Current Date

Search
Close this search box.
Search
Close this search box.

സാംസ്‌കാരിക പ്രതിസന്ധി… ചികിത്സ വേണ്ടത് തൊലിപ്പുറത്തല്ല

ഒരു സാംസ്‌കാരിക പ്രവര്‍ത്തകനുമായുള്ള സംസാരത്തിനിടയില്‍  ഞാന്‍ ഒരു ചോദ്യം ചോദിച്ചു. ഒരു സ്ത്രീ അവളുടെ സൗന്ദര്യത്തിന്റെ അംശം പോലുമില്ലാത്ത വികലാംഗനായ ഒരു കുട്ടിയെ പ്രസവിച്ചു. പിന്നീട് പൂര്‍ണ ചന്ദ്രനെ പോലുളള സുന്ദരനായ ഒരു സന്താനത്തെ അവളുടെ വിരൂപനായ കുട്ടിക്ക് പകരമായി നല്‍കിയാല്‍ അവള്‍ അത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുക? സ്വാഭാവികമായും അവള്‍ അത് സ്വീകരിക്കുകയില്ല എന്ന് അയാള്‍ പറഞ്ഞു:
അതി സുന്ദരനായ ആ കുട്ടിയെ വിരൂപനായ കുട്ടിക്ക് പകരമായി എന്തുകൊണ്ട് സ്വീകരിക്കുകയില്ല എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. അവനില്‍ ആ മാതാപിതാക്കള്‍ക്ക് ഒരു വൈകാരികമായ അനുഭൂതിയോ ഗാഢമായ സ്‌നേഹ ബന്ധമോ അനുഭവിക്കാന്‍ സാധിക്കുകയില്ല എന്ന് അദ്ദേഹം പ്രതികരിച്ചു.

ഒരു സ്ത്രീ അങ്ങനെ സ്വീകരിച്ചു എന്നു നാം സങ്കല്‍പിക്കുക. ഉടന്‍ അദ്ദേഹം പ്രതികരിച്ചു. എങ്കില്‍ അവള്‍ക്ക് ഭ്രാന്തോ ബുദ്ധി മാന്ദ്യമോ ഉണ്ടായിരിക്കും. അവള്‍ക്ക് അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമില്ല എന്ന് വെക്കുക. ഇവനെ സ്വീകരിക്കുന്നതു മൂലം മാതാവിനോ പിതാവിനോ സമൂഹത്തില്‍ നേതൃസ്ഥാനം ലഭിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്യാന്‍ അവര്‍ തയ്യാറാകുമോ!. അയാള്‍ ഇല്ല എന്നു മറുപടി പറഞ്ഞു. അങ്ങനെയെങ്കില്‍ അവന്‍ മനസും മസ്തിഷ്‌കവും നഷ്ടപ്പെട്ടവനും ബുദ്ധിഭ്രമം ബാധിച്ചവനും സ്‌നേഹം വറ്റിയവനുമായിരിക്കും.

അപ്പോള്‍ മനുഷ്യനെ നയിക്കുന്നത് അന്തസ്സും അഭിമാനവും മാനസികമായ ബന്ധങ്ങളുമെല്ലാം ഉള്‍ച്ചേര്‍ന്ന അവന്റെ വ്യക്തിത്വമാണ്. അതിലൂടെയാണ് അവന്റെ അസ്ഥിത്വവും ശക്തിയും ക്രിയാത്മകതയുമെല്ലാം രൂപപ്പെടുന്നത്. അതെ, നൂറ് തവണ ശരിയാണ് എന്ന് സഹോദരന്‍ സമ്മതിച്ചു. അതെ, മനുഷ്യന്‍ എന്നത് മാംസപിണ്ഡങ്ങളടങ്ങിയ ശരീരം മാത്രമല്ല. അനുഭവങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും കഴിവുകളിലൂടെയും രൂപപ്പെടുന്ന വ്യക്തിത്വത്തിന്റെ സമുച്ചയമാണ്. ഇത് പണ്ഡിതനോ പാമരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യങ്ങള്‍ ചില പ്രത്യേക പരിതസ്ഥിതികളില്‍ മാനസികമായ സംഘര്‍ഷങ്ങള്‍ കാരണമോ ചിന്താപരമായ ഭ്രമം മൂലമോ മറ്റോ നഷ്ടപ്പെടുന്നതുകൊണ്ടാണ് സമൂഹത്തിനോ അവര്‍ക്കോ ഉപകാരപ്പെടാത്ത അവസ്ഥയിലേക്ക് ചിലര്‍ മാറുന്നത്. ഇസ്‌ലാമിക സമൂഹത്തിന്റെ നവോഥാനത്തിനും നാഗരികതയുടെ ഉയിര്‍പ്പിനും അനുഗുണ ഘടകങ്ങളായ അന്തസ്സും അഭിമാനവും വ്യക്തിത്വവും കളഞ്ഞുകുളിച്ച മുസ്‌ലിം സമൂഹം അത് വീണ്ടെടുക്കേണ്ടതിനാണ് ഈ ലളിതമായ ഉപമ ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിരത്തിയത്.

സാംസ്‌കാരികമായ അപഭ്രംശം വ്യക്തിത്വത്തിന്റെ തകര്‍ച്ച മൂലമാണ് സംഭവിക്കുന്നത്. സമൂഹത്തിന്റെ ക്രിയാത്മകമായ വളര്‍ച്ചക്ക് അനിവാര്യമായ സ്വപ്‌നങ്ങളും നൂതന ആവിഷ്‌കാരങ്ങളും മൂല്യങ്ങളുമെല്ലാം ചോര്‍ന്നുപോയതാണ് ഇതിന് കാരണം. എല്ലാ ജനസമൂഹങ്ങളും ഇത്തരം രോഗാതുരമായ അവസ്ഥയെയും ഭയപ്പാടോടെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണ് ഇന്നത്തെ ഈ സാംസ്‌കാരിക സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം. വിപണി താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള അമേരിക്കന്‍ സംസ്‌കാരികാധിനിവേശത്തിന്റെ ഫലമായുണ്ടായ ഈ കൊക്കക്കോള കള്‍ച്ചറിനെതിരെ മുന്‍ ബ്രിട്ടീഷ് സാംസ്‌കാരിക മന്ത്രി ശക്തമായി രംഗത്തുവന്നതും ഇക്കാരണത്താലാണ്. സ്വന്തം വ്യക്തിത്വവും അസ്ഥിത്വവും നഷ്ട്‌പ്പെടുത്തുന്ന മൂല്യരഹിതമായ സംസ്‌കാരത്തിലൂടെ സമൂഹത്തെ അരികുവല്‍കരിക്കുന്നതിനെയാണ് നാം എതിര്‍ക്കുന്നത്. വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും സ്വത്വത്തെ കൈയൊഴിഞ്ഞ് മറ്റുളളവയെ അന്ധമായി അനുകരിക്കുന്നതിനെയാണ് സാംസ്‌കാരിക സാമ്രാജ്യത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇസ്‌ലാമിക സംസ്‌കാരം എന്നത് ആറാം നൂറ്റാണ്ടിലെ കെട്ടുകഥകളോ, ദിവാസ്വപ്‌നമോ ഒരു പ്രത്യേക പരിതസ്ഥിതിയില്‍ രൂപപ്പെട്ട പ്രതിഭാസമോ അല്ല. ക്രിയാത്മകമായ ഒരു സംസ്‌കാരവും നൂതനമായ ഒരു നാഗരികതയുമാണത്. അതിലെ ഓരോ വ്യക്തിയിലും അതിന്റെ സവിശേഷതകള്‍ ഉള്‍ച്ചേര്‍ന്നിരിക്കും. അതുകൊണ്ടാണ് ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ചരിത്രത്തില്‍ തുല്യതയില്ലാത്ത നാഗരികതയും സംസ്‌കാരവും കെട്ടിപ്പെടുക്കാന്‍ അതിന് കഴിഞ്ഞത്. സാംസ്‌കാരിക അധിനിവേശത്തിലൂടെ നമ്മുടെ സമൂഹം എത്തിച്ചേര്‍ന്ന ഈ അപഭ്രംശത്തില്‍ നിന്ന് നമുക്ക് കരകയറേണ്ടത് വളരെ അനിവാര്യമാണ്. ഈ സംസ്‌കാരത്തെ കുഴിച്ചുമൂടാനാണ് ശത്രുക്കള്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ അല്ലാഹു അവന്റെ പ്രകാശത്തെ ജ്വലിപ്പിക്കുക തന്നെ ചെയ്യും.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles