Current Date

Search
Close this search box.
Search
Close this search box.

വഖ്ഫിന്റെ ക്രിയാത്മക ഉപയോഗം : ഇസ്‌ലാമിക നാഗരികതയില്‍

ഇസ്‌ലാമിക നാഗരികതയുടെ തണലില്‍ നിലവില്‍ വന്ന ധര്‍മ്മ സ്ഥാപനങ്ങള്‍ മുപ്പതോളം ഇനങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. നന്മയുടെ വിവിധ മുഖങ്ങളുള്‍ക്കൊള്ളുന്നതും സമൂഹത്തിന്റെ സകല മേഖലകളിലും സുരക്ഷിതത്വം സാധിപ്പിക്കുന്നവയുമാണിവ. വഖഫ് ദാനത്തിലൂടെ നിര്‍മിക്കപ്പെട്ട ഈ സ്ഥാപനങ്ങളുടെ കവാടങ്ങള്‍ ജാതി-മത -വര്‍ഗ- വര്‍ണ-ദേശ വ്യത്യാസങ്ങള്‍ക്കതീതമായി മുഴുവന്‍ മനുഷ്യര്‍ക്കും തുറന്നിട്ടുകൊടുത്തിരുന്നു. തൊഴിലാളി, വ്യാപാരി, വിദ്യാര്‍ഥി, അധ്യാപകന്‍, കര്‍ഷകന്‍, സ്ത്രീ, വൃദ്ധന്‍,ദുര്‍ബലന്‍, അന്ധന്‍, വികലാംഗര്‍ തുടങ്ങി എല്ലാവര്‍ക്കും ദാനത്തില്‍ പങ്കുവഹിക്കാന്‍ സാധിക്കുന്ന രീതിയില്‍ അതിന്റെ വൃത്തം വിശാലമായിരുന്നു. വഖഫ് സ്ഥാപനങ്ങളില്‍ രാഷ്ട്രം മുന്‍കയ്യെടുത്ത് സ്ഥാപിക്കുന്നവയും വ്യക്തികളുണ്ടാക്കുന്നവയുമുണ്ട്. അവ വിവിധയിനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. അതിനെ കുറിച്ച സംക്ഷിപ്ത വിവരണമാണമാണ് ഇവിടെ ചേര്‍ക്കുന്നത്.

1. പള്ളികള്‍: ധര്‍മസ്ഥാപനങ്ങളില്‍ പ്രഥമവും പ്രധാനവുമായവ പള്ളികളാണ്. അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് അവയുടെ നിര്‍മാണത്തിനായി മുസ് ലിംകള്‍ മത്സരിച്ചു മുന്നോട്ടുവന്നതായി കാണാം. ഭരണാധികാരികള്‍ തങ്ങള്‍ സ്ഥാപിക്കുന്ന പള്ളികളുടെ വലുപ്പത്തിന്റെയും ഗാംഭീര്യത്തിന്റെയും കാര്യത്തില്‍ പരസ്പരം മത്സരിച്ചിരുന്നു. വലീദുബ്‌നു അബ്ദുല്‍ മലിക്ക് സ്ഥാപിച്ച ജാമിഉല്‍ അമവിയ്യ ഇതിനു മികച്ച ഉദാഹരണമാണ്.
2. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: ദശക്കണക്കിന്  അദ്ധ്യാപകര്‍ പഠിപ്പിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാല്‍ സമ്പന്നമായിരുന്നു ഇസ്‌ലാമിക ലോകത്തിന്റെ നാനാഭാഗങ്ങളും. ഭരണാധികാരികള്‍, രാജാക്കന്മാര്‍, വ്യാപാരികള്‍, പണ്ഡിതന്മാര്‍, നേതാക്കന്മാര്‍, മുതലാളിമാര്‍ തുടങ്ങിയവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അസംഖ്യം വഖഫുകള്‍ നല്‍കിയിരുന്നു.
3. ആശുപത്രികള്‍:  മൊബൈല്‍ ആശുപത്രികളടക്കം ധാരാളം ആശുപത്രികള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. ആശുപത്രികളില്ലാത്ത ഒറ്റനാടും അന്നുണ്ടായിരുന്നില്ല. കൊര്‍ഡോവയില്‍ മാത്രം അമ്പത് ആശുപത്രികളുണ്ടായിരുന്നു.
4. സത്രങ്ങള്‍, പൊതു ഭോജനശാലകള്‍:  ദരിദ്രരായ അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും അഭയകേന്ദ്രമായിത്തീരുന്ന സത്രങ്ങളും പൊതുഭോജനശാലകളും എല്ലായിടത്തും നിര്‍മിക്കുകയുണ്ടായി. അവിടങ്ങളില്‍ ആഹാരവും വിശ്രമസൗകര്യങ്ങളുമുണ്ടായിരുന്നു.
5. പര്‍ണ്ണശാലകള്‍,വീടുകള്‍:  സര്‍വ്വസംഗ പരിത്യാഗികളായി ആരാധനകളില്‍ മുഴുകുന്ന ഭക്തന്മാര്‍ക്കായുള്ള വാസസ്ഥലങ്ങളും പര്‍ണ്ണശാലകളും പൗരാണിക മുസ് ലിംകള്‍ നിര്‍മിച്ച ധര്‍മസ്ഥാപനങ്ങളില്‍ പെടുന്നു.
6. ദരിദ്രര്‍ക്കുള്ള പാര്‍പ്പിടങ്ങള്‍: വീട് വാടകക്കെടുക്കാനോ വാങ്ങാനോ സാധിക്കാത്ത ദരിദ്രന്മാര്‍ക്കുവേണ്ടിയുള്ള പ്രത്യേക പാര്‍പ്പിടങ്ങള്‍ സ്ഥാപിച്ചിരുന്നു.
7. പാനീയ വിതരണ കേന്ദ്രങ്ങള്‍:  പൊതുജനങ്ങള്‍ക്കുവേണ്ടി വഴികളില്‍ വെച്ചു നടത്തപ്പെടുന്ന പാനീയ വിതരണ കേന്ദ്രങ്ങള്‍.
8. ഹാജിമാര്‍ക്കുള്ള ഭവനങ്ങള്‍:  അല്ലാഹുവിന്റെ അതിഥിയായി എത്തുന്നവര്‍ക്ക് താമസിക്കാനുള്ള വീടുകള്‍ മക്കയിലുടനീളം സ്ഥാപിച്ചിരുന്നു. മക്കയിലെ വീടുകള്‍ക്ക് ഹജ്ജ്കാലത്ത് വടക ഈടാക്കാന്‍ പാടില്ലെന്നു പോലും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. കാരണം അവിടെയുണ്ടായിരുന്ന വീടുകള്‍ ഹാജിമാര്‍ക്കായി വഖഫ് ചെയ്യപ്പെട്ടവരായിരുന്നു.
9. പൊതുകിണറുകള്‍: യാത്രക്കാര്‍, കന്നുകാലികള്‍. കാര്‍ഷികാവശ്യങ്ങള്‍ തുടങ്ങിയവക്കായി മരുഭൂമിയില്‍ നിര്‍മിക്കപ്പെടുന്ന പൊതുകിണറുകള്‍. ഇസ് ലാമിക രാഷ്ട്രത്തിലെ പ്രധാന തലസ്ഥാനങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ധാരാളം പൊതുകിണറുകളുണ്ടായിരുന്നു.
10. സൈനികത്താവളങ്ങള്‍: വൈദേശികാക്രമണങ്ങളില്‍ നിന്ന് നാടിനെ രക്ഷിക്കാനുള്ള സൈനികത്താവളങ്ങള്‍ പ്രത്യേകം നിര്‍മിക്കപ്പെട്ടിരുന്നു. അവിടെ യോദ്ധാക്കള്‍ക്കാവശ്യമായ ആയുധങ്ങള്‍, മറ്റു പടക്കോപ്പുകള്‍, ആഹാരങ്ങള്‍ തുടങ്ങിയവയെല്ലാം വഖഫായി ലഭിച്ചിരുന്നു.
11. യുദ്ദോപകരണ നിര്‍മാണശാലകള്‍: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതുന്നവര്‍ക്ക് ആയുധങ്ങളും അവ നിര്‍മിക്കാനുള്ള നിര്‍മ്മാണശാലകളും  വഖഫ് ചെയ്തിരുന്നു. കുരിശ് യുദ്ധകാലത്ത് പശ്ചാത്യര്‍ മുസ് ലിം നാടുകളിലേക്ക് ആയുധങ്ങള്‍ വാങ്ങാന്‍ വരിക പതിവായിരുന്നു. അതിനാല്‍ ശത്രുക്കള്‍ക്ക് ആയുധങ്ങള്‍ വില്‍പന നടത്തുന്നത് നിഷിദ്ധമാണെന്ന് പണ്ഡിതന്മാര്‍ വിധി പ്രസ്താവിച്ചിരുന്നു.
12. റോഡുകള്‍, പാലങ്ങള്‍, ഊടുവഴികള്‍ : റോഡുകള്‍, പാലങ്ങള്‍, ഊടുവഴികള്‍ തുടങ്ങിയവ പോലുള്ളവയുടെ നിര്‍മാണത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള വഖഫുകള്‍.
13. മഖ്ബറ: പൊതുശ്മശാനങ്ങളുപയോഗിക്കാന്‍ വ്യക്തികള്‍ ദാനം ചെയ്യുന്ന സ്ഥലങ്ങള്‍.
14. ദരിദ്രരുടെയും അഗഥികളുടെയും ജനാസ സംസ്‌കരണച്ചെലവുകള്‍ക്കായുള്ള വഖഫുകള്‍.
15. ശിശുക്ഷേമത്തിനായുള്ള ധര്‍മസ്ഥാപനങ്ങള്‍: അനാഥകളുടെയും ജാരസന്തതികളുടെയും സംരക്ഷണത്തിനും ശിക്ഷണത്തിനും വേണ്ടിയുള്ള സാമൂഹ്യസ്ഥാപനങ്ങള്‍
16. സ്‌പെഷ്യല്‍ സ്‌കൂള്‍: അന്ധന്മാര്‍, വികലാംഗര്‍, അവശര്‍ പോലുള്ളവര്‍ക്കുവേണ്ടി നടത്തപ്പെടുന്ന സ്ഥാപനങ്ങള്‍.  ഭക്ഷണ-താമസമടക്കമുള്ള എല്ലാ സൗകര്യങ്ങളും അവിടെ ലഭ്യമായിരുന്നു.
17. തടവുപുള്ളികള്‍ക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികള്‍: തടവുപുള്ളികളുടെ ജീവിതനിലവാരം ഉയര്‍ത്താനും ഭക്ഷണം മെച്ചപ്പെട്ടതാക്കാനും ആരോഗ്യസംരക്ഷണത്തിനും മുന്‍ഗണന നല്‍കിയിരുന്നു.
18. മഹര്‍,വിവാഹം: വിവാഹമൂല്യം നല്‍കാനും മറ്റു വിവാഹച്ചിലവുകള്‍ നിര്‍വഹിക്കാനും കഴിവില്ലാത്തവരെ സഹായിക്കുന്ന സ്ഥാപനങ്ങള്‍
19. മാതൃസംരക്ഷണ സ്ഥാപനങ്ങള്‍: ഉമ്മമാര്‍ക്ക് മുട്ടയും പാലും പഞ്ചസാരയും മറ്റു പോഷകാഹാരങ്ങളും വിതരണം നടത്തിയിരുന്നു.
20. കൗണ്‍സിലിങ്ങ് സെന്ററുകള്‍: കുട്ടികളുടെ മനോവിഷമമകറ്റാനുള്ള കാരുണ്യകേന്ദ്രങ്ങള്‍
21. മൃഗസംരക്ഷണ കേന്ദ്രങ്ങള്‍: ജീവജാലങ്ങള്‍ക്ക് ആഹാരം നല്‍കുന്നതിലും രോഗം ബാധിച്ചാല്‍ ചികിത്സിക്കുന്നതിലും അവശത ബാധിക്കുമ്പോള്‍ സംരക്ഷിക്കുന്നതിലും ഇത്തരം സ്ഥാപനങ്ങള്‍ ശ്രദ്ധപുലര്‍ത്തി.
ഇത്തരത്തില്‍ ഇസ്‌ലാമിക നാഗരികതയുടെ തണലില്‍ മുപ്പതോളം  ധര്‍മ്മസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നതായി കാണാം.

വിവ. എസ് എം കെ

Related Articles