Current Date

Search
Close this search box.
Search
Close this search box.

സംഘടിത നമസ്‌കാരത്തിന്റെ ഫലങ്ങള്‍

നമസ്‌കാരം ഇസ്‌ലാമിലെ സുപ്രധാനമായ ഒരു ആരാധനാ കര്‍മ്മമാണെന്നത് എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ സംഘടിതമായി നിര്‍വഹിക്കുന്നതില്‍ പലരും വീഴ്ച വരുത്താറുണ്ട്. സംഘടിതമായി നമസ്‌കാരം നിര്‍വഹിക്കുന്നതിന് വ്യക്തിപരമായി പ്രതിഫലത്തിന്റെ കാര്യത്തില്‍ വന്‍നേട്ടമുണ്ടാകുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായ പ്രാധാന്യം പോലെതന്നെ സംഘടിത നമസ്‌കാരത്തിന് സാമൂഹിക പ്രാധാന്യവും ഉണ്ട്. നമസ്‌കാരം സംഘടിതമായി കൃത്യമായി നിര്‍വഹിക്കുകയാണെങ്കില്‍ അത് സമൂഹത്തില്‍ ധാരാളം ഫലങ്ങളുണ്ടാക്കും. അവയില്‍ ചിലതിനെ കുറിച്ചാണിവിടെ ചര്‍ച്ച ചെയ്യാനുദ്ധേശിക്കുന്നത്.

1) മുസ്‌ലിംകളുടെ അഭിപ്രായൈക്യത്തിനും പരസ്പര സാഹോദര്യത്തിനും സ്‌നേഹബന്ധത്തിനും സംഘടിത നമസ്‌കാരം സഹായിക്കുന്നു. എല്ലാ നമസ്‌കാരത്തിനും ഒരേ പള്ളിയില്‍ ഒത്തുകൂടുന്നത് പരസ്പരം നന്മയിലും തഖ്‌വയിലും സഹകരിക്കാനുള്ള അവസരമുണ്ടാക്കുകയും ചെയ്യും.

2) വിശ്വാസികളുടെ ഹൃദയങ്ങളെ ഉറപ്പിച്ചുനിര്‍ത്തുവാനും ദുര്‍ബലരെ ശക്തിപ്പെടുത്തുവാനും സംഘടിത നമസ്‌കാരം സഹായകമാകും. ന്യൂനപക്ഷവും പീഡിതരുമായി കഴിയുന്ന സമൂഹമാണെങ്കില്‍ അവര്‍ക്ക് സംഘടിത നമസ്‌കാരത്തിനായി സംഘടിക്കുന്നത് വിജയത്തെയും ഐക്യത്തെയും കുറിച്ചുള്ള ബോധം അവരില്‍ പകരാന്‍ സഹായിക്കും. അതുവഴി ഒരു പരിധിവരെ നിര്‍ഭയത്തം നേടാനും അവര്‍ക്ക് സാധിക്കും.

3) ശത്രുക്കള്‍ക്ക് മുന്നില്‍ നമ്മുടെ ശക്തിയും ഐക്യവും പ്രകടിപ്പിക്കാനും അവര്‍ക്കൊരു മുന്നറിയിപ്പ് കൊടുക്കാനും ജമാഅത്ത് നമസ്‌കാരത്തിലൂടെ സാധിക്കും.

4) പൊതുസമൂഹത്തിന് മുന്നില്‍ ക്രിയാത്മകവും കര്‍മപരവുമായ ഒരു പ്രബോധനവുമാണ് സംഘടിത നമസ്‌കാരം. ഇതിലൂടെ ജനത്തിന് മതത്തിന്റെ ചിഹ്നങ്ങള്‍ പരിചയപ്പെടുത്താനും അല്ലാഹുവിന്റെ സൂക്തങ്ങള്‍ കേള്‍പ്പിക്കാനും മുസ്‌ലിംകളുടെ ആരാധനാ കര്‍മങ്ങള്‍ അവരെ കാണിക്കാനും നമുക്ക് സാധിക്കും. ഇസ്‌ലാമിന്റെ ആരാധനകളിലുള്ള ലാളിത്യവും സാമൂഹികവും വ്യക്തിപരവുമായ സംസ്‌കരണവും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നത് വലിയൊരു ദഅ്‌വാ പ്രവര്‍ത്തനം തന്നെയാണ്.

5)സാമൂഹികമായ ഭിന്നത ഇല്ലാതാക്കാനും സംഘടിത നമസ്‌കാരം സഹായിക്കും. മുസ്‌ലിംകള്‍ക്കിടയില്‍ സമത്വമുണ്ടാക്കാനും ആവശ്യക്കാര്‍ക്കും ദരിദ്രര്‍ക്കും സമാശ്വാസമുണ്ടാക്കാനും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര ഉത്തരവാദിത്വം ഉറപ്പുവരുത്താനും ഇത് സഹായകരമായിരിക്കും.

6) ഒരു മേഖലയിലെ മുസ്‌ലിംകള്‍ക്കെല്ലാം പരസ്പരം പരിചയപ്പെടാന്‍ സംഘടിത നമസ്‌കാരം സഹയാകമാകും. ഒരേ ദേശത്തും കുടുബത്തിലും കഴിഞ്ഞുകൂടുന്ന വിശ്വസികള്‍ക്ക് ചെയ്യാനുള്ള കടമകള്‍ പരസ്പരം ഓര്‍മപ്പെടുത്താനും അത് നടപ്പിലാക്കാനും നമസ്‌കാരത്തിനായുള്ള ഒരുമിച്ചുകൂടല്‍ സഹായകമാകും. രോഗസന്ദര്‍ശനം, മയ്യിത്ത് സംസ്‌കരണം, പോലുള്ള സന്ദര്‍ഭങ്ങളില്‍ പരസ്പരം സഹകരിപ്പിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനും സഹായകമാകുന്ന ഒന്നാണ് ജമാഅത്ത് നമസ്‌കാരത്തിനെത്തുന്നതിലൂടെയുണ്ടാകുന്ന ബന്ധങ്ങള്‍.

7) വിവരവും പാണ്ഡിത്യവുമുള്ള ആളുകളില്‍ നിന്ന് വിദ്യഅഭ്യസിക്കാനുള്ള അവസരവും പള്ളിയില്‍ സംഘടിക്കുന്നതിലൂടെ ഉണ്ടാകുന്നുണ്ട്. ദീനിലും വിജ്ഞാനത്തിലും പരസ്പരം സഹകരിക്കാനും സഹായിക്കാനും സാധിക്കും.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles