Current Date

Search
Close this search box.
Search
Close this search box.

വംശീയ ഭീകരതയും ഗാന്ധിജിയും

ഫലസ്തീന്‍ സ്വാതന്ത്ര്യ സമരപോരാളികളുടെ ചെറുത്തുനില്‍പ് സമരങ്ങളെ കുറിച്ച് മനസ്സിലാവണമെങ്കില്‍ നാം ഫലസ്തീന്‍ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയമെന്തെന്ന് പഠിക്കേണ്ടിയിരിക്കുന്നു. ആധുനിക യുഗത്തിലെ ഏറ്റവും ഭീകരമായ വംശീയ സിദ്ധാന്തമാണ് സയണിസം എന്ന് തിരിച്ചറിയേണ്ടതുണ്ട്. ലോകത്ത് വംശീയതയുമായി ബന്ധപ്പെട്ട് ധാരാളം ഗ്രന്ഥങ്ങളുണ്ടായിട്ടുണ്ട്. ഇവ ഇതരവംശങ്ങളുമായി നിര്‍ദ്ദയം പൊരുതി വംശീയാധിപത്യം സ്ഥാപിക്കാന്‍ ആഹ്വാനം ചെയ്യുന്നവയും പ്രോത്സാഹിപ്പിക്കുന്നവയുമാണ്. ഇവയില്‍ 1896-ല്‍ തിയോഡര്‍ ഹെര്‍സല്‍ എന്ന ഹംഗേറിയന്‍ ജൂതന്‍ എഴുതിയ ജൂതരാഷ്ട്രം എന്ന സൃഷ്ടിയും ഉള്‍പെടുന്നു. ലോകത്തിന്റെ ആധിപത്യം ജൂതവംശത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും അത് നടപ്പാലാക്കേണ്ടത് ഓരോ ജൂതന്റേയും കടമയാണെന്നും ഹെര്‍സല്‍ ആഹ്വാനം ചെയ്തു. പിന്നീട് വന്ന നാസി വംശീയതക്ക് 1932-ല്‍ ബെനിറ്റോ മുസ്സോളിനിയാണ് ആഹ്വാനം ചെയ്തത്. ഇതിന്റെ പ്രത്യാഘാതമായി ദശലക്ഷങ്ങള്‍ക്ക് ജീവനാശം സംഭവിച്ചു എന്നതാണ് ചരിത്രം. ഇതേവിധം ഭാരതത്തില്‍ ഉടലെടുത്ത വംശാധിപത്യം സ്ഥാപിക്കാനുള്ള ദര്‍ശന സമാഹാരമാണ് കടുത്ത ആക്രമണത്തിലും സമുദായ ധ്രുവികരണത്തിലും ഊന്നി ഹൈന്ദവദേശീയത സ്ഥാപിക്കാന്‍ ആഹ്വാനം ചെയ്യുന്ന, ഗോല്‍വാള്‍ക്കര്‍ എഴുതിയ ‘വിചാരധാര.’ ഇസ്രയേലിലെ പ്രവാചകന്മാരുള്‍പ്പെടെ ഒരാചാര്യനോ വേദഗ്രന്ഥമോ വംശീയതയെ പ്രോല്‍സാഹിപ്പിച്ചിട്ടില്ല. അതിനാല്‍ത്തന്നെ സയണിസത്തിന്  യഹൂദമതവുമായോ കുരിശുയുദ്ധങ്ങള്‍ക്ക് ക്രിസ്തുദര്‍ശനവുമായോ വിചാരധാരയ്ക്ക് സനാതനഹിന്ദു ദര്‍മവുമായോ താലിബാനിസത്തിന് ഇസ്‌ലാമുമായോ ഒരു ബന്ധവുമില്ല.

മനുഷ്യനേക്കാള്‍ വലിയ ഒരു വംശവും സമുദായവുമില്ല. സമചിത്തതയോടെ പ്രശ്‌നങ്ങള്‍ വിലയിരുത്താനാവാത്തവര്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ വംശീയതയെ മറയാക്കുകയാണ്. ഫലസ്തീനിലെ ആക്രമണങ്ങള്‍ക്ക് മുഴുവന്‍ യഹൂദരെയും കുറ്റപ്പെടുത്തുന്നവരും നാസി കൂട്ടക്കൊലകള്‍ക്ക് ഹിറ്റ്‌ലറെ ന്യായികരിക്കുന്നവരുമെല്ലാം ഈ ഗണത്തില്‍ പെടുന്നു. യഹൂദ മതവിശ്വാസികള്‍ മുഴുവന്‍ വംശീയവാദികളോ സയണിസ്റ്റുകളോ അല്ല. അവരില്‍ സയണിസത്തേയും ജൂതരാഷ്ട്രത്തേയും ശക്തിയായി എതിര്‍ക്കുന്ന  വ്യക്തികളും അവരുടെ കൂട്ടത്തിലുണ്ട്. യഹൂദര്‍ ജീവിക്കുന്നത് ഇസ്രയേലില്‍ മാത്രമല്ല. ജൂതരിലെ ഏറ്റവും യാഥാസ്ഥിതിക വിഭാഗങ്ങള്‍ പോലും സയണിസത്തിനും ഇസ്രയേല്‍ രാഷ്ട്രത്തിനുമെതിരാണ്.

മഹാത്മാഗാന്ധി പറയുകയുണ്ടായി ”ഇംഗ്ലണ്ട്’ ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ച്കാര്‍ക്കും എന്നപോലെ (അവിഭക്ത) ഫലസ്തീന്‍ അറബികള്‍ക്കുള്ളതാണ്. അറബികള്‍ക്കുമേല്‍ ജൂതന്മാരെ അടിച്ചേല്‍പ്പിക്കുന്നത് തെറ്റും മനുഷ്യത്വഹീനവുമാണ്. ആത്മാഭിമാനികളായ അറബികളെ ഇല്ലാതാക്കി ഫലസ്തീന്‍ ഭാഗികമായോ പൂര്‍ണമായോ ജൂതരാഷ്ട്രമാക്കനുള്ള ശ്രമം തീര്‍ച്ചയായും മനുഷ്യരാശിക്കെതിരായുള്ള കുറ്റകൃത്യമാണ്. ഏറെ പീഡിപ്പിക്കപ്പെട്ട ജൂതര്‍ ലോകത്തിന്റെ സഹതാപം അര്‍ഹിക്കുന്നു. അറബികള്‍ മഹത്തായ പാരമ്പര്യമുള്ള മഹത്തായ ജനതയാണ്. ഒരു രാജ്യത്തിന്റേയും മധ്യസ്ഥതയില്ലാതെ തന്നെ ജൂതര്‍ക്ക് അഭയമേകാന്‍ അവര്‍ തയ്യാറായത് അവരുടെ പാരമ്പര്യവും ഉദാരമനസ്‌കതയുമാണ് വ്യക്തമാക്കുന്നത്. അവിഭക്ത ഫലസ്തീന്‍ എന്നും മുസ്‌ലിംകളുടെ നിയന്ത്രണത്തില്‍ തന്നെയായിരിക്കണം. ഫലസ്തീന്‍ പ്രശ്‌നം അപരിഹാര്യമായ ഒന്നായി മാറുന്നത് വേദനാജനകമാണ്. ഞാന്‍ ഒരു ജൂതനായിരുന്നെങ്കില്‍ തീവ്രവാദമാര്‍ഗം സ്വീകരിച്ച് സ്വന്തം നിലപാടുകളെ അപകടപ്പെടുത്തരുതെന്ന് അവരോട് പറയുമായിരുന്നു. രാഷ്ട്രീയമായ അത്യാര്‍ത്തിയുടെ പേരിലാണെങ്കില്‍ ഫലസ്തീനു പിന്നാലെ പോകേണ്ട കാര്യം ജൂതര്‍ക്കില്ല. വലിയ കഴിവുകളുള്ള മഹത്തായ വംശമാണ് ജൂതരുടേത്. ദക്ഷിണാഫ്രിക്കയില്‍ ജൂതന്മാര്‍ക്കൊപ്പം വര്‍ഷങ്ങളോളം ഞാന്‍ ജീവിച്ചിട്ടുണ്ട്. അറബികളിലേക്ക് ഇറങ്ങിച്ചെല്ലുകയും സൗഹൃദം സ്ഥപിക്കുകയുമാണ് ജൂതര്‍ ചെയ്യേണ്ടത്. അല്ലാതെ ബ്രിട്ടന്റെ ആയുധസഹായത്തിന്റെയോ അമേരിക്കയുടെ ധനസഹായത്തിന്റെയോ ബലത്തില്‍ ആയുധപ്രയോഗത്തിലൂടെ ഫലസ്തീന്‍ സ്വന്തമാക്കുകയല്ല ചെയ്യേണ്ടത്.”

Related Articles