Current Date

Search
Close this search box.
Search
Close this search box.

സംഘര്‍ഷങ്ങളും മുസ്‌ലിംകളുടെ സഹിഷ്ണുതയും

നെതര്‍ലാന്റില്‍ പ്രവാസത്തിലായിരിക്കെ ‘സഹിഷ്ണുതയെ കുറിച്ചൊരു എഴുത്ത്’ എഴുതിയ ജോണ്‍ ലോക്ക് ചിന്തയുടെ സ്വാതന്ത്ര്യത്തെ കുറിച്ച് വളരെ ഉദാരമായ സമീപനമാണ് അതിലൂടെ ആവിഷ്‌കരിച്ചത്. ദശലക്ഷക്കണക്കിനുപേരെ കൊന്നൊടുക്കിയ മതയുദ്ധങ്ങള്‍ക്ക് അറുതി വരുത്താന്‍ ഈ ചിന്തയും എഴുത്തും സഹായകമാകുമെന്ന് പതിനേഴാം നൂറ്റാണ്ടിലെ മഹാനായ പണ്ഡിതനായ അദ്ദേഹം പ്രത്യാശിച്ചു. ഭരണകൂടവും ചര്‍ച്ചും ചേര്‍ന്ന അധികാരസ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുണ്ടായ കോലാഹലങ്ങളെ തുടര്‍ന്നാണ് 16, 17 നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ മതസംഘര്‍ഷങ്ങളും ക്രിസ്ത്യന്‍ വംശീയ യുദ്ധങ്ങളും അരങ്ങേറിയിരുന്നത്. സ്റ്റേറ്റിനകത്തെ മതത്തെ നിര്‍ണയിക്കാനുള്ള അവകാശം, ഭരണകൂടം അംഗീകരിച്ചിട്ടില്ലാത്ത വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പെട്ട പൗരന്മാരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ തുടങ്ങിയ പ്രശ്‌നങ്ങളെ ചൊല്ലിയായിരുന്നു അന്നുണ്ടായിരുന്ന പ്രശ്‌നങ്ങള്‍.

അന്ന് അധികാരത്തിലുണ്ടായിരുന്ന മതമേധാവികളെ ജോണ്‍ ലോക് തന്റെ എഴുത്തില്‍ വിമര്‍ശിച്ചു: ‘അധികാരത്തിന്റെയും സാമ്രാജ്യങ്ങളുടെയും പേരില്‍ യുദ്ധം ചെയ്യുന്നവരുടെ രീതിയാണിത്, ക്രിസ്തുവിന്റെ ചര്‍ച്ചിന്റെ സ്വഭാവമല്ല.’ മതപരമായ ആധിപത്യമോ, പ്രമാണിത്തരമോ, അധികാരപ്രയോഗമോ അല്ല ചര്‍ച്ചിന്റെ സ്ഥാപനോദ്ദേശ്യമെന്നും നന്മയുടെ ഭക്തിയുടെയും നിയമമനുസരിച്ച് മാനവജീവിതത്തെ നിയന്ത്രിക്കുക എന്നതാണെന്നും അദ്ദേഹം എഴുതി. കുറേകൂടി വ്യക്തമായി, നൈസര്‍ഗികമായ മ്ലേഛവിചാരങ്ങളില്‍നിന്നും തിന്മകളില്‍ നിന്നും മോചനം നേടാന്‍ മനുഷ്യകുലത്തെ സഹായിക്കുക എന്നതാണ് മതത്തിന്റെ യഥാര്‍ഥ ആഹ്വാനമെന്നും ലൗകികമായ അധികാരവും ആധിപത്യവും തേടുന്നതിലല്ല അതിന്റെ പ്രസക്തിയെന്നും അദ്ദേഹം എഴുതി.

ഭരണകൂട അധികാരം പ്രയോഗിച്ച് സമൂഹത്തിനുമേല്‍ ഒരേയൊരു മതം അടിച്ചേല്‍പ്പിക്കുകയെന്നതാണ് മതാത്മക ഹിംസയുടെ പ്രചോദനമെന്ന് ലോക് കൃത്യമായി പറഞ്ഞു. അപരന്റെ സ്വത്തുവകകള്‍ കൊള്ളയടിക്കുകയും അവനെ ചാട്ടവാറുകൊണ്ടടിക്കുകയും വൃത്തിഹീനമായ തടവറകളില്‍ പട്ടിണിക്കിട്ട് പീഢിപ്പിക്കുകയും ഒടുവിലവരെ കൊന്നുകളയുകയും ചെയ്യുന്നത് അവരുടെ ആത്മാക്കളോടും സ്‌നേഹംകൊണ്ടും കരുതലുകള്‍ക്കൊണ്ടാണെന്നും പറയുന്ന മതതീവ്രവാദികളെ അദ്ദേഹം കണക്കിന് വിമര്‍ശിച്ചു. സമൂഹത്തില്‍ ഏകമതം അടിച്ചേല്‍പ്പിക്കുന്നതിന് മതതീവ്രവാദികള്‍ അക്രമവും അധികാരവും പ്രയോഗിച്ചു. സാമൂഹിക അസ്ഥിരതയും നാശവുമായിരിക്കും ഇതിന്റെ ഫലമെന്ന് ലോക് വാദിച്ചു. ലൗകികമായ അധികാരവും ആധിപത്യവുമാണ് മതതീവ്രവാദികളെ അക്രമത്തിന് പ്രചോദിപ്പിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുസ്‌ലിംകള്‍ സഹിഷ്ണുത പാലിക്കേണ്ടുന്നതിനെക്കുറിച്ച് എഴുതിയാല്‍ അതിന്റെ രീതിയെന്തായിരിക്കും? നിലവിലെ മത-ദേശ സംവിധാനത്തിലെ ഏതൊക്കെ ഘടകങ്ങള്‍ അതില്‍ വിമര്‍ശിക്കപ്പെട്ടേക്കും? വ്യത്യസ്ത മതസമുദായങ്ങളും വിഭാഗങ്ങളും ഒരുപോലെ നിലകൊള്ളുകയും എല്ലാവര്‍ക്കുമായി സാമൂഹിക നന്മ ലക്ഷ്യംവെച്ച് ഒന്നായി അധ്വാനിക്കുകയും ചെയ്തിരുന്ന മുസ്‌ലിംകളുടെ സഹിഷ്ണുതാ സങ്കല്‍പ്പങ്ങളായിരിക്കുമോ ജോണ്‍ ലോകിന് പ്രചോദനമായിത്തീര്‍ന്നിട്ടുണ്ടാവുക? ലോകിനെയും ജ്ഞാനോദയത്തിന്റെ വക്താക്കളെയും മുസ്‌ലിം ചിന്തകന്മാര്‍ സ്വാധീനിക്കുകയോ അവരില്‍ നിന്ന് കടംകൊള്ളുകയോ ചെയ്തിട്ടുണ്ടോ എന്ന വിഷയത്തില്‍ വൈജ്ഞാനികമായ ഒരു അന്വേഷണം സാധ്യമാണ്. എന്തായാലും, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ സഹിഷ്ണുതയില്ലായ്മയാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. കൂടതല്‍ രക്തചൊരിച്ചിലിലേക്കും അസ്ഥിരതയിലേക്കും കാര്യങ്ങളെത്താതിരിക്കാന്‍ അതേക്കുറിച്ചുള്ള ആലോചനകള്‍ ആവശ്യമാണ്.

മുസ്‌ലിംകളുടെ സഹിഷ്ണുതാബോധവും മത, വംശീയ, ലിംഗ, ജാതി വൈവിധ്യങ്ങളുടെ ആശ്ലേഷണവും പ്രാമാണികമായ ബലമുള്ളതാണ്, ഖുര്‍ആനിലും കൃത്യമായി രേഖപ്പെടുത്തപ്പെട്ട പ്രവാചക വചനങ്ങളിലുമുള്ളതാണ്. ‘മതത്തില്‍ ബലാല്‍ക്കാരമില്ലെ’ന്നത് വിശ്വാസത്തിന്റെയും ചിന്താസ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഖുര്‍ആനിന്റെ പ്രഖ്യാപനമാണ്. അധികാരമുപയോഗിച്ച് നിര്‍ബന്ധ മതപരിവര്‍ത്തനത്തിനും ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളെ അംഗീകരിപ്പിക്കാനും ഒരു ഭരണകൂടത്തിനും മത സ്ഥാപനങ്ങള്‍ക്കും ഖുര്‍ആനോ ഹദീഥോ അധികാരം നല്‍കുന്നില്ല. ദൈവികവും ഗുണാത്മകവുമായ മനുഷ്യവൈജാത്യങ്ങളെ, ‘നിങ്ങളുടെ ഭാഷയിലും തൊലിനിറത്തിലുമുള്ള വ്യത്യാസം,’ പടച്ചവന്റെ അടയാളങ്ങളിലൊന്നായി എണ്ണിക്കൊണ്ട് മതബഹുസ്വരതയെ പടച്ചവന്റെ പരീക്ഷണങ്ങളിലൊന്നായി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. അതായത്, ഓരോ ധാരകളുടെയും വ്യതിരിക്തതതകളെ തിരിച്ചറിയുകയെന്നതിലല്ല വെല്ലുവിളിയായിട്ടുള്ളത്. പകരം, ഇതരധാരകളോട് ബന്ധപ്പെടുത്തിയും സമ്പര്‍ക്കത്തിലേര്‍പ്പെട്ടും സ്വന്തം ധാരയെ മനസിലാക്കുകയും, ശേഷം അതില്‍ ഉന്നതമായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുകയെന്നതാണ്.

അധികാരം, ഭരണകൂടം, മതം എന്നിവയെ ഒന്നായി തെറ്റിദ്ധരിക്കരുത്. ഇതിലോരോന്നിനും അതിന്റേതായ ഘടകങ്ങളും അതിന്റേതായ സവിശേഷതകളുമുണ്ട്. ദേശരാഷ്ട്രത്തിനകത്തു നിന്നുകൊണ്ട് ദേശഘടനയില്‍ മതപരമായ ഏകരൂപത്തെ പ്രയോഗിക്കുന്ന മുസ്‌ലിം ലോകത്തെ പ്രവണതകളാണ് ഇന്ന് മേഖലയെ നിതാന്തമായ സാമൂഹിക അസ്ഥിരതയിലേക്കും, ഛിദ്രതയിലേക്കും അക്രമങ്ങളിലേക്കും തള്ളിവിട്ടിരിക്കുന്നത്. ഭരണകൂടവും മതവും ഒന്നായിരിക്കുന്ന ഈ പ്രവണത കൂടുതല്‍ സങ്കീര്‍ണമാവുന്നത്, അക്ഷരങ്ങളെയും ഇസ്‌ലാമിനകത്തുതന്നെയുള്ള വ്യത്യസ്ത ധാരകളോടും വിഭാഗങ്ങളോടും പോലും ശത്രുതാ സമീപനം സ്വീകരിക്കുകയും അവര്‍ക്കെതിരെ കഠിനമായ നിലപാടുകളെടുക്കുകയും ചെയ്യുന്ന സിദ്ധാന്തങ്ങളെയും വ്യവഹാരങ്ങളെയും അടിസ്ഥാനമാക്കിയുള്ള ദേശരാഷ്ട്ര രൂപങ്ങള്‍ക്കകത്താണ്.

സങ്കുചിതവും വിചിത്രവുമായ തങ്ങളുടെ വിഭാഗീയ ചിന്തകള്‍ക്കനുസൃതമായി അപരരായിട്ടുള്ള എല്ലാവരെയും പുറന്തള്ളിക്കൊണ്ട് സര്‍വ്വാംഗീകൃതമായ സംവിധാനമെന്ന നിലക്കാണ് ദേശരാഷ്ട്രത്തെ മുസ്‌ലിം മതതീവ്രവാദികള്‍ സമീപിക്കുന്നത്. തങ്ങളുടെ കാഴ്ചാട് മാത്രമാണ് ശരിയെന്നും മറ്റുള്ളവരെല്ലാം തെറ്റാണെന്നും ഓരോ വിഗാഗത്തിലെയും എല്ലാ അംഗങ്ങളും അടിയുറച്ച് വിശ്വസിക്കുന്നു. ഇത് തങ്ങളുടെ മതത്തിന്റെയും വിശ്വാസത്തിന്റെയും കാര്യത്തില്‍ ആകാവുന്നതെയുള്ളൂ. എന്നാല്‍ ഇത്തരം വിഭാഗത്തില്‍ പെട്ടവര്‍ ഒരു ദേശരാഷ്ട്ര ഘടനയില്‍ പെരുകുകയും അതിന്റെ സംവിധാനങ്ങളുപയോഗിച്ച് ലിറ്റ്മസ് ടെസ്റ്റുകള്‍ നടത്തി വിയോജിക്കുന്നവരെ തരംതിരിക്കുകയും അവര്‍ക്ക് ആനുകൂല്യങ്ങളെ തടയുകയും പൊതുസമൂഹത്തിന്റെ സംരക്ഷണവലയത്തില്‍നിന്നും പുറന്തള്ളുകയും ചെയ്യുന്ന രീതി അവലംബിക്കുമ്പോഴാണ് ഇതൊരു പ്രശ്‌നമായിത്തീരുന്നത്. മറ്റുള്ളവരെ അവരുടേതായ വിശ്വാസങ്ങളില്‍ കഴിയാന്‍ അനുവദിക്കുന്നതോടൊപ്പം തന്റെ അഭിപ്രായം തെറ്റാവാന്‍ സാധ്യതയുള്ള ശരിയാണെന്ന സമീപനമാണ് മുസ്‌ലിംകള്‍ക്കിടയിലെ സഹിഷ്ണുതക്ക് ആധാരമായി വര്‍ത്തിക്കുന്നത്. ഒപ്പം, പൊതുസമൂഹമെന്നത് എല്ലാവര്‍ക്കും തുല്യപങ്കാളിത്തവും തുല്യമായ കടമകളുമുള്ളതാണെന്ന വസ്തുത ഒരിക്കലും തള്ളരുതാത്തതാണ്.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

(കാലിഫോര്‍ണിയയിലെ സൈത്തൂനാ കോളേജിന്റെ സഹസ്ഥാപകനും അധ്യാപകനുമാണ് ലേഖകന്‍)

Related Articles