Current Date

Search
Close this search box.
Search
Close this search box.

റൂമിയുടെ ചിന്താലോകം

rumi.jpg

‘റൂമി’ എന്ന രണ്ടക്ഷരത്തില്‍ വിശ്രുതനായ ജലാലുദ്ദീന്‍ റൂമി ഇസ്‌ലാമിക സാംസ്‌കാരിക ലോകത്ത് ജ്വലിച്ചു നില്‍ക്കുന്ന നാമങ്ങളില്‍ ഒന്നാണ്. ലോകത്തെ ഏറ്റവും അഗാധമായി സ്വാധീനിച്ച എഴുത്തുകളില്‍ റൂമിയുടെ കവിതാശകലങ്ങള്‍ക്ക് പ്രമുഖ സ്ഥാനമാണുള്ളത്. ആധുനിക കാലത്തും ജനകീയനായ കവി എന്ന നിലക്ക് ജലാലുദ്ദീന്‍ റൂമിയെ മാത്രമേ കാണാനാവൂ. ഇന്നത്തെ അഫ്ഗാനിസ്താനിലെ ബല്‍ഖില്‍ 1207-ലാണ് ജലാലുദ്ദീന്‍ റൂമി ജനിക്കുന്നത്. നിരന്തരമായ മംഗോള്‍ ആക്രമണങ്ങള്‍ കാരണം റൂമിക്ക് പതിനൊന്നു വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ കുടുംബം അഫ്ഗാനിസ്താനില്‍ നിന്ന് പലായനം ചെയ്തു. പിന്നീട് ബഗ്ദാദിലും മക്കയിലും ദമസ്‌കസിലും എത്തിച്ചേര്‍ന്ന അദ്ദേഹം തുര്‍ക്കിയിലെ കൊന്‍യയില്‍ സ്ഥിരതാമസമാക്കി. തന്റെ ജീവിതത്തിന്റെ സിംഹഭാഗവും റൂമി ചെലവഴിച്ചത് തുര്‍ക്കിയിലായിരുന്നു.

റൂമിയുടെ പിതാവ് ഒരു സൂഫി പണ്ഡിതനായിരുന്നതിനാല്‍ തന്നെ ചെറുപ്രായത്തിലേ സൂഫി ചിന്താധാരയുമായി അടുത്തിടപഴകാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളും പിന്‍പറ്റിയിരുന്ന റൂമിയുടെ പിതാവ് എന്നാല്‍ പണ്ഡിതന്മാരോടുള്ള അന്ധമായ അനുകരണത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. ദീനിനെ സ്വയം മനസ്സിലാക്കാനും അനുഭവിക്കാനും കഴിയണം എന്ന വാദക്കാരനായിരുന്നു അദ്ദേഹം. ഇതേ ആശയം തന്നെയാണ് റൂമിയും തന്റെ രീതിയായി സ്വീകരിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ ഖുര്‍ആനും ഹദീഥും അറബി ഭാഷയും ചരിത്രവും തത്വശാസ്ത്രവും ഗണിതവും ജ്യോതിശാസ്ത്രവുമൊക്കെ പഠിക്കാന്‍ റൂമിക്ക് അവസരം ലഭിച്ചു. പിതാവ് മരണപ്പെട്ടപ്പോഴേക്കും രാജ്യത്തെ അറിയപ്പെടുന്ന പണ്ഡതിനായി റൂമി പേരെടുത്ത് കഴിഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്റെ പ്രായം കേവലം 24 വയസ്സായിരുന്നു. അധ്യാപനത്തിലും പഠനത്തിലുമായാണ് അദ്ദേഹം തന്റെ സമയം ചെലവഴിച്ചത്.

1244-ല്‍ തന്റെ 35-ാം വയസ്സിലാണ് ജലാലൂദ്ദീന്‍ റൂമി ശംസി തിബ്‌രീസി എന്ന സൂഫി സന്യാസിയെ കണ്ടുമുട്ടന്നത്. ഈ കൂടിക്കാഴ്ച റൂമിയുടെ ജീവിതത്തെ മറ്റൊരു ഘട്ടത്തിലേക്ക് നടത്തി. റൂമിയും തിബ്‌രീസിയും വളരെ പെട്ടെന്ന് അടുത്ത സുഹൃത്തുക്കളായി. തന്റെ വൈജ്ഞാനിക പാടവും തിബ്‌രീസിയുടെ സൂഫി ചിന്തകളും ചേര്‍ന്ന പുതിയൊരു മാനസിക തലത്തിലേക്ക് റൂമി പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. എന്നാല്‍ ശംസ് ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷനായെന്നും റൂമി തന്റെ സുഹൃത്തിനെ തേടി കുറേ അലഞ്ഞെന്നും ചരിത്രകാരന്മാര്‍ പറയുന്നു. ഈ നഷ്ടബോധമാണ് റൂമിയിലെ കവിയെ ഉണര്‍ത്തിയതും വളര്‍ത്തിയതും. ഗസലുകള്‍ എന്ന പേരില്‍ ഇക്കാലത്ത് പ്രശസ്തമായ പ്രേമകാവ്യങ്ങള്‍ക്ക് തുടക്കമിട്ടത് ജലാലുദ്ദീന്‍ റൂമിയായിരുന്നു. തിബ്‌രീസിയോടുള്ള അടുപ്പത്തിന്റെ ആഴം കുറിക്കുന്നവയാണ് ഈ കാവ്യങ്ങള്‍ എന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ദൈവത്തോടുള്ള അനുരാഗമാണ് റൂമി തന്റെ കവിതകളിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയതെന്ന് സാഹിത്യ പണ്ഡിതര്‍ നിരീക്ഷിക്കുന്നു. റൂമിയുടെ ‘ദിവ്യപ്രേമ’ത്തിന്റെ പാത പിന്തുടര്‍ന്നാണ് പിന്നീട് ഖയാലുകളും ഖവാലികളും തരാനകളും പിറവികൊള്ളുന്നത്.

മുമ്പും ഇസ്‌ലാമിനെ കുറിച്ചും അല്ലാഹുവിനെ കുറിച്ചുമൊക്കെ റൂമി ജനങ്ങളോട് സംസാരിച്ചിരുന്നുവെങ്കിലും ശംസിയുമായുള്ള അടുപ്പമാണ് ദൈവത്തോടുള്ള തീവ്രാനുരാഗത്തിലേക്ക് റൂമിയെ നയിച്ചത്. കാമുകിയെ തേടി അലയുന്ന കാമുകന്റെ വിരഹഗാനം പോലെ റൂമി കവിതകളില്‍ ദൈവിക കാരുണ്യം തേടി അലയുന്ന ഭക്തന്റെ പ്രാര്‍ത്ഥനകള്‍ കാണാം. റൂമിയുടെ കാവ്യസമാഹാരങ്ങളില്‍ അദ്ദേഹം സ്വന്തമായി എഴുതിയവ വളരെ അപൂര്‍വമാണ്. റൂമിയുടെ മാസ്റ്റര്‍പീസ് ആയ മസ്‌നവിയുടെ ആറ് വാള്യങ്ങളും സ്വന്തം കൈപ്പടയില്‍ രചിച്ചതാണെങ്കിലും ശിഷ്യനായ ഹുസാം ചുലാബിയാണ് കവിതകളില്‍ ഭൂരിപക്ഷവും എഡിറ്റ് ചെയ്ത് രേഖപ്പെടുത്തിയത്. കവിതകള്‍ ഈണമിട്ട് ആലപിക്കുകയായിരുന്നു റൂമി പൊതുവെ ചെയ്തിരുന്നത്.

കവിതാലാപനം മൂര്‍ധന്യത്തിലെത്തിയാല്‍ കൈകള്‍ മുകളിലോട്ട് ഉയര്‍ത്തി റൂമി സ്വയം കറങ്ങുമായിരുന്നുവെന്നും അതാണ് മൗലവി ത്വരീഖത്തിലെ ദര്‍വീശ് നൃത്തത്തിന് അടിത്തറ പാകിയതെന്നും പറയപ്പെടുന്നു. വലതുകൈ ആകാശത്തേക്കും ഇടതുകൈ ഭൂമിയിലേക്കും പിടിച്ച് വലത്തു നിന്ന് ഇടത്തോട്ടുള്ള കറക്കം ഭൗമലോകവും ഉപരിലോകവും തമ്മിലുള്ള ബന്ധമാണ് കുറിക്കുന്നതെന്ന് സൂഫി ത്വരീഖത്തുകള്‍ പറയുന്നു. മസ്‌നവിയുടെ അവസാന വാല്യത്തിന്റെ പണിപ്പുരയില്‍ ആയിരിക്കെ 1273-ലാണ് ജലാലുദ്ദീന്‍ റൂമി മരണപ്പെടുന്നത്. കഴിഞ്ഞ 800 വര്‍ഷത്തോളം റൂമിയുടെ പിന്മുറക്കാരാണ് മൗലവി ത്വരീഖത്തിനെ നയിച്ചത്. 2007-നെ അന്താരാഷ്ട്ര റൂമി വര്‍ഷമായി യുനെസ്‌കോ ആചരിക്കുകയുണ്ടായി.

രണ്ട് ഇതിഹാസ കാവ്യങ്ങളാണ് റൂമിയുടെ കാവ്യസമാഹാരങ്ങളില്‍ പ്രധാനം. തന്റെ സുഹൃത്തായ ശംസി തിബ്‌രീസിക്ക് സമര്‍പ്പിച്ച ‘ദീവാനി ശംസി തിബ്‌രീസി’ യാണ് അതിലൊന്ന്. വളരെ ഊര്‍ജസ്വലവും ശക്തവുമായ രീതിയിലുള്ള 40,000 വരികളാണ് ദീവാനില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ആത്മീയ മൂര്‍ച്ഛയില്‍ നില്‍ക്കുമ്പോള്‍ പാടിയ വരികളാണ് ദീവാനില്‍ സമാഹാരിക്കപ്പെട്ടത് എന്നാണ് അറിയുന്നത്. ദീവാനിന്റെ അന്ത്യത്തില്‍ നാലുവരി കവിതകള്‍ ചേര്‍ത്തിട്ടുണ്ട്. അതില്‍ 1600 എണ്ണം റൂമി സ്വയം എഴുതിയതാണെന്ന് കരുതപ്പെടുന്നു. ആറു വാല്യങ്ങളിലായി 25,000 വരികളുള്ള മസ്‌നവിയാണ് മറ്റൊരു പ്രധാന കാവ്യസമാഹാരം. ഖുര്‍ആനിക ആശയങ്ങളുടെ സൂഫി അവതരണം എന്നാണ് മസ്‌നവി വിശേഷിപ്പിക്കപ്പെടുന്നത്.

റൂമി കവിതകളുടെ പുനരാഖ്യാനത്തില്‍ വരുന്ന പ്രധാന പ്രശ്‌നം ഇസ്‌ലാമിനോടും അല്ലാഹുവിനോടും അദ്ദേഹം വെച്ചുപുലര്‍ത്തിയ അഗാധമായ ബന്ധത്തെ മാറ്റിനിര്‍ത്തി ഒരു പ്രേമകവിയായാണ് അദ്ദേഹം അവതരിപ്പിക്കപ്പെടുന്നത് എന്നതാണ്. അദ്ദേഹത്തിന്റെ പല കവിതകളും പ്രേമകാവ്യങ്ങളായാണ് വായിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും. പ്രേമം എന്നത് റൂമിയുടെ കവിതകളിലെ അവിഭാജ്യ ഘടകമായിരുന്നുവെങ്കിലും അത് മനുഷ്യര്‍ തമ്മിലുള്ള പ്രേമമായിരുന്നില്ല, മറിച്ച് ദൈവത്തോടുള്ള ദിവ്യപ്രേമമായിരുന്നു. ”മരണം വരെ ഞാന്‍ ഖുര്‍ആനിക ആശയങ്ങളുടെ പ്രയോക്താവും മുഹമ്മദിന്റെ മാര്‍ഗത്തിലെ പോരാളിയുമായിരിക്കും, എന്റെ ഈ വരികളെ മാറ്റിനിര്‍ത്തി എന്നെ ഉദ്ധരിക്കുന്നവന്‍ ഒരിക്കലും എന്നെ മനസ്സിലാക്കിയിട്ടില്ല” എന്ന് റൂമി തന്നെ തന്റെ കവിതകളിലൂടെ പറയുന്നു. റൂമിയുടെ കാവ്യസമാഹാരങ്ങള്‍ മാത്രമല്ല, അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും ഖുതുബകളും ഇന്ന് ലിഖിത രൂപത്തില്‍ ലഭ്യമാണ്. ഒരു കവി എന്നതിലുപരി ദൈവഭയമുള്ള പണ്ഡിതനായിരുന്നു ജലാലുദ്ദീന്‍ റൂമി.

വിവ: അനസ് പടന്ന

Related Articles