Current Date

Search
Close this search box.
Search
Close this search box.

വഴിവിട്ടുപോകുന്ന നമ്മുടെ വേഷവിധാനങ്ങള്‍

dress-code.jpg

അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍ മഹത്തായ ഒന്നാണ് വസ്ത്രങ്ങള്‍. സ്രഷ്ടാവ് നല്‍കിയ ഈ അനുഗ്രഹം അലങ്കാരത്തിനും സൗന്ദര്യത്തിനും ഉപയോഗപ്പെടുത്തി മാന്യമായ വിധത്തില്‍ വേഷവിധാനനരീതി സ്വീകരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നു. വസ്ത്രധാരണത്തിന്റെ് ലക്ഷ്യം രണ്ടാണ്. ഒന്ന്, നഗ്‌നത മറക്കലും രണ്ട്, അലങ്കാരവും. ‘അല്ലയോ ആദം സന്തതികളെ, നിങ്ങളുടെ നഗ്‌നത മറക്കുകയും ശരീരത്തെ രക്ഷിക്കുകയും അലങ്കരിക്കുകയും ചെയ്യുന്ന വസ്ത്രം ഇറക്കിതന്നിരിക്കുന്നു’വെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ വസ്ത്രധാരണയില്‍ പൊങ്ങച്ചപ്രകടനം ഒരിക്കലും ഇസ്‌ലാം അനുവദിക്കുന്നില്ല. നമ്മുടെ പുതിയ തലമുറയുടെ വസ്ത്രധാരണാരീതികളും പൊങ്ങച്ചപ്രകടനങ്ങളും നാം വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ വിഷയം ഇന്ന് നമ്മില്‍ പലര്‍ക്കും ഗൗരവമല്ലാത്ത ഒരു വിഷയമായി മാറിയിരിക്കുന്നു. ഇസ്‌ലാമിക വസ്ത്ര ധാരണ രീതികള്‍ ഇന്ന് നമ്മുടെ പുതു തലമുറയില്‍ അന്യം നിന്ന് പോകുന്ന അവസ്ഥയെ കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നെരിയാണിയും കാല്‍പാദവും മൂടുന്ന അടിഭാഗത്ത് ചളിയും മാലിന്യങ്ങളും പുരണ്ട് കീറിയും ദ്വാരം വീണതുമായ ഉടുപ്പ് ധരിക്കുന്ന അവസ്ഥ പലപ്പോഴും നാം കാണേണ്ടിവരുന്നു. നരച്ചതും ഇടുങ്ങിയതുമായ വസ്ത്രം ധരിക്കാനുള്ള ഒരു താല്‍പര്യം പുതു തലമുറയെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. വേഷവും വസ്ത്രവും നമ്മുടെ സംസ്‌കാരത്തെ സ്വാധീനിക്കുന്നു. കോലം കെട്ട വസ്ത്രം ധരിക്കുന്ന ഈ ഫാഷന്‍ സംസ്‌കാരം നമ്മുടെ മക്കള്‍ക്ക് എവിടുന്ന് കിട്ടിയെന്ന് എപ്പോഴെങ്കിലും നാം വിലയിരുത്തിയിട്ടുണ്ടോ? വ്യക്തമായ ദിശാ ബോധമോ ധാര്‍മിക വിചാരമോ ഇല്ലാതെ എങ്ങനെയെങ്കിലും ജീവിക്കണം എന്ന് ചിന്തിക്കുന്ന പാശ്ചാത്യന്‍ ജീവിത ശൈലികള്‍ നമ്മെയും അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കുന്നത് നാം തീര്‍ച്ചയായും അറിയണം.

മുടിവെട്ടുന്ന രീതിയിലും ഈ അനുകരണ ഭ്രമം നമുക്ക് കാണാം. കാഴച്ചയില്‍ തികച്ചും വികൃതമായ തലമുടി കട്ടിംഗ് പലപ്പോഴും നമ്മുടെ മക്കളിലും ദൃശ്യമല്ലേ? കായിക താരങ്ങളും സിനിമാനടന്മാരും ചെയ്തു കൂട്ടുന്നതെല്ലാം ചാണിനു ചാണായും മുഴത്തിനു മുഴമായും അനുകരിക്കുന്ന രീതിയെ കുറിച്ച് നാം എപ്പോഴെങ്കിലും ഗൗരവമായി ചിന്തിച്ചിട്ടുണ്ടോ? മുസ്‌ലിം യുവാക്കളിലും കുട്ടികളിലും വരെ ഹെയര്‍ സ്‌റ്റൈലിലും വസ്ത്രധാരണയിലും മാറ്റം കാണുന്നത് എന്ത്‌കൊണ്ട് നമുക്ക് വിഷയമാകുന്നില്ല? അമേരിക്കക്കാരന്റെയും ഇസ്രായേല്‍ പട്ടാളക്കാരന്റെ യും ‘ഹെയര്‍കട്ടാ’ ണ് നമ്മുടെ കുട്ടികള്‍ക്കും ഇഷ്ടം എന്നുവരുന്ന അവസ്ഥ ഗൗരവപൂര്‍വം കാണേണ്ടതാണ്. ചെവിക്കുമേല്‍ പിരടിയില്‍ നിന്നടക്കം ചെത്തിമിനുക്കിയുള്ള ‘ഹെയര്‍സ്‌റ്റൈല്‍’ ആണ് പലരും ഇഷ്ടപ്പെടുന്നതെങ്കില്‍ ആ ദുഷിച്ച സംസ്‌കാരവും കുട്ടികളില്‍ വരാതിരിക്കില്ല എന്നും നാം ഭയപ്പാടോടെ ഓര്‍ക്കുക.

നാം ഏതുതരം വസ്ത്രം ധരിക്കണം, വേഷവിധാനം എങ്ങനെയാവണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച ശരിയായ കാഴ്ചപ്പാട് നമുക്കില്ലാതെപോയോ? പണ്ടൊക്കെ മഹിതമായ നമ്മുടെ വസ്ത്ര വേഷരീതികള്‍ മറ്റുള്ളവര്‍ പകര്‍ത്താറുണ്ടായിരുന്നു. എന്നാല്‍ ഇന്നു നാം അതിര് കവിഞ്ഞ് മറ്റുള്ളവരെ അനുകരിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നു. ഇറുകിയ പാന്റ്‌സും ഇറക്കമില്ലാത്ത ഷര്‍ട്ടും ധരിച്ച് നഗ്‌നത കാണിച്ചു നടക്കുന്ന യുവതീ യുവാക്കള്‍ ഇന്ന് എന്ത് സംസ്‌കാരമാണ് സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് നാം ചിന്തിച്ചുവോ? പുരുഷന്‍മാര്‍ വസ്ത്രം ഞെരിയാണിക്ക് താഴെ ഇറക്കുന്നത് ഇസ്‌ലാം ശക്തമായി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. അത് പാന്റ്‌സാണെങ്കിലും തുണിയാണെങ്കിലും ഇതു തന്നെയാണ് വിധി. നെരിയാണി വിട്ട് വസ്ത്രം താഴുന്നത് ഇസ്‌ലാം ശക്തമായി വിലക്കുന്നു. ‘അഹങ്കാരത്തോടെ വസ്ത്രം താഴ്ത്തിയുടുക്കുന്നവരിലേക്ക് റബ്ബിന്റെ കരുണയുടെ നോട്ടം ഉണ്ടാവില്ല’ എന്ന നബിവചനം ഈ വിഷയത്തിന്റെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്നു. വസ്ത്ര ധാരണയിലെ മറ്റു രീതികളെ ഇസ്‌ലാം ഇത്ര ഗൗരവത്തില്‍ വിരോധിച്ചത് നമുക്ക് ഒരുപക്ഷെ കാണാന്‍ കഴിയില്ല. അതു കൊണ്ടായിരിക്കാം മഹാന്മാരായ പലരും ഇത് വലിയ വിഷയമായി കണ്ടതും. ഒരു സംഭവം അറിയുക : ശത്രുവിന്റൊ കുത്തേറ്റു മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന രണ്ടാം ഖലീഫ ഉമര്‍(റ)നെ സമാശ്വസിപ്പിക്കാന്‍ വിശ്വാസികള്‍ വന്നു. കൂട്ടത്തില്‍ വന്ന ഒരാളുടെ വസ്ത്രം വലിച്ചിഴക്കുന്ന തരത്തിലായിരുന്നു. ആ സന്ദര്‍ഭത്തിലും ഉമര്‍(റ) അക്കാര്യം ശ്രദ്ധയില്‍ പെടുത്തിയത് അതിന്റെ പ്രാധാന്യത്തെയാണ് കുറിക്കുന്നത്.

ഇസ്‌ലാമിക ചട്ടക്കൂട്ടില്‍ ജീവിക്കുന്ന യുവാക്കള്‍ പോലും ചിലപ്പോള്‍ വസ്ത്രം താഴ്ത്തി ധരിക്കുന്നതായി കാണാം. നിലത്ത് വലിച്ചിഴച്ച് അഴുക്കും നജസും പുരണ്ട വസ്ത്രങ്ങള്‍ ഉടുത്ത് പള്ളിയിലെത്തുന്നവരെ ചിലപ്പോഴെങ്കിലും കാണാവുന്നതാണ്. നജസ് പുരണ്ട വസ്ത്രം ധരിച്ചുള്ള ഇത്തരക്കാരുടെ നമസ്‌കാരം ശരിയാവില്ലെന്ന് മാത്രമല്ല, മറ്റുള്ളവര്‍ നമസ്‌കരിക്കുന്ന സ്ഥലം നജസാവാനും ഇവര്‍ കാരണക്കാരാവുന്നു. സ്ത്രീകളുടെ വസ്ത്ര ധാരണാരീതിയിലും മുമ്പൊന്നു മില്ലാത്ത മാറ്റം പതിവായിട്ടുണ്ട്. ശരീരത്തില്‍ ഒട്ടിചേര്‍ന്നു ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഇന്നൊരു ഫാഷന്‍ ആയിട്ടുണ്ട്.ഇസ്‌ലാമിക വസ്ത്രരീതി കൈകൊള്ളുന്ന സ്ത്രീകളില്‍ വരെ ശരീരവടിവ് നിഴലിച്ച് കാണുമാറുള്ള ഇറുകിയ ഡ്രസ്സുകള്‍ ഉടുക്കുന്ന സംസ്‌കാരം സകല സീമകളും അതിലംഘിച്ച് മുന്നേറുകയാണ്. മുഖവും മുന്‍കയ്യും ഒഴിച്ചുള്ള മുഴുശരീര ഭാഗവും ശരിയായി മറക്കുക എന്നതാണ് സ്ത്രീയുടെ വേഷവിധാനമായി ഇസ്‌ലാം പഠിപ്പിക്കുന്നത്. അതിരുകള്‍ ലംഘിച്ച് വേഷവിധാനങ്ങളില്‍ അശ്രദ്ധമായ സമീപനരീതിയാണ് നാം അനുധാവനം ചെയ്യുന്നുവെങ്കില്‍ അല്ലാഹുവിന്റെ വരാനിരിക്കുന്ന ശിക്ഷയെ കുറിച്ച് കൂടി നാം ഓര്‍ക്കുന്നത് നന്ന്. ഇസ്‌ലാം അനുശാസിക്കുന്ന ശരിയായ വസ്ത്ര രീതിയും വേഷ വിധാനങ്ങളും മാത്രം നാം സ്വീകരിക്കുക. ഇസ്‌ലാമിക വിരുദ്ധവും സംസ്‌കാരത്തിന് യോജിക്കാത്തതുമായ ചേലും കോലവും വര്‍ജിക്കാനാണ് ഓരോ വിശ്വാസിയും എപ്പോഴും ജാഗ്രത കാണിക്കേണ്ടത്.

Related Articles