Current Date

Search
Close this search box.
Search
Close this search box.

സലാം പറയാന്‍ ലജ്ജിക്കുന്നതെന്തിന്?

art-islm.jpg

1992 ജൂണിലെ ഒരു ഇന്റര്‍വ്യൂവില്‍ പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരിയും നൊബേല്‍ ജേതാവുമായ ഡോറിസ് ലെസ്സിംഗ് (1919- 2013) ഷാങ്ഹായ് സന്ദര്‍ശനത്തിലുണ്ടായ അനുഭവം ഓര്‍ത്തെടുക്കുന്നതിങ്ങനെയാണ്: ‘ ഒരു സായാഹ്‌നത്തില്‍ ഒരു ചെനീസ് കുടുംബം ജന്മദിന ഗാനമായ ഹാപ്പി ബേര്‍ത്ത്‌ഡേ പാടുന്നത് കേള്‍ക്കാനിടയായി. എന്തോ ഒരു ആശ്ചര്യം എനിക്കതില്‍ അനുഭവപ്പെട്ടു. ഒരുപക്ഷേ അവരുടെതായ ഒരു ജന്മദിന ഗാനം അവര്‍ പാടുന്നത് ഞാന്‍ പ്രതീക്ഷതിനാലാവാം എനിക്കങ്ങനെ തോന്നിയത്.’ ലോകത്തിലെ എല്ലാ ഉന്നതസഥാനീയരായ രാഷ്ട്രങ്ങളും -ഫ്രഞ്ച്, ബ്രിട്ടീഷ്, അല്ലെങ്കില്‍ അമേരിക്കയായാലും- തങ്ങളുടെ സംസ്‌കാരം വളര്‍ന്നുവരുന്ന ചെറു രാഷ്ട്രങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നുണ്ട്. കടമെടുത്ത ജന്മദിന ഗാനം പാടി ചൈനീസ് വംശജര്‍ ജന്മദിനം കൊണ്ടാടുന്നത് ലെസ്സിംഗ് ഇഷ്ടപ്പെടുന്നില്ല. അവരുടെതായ ഒരു ഗാനം അവര്‍ക്കു വേണമെന്ന് ലെസ്സിംഗ് ആഗ്രഹിക്കുന്നു.

എല്ലാ രാഷ്ട്രങ്ങളും വിഭാഗങ്ങളും അവരുടെതായ ആചാരാനുഷ്ഠാനങ്ങളിലൂടെ ആഘോഷങ്ങള്‍ വര്‍ണാഭമാക്കണമെന്ന് ലെസ്സിംഗ് വിശ്വസിക്കുന്നു. ഇതിലൂടെ സ്വന്തം ചടങ്ങുകളും സംസ്‌കാരങ്ങളും ഉയര്‍ത്തിപ്പിടിക്കുവാന്‍ സാധിക്കുമെന്ന് അവര്‍ കരുതുന്നു. ഈയൊരു നിരീക്ഷണാടിസ്ഥാനത്തില്‍, മനുഷ്യരുടെ ഇടയില്‍ നിലനില്‍ക്കുന്ന അഭിവാദനങ്ങളെയും അഭിവാദ്യ, അനുമേദന രീതികളെയും പ്രത്യേകിച്ച്, മുസ്‌ലിം അഭിവാദ്യ- അഭിവാദന രീതികളെ ഞാനിവിടെ വിലയിരുത്തുവാന്‍ ഉദ്ദേശിക്കുന്നു.

ഏതൊരു  വിഭാഗത്തിനും തങ്ങളുടെതായ  സാമൂഹിക ആശയവിനിമയ അഭിവാദന രീതികളുണ്ട്.  കൂട്ടുകാര്‍ക്കിടയിലുള്ളതോ കുടുംബക്കാര്‍ക്കിടയിലുള്ളതോ ആയ സംഭാഷണങ്ങളെല്ലാം തന്നെ  ഇത്തരത്തിലുളള ആശയവിനമയ രീതിയില്‍ പെടുന്നു.

എല്ലാ വംശങ്ങളും വെച്ചുപുലര്‍ത്തുന്ന അവരുടെതായ പ്രത്യേക അഭിവാദന, അഭിവാദ്യ ശൈലികള്‍ ലോകത്ത് വൈവിധ്യവും നാനാതത്വവും വളര്‍ത്തുന്നു. ഇത്തരം വ്യത്യസ്തമായ അഭിവാദന, അഭിവാദന രീതികള്‍ ലോകത്തിലെ നാനാവര്‍ണമായ വംശങ്ങളുടെ വിവിധ സംസ്‌കാരത്തെ സംപുഷ്ട്മാക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും പാശ്ചാത്യ ശൈലികള്‍ നാമറിയാതെ നമ്മില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ നമുക്ക് സര്‍വസാധാരണമായ പ്രയോഗങ്ങളും വാക്കുകളും നല്‍കിയ ഒരവസ്ഥ നിലനില്‍ക്കുന്നു.  മറ്റുള്ള മതവിഭാഗങ്ങളോടും മറ്റും ഇടപഴകുമ്പോള്‍ ഇംഗ്ലീഷ് ഒരുപരിധിവരെ ഈ വ്യത്യാസങ്ങളെ മാറ്റിനിര്‍ത്തി സംഭാഷണങ്ങള്‍ ലഘൂകരിക്കുന്നുമുണ്ട്. എന്തൊക്കെയായാലും ഇതര മതവിഭാഗങ്ങള്‍ക്കിടയിലും ഇതര വംശ-വര്‍ഗങ്ങള്‍ക്കിടയിലും നിലനിന്നുപോരുന്ന  അഭിവാദന ശൈലികള്‍ അവരുടെ സംസ്‌കാരത്തെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നു. ഇംഗ്ലീഷ് ഭാഷയുടെയും പാശ്ചാത്യ സംസ്‌കാരത്തിന്റെയും മേല്‍ക്കോയ്മ ഒരിക്കലും ഇതര വംശ-വര്‍ഗ വിഭാഗങ്ങള്‍ക്കിടയിലെ അഭിവാദന അഭിവാദ്യ രീതികളെ അവഗണിക്കുന്നതിന് ഉള്‍പ്രേരണ ചെലുത്താതിരിക്കണം.

യൂണിവേഴ്‌സിറ്റികളിലും കോളെജുകളിലും സര്‍വസാധാരണയായി കണ്ടുവരുന്ന ആശയ വിനിമയ ശൈലികളും രീതികളും മറ്റും കൊളോണിയല്‍ മേധാവിത്വത്തെയും സാംസ്‌കാരിക അധീശത്വത്തെയും എടുത്തുകാണിക്കുന്നു. കോളനിവത്ക്കരിക്കപ്പെട്ടിരുന്ന രാഷ്ട്രങ്ങളില്‍ കടമെടുക്കപ്പെട്ടിട്ടുള്ള പല ജീവിത ശൈലികളും പെരുമാറ്റ രീതികളും ഉണ്ടാവാം. അത്തരമൊരു സാഹചര്യത്തില്‍ സ്വന്തം നിലനില്‍പിന്റെ അടയാളമായി അവിടുത്തെ ആളുകള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്ക് തങ്ങളുടെ തനതായ ആശംസാരീതികള്‍ സ്വീകരിക്കാം.

മുസ്‌ലിംകള്‍ക്ക് വളരെ മനോഹരമായ അഭിവാദന അഭിവാദന രീതികളുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്ന് പല മുസ്‌ലിംകളും സാഹചര്യങ്ങളുടെയും സാമൂഹിക ഇടപെടലിന്റെ സ്വാധീനമനുസരിച്ചും കടമെടുത്ത ശൈലികളായ ഹായ്, ബായ്, ഗുഡ്‌മോര്‍ണിംഗ് ഗുഡ് ആഫ്റ്റര്‍ നൂണ്‍ ഗുഡ് ഈവനിംഗ്, ഗുഡ്‌നൈറ്റ് തുടങ്ങിയ പാശ്ചാത്യശൈലികള്‍ സ്വീകരിക്കുകയാണ്. ഇതൊരുപക്ഷേ, മറ്റുുള്ള മതവിശ്വാസികളെയും സംസ്‌കാരമുള്ളവരെയും അഭിസംബോധന നടത്താന്‍ ഉപകാരപ്രദമായിരിക്കുമെങ്കിലും മുസ്‌ലിം വിശ്വാസപ്രകാരം സലാം പറഞ്ഞുകൊണ്ട് അഭിസംബോധന ചെയ്യാന്‍ അവര്‍ ബാധ്യസ്ഥരാണ്.

മക്കയില്‍ നിന്ന് മദീനയിലെത്തിയ അബ്ദുള്ളാഹ് ബിന്‍ സലാമിനോട് പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ ഉപദേശം ഇപ്രകാരമായിരുന്നു: ‘ഓ മനുഷ്യരേ, നിങ്ങള്‍ ഭക്ഷിപ്പിക്കുക, സലാം വ്യാപിപ്പിക്കുക, കുടംബബന്ധം നിലനിര്‍ത്തുക. എല്ലാവരും ഉറങ്ങുമ്പോള്‍ എഴുന്നേറ്റ് നമസ്‌കരിക്കുക. നിങ്ങള്‍ക്കിതിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാം.’ (ബുഖാരി)

കൂടാതെ അസ്സലാം എന്നത് അല്ലാഹുവിന്റെ മറ്റൊരു പേരു കൂടിയാണ്. അതുകൊണ്ടു തന്നെ മറ്റേതു തരത്തിലുള്ള ആശംസാ വചനങ്ങളെക്കാളും പ്രത്യകതയും  അര്‍ഥവും മികച്ചതുമാകുന്നു സലാം പറയല്‍. മതപരമായ വിഷയമൊഴിച്ചു നിര്‍ത്തിയാല്‍ തന്നെയും അസ്സലാമു അലൈക്കും എന്നതിന് വിലമതിക്കാനാവാത്ത അര്‍ഥവ്യാപ്തിയുമുണ്ട്.’ നിങ്ങള്‍ക്ക് സമാധാനം ഉണ്ടാവട്ടെയെന്നാണതിന്റെ അര്‍ഥം. ഇതിനു പകരം ഉപമ വെക്കാനായി മറ്റൊന്നും തന്നെയില്ല. സലാം ഉപേക്ഷിച്ച് മറ്റുള്ള അഭിസംബോധനാ രീതിയിലേക്ക് പലരും മാറാനുള്ള കാരണം പ്രധാനമായും അനുകരണ മനോഭാവമാണ്. സാംസ്‌കാരികമായ അനുകരണ ശൈലി എത്രത്തോളം മുസ്‌ലിം സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം.

മുസ്‌ലിം സമൂഹത്തിലെ മതനിരപേക്ഷരെന്നു പറയപ്പെടുന്ന ചിലയാളുകള്‍ മുസ്‌ലിം അഭിവാദന രീതിയായ സലാം ഒഴിവാക്കാനുള്ള പ്രധാന കാരണം  അവര്‍ മതപരമായ വിശ്വാസങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നതാണ്. എങ്കിലും, ഗുഡ്‌ബൈ, ബൈ പോലുള്ള ശൈലികള്‍ അവരുടെ ഇടയില്‍ സര്‍വസാധാരണമാണ.് അതിന്റെ പ്രശ്‌നം ഞാനിവിടെ ഉദ്ധരിക്കാം.

ഗുഡ്‌ബൈ, ബൈ എന്നുള്ള രീതികള്‍ അവര്‍ അവരുടെ മതനിരപേക്ഷത വെളിവാക്കാന്‍ ഉപയോഗിക്കുന്നതാണെങ്കിലും അവര്‍ അറിയാതെ പോകുന്നത്, ഗുഡ്‌ബൈ ബൈ എന്ന അഭിവാദന രീതികള്‍ മതനിഷ്പക്ഷമായ ഒരു ശൈലിയല്ല എന്നുള്ളതാണ്. ആഗ്ലോ സാക്‌സണ്‍ മത വിഭാഗത്തിന്റെ God be with you എന്നുള്ളതിന്റെ ചുരുക്കെഴുത്താണ് Goodbyeയും അത് പിന്നീട് വീണ്ടും ചുരുങ്ങി byeല്‍ ഒതുങ്ങിയതും.

ആയതിനാല്‍ ഇങ്ങനെ സലാം ഒഴിവാക്കി good byeയും മറ്റും ഉപയോഗിക്കുന്നവര്‍ അവരുടെ മതനിരപേക്ഷതക്കു പകരം അവരുടെ അറിവില്ലായ്മയും വിമുഖതയുമാണ് വെളിപ്പെടുത്തുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ ഇസ്‌ലാമിക രീതി ഒഴിവാക്കുന്നത് ക്രിസ്തീയ രീതികളെ അവലംബിക്കാന്‍ മാത്രമാണെന്നുതന്നെ പറയാം. ഒരുപക്ഷേ അവര്‍ക്ക് ആ വാക്കുകളുടെ ഉത്ഭവത്തെപ്പറ്റി അറിയില്ലായിരിക്കാം. അല്ലെങ്കില്‍ അവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചുള്ള നിശ്ചയമില്ലായ്മയും വിദ്വേഷവുമാകാം. goodbye ഉപയോഗിക്കുന്ന ഭൂരിപക്ഷം മുസ്‌ലിംകളും ഇത്തരത്തിലുള്ള മതനിരപേക്ഷ ചിന്താഗതി ഉള്ളവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ബഹുഭൂരിഭാഗവും അറിവില്ലായ്മയും അനുകരണ മനോഭാവവും കൊണ്ടുമാത്രം അത് പിന്തുടരുന്നവരാണ്. പോസ്റ്റ് കൊളോണിയല്‍ സൈദ്ധാന്തികര്‍ സാംസ്‌കാരികാനുകരണം എന്നുവിളിക്കുന്നു.

മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തേണ്ടവരോ കേവലമായ അനുകരണാരീതികള്‍ പിന്‍പറ്റേണ്ടവരോ അല്ല മുസ്‌ലിംകള്‍. പകരം അസ്സലാമു അലൈക്കും എന്ന അഭിസംബോധനക്ക് പ്രാധാന്യം നല്‍കി സ്വന്തം സംസ്‌കാരപരമായ വേരുകളിലും മതപരമായ വ്യക്തിത്വത്തിലും ഐക്യത്തിലും അഭിമാനം കൊള്ളേണ്ടവരാകണം.

മൊഴിമാറ്റം: ഫെബിന്‍ ഫാത്തിമ പി

Related Articles