Current Date

Search
Close this search box.
Search
Close this search box.

മുഖദ്ദിമ: മനുഷ്യചരിത്രത്തിന്റെ ആമുഖം

muqddima.jpg

”പ്ലാറ്റോയോ അരിസ്‌റ്റോട്ടിലോ സെന്റ് അഗസ്റ്റിനോ ഇബ്‌നു ഖല്‍ദൂന് തുല്യരല്ല. സ്വന്തം അനുഭവങ്ങളില്‍ നിന്ന് അദ്ദേഹം രൂപപ്പെടുത്തിയെടുത്ത ചരിത്രദര്‍ശനം ബുദ്ധിയുള്ള മനുഷ്യന്‍ ആവിഷ്‌കരിച്ച ഏറ്റവും മഹത്തായ ചിന്താസൃഷ്ടികളിലൊന്നാകുന്നു. ഇബ്‌നു ഖല്‍ദൂന്റെ പേരിനോട് ചേര്‍ന്നു നില്‍ക്കാന്‍ മറ്റൊരു ചരിത്രകാരനും അര്‍ഹതയില്ല” – അര്‍നോള്‍ഡ് ടോയന്‍ബി

ഭൂമിയില്‍ ഏറ്റവും കൂടുതല്‍ അപ്‌ഡേഷനുകള്‍ നടന്നുകൊണ്ടിരിക്കുന്ന വിജ്ഞാന ശാഖ ഏതെന്ന് ചോദിച്ചാല്‍ അത് ചരിത്രം മാത്രമാണ്. കാരണം, ഭൂമിയില്‍ കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും ചരിത്രമെന്ന മഹാസാഗരത്തിന്റെ ഭാഗമാണ്. സമകാലിക ചരിത്രം എന്ന സങ്കല്‍പം ചരിത്രപഠനങ്ങളില്‍ ഉള്‍പെടുത്താറുണ്ടെങ്കിലും സമകാലികത അല്ലെങ്കില്‍ വര്‍ത്തമാനം എന്നത് വെറും ആപേക്ഷികമാണ്. സെക്കന്റുകളുടെ മാത്രം ആയുസ്സാണ് വര്‍ത്തമാനകാലത്തിനുള്ളത്. ഭാവിയാകട്ടെ ഒരു പ്രതീയും. അതുകൊണ്ട് ഓര്‍മകളും അനുഭവങ്ങളും ജീര്‍ണിക്കുന്ന അറ്റം വരെയും നാം സമകാലികം എന്ന് വിളിക്കുന്നു. അനുഭവിക്കാന്‍ ഇനിയും ബാക്കിയുണ്ട് എന്ന പ്രതീക്ഷയില്‍ ഭാവിയേയും നാം നിര്‍ണയിക്കുന്നു. എന്നാല്‍ ഭൂതകാലം മാത്രമാണ് നമ്മുടെ മുന്നിലുള്ള അവലംബനീയമായ ഏക രേഖ. ഭൂതകാലത്തില്‍ കാലൂന്നിയാണ് ചരിത്രം എന്ന പഠനശാഖ നിലകൊള്ളുന്നത്.

ചരിത്രത്തെ പലരും രേഖപ്പെടുത്തുകയും ഉദ്ധരിക്കുകയും വ്യാഖ്യാനിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ചരിത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഗ്രീക്കുകാരനായ ഹെറോഡോട്ടസ് ആണ്. അതിനുശേഷം പ്ലിനിയും സ്ട്രാബോയും പ്ലൂട്ടാര്‍ക്കസുമൊക്കെ നാടുകളുടെയും ദേശങ്ങളുടെയും ചരിത്രം പറയുകയുണ്ടായി. വസ്തുതകളുടെ സമാഹരണവും ക്ലിപ്തമായ കാലഗണനയും അതിശയോക്തി രഹിതമായ അവതരണവും വിശകലനവുമൊക്കെയാണ് ചരിത്രരചനയുടെ കാമ്പായി വര്‍ത്തിക്കേണ്ടത്. എന്നാല്‍ ആധുനിക ലോകം ആദരിക്കുന്ന പൗരാണിക ചരിത്രകാരന്മാര്‍  പലരും കേട്ടുകേള്‍വികളോ മിത്തുകളോ ആണ് തങ്ങളുടെ ചരിത്രഗ്രന്ഥങ്ങളുടെ പ്രാഥമിക അവലംബങ്ങളായി സ്വീകരിച്ചത്. ഹെറോഡോട്ടസിനെ ചരിത്രകാരന്‍ എന്നിനേക്കാള്‍ ഒരു സഞ്ചാരസാഹിത്യകാരന്‍ എന്നാണ് അഭിസംബോധന ചെയ്യേണ്ടത്. അദ്ദേഹം ധാരാളമായി യാത്രകള്‍ നടത്തുകയും പൗരാണികമായ പല നാടുകളുടെയും ചരിത്രം രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഒരു ചരിത്രകാരന് വേണ്ട സവിശേഷതകള്‍ അദ്ദേഹത്തിന്റെ രചനകളില്‍ നമുക്ക് കാണാനാകുന്നില്ല. അതുകൊണ്ടു തന്നെ പലപ്പോഴും അദ്ദേഹത്തിന്റെ വിവരണങ്ങള്‍ അവലംബനീയവുമല്ല.

എന്നാല്‍ പൗരാണികരും ആധുനികരുമായ ചരിത്രകാരന്മാരില്‍ നിന്നൊക്കെ പതിനാലാം നൂറ്റാണ്ടുകാരനായ അബ്ദുറഹ്മാന്‍ ഇബ്‌നു ഖല്‍ദൂനെ വേറിട്ടുനിര്‍ത്തുന്നതും ഈ സവിശേഷതകള്‍ തന്നെയാണ്. ഒരു ചരിത്രകാരന്‍ എന്നതിലുപരി ചരിത്രദാര്‍ശനികന്‍ എന്ന വിശേഷണത്തിന് അദ്ദേഹത്തെ അര്‍ഹനാക്കുന്നത് ‘മുഖദ്ദിമ’ എന്ന വിശ്വപ്രസിദ്ധമായ അദ്ദേഹത്തിന്റെ കൃതിയും. ‘ചരിത്രത്തിന്റെ തത്വശാസ്ത്രം’ എന്നാണ് പ്രമുഖ ബ്രിട്ടീഷ് ചരിത്രകാരനായ അര്‍നോള്‍ഡ് ടോയന്‍ബി ഈ ഗ്രന്ഥത്തെ വിശേഷിപ്പിച്ചത. യഥാര്‍ത്ഥത്തില്‍ ഇതൊരു പൂര്‍ണ്ണ ഗ്രന്ഥമല്ല. ‘കിതാബുല്‍ ഇബര്‍’ എന്ന ഏഴു വാള്യങ്ങളിലുള്ള ഗ്രന്ഥത്തിന്റെ ആമുഖം (മുഖദ്ദിമ) മാത്രമാണ്. മനുഷ്യചരിത്രത്തിന് തന്നെ ആമുഖമായി മാറിയ ഈ ‘ആമുഖം’  ചരിത്രരചനകളെ തന്നെ പുനര്‍നിര്‍വചിച്ചുവെങ്കില്‍ ആ ഗ്രന്ഥം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ അദ്ദേഹം മരണപ്പെട്ടു പോയത് മനുഷ്യകുലത്തിന് തന്നെ തീരാനഷ്ടമാണ്.

ഏ.ഡി 1332-ല്‍ (ഹി.732-ല്‍) തുനീഷ്യയിലെ തൂനിസ് പട്ടണത്തിലാണ് അബ്ദുറഹ്മാന്‍ ഇബ്‌നു ഖല്‍ദൂന്‍ എന്ന അതുല്യപ്രതിഭ ജനിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ് തുടങ്ങിയ വിജ്ഞാനശാഖകളിലൊക്കെ വ്യുല്‍പത്തി നേടിയ ഇബ്‌നു ഖല്‍ദൂന്‍ ഇരുപതാം വയസ്സ് മുതല്‍ വിജ്ഞാനദാഹവുമായി നാടുവിട്ടിറങ്ങി. ആഫ്രിക്കിയിലെയും സ്‌പെയിനിലെയും നഗരങ്ങളിലും ദര്‍ബാറുകളിലും രാജാക്കന്മാരേയും പ്രജകളേയും അത്ഭുതപ്പെടുത്തി ആ വിജ്ഞാനയാത്ര തുടര്‍ന്നു കൊണ്ടിരുന്നു. യൂറോപ്പിലെയും ആഫ്രിക്കയിലെയും ഭരണാധികാരികളും സ്ഥാനപതികളും തങ്ങളുടെ രാജ്യത്തിന്റെ അലങ്കാരമായി ഇബ്‌നു ഖല്‍ദൂനെ കിട്ടാനായി കൊതിച്ചു. കെയ്‌റോവില്‍ ജഡ്ജി, പ്രൊഫസര്‍, കലാശാലധ്യക്ഷന്‍ എന്നിങ്ങനെ സ്ഥാനം വഹിച്ച ഇബ്‌നു ഖല്‍ദൂന്‍ 1384-ല്‍ ഈജിപ്തിലെ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. അല്‍-അസ്ഹര്‍ അടക്കമുള്ള ധാരാളം സര്‍വകലാശാലകളില്‍ പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1400-ല്‍ ലോകചരിത്രത്തില്‍ ക്രൂരതയ്ക്ക് പേരുകേട്ട ഇന്ത്യയിലെ മുഗള്‍ വംശത്തിന്റെ പൂര്‍വികനായ തൈമൂര്‍ ഈജിപ്ത് ആക്രമിച്ചപ്പോള്‍ അദ്ദേഹം നിരന്തരം കേട്ടുകൊണ്ടിരുന്ന പേര് ഇബ്‌നു ഖല്‍ദൂന്‍ എന്നതായിരുന്നു. കെയ്‌റോവിലെ കോട്ടമതിലുകള്‍ ഉപരോധിച്ച് നില്‍ക്കുമ്പോഴും നഗരത്തില്‍ വാഴുന്ന ആ വൈജ്ഞാനിക പ്രഭാവത്തെ നേരില്‍ കാണാനാണ് തൈമൂര്‍ കൊതിച്ചത്. മറ്റ് എല്ലാവരേയും പോലെ തൈമൂറും നമിച്ചുപോയി ആ വ്യക്തിത്വത്തിന് മുന്നില്‍. തന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദവും ഉന്നതമായ മുഫ്തി സ്ഥാനവും നല്‍കി തൈമൂര്‍ ഇബ്‌നു ഖല്‍ദൂനെ സമര്‍ഖന്ധിലേക്ക് ക്ഷണിച്ചു. എന്നാല്‍ സ്‌നേഹപുരസരമുള്ള ഇബ്‌നു ഖല്‍ദൂന്റെ നിരാസത്തിന് മുന്നില്‍ തൈമൂര്‍ വഴങ്ങുകയായിരുന്നു. 1407-ല്‍ തന്റെ മരണത്തിന്റെ അന്ത്യഘട്ടങ്ങളില്‍ വരെ വിജ്ഞാനശേഖരണത്തിലും പഠനത്തിലും മുഴുകിയിരിക്കുകയായിരുന്നു ആ മഹാനായ പ്രതിഭ.

ഒരു ചരിത്രഗ്രന്ഥം എന്നതിനേക്കാള്‍ ചരിത്രരചനാ രീതിശാസ്ത്ര(Historiography) ഗ്രന്ഥമാണ് ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമ. കുറെ നാടുകളുടെയും ഭരണാധികാരികളുടെയും കഥകളും അപദാനങ്ങളും വിവരിക്കുകയല്ല അദ്ദേഹം ചെയ്തത്. മറിച്ച് സഞ്ചരിച്ച നാടുകളിലെ ജനജീവിതത്തേയും സംസ്‌കാരത്തേയും ശാസ്ത്രീയമായി തന്നെ പഠിക്കുകയായിരുന്നു. ഭരണത്തെക്കുറിച്ചും ഭരണക്രമത്തെക്കുറിച്ചും വിജയങ്ങളുടെ ഫോര്‍മുലകളെ കുറിച്ചും പരാജത്തിന്റെ കാരണങ്ങളെ കുറിച്ചും അദ്ദേഹം മനസ്സിലാക്കി. മുഖദ്ദിമ വായിച്ചു കഴിയുമ്പോള്‍ നമ്മുടെ മനസ്സില്‍ രൂപപ്പെടുന്ന ഇബ്‌നു ഖല്‍ദൂന്റെ ചിത്രം പലതായിരിക്കും. ചരിത്രകാരന്‍, സാമൂഹ്യശാസ്ത്രകാരന്‍, രാജ്യതന്ത്രജ്ഞന്‍, നിയമജ്ഞന്‍, മതപണ്ഡിതന്‍ എന്നിങ്ങനെ നമുക്ക് പറയാന്‍ വിശേഷണങ്ങള്‍ അനവധിയായിരിക്കും.

നിരവധി വിജ്ഞാനശാഖകള്‍ കോര്‍ത്തിണക്കിയ ഒരല്‍ഭുത ഗ്രന്ഥം തന്നെയാണ് മുഖദ്ദിമ. സാമൂഹ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് യൂറോപ്പ് പോലും ബഹുമാനത്തോടെ വിളിക്കുന്ന ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമ എന്ന ഈ ഒറ്റ രചന കൊണ്ടുതന്നെ അതിന് ആക്കംകൂട്ടുന്നു(ഇബ്‌നു ഖല്‍ദൂന്‍ ധാരാളം ഗ്രന്ഥങ്ങള്‍ വ്യത്യസ്ത വിഷയങ്ങളിലായി രചിച്ചിട്ടുണ്ട്). വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തെ അദ്ദേഹം അപഗ്രഥനം ചെയ്യുന്നു. സമൂഹത്തിന്റെ ഭാഗമായി കൊണ്ടല്ലാതെ വ്യക്തിക്ക് നിലനില്‍പ്പില്ല എന്നാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്. അഥവാ സമൂഹത്തില്‍ നിന്ന് വ്യക്തിയിലേക്ക് പകര്‍ന്നു കിട്ടേണ്ട കുറെ നാഗരിക ഗുണങ്ങളുണ്ട്. മനുഷ്യന്റെ പ്രകൃതം പോലും സാമൂഹ്യഘടനയ്ക്ക് അനുയോജ്യമായാണ് കാണപ്പെടുന്നത്. ലോകത്ത് സംഘബോധമാണ് എന്നും വിജയങ്ങള്‍ നേടിയത്. ലോകം കീഴടക്കിയത് ഒരിക്കലും അലക്‌സാണ്ടറോ തൈമൂറോ ചെങ്കീസ് ഖാനോ ഒറ്റക്കല്ല. ഒറ്റ മനസ്സും ഉറച്ച ചുവടുമുള്ള കൂട്ടായ്മയുടെ വിജയമായിരുന്നു അവ. മനുഷ്യപ്രകൃതത്തിന് കാലാവസ്ഥയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് ഇബ്‌നു ഖല്‍ദൂന്‍ സ്ഥാപിക്കുന്നു. ഊഷ്മാവിന്റെ ഏറ്റക്കുറച്ചിലുകള്‍ മനുഷ്യസ്വഭാവത്തിലും പ്രത്യക്ഷമായ മാറ്റങ്ങള്‍ വരുത്തും. ഭൂമദ്ധ്യരേഖയില്‍ നിന്ന് തെക്കോട്ട് പോകുന്തോറും ഉഷ്ണം കൂടിവരുന്നു. വടക്കോട്ടു പോകുന്തോറും ശൈത്യവും വര്‍ധിക്കുന്നു. അപ്പോള്‍ മദ്ധേഷ്യയാണ് ലോകത്ത് ഏറ്റവും സന്തുലിതമായ കാലാവസ്ഥ പ്രകടമാകുന്ന സ്ഥലം. മനുഷ്യനാഗകിതയുടെ ഉല്‍ഭവകേന്ദ്രവും അതാണ്. ലോകത്ത് മതങ്ങളും ദര്‍ശനങ്ങളും സംസ്‌കാരങ്ങളും കലകളും ധാരാളമായി ഉരുത്തിരിഞ്ഞത് ഈ മേഖലയില്‍ നിന്നായതും അതുകൊണ്ടാണ്.

മനുഷ്യനിലെ ഭക്ഷണശീലങ്ങളെ കുറിച്ചും ഇബ്‌നു ഖല്‍ദൂന്‍ പറയുന്നു. ഭക്ഷണപ്രിയത വര്‍ധിക്കുന്തോറും മനുഷ്യന്റെ കഴിവുകളും ഊര്‍ജ്ജസ്വലതയും മന്ദീഭവിക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. ഇബ്‌നു ഖല്‍ദൂന്‍ പറയുന്നു: ”ഭക്ഷണം കിട്ടാതെ മരണപ്പെടുന്നവരെ വാസ്തവത്തില്‍ കൊല്ലുന്നത്, അവര്‍ പുതുതായി നേരിടേണ്ടിവന്ന പട്ടിണിയല്ല. മറിച്ച്, അവര്‍ പണ്ടേ ശീലിച്ചു പതിവാക്കിയ വയറു നിറപ്പാണ്”. ഭക്ഷണാധിക്യത്തേക്കാള്‍ സന്തുലിതവും സമീകൃതവുമായ ഭക്ഷണശീലങ്ങളാണ് മനുഷ്യന്‍ പിന്തുടരേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാജ്യം കാണിക്കേണ്ട സംഘബോധത്തെ രാജാവിന്റെയോ ഭരണാധികാരിയുടെയോ അടിച്ചമര്‍ത്തല്‍ നയമായല്ല സ്വീകരിക്കേണ്ടത്. ജനങ്ങളോട് സാമൂഹ്യനീതി നടപ്പിലാക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യനിവാസികള്‍ ഭരണാധികാരികള്‍ക്ക് അനുസരണ അറിയിക്കുകയുള്ളു. ഇവിടെയാണ് മതത്തിന്റെ പ്രസക്തി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മതം സ്വമേധയാ ഒരു മനുഷ്യനെ നിയമങ്ങളോട് കീഴ്‌വണക്കമുള്ളവനാക്കി മാറ്റുന്നു. മതം ഒരിക്കലും അവനെ നിയമങ്ങളിലൂടെ അടിച്ചമര്‍ത്തുകയല്ല ചെയ്യുന്നത്. മറിച്ച്, അവനെ സംസ്‌കരിക്കാനാവശ്യമായ വഴികള്‍ മുന്നോട്ടുവെക്കുക മാത്രമാണ്. അതുപോലെ മനശ്ശാസ്ത്രത്തിലും ഇബ്‌നു ഖല്‍ദൂന്‍ തന്റെ പ്രാവീണ്യം തെളിയിക്കുന്നു. സ്വപ്‌നദര്‍ശനങ്ങളെ കുറിച്ചും മനുഷ്യമനസ്സിന്റെ തലങ്ങളെ കുറിച്ചും അദ്ദേഹം ആഴമേറിയ സിദ്ധാന്തങ്ങള്‍ മുന്നോട്ട് വെക്കുന്നു.

രാഷ്ട്രമീമാംസയില്‍ മുഖദ്ദിമ ചെലുത്തിയ സ്വാധീനം ഇന്നും യൂറോപ്യന്മാര്‍ മടികൂടാതെ സ്മരിക്കുന്നു. ആധുനിക ജനാധിപത്യവ്യവസ്ഥിതിക്കും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ജനായത്ത ഭരണത്തെക്കുറിച്ചും രാജ്യഭരണത്തിലെ ജനപങ്കാളിത്തത്തെ കുറിച്ചുമൊക്കെ ഇബ്‌നു ഖല്‍ദൂന്‍ ഉമറിന്റെ ഭരണം അടക്കം ഉദ്ധരിച്ച് വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ ആധുനിക ലോകം നേരിടുന്ന സമസ്യകള്‍ക്കൊക്കെയുള്ള ഉത്തരമാണ് മുഖദ്ദിമ. വിജ്ഞാനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു മനുഷ്യന്‍ സമ്പാദിച്ചതിന്റെ ഒരംശം താളുകളില്‍ പകര്‍ത്തിവെച്ചു. മുഖദ്ദിമയെയും ഇബ്‌നു ഖല്‍ദൂനെയും ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിക്കുക എന്നത് സമുദ്രത്തെ കൈക്കുമ്പിളില്‍ ഒതുക്കുന്നതുപോലെ സാഹസമാണ്. മുഖദ്ദിമ പടര്‍ന്നു പന്തലിക്കുന്നത് ഓരോ വായനക്കാരന്റെയും മനസ്സിലാണ്. വായിച്ചവര്‍ വായിക്കാത്തവര്‍ക്ക് നല്‍കുന്നത് കേവലം ഒരു ധാരണ മാത്രം. ഈ മഹത്തായ കലാസൃഷ്ടിയേയും അതിന്റെയും സൃഷ്ടാവിനെയും മനസ്സിലാക്കാനുള്ള ഏക മാര്‍ഗം ആ ഗ്രന്ഥത്തിന്റെ താളുകളിലൂടെ കടന്നുപോവുക എന്നതു മാത്രമാണ്. നൂറ്റാണ്ടുകള്‍ എത്ര കഴിഞ്ഞിട്ടും കാലത്തിന് മുന്നില്‍ ഒരത്ഭുതമായി തുടരുന്നു മുഖദ്ദിമ, അതിന്റെ സൃഷ്ടാവായ ഇബ്‌നു ഖല്‍ദൂനും.

Related Articles