Current Date

Search
Close this search box.
Search
Close this search box.

സാമൂഹിക സ്ഥാപനങ്ങളാകട്ടെ മസ്ജിദുകള്‍

masjid.jpg

മനുഷ്യന്റെ നിലനില്‍പിന്റെ അടിസ്ഥാനമാണ് പണം. മനുഷ്യന്റെ നില നില്‍പിന്റെ അടിസ്ഥാനമായി വിശുദ്ധ ഖുര്‍ആന്‍ രണ്ട് കാര്യങ്ങളെ പരിചയപ്പെടുത്തിയിട്ടുണ്ട് ഒന്ന് പണവും മറ്റൊന്ന് ആരാധാലയങ്ങളുമാണ്. ആരാധനാലയങ്ങളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കൂ. പരിശുദ്ധ ഗേഹമായ കഅ്ബയെ അല്ലാഹു ജനങ്ങള്‍ക്കു (സാമൂഹ്യജീവിതത്തിന്റെ) നിലനില്‍പിനുള്ള ആധാരമാക്കി നിശ്ചയിച്ചിരിക്കുന്നു. (അല്‍മാഇദ : 97)

മനുഷ്യന്റെ സാമൂഹ്യ നിലനില്‍പിന്റെ അടിസ്ഥാനം കഅ്ബയാണ് എന്ന് പറയുന്ന വിശുദ്ധ ഖുര്‍ആന്‍ മറ്റൊരിടത്ത് മനുഷ്യന്റെ നിലനില്‍പിന്റെ അടിസ്ഥാനം ധനമാണ് എന്നും പറയുന്നുണ്ട്. ‘ധനത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് നോക്കൂ.അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നാധാരമാക്കിവെച്ചിട്ടുള്ള സമ്പത്ത് മൂഢന്‍മാരെ ഏല്‍പിക്കാതിരിക്കുക.’ (അന്നിസാഅ് :5)

ഇവിടെ രണ്ടിടത്തും വിശുദ്ധ ഖുര്‍ആന്‍ നിലനില്‍പിന്റെ അടിസ്ഥാനം എന്ന അര്‍ത്ഥത്തിനായി ഉപയോഗിച്ച പദം ‘ഖിയാമന്‍’ എന്നാണ് അതായത് മനുഷ്യന്റെ ബൗദ്ധികമായ നിലനില്‍പിന് പണം ആവശ്യമാണ് എന്നത് പോലെ തന്നെ ആത്മീയ നിലനില്‍പിന് ആരാധനകളും ആവശ്യമാണ്. ഇവ രണ്ടും ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ ഘടകങ്ങളാണ്.

മസ്ജിദുകള്‍ പോലുള്ള സാമൂഹിക സ്ഥാപനങ്ങള്‍ ആത്മീയ കാര്യങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കുന്നത് പോലെ തന്നെ വിശ്വാസികളുടെ ഭൗദ്ധികമായ കാര്യങ്ങളിലും നേതൃപരമായ പങ്ക് വഹിക്കാന്‍ പള്ളികള്‍ക്ക് കഴിയണം. മക്കയിലെ അവിശ്വാസികള്‍ അല്ലാഹുവിനെ ആരാധിക്കുന്നതിനുള്ള കാരണമായി ഒരിടത്ത് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് അവര്‍ക്ക് വിശപ്പില്‍ നിന്ന് രക്ഷയും സമാധാനവും സാമ്പത്തിക സുസ്ഥരതയും സമ്മാനിച്ചത് കഅ്ബ ആയതിനാല്‍ അവര്‍ അതിന്റെ നാഥന് ഇബാദത്ത് ചെയ്യട്ടെ. സൂറതുല്‍ ഖുറൈശില്‍ അല്ലാഹു പറയുന്നത് നോക്കൂ.
‘ഖുറൈശികള്‍ ഇണങ്ങിയതിന് (അതായത്) ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും കച്ചവട യാത്രകളോടുള്ള അവരുടെ ഇണക്കം.അതിനാല്‍ അവര്‍ ഈ മന്ദിരത്തിന്റെ നാഥന് ഇബാദത്ത് ചെയ്യേണ്ടതാകുന്നു. അവര്‍ക്കാഹാരം കൊടുത്തു വിശപ്പകറ്റുകയും ശാന്തി ചൊരിഞ്ഞു ഭയമകറ്റുകയും ചെയ്ത ഈ മന്ദിരത്തിന്റെ നാഥന്‍.’

വിശ്വാസികളുടെ പള്ളികള്‍ മറ്റു മതസ്ഥരുടെ ആരാധാനാലയങ്ങളെപ്പോലെ കേവല ആത്മീയ സംതൃപ്തിക്കായി സമീപിക്കാവുന്ന ആരാധനാ സ്ഥാപനങ്ങള്‍ മാത്രമല്ല. അതിലപ്പുറം വിശ്വാസിയുടെ ജീവിതത്തിലെ സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌ന പരിഹാരത്തിന് സമീപിക്കാവുന്ന ഇടമാണ്. ആത്മീയമായി വിശ്വാസികളെ പോഷിപ്പിക്കുന്നത് പോലെ തന്നെ സാമ്പത്തികമായും വിശ്വാസികളെ പോഷിപ്പിക്കാന്‍ നാട്ടിലെ മസ്ജിദുകള്‍ക്ക് ബാധ്യതയുണ്ട്. വിശ്വാസികളുടെ ആത്മീയ കാര്യങ്ങളെ പള്ളികള്‍ ഉത്തേജിപ്പിക്കുന്നത് പോലെ തന്നെ അവരുടെ സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളെ നിയന്ത്രിക്കാനും പോരായ്മകള്‍ പരിഹരിക്കാനും പള്ളികള്‍ക്കും പള്ളിയോടനുബന്ധിച്ച് അതിന്റെ സംരക്ഷണത്തിനായ തെരെഞ്ഞെടുക്കപ്പെടുന്ന വര്‍ക്കും ബാധ്യതയുണ്ട്. പള്ളികള്‍ ഖുര്‍ആന്‍ പരാമര്‍ശിച്ചത് പോലെ വിശപ്പിന് ഭക്ഷണവും ഭയത്തിന് നിര്‍ഭയവും പ്രധാനം ചെയ്യുന്നതായിരിക്കണം. സമൂഹത്തിന്റെ നിലനില്‍പിന് ആത്മീയവും സാമ്പത്തികവുമായ പോഷണം ആവശ്യമാണ് അത് നിലനിര്‍ത്താന്‍ പള്ളികള്‍ക്കാവണം.

Related Articles