡി 711-ല്‍ അബ്ദുറഹ്മാന്‍ മൂന്നാമന്റെ കീഴില്‍ ആരംഭിച്ച കൊര്‍ദോവ ഖിലാഫത്ത് മുതല്‍ 1492-ല്‍ ഗ്രനാഡയുടെ പതനം വരെ പൂര്‍ണമായും മുസ്‌ലിം ഭരണത്തിന് കീഴിലായിരുന്നു ഐബീരിയന്‍ ഉപദ്വീപ്. പത്താം നൂറ്റാണ്ടില്‍ ഐബീരിയന്‍ ഉപദ്വീപിന്റെ മുക്കാല്‍ ഭാഗവും മുസ്‌ലിം ഭരണത്തിന് കീഴിലായിരുന്നു.

ഗ്രനാഡയുടെ പതനത്തിന് ശേഷം മൂറിഷ് ഭരണത്തിന്റെ എല്ലാ അടയാളങ്ങളും സ്‌പെയിനില്‍ നിന്ന് തുടച്ചുനീക്കാന്‍ ശേഷം വന്ന ഭരണാധികാരികള്‍ ശ്രമിക്കുകയുണ്ടായി. എട്ടു നൂറ്റാണ്ടുകളോളം നീണ്ട മുസ്‌ലിം ഭരണമാണ് സ്‌പെയിനിന്റെ നാഗരിക വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചതെങ്കിലും മുസ്‌ലിം ചിഹ്നങ്ങളെ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ എക്കാലത്തും നടക്കുകയുണ്ടായി. മുസ്‌ലിം അന്‍ദുലുസിന്റെ സുവര്‍ണ കാലത്ത് യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ അപരിഷ്‌കൃത ഗോത്രഭരണത്തിന്റെ ഇരുണ്ട യുഗത്തിലായിരുന്നു. സ്‌പെയിനിലെ ഭരണവിഭാഗം പ്രധാനമായും അറബ് വംശജരായിരുന്നു. അതുകൊണ്ട് തന്നെ ഗ്രീക്ക് വിജ്ഞാനീയങ്ങള്‍ക്കൊപ്പം തന്നെ ഇസ്‌ലാമിക തത്വശാസ്ത്രവും വാസ്തുകലയും ഗണിതശാസ്ത്രവും രാജ്യതന്ത്രജ്ഞതയുമൊക്കെ സ്‌പെയിനില്‍ പ്രചരിച്ചു. ഗ്രന്ഥശാലകളും ലൈബ്രറികളും വാനനിരീക്ഷണ കേന്ദ്രങ്ങളും വിവര്‍ത്തന ശാലകളും സ്‌പെയിനിലാകെ ഉയര്‍ന്നുവന്നു. മുസ്‌ലിം സ്‌പെയിന്‍ ലോകത്തിലെ തന്നെ ധൈഷണിക കേന്ദ്രങ്ങളില്‍ ഒന്നായിത്തീര്‍ന്നു.

ആധുനിക സ്‌പെയിന്‍ പ്രതിനിധീകരിക്കുന്ന ഹിസ്പാനിക് സംസ്‌കാരത്തിന്റെ വളര്‍ച്ച മുസ്‌ലിം കാലഘട്ടത്തില്‍ വളരെ മന്ദഗതിയിലായിരുന്നു. അറബികള്‍ പ്രതിനിധീകരിച്ച ഇസ്‌ലാമിക സംസ്‌കാരമാണ് രാജ്യത്ത് വളര്‍ന്നുവന്നത്. മുസ്‌ലിം സ്‌പെയിനില്‍ എത്തിച്ചേരുന്ന ഏതൊരാള്‍ക്കും അറേബ്യന്‍ നഗരങ്ങളിലോ തെരുവുകളിലോ എത്തിപ്പെട്ട പ്രതീതിയുളവായി. എന്നാല്‍ ആധുനിക സ്‌പെയിന്‍ മുസ്‌ലിം അന്‍ദുലുസില്‍ നിന്നും വളരേയേറെ ഭിന്നിക്കുകയും യൂറോപ്യന്‍-ഹിസ്പാനിക് സംസ്‌കാരത്തിലേക്ക് പറിച്ചു നടപ്പെടുകയും ചെയ്‌തെങ്കിലും സ്പാനിഷ് ഭാഷയില്‍ ഇന്നും ഇസ്‌ലാമിക സ്വാധീനം വളരെ ശക്തമാണ്. തുടച്ചുനീക്കാന്‍ പറ്റാത്ത തരത്തില്‍ അത് സ്പാനിഷുമായി ഇഴുകിച്ചേര്‍ന്ന് ഒഴുകുന്നു.

റൊമാന്‍സ് ഭാഷാ കുടുംബത്തില്‍ പെട്ട  ഭാഷയാണ് സ്പാനിഷ്. മറ്റ് യൂറോപ്യന്‍ ഭാഷകളെ പോലെ തന്നെ ലാറ്റിന്‍ അടിത്തറയുള്ളതാണ് സ്പാനിഷ് ഭാഷയും. മധ്യകാലഘട്ടത്തിന് മുമ്പ് തന്നെ കാസ്റ്റിയ്യ, ബാസ്‌ക്ക്, ഗയ്യഗോ, കറ്റാലന്‍ എന്നിങ്ങനെ സ്പാനിഷ് ഭാഷക്ക് നിരവധി വകഭേദങ്ങളുണ്ടായിരുന്നു. മുസ്‌ലിം ഭരണകാലത്തും ഇവ സ്‌പെയിനിലെ സംസാരഭാഷകളുമായിരുന്നു. എന്നാല്‍ ഇന്‍ഡോ-യൂറോപ്യന്‍ ഭാഷയെ ഒരു സെമിറ്റിക് ഭാഷ സ്വാധീനിച്ചതിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഉദാഹരണമാണ് ആധുനിക സ്പാനിഷ് ഭാഷ. മുസ്‌ലിം കാലഘട്ടത്തില്‍ രാജ്യത്തെ പ്രധാന സംസാരഭാഷയായി തീര്‍ന്ന അറബി തദ്ദേശീയ സ്പാനിഷ് ഭാഷയെ അത്ര ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. മുസ്‌ലിം അന്‍ദുലുസിലെ ഔദ്യോഗിക ഭാഷ ക്ലാസിക്കല്‍ അറബിയായിരുന്നുവെങ്കിലും മറ്റ് രണ്ട് സംസാര ഭാഷകളും അക്കാലത്ത് ഉടലെടുക്കുകയുണ്ടായി. മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ ലാറ്റിന്‍, റൊമാന്‍സ് പദങ്ങള്‍ ചേര്‍ത്ത അന്‍ദുലൂസി അറബിയും ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ അറബി സ്വാധീനമുള്ള മൊസാറബിക്കും.

സ്‌പെയിനിലെ ഇസ്‌ലാമിക ഭരണം അവസാനിച്ചതിന് ശേഷം വടക്കന്‍ പ്രവിശ്യകളില്‍ സംസാരിച്ചിരുന്ന കാസ്റ്റിയ്യന്‍ സ്പാനിഷാണ് സ്‌പെയിനിന്റെ ദേശീയ ഭാഷയായി ഉയര്‍ന്നുവന്നത്. അറബി ഭാഷയാല്‍ വളരെയധികം സ്വാധീനിക്കപ്പെട്ട സ്പാനിഷ് വകഭേദമാണ് കാസ്റ്റിയ്യ. സ്പാനിഷ് പദകോശങ്ങളിലും വ്യാകരണത്തിലും അറബി സ്വാധീനമുള്ളതായി കാണാം. വാക്യഘടനയില്‍ ഇംഗ്ലീഷ് ഭാഷയോടാണ് സാമ്യമെങ്കിലും പദഘടനയില്‍ (അറബിയില്‍ സ്വര്‍ഫ്) അറബി സ്വാധീനമുള്ളതാണ് സ്പാനിഷ്. ‘ചെയ്തു’  എന്ന ക്രിയക്ക് ഞാന്‍ ചെയ്തു, നീ ചെയ്തു, നിങ്ങള്‍ ചെയ്തു, അവര്‍ ചെയ്തു, ഞങ്ങള്‍ ചെയ്തു എന്നിങ്ങനെയാണ് സ്പാനിഷിലെ പദഘടന വിന്യാസം. ഇത് അറബി ഭാഷയുടെ മാത്രം പ്രത്യേകതയായ  സ്വര്‍ഫ് രീതിയുമായി സാമ്യമുളളതാണ്. ഏകദേശം നാലായിരത്തോളം പദങ്ങള്‍ അറബിയില്‍ നിന്ന് കടംകൊണ്ടവയും ആയിരത്തിലധികം അറബി വേരുകളും സ്പാനിഷ് ഭാഷയ്ക്കുള്ളതായാണ് മനസ്സിലാക്കപ്പെടുന്നത്. സ്പാനിഷ് പദകോശത്തിലെ 8 ശതമാനവും അറബി വേരുകളുള്ളവയാണ്.

അറബികള്‍ യൂറോപ്പിന് പരിചയപ്പെടുത്തിയ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സ്പാനിഷ് പദങ്ങള്‍ ഇന്നും അറബി തന്നെയാണ്. ‘അസേസിനോ'(അസാസിന്‍), ‘റെഹെന്‍’ (പണയം), ‘താരിഫ'(താരീഫ്) എന്നിവ അറബിയില്‍ നിന്ന് നേരിട്ട് സ്പാനിഷില്‍ എത്തിയ പദങ്ങളാണ്. അല്‍-ഖാദി എന്ന അറബി പദത്തില്‍ നിന്ന് മേയര്‍ എന്നര്‍ഥമുളള ‘അല്‍കാല്‍ദെ’, നിക്ഷേപം എന്നര്‍ഥമുള്ള ‘അല്‍മാസെന്‍’, ലേലം എന്നര്‍ഥമുള്ള ‘അല്‍മൊനേദ’ എന്നിവയും അറബി സ്വാധീനമുള്ള പദങ്ങളാണ്. ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പേരുകളായ ‘അസെയ്‌ത്തെ’ (അസ്സെയ്ത്ത്-എണ്ണ), ‘അര്‍റോസ്’ (ഉര്‍സ്-അരി),  ഗോളശാസ്ത്ര പദങ്ങളായ സെനിത്, സെറോ (സിഫ്ര്‍) എന്നിവയും അല്‍ഫെരേറോ, അല്‍ബാനില്‍, അല്‍ബെര്‍ക്ക എന്നിവയും അറബി ഭാഷ സംഭാവന ചെയ്ത പദങ്ങളായി സ്പാനിഷില്‍ കാണാം. ‘അ’ എന്നോ ‘അല്‍’ എന്നോ തുടങ്ങുന്ന പദങ്ങള്‍ അറബിയില്‍ നിന്ന് വന്നവയാണ്. പദഘടനയുമായി ബന്ധമില്ലെങ്കിലും മുസ്‌ലിം സ്വാധീനമുള്ള പദങ്ങളും സ്പാനിഷില്‍ കാണാം. ഇന്ന് സ്‌പെയിനിലും ലാറ്റിന്‍ അമേരിക്കയിലും വ്യാപകമായി ‘ദൈവം ഇച്ഛിച്ചാല്‍’ എന്നതിന് ഉപയോഗിക്കുന്ന പദമാണ് ‘ഒഖാല’. മുസ്‌ലിം പ്രദേശങ്ങളില്‍ മാത്രം പ്രചാരമുള്ള ‘ഇന്‍ശാ അല്ലാഹ്’ എന്ന പദത്തിന്റെ സ്പാനിഷ് രൂപമാണ് ‘ഒഖാല’.

ഒരാള്‍ ഒരു പ്രത്യേക വിഭാഗത്തിലോ രാജ്യത്തിലോ ഉള്ള ആളാണ് എന്ന് പറയാന്‍ അറബി ഭാഷയാല്‍ ഇകാരം വെച്ച് പ്രയോഗിക്കാറുണ്ട്. ഉദാഹരണം, ഖുറൈശി, സൗദി, ബദവി എന്നിവ പോലെ. ഇതേ രീതി സ്പാനിഷിലും പ്രചാരത്തിലുണ്ട്. അന്‍ദുലുസുകാരന്‍ എന്നതിന് അന്‍ദുലുസി എന്നാണ് പ്രയോഗം. മാര്‍ബെല്ലക്കാരന്‍ എന്നതിന് മാര്‍ബെല്ലി എന്നും ഉപയോഗിക്കുന്നു. ഭാഷയ്ക്കപ്പുറത്തേക്ക് വൈജ്ഞാനിക മേഖലയിലും ഇസ്‌ലാമിക സ്വാധീനം ദൃശ്യമാണ്. ഇബ്‌നു തുഫൈല്‍, ഇബ്‌നു ബജ്ജാഹ്, ഇബ്‌നു റുഷ്ദ്, ഇബ്‌നു ഹസ്മ് പോലുള്ള ധിഷണാശാലികളെ സ്‌പെയിനിന് സംഭാവന ചെയ്തത് ഇസ്‌ലാമാണ്. ഭൗതികശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും തത്വശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും സാഹിത്യത്തിലും അവര്‍ നടത്തിയ രചനകള്‍ ഇന്നും ലോകം പഠിച്ചുകൊണ്ടിരിക്കുന്നത് ആ ഇസ്‌ലാമിക്-സ്പാനിഷ് മേളനത്തിന്റെ മകുടോദാഹരണമാണ്. കൊര്‍ദോവ പള്ളിയും ഗിരാള്‍ഡ പള്ളിയും അല്‍ഹാമ്പ്ര കൊട്ടാരവുമെല്ലാം മാഞ്ഞുപോയ ഒരു സമ്പന്ന ഭൂതകാലത്തിന്റെ സ്മരണകള്‍ അയവിറക്കി ഇന്നും സ്‌പെയിനിന്റെ മണ്ണില്‍ അന്തിയുറങ്ങുന്നു.

വിവ: അനസ് പടന്ന

Related Articles