Current Date

Search
Close this search box.
Search
Close this search box.

ലോകത്തെ മാറ്റി മറിച്ച അഞ്ച് മുസ്‌ലിം കണ്ടുപിടിത്തങ്ങള്‍

coffee.jpg

ചരിത്രത്തില്‍ വിപ്ലവാത്മകമായ പല കണ്ടുപിടിത്തങ്ങളുടെയും പിന്നില്‍ മുസ്‌ലിം പണ്ഡിതന്മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും സംഭാവനകള്‍ നിസ്തുലമാണ്. മുസ്‌ലിം സമൂഹം പലപ്പോഴും ഇവ തിരിച്ചറിയാതെ പോവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മുസ്‌ലിം സമൂഹത്തില്‍ പിറവിയെടുത്ത അഞ്ച് സുപ്രധാന  കണ്ടുപിടിത്തങ്ങളെ കുറിച്ച് വിശദീകരിക്കുകയാണിവിടെ.

കാപ്പി
ലോകത്ത് പ്രതിദിനം ഏകദേശം 1.6 ബില്യണ്‍ കപ്പ് കാപ്പി ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോടിക്കണക്കിനാളുകള്‍ അതിനെ അവരുടെ ദിനചര്യയുടെ ഭാഗമായി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ സര്‍വ്വ വ്യാപകമായ ഈ പാനീയത്തിന്റെ ഉറവിടം മുസ്‌ലിം ലോകമാണ് എന്നറിയുന്നവര്‍ വിരളമാണ്. ചരിത്രം രേഖപ്പെടുത്തിയതനുസരിച്ച് തെക്കേ അറേബ്യന്‍ ഉപദ്വീപിലും യമനിലുമൊക്കെ 1400 കളില്‍ തന്നെ പ്രീതിയാര്‍ജിച്ച പാനീയമായി കാപ്പി മാറിയിരുന്നു.

ഐതിഹ്യമനുസരിച്ച് യമനിലെ ഒരാട്ടിടയന്‍ തന്റെ ആടുകള്‍ ഒരു പ്രത്യേക മരത്തിന്റെ കായ്കള്‍ ഭക്ഷിക്കുമ്പോള്‍ വളരെ ഊര്‍ജ്ജസ്വലരായി മാറുന്നത് കാണാന്‍ ഇടയായി. അങ്ങനെ ആ കായ്കള്‍ അയാള്‍ സ്വയം ഭക്ഷിക്കുകയും അത് ശരീരത്തിന് ഒരു പ്രത്യേക ഊര്‍ജ്ജസ്വലത നല്‍കുന്നതായി മനസ്സിലാക്കുകയും ചെയ്തു. കാലക്രമേണ അത് വറുക്കുന്നതും, വെള്ളത്തില്‍ മുക്കിവെച്ച്, കയ്പ്പുള്ളതും എന്നാല്‍ ഉത്തേജക ശേഷിയുള്ളതുമായ ഒരു തരം പാനീയം ഉല്‍പാദിപ്പിക്കാനും തുടങ്ങി. അങ്ങനെയാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് കാപ്പി വികസിച്ചു വന്നത്.

ആട്ടിടയന്റെ കഥയുടെ സംഭവ്യത പരിഗണിച്ചാലും ഇല്ലെങ്കിലും, കാപ്പി ആദ്യമായി കണ്ടുപിടിക്കപ്പെട്ടത് യമനിന്റെ ഉയര്‍ന്ന സമതലങ്ങള്‍ മുതല്‍ 15 ാം നൂറ്റാണ്ടില്‍ മുസ്‌ലിം സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഓട്ടോമന്‍ സാമ്രാജ്യം വരെയുള്ള ഭാഗങ്ങളിലാണ്. പ്രശസ്ത കച്ചവട കമ്പോളമായിരുന്ന വെനിസിലൂടെയായിരുന്നു ഇത് യൂറോപ്പിലേക്ക് പ്രചരിച്ചത്. ആദ്യം കത്തോലിക്കാ സഭ ഇതിനെ ‘ഇസ്‌ലാമിക പാനീയം’ എന്ന് പറഞ്ഞ് തള്ളിപ്പറഞ്ഞെങ്കിലും, പിന്നീട് അത് യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായിത്തീരുകയായിരുന്നു.

അല്‍ജിബ്ര
കണക്കു ക്ലാസില്‍ ബുദ്ധിമുട്ടുന്ന പല വിദ്യാര്‍ത്ഥികളും അല്‍ജിബ്രയെ പ്രോല്‍സാഹിപ്പിക്കുന്നില്ല. എന്നാല്‍ മുസ്‌ലിം സുവര്‍ണ കാലഘട്ടം ആധുനിക ലോകത്തിന് നല്‍കിയ സുപ്രധാന സംഭവങ്ങളിലൊന്നാണ് അല്‍ജിബ്ര. 780 മുതല്‍ 850 വരെ പേര്‍ഷ്യയിലും ഇറാഖിലുമായി ജീവിച്ചിരുന്ന മഹാനായ ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായ മുഹമ്മദ് ബിന്‍ മൂസ അല്‍ ഖവാരിസ്മി ആണ് ഈ ഗണിത വിദ്യ ആദ്യമായി വികസിപ്പിച്ചെടുത്തത്.

അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ ‘അല്‍ കിതാബുല്‍ മുഖ്തസര്‍ ഫീ ഹിസാബ് അല്‍ജബര്‍ വല്‍ മുഖാബല’ യില്‍ അല്‍ജിബ്ര സമവാക്യങ്ങളുടെ അടിത്തറ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. സകാത്ത് കണക്കു കൂട്ടുന്നതിലും അനന്തരാവകാശ സ്വത്ത് വീതിക്കുന്നതിലും അല്‍ജിബ്ര എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം ഈ ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു.

1000 നും 1100 നുമിടയില്‍ അല്‍ഖവാരിസ്മിയുടെ ഈ ഗ്രന്ഥം ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം അവിടെ അല്‍ ഗൊരിത്മി എന്ന പേരില്‍ അറിയപ്പെട്ടു. അദ്ദേഹം അന്ന് അല്‍ജിബ്ര കണ്ടുപിടിച്ചിട്ടില്ലായിരുന്നെങ്കില്‍, ആധുനിക ഗണിത ശാസ്ത്രത്തിലധിഷ്ഠിതമായ, എഞ്ചിനീയറിംഗ് പോലുള്ള ഒരു ജോലിയും സാധ്യമാവുമായിരുന്നില്ല. അദ്ദേഹത്തിന്റെ കാല ശേഷവും അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ യൂറോപ്യന്‍ സര്‍വകലാശാലകളില്‍ കണക്ക് പുസ്തകമായി ഉപയോഗിക്കപ്പെട്ടിരുന്നു.

ബിരുദം നല്‍കുന്ന സര്‍വകലാശാലകള്‍
സര്‍വകലാശാലകള്‍ മുസ്‌ലിം ലോകത്തിന്റെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്നായിരുന്നു. ആദ്യകാല ഇസ്‌ലാമിക ചരിത്രത്തില്‍ പള്ളികള്‍ സ്‌കൂളുകളായി ഉപയോഗപ്പെടുത്തുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവിടെ പള്ളികളില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെ, ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയവ പഠിപ്പിച്ചിരുന്നു. പിന്നീട് മുസ്‌ലിം വളര്‍ന്നു വികാസം പ്രാപിച്ചപ്പോള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടി ‘മദ്‌റസകള്‍’ എന്നറിയപ്പെടുന്ന ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമായി വന്നു. അങ്ങനെ 850 ല്‍ ഫാത്വിമ അല്‍ ഫിഹ്‌രി മൊറോക്കോയില്‍ അല്‍ കെറോയിന്‍ എന്ന പേരില്‍ ഒരു മദ്‌റസ സ്ഥാപിച്ചു. ഈ മദ്‌റസ വടക്കന്‍ ആഫ്രിക്കയിലെ ഉയര്‍ന്ന പണ്ഡിതന്മാരെയും വിദ്യാര്‍ത്ഥികളെയും ഏറെ ആകര്‍ഷിച്ചു. ഈ മദ്‌റസയില്‍ അധ്യാപകന്മാര്‍ മതപരവും അല്ലാത്തതുമായ വിവിധ വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നു. പിന്നീട് ഈ മദ്‌റസകളിലെ അധ്യാപകര്‍, തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ യോഗ്യരാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്ക് ‘ഇജാസ’ എന്ന പേരിലുള്ള ഒരു തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം മനസ്സിലായിട്ടുണ്ടെന്നും അത് പഠിപ്പിക്കാന്‍ അവര്‍ യോഗ്യരാണെന്നും തെളിയിക്കുന്നതായിരുന്നു ഇങ്ങനെ നല്‍കപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍.
    
കാലക്രമേണ ബിരുദം നല്‍കുന്ന ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുസ്‌ലിം ലോകത്തിലാകമാനം വ്യാപിച്ചു. 1970 ല്‍ ഈജിപ്തിലെ കെയ്‌റോയില്‍ അല്‍ അസ്ഹര്‍ സര്‍വകലാശാല സ്ഥാപിക്കപ്പെട്ടു. 1000 ങ്ങളില്‍ സെന്‍ജുക്‌സുകള്‍ മിഡില്‍ ഈസ്റ്റില്‍ ആകമാനം ഡസന്‍ കണക്കിന് മദ്‌റസകള്‍ സ്ഥാപിച്ചു. നിശ്ചിത കാലം പഠിച്ചു കഴിഞ്ഞാല്‍ ബിരുദം നല്‍കുന്ന രീതി മുസ്‌ലിം സ്‌പെയിനിലൂടെ യൂറോപിലെങ്ങും പ്രചരിച്ചു. ഇങ്ങനെ മുസ്‌ലിം ലോകത്തെ ആദ്യകാല മദ്‌റസകളാണ് അധുനിക സര്‍വകലാശാലകളുടെ നിര്‍മാണത്തിന് വിത്തുപാകിയത്.

മിലിട്ടറി മാര്‍ച്ചിങ് ബാന്‍ഡ്
ഹൈസ്‌കൂളുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ചിങ്ങ് ബാന്‍ഡ് സുപരിചിതമാണ്. കായിക മേളകളില്‍ കാണികളെ രസിപ്പിക്കാനും കളിക്കാരെ ആവേശ ഭരിതരാക്കാനും ഇത്തരം വാദ്യസംഘങ്ങള്‍ കളിക്കളത്തിലേക്ക് മാര്‍ച്ച് ചെയ്യാറുണ്ട്. യുദ്ധങ്ങളില്‍ സൈനികര്‍ക്ക് ധൈര്യം പകരാന്‍ വേണ്ടിയായിരുന്നു ആദ്യകാലങ്ങളില്‍ മാര്‍ച്ചിങ്ങ് ബാന്‍ഡുകള്‍ ഉപയോഗിച്ചിരുന്നത്. ഈ രീതി ആദ്യമായി പരീക്ഷിച്ചത് 1300 കളിലെ വന്‍ശക്തിയായിരുന്ന ഓട്ടോമന്‍ സാമ്രാജ്യമായിരുന്നു. അവരുടെ സൈന്യം ലോകത്തിലെ തന്നെ വന്‍ശക്തികളായി മാറിയതില്‍ ഈ സംവിധാനം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
    
കാലക്രമേണ ക്രിസ്തീയ യൂറോപ്പും ഇത്തരം വാദ്യസംഘങ്ങളെ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. പിന്നീട് ആസ്ട്രിയക്കാരും മറ്റും ഈ രീതി പഠിക്കുകയും അത് അവരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും തുടങ്ങി. പിന്നീട് യൂറോപ്പിലെങ്ങും ഇതൊരു തരംഗമായി മാറുകയാണുണ്ടായത്.

കാമറ
ഫോട്ടോഗ്രഫി ഇല്ലാത്ത ഒരു ലോകം നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുകയില്ല. ഒരു ദൃശ്യത്തില്‍ നിന്ന് പ്രകാശം പിടിച്ചെടുക്കുകയും അതില്‍ നിന്ന് ഒരു ചിത്രം നിര്‍മ്മിക്കുകയും ചെയ്യുക എന്നതാണ് ഫോട്ടോഗ്രാഫിയുടെ രീതി. 11 ാം നൂറ്റാണ്ടിലെ മുസ്‌ലിം ശാസ്ത്രജ്ഞനായ ഇബ്‌നുല്‍ ഹൈഥമിന്റെ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, ഫോട്ടോഗ്രഫി ഇന്നും ഒരു സ്വപ്‌നമായി അവശേഷിക്കുമായിരുന്നു. ദൃഷ്ടിശാസ്ത്രം വികസിപ്പിച്ചെടുത്തതും ആദ്യത്തെ കാമറകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരിച്ചതും അദ്ദേഹമാണ്.
    
കെയ്‌റോവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കാലത്ത് അവിടുത്തെ പ്രധാന ശാസ്ത്രജ്ഞന്മാരിലൊരാളായിരുന്നു ഇബ്‌നുല്‍ ഹൈഥം. ഫാത്തിമി ഭരണാധികാരിയായിരുന്ന അല്‍ ഹാകിം അദ്ദേഹത്തെ വീട്ടുതടങ്കലിലടച്ചപ്പോള്‍ പ്രകാശം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. പിന്‍ഹോള്‍ കാമറകളിലായിരുന്നു അദ്ദേഹം തന്റെ പരീക്ഷണങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്. ഒരു പ്രകാശം കടക്കാത്ത പെട്ടിയുടെ ഒരു ഭാഗത്ത് ചെറിയ ഒരു ദ്വാരമുണ്ടാക്കിയാല്‍, പുറത്ത് നിന്നുള്ള പ്രകാശ കിരണങ്ങള്‍ ആ ദ്വാരത്തിലൂടെ പെട്ടിക്കകത്തേക്ക് കടത്തി വിടുകയും, അങ്ങനെ അത് പിന്നിലുള്ള ചുമരില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യാം എന്ന് അദ്ദേഹം മനസ്സിലാക്കി. തടവു കാലത്ത് അദ്ദേഹം മനസ്സിലാക്കിയ ഈ ആശയമാണ്, ഇന്ന് നാം കാണുന്ന ആധുനിക കാമറകളുടെ നിര്‍മ്മാണത്തിന് നിദാനമായിത്തീര്‍ന്നത്. അഥവാ, ഇബ്‌നുല്‍ ഹൈഥമിന്റെ പരിശ്രമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, ഫോട്ടോഗ്രഫി എന്നത് ഇന്നും സങ്കല്‍പ്പത്തിലൊതുങ്ങുമായിരുന്നു.

വിവ: തന്‍വീര്‍ മുഹ്‌യുദ്ദീന്‍

Related Articles