Current Date

Search
Close this search box.
Search
Close this search box.

വര്‍ണ്ണങ്ങള്‍ക്കപ്പുറമുള്ള ഇസ്‌ലാമിക ചരിത്രവായനകള്‍

AFRICAN.jpg

ചരിത്രത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ 5 ആഫ്രിക്കന്‍ മുസ്‌ലിംകളുടെ പേരുകള്‍ പറയാന്‍ പറഞ്ഞാല്‍ പലപ്പോഴും നമ്മുടെയൊക്കെ ഉത്തരങ്ങള്‍ ബിലാലിലും മുഹമ്മദ് അലിയിലും മാല്‍ക്കം എക്‌സിലും ഒതുങ്ങും. 5 പേരെ തികച്ച് പറയാന്‍ പലരും ബുദ്ധിമുട്ടുന്നത് കാണാം. ഇസ്‌ലാമിക ചരിത്രരചനകളിലും വായനകളിലും മനപ്പൂര്‍വമല്ലാതെ വന്നുപോയ ഒരു ചേരിതിരിവിന്റെ ഫലമാണ് ഇത്. പ്രവാചകന്‍(സ)യുടെ കാലത്ത് തന്നെ ഇസ്‌ലാം അറേബ്യന്‍ ഉപദ്വീപ് കടന്ന് ആഫ്രിക്കയില്‍ എത്തിയിരുന്നു. ആഫ്രിക്കന്‍ വംശജരായ ധാരാളം സ്വഹാബികളും പ്രവാചക അനുയായികളായി ഉണ്ടായിരുന്നു. എന്നാല്‍ നമുക്ക് പരിചയമുള്ളത് ഒരു ബിലാലിനെ മാത്രം. ധീരതയ്ക്കും കരുത്തിനും കൗശലത്തിനും പേരുകേട്ട എത്രയോ പോരാളികള്‍ അവരില്‍ ഉണ്ടായിരുന്നു. ഇസ്‌ലാമിന്റെ ദിഗ്വിജയത്തിന് വേണ്ടി അതിന്റെ ആദ്യകാലങ്ങള്‍ മുതല്‍ തന്നെ പോരാടി അവര്‍ രക്തസാക്ഷിത്വം വരിച്ചിരുന്നു. എന്നാല്‍ ഇന്നും ആ ഇരുണ്ട ഭൂഖണ്ഡത്തിലെ ചരിത്രപുരുഷന്മാര്‍ നമ്മുടെ മനസ്സില്‍ ഇരുണ്ടു തന്നെ കിടക്കുന്നു.

ആഫ്രിക്കന്‍ മുസ്‌ലിംകള്‍ക്ക് പകരം ഇസ്‌ലാമിക നാഗരികതയുടെ അപദാനങ്ങള്‍ വിവരിക്കാന്‍ പറഞ്ഞാല്‍ നമ്മുടെ ചരിത്രജ്ഞാനം പശ്ചിമേഷ്യയില്‍ തുടങ്ങി കിഴക്കേഷ്യ കടന്ന് അങ്ങ് മദ്ധ്യേഷ്യന്‍ രാജ്യങ്ങള്‍ വരെ എത്തിനില്‍ക്കും. ലോകചരിത്രം എന്നത് വെള്ളക്കാരന്റെ ചരിത്രമാണെന്ന് പറയുന്നതു പോലെ ഇസ്‌ലാമിന്റെ ചരിത്രം അറബികളുടെ ചരിത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു. തുര്‍ക്ക് വംശജരായ ഉഥ്മാനികളുടെ ദീര്‍ഘ ചരിത്രങ്ങള്‍ മാത്രമേ അതിന് അപവാദമായിട്ടുള്ളൂ. പശ്ചിമേഷ്യക്കും മദ്ധേഷ്യക്കും അപ്പുറമുള്ള ഇസ്‌ലാമിന്റെ അക്കാദമിക ചരിത്രങ്ങള്‍ വരണ്ട രേഖകള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ അറബികളും തുര്‍ക്കികളും ആഫ്രിക്കകാരും നിറഞ്ഞ ബഹുസ്വര ചരിത്രമായിരുന്നു ഇസ്‌ലാമിന്റേത് എന്ന് പറയാമെന്നല്ലാതെ അത് രേഖപ്പെടുത്താന്‍ മാത്രം വിഭവങ്ങള്‍ നമ്മുടെ കയ്യില്‍ ഇല്ലാതെ പോകുന്നു. വില്‍ കിംലിക്കയെ പോലുള്ള അക്കാദമീഷ്യന്മാരുടെ അഭിപ്രായത്തില്‍ അറബ് നാടുകളേക്കാള്‍ ആഫ്രിക്കന്‍-കിഴക്കേഷ്യന്‍ രാജ്യങ്ങളാണ് കോളനിവല്‍ക്കരണത്തിന്റെ കടുത്ത ഇരകളായത്. അത് ചരിത്രരചനകളേയും വായനകളെയും സാരമായി ബാധിച്ചിട്ടുണ്ട്.

നമ്മുടെ ചരിത്രപഠനങ്ങള്‍ വര്‍ണ്ണങ്ങളിലും പ്രദേശങ്ങളിലും ഒതുങ്ങിപ്പോവുന്നതിന് പല കാരണങ്ങളും കാണാന്‍ സാധിക്കും. ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ ഖുര്‍ആന്‍ കഴിഞ്ഞാല്‍ അല്ലെങ്കില്‍ അതോടൊപ്പം തന്നെ ആശ്രയിക്കുന്നവയാണ് ഇസ്‌ലാമിക ചരിത്രങ്ങള്‍. മനസ്സില്‍ ഓര്‍ത്തുവെക്കാന്‍ ധീരരായ പോരാളികളെയോ വീരന്മാരെയോ ലഭിക്കുമ്പോഴാണ് നാം ചരിത്രവായനകളില്‍ കൂടുതല്‍ തല്‍പരരാവുന്നത്. ഉമറും അലിയും ഖാലിദുബ്‌നു വലീദും അബൂ ഉബൈദയും ഉസാമത്തുബ്‌നു സൈദും മുഹമ്മദുബ്‌നു ഖാസിമുമൊക്കെ ഇസ്‌ലാമിക ചരിത്രവായനകളിലെ നമ്മുടെ ഹീറോകളാണ്. എന്നാല്‍ ആഫ്രിക്കയില്‍ നിന്ന് അങ്ങനെയൊരു ഹീറോ നമുക്കില്ലാതെ പോയത് ഖേദകരമാണ്. ഇസ്‌ലാമിനെ സ്‌പെയിനിന്റെ കവാടം കടത്തി യൂറോപ്പിലെത്തിച്ച കറുത്ത ബെര്‍ബരികളായ താരീഖ് ഇബ്‌നു സിയാദും മൂസ്വബ്വ്‌നു നുസൈറും എന്തുകൊണ്ട് നമ്മുടെ ഹീറോ പട്ടത്തിന് അര്‍ഹരായില്ല? ഉത്തരാഫ്രിക്ക മൊത്തം ഇസ്‌ലാമിന്റെ കുടക്കീഴില്‍ നിര്‍ത്തിയ ആഫ്രിക്കന്‍ പോരാളികളെ എന്തുകൊണ്ട് നാം വിസ്മരിച്ചു പോയി?

ചരിത്രവായനകള്‍ വര്‍ണങ്ങളിലും ദേശങ്ങളിലും ഒതുങ്ങുന്നുവെങ്കില്‍ അത് നമ്മുടെ ലോകവീക്ഷണത്തെ കൂടിയാണ് കുറിക്കുന്നത്. മറ്റ് ആദര്‍ശങ്ങളില്‍ നിന്ന് ഇസ്‌ലാമിന്റെ വ്യതിരിക്തമാക്കുന്നത് അതിന്റെ ബഹുസ്വരതയും നാനാത്വവുമാണ്. ലോകമുസ്‌ലിംകളുടെ സംഗമവേദിയായ ഹജ്ജ് നമുക്ക് നല്‍കുന്ന വലിയ പാഠവും ഇസ്‌ലാം വര്‍ണദേശങ്ങള്‍ക്ക് അപ്പുറമാണ് എന്നതാണ്. ഉയരം കൂടിയ യൂറോപ്യനും ഉയരം കുറഞ്ഞ ചൈനക്കാരനും കറുത്ത ആഫ്രിക്കനും വെളുത്ത അറബിയുമൊക്ക സ്വരഭേദമില്ലാതെ ഒരേ സ്വരത്തില്‍ ദൈവത്തിന്റെ മഹത്വം വാഴ്ത്തുന്ന പുണ്യസംഗമം. മറ്റ് ദേശങ്ങളെയും സംസ്‌കാരങ്ങളെയും നമ്മുടെ ഇസ്‌ലാമിക വായനകളില്‍ ഉള്‍പ്പെടുത്താന്‍ നാം ശ്രമിക്കുന്നില്ലെങ്കില്‍ മനസ്സിന്റെ ഉള്ളിലെവിടെയോ ഉള്ള സവര്‍ണ ചിന്തയുടെ ഫലമാണതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

ഇസ്‌ലാം ജനിച്ചത് അറേബ്യന്‍ നാടുകളിലായിരിക്കാം. പക്ഷേ, അതിനെ വളര്‍ത്തിയതും പരിപോഷിപ്പിച്ചതും പടര്‍ത്തിയതും അന്യദേശക്കാരാണ്. മദീന ഇസ്‌ലാമിന്റെ ഭരണ സിരാകേന്ദ്രമായിരുന്നുവെങ്കില്‍ ബഗ്ദാദും കൈറോയും സ്‌പെയിനും ഖുറാസാനുമൊക്കെയായിരുന്നു അതിന്റെ ധൈഷണിക കേന്ദ്രങ്ങള്‍. ഇസ്‌ലാമിന്റെ ജ്ഞാനശാസ്ത്രവും തത്വചിന്തയും പുഷ്കകലമായതും ഇവിടെ വെച്ചായിരുന്നു. ഇമാം ബുഖാരിയും മുസ്‌ലിമും ശാഫിഈയും ഇബ്‌നു റുഷ്ദും ഇബ്‌നു ഹസ്മുമൊക്കെ ജനിച്ചതും ജീവിച്ചതും ഈ ദേശങ്ങളിലായിരുന്നു. അവരാണ് ഇസ്‌ലാമിന്റെ സന്ദേശത്തെ അറ്റ്‌ലാന്റിക്കിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും അപ്പുറം ലോകത്തിനാകെ പ്രഭയാക്കി മാറ്റിയതും.

വിവ: അനസ് പടന്ന

Related Articles