Current Date

Search
Close this search box.
Search
Close this search box.

മുഅ്തസിലികളും ഇസ്‌ലാമിക ജ്ഞാനശാസ്ത്രവും

MUTHAZILAH.jpg

ഉമവീ ഭരണകാലത്ത് മുസ്‌ലിം സാമ്രാജ്യത്തിലൊട്ടാകെ നടന്ന വമ്പിച്ച വിവര്‍ത്തന പ്രക്രിയകളാണ് എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഉയര്‍ന്നുവന്ന ഇസ്‌ലാമിക നവോത്ഥാനത്തിന്  അടിത്തറ പാകിയത്. പുരാതന ഗ്രീക്ക്, ലാറ്റിന്‍, പേര്‍ഷ്യന്‍, ഇന്ത്യന്‍ ഭാഷകളിലുള്ള അമൂല്യമായ വിജ്ഞാനീയങ്ങള്‍ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ബഗ്ദാദില്‍ സ്ഥാപിക്കപ്പെട്ട ബൈത്തുല്‍ ഹിക്മയായിരുന്നു രാജ്യത്തെ പ്രധാന വിവര്‍ത്തനകേന്ദ്രം. ഇങ്ങനെ വിവര്‍ത്തനം ചെയ്യപ്പെട്ടവയില്‍ അധികവും പ്രായോഗിക വിജ്ഞാനീയങ്ങളായിരുന്നു. അവയിലൊക്കെ ഗ്രീക്ക് ചിന്തയുടെ സ്വാധീനവും ദൃശ്യമായിരുന്നു. സോക്രട്ടസീന്റെയും അരിസ്‌റ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും ഗ്രന്ഥങ്ങളും അറബി ഭാഷയില്‍ വായനക്കാരുടെ മുന്നിലെത്തി. യുക്തിചിന്തയും കാര്യ-കാരണ സിദ്ധാന്തവും ഉയര്‍ത്തിപ്പിടിച്ച ഒരു പുതിയ ചിന്താധാരയുടെ ഉദയത്തിന് അത് വഴിയൊരുക്കി. അവര്‍ മുഅ്തസിലികള്‍ (Mu’thazilis) എന്നറിയപ്പെട്ടു.

വളരെ വിശാലവും ചലനാത്മകവുമായ ഒരു ദൈവശാസ്ത്ര പ്രസ്ഥാനമായിരുന്നു മുഅ്തസിലിയ്യ. അതുകൊണ്ട് തന്നെ അതിന്റെ ഉത്ഭവം എങ്ങനെയായിരുന്നുവെന്ന് കൃത്യമായി പറയുക ദുഷ്‌കരമാണ്. എന്നാല്‍ ഗ്രീക്ക് തത്വചിന്തയുടെ സ്വാധീനഫലമായാണ് അത് ഉരുത്തിരിഞ്ഞത് എന്നത് വ്യക്തമാണ്. യുക്തിചിന്തയിലൂടെ ഭൗതിക ലോകത്തെ മാത്രമല്ല ദൈവത്തെയും സൃഷ്ടി രഹസ്യങ്ങളെയും മനസ്സിലാക്കാം എന്നതാണ് മുഅ്തസിലികളുടെ പ്രധാന വാദം. ഗ്രീക്ക് തത്വചിന്തയുടെയും ഇസ്‌ലാമിക വായനക്കാണ് മുഅ്തസിലികള്‍ ശ്രമിച്ചത്. ഖുര്‍ആനും സുന്നത്തും അവര്‍ക്ക് ആത്യന്തിക പ്രമാണങ്ങളായിരുന്നില്ല. ദൈവിക വെളിപാടിനേക്കാള്‍ കൃത്യവും സത്യസന്ധവും എന്നവര്‍ മനസ്സിലാക്കിയതും പിന്തുടര്‍ന്നതും യുക്തിചിന്തയായിരുന്നു. ‘കലാം’ എന്ന യുക്തിചിന്താ രീതിയിലൂടെ അവര്‍ നിര്‍വചിച്ച ദൈവസങ്കല്‍പം മുഖ്യധാരാ ഇസ്‌ലാമിക വിശ്വാസത്തിന് എതിരായിരുന്നു.

മുഅ്തസിലീ ചിന്താധാരയുടെ അടിസ്ഥാനതത്വങ്ങള്‍ അഞ്ചെണ്ണമാണ്:

1.ഏകദൈവവിശ്വാസം: ഏകദൈവത്വം തന്നെയായിരുന്നു മുഅ്തസിലികളുടെ പ്രധാന വിശ്വാസ സങ്കല്‍പം. ഭൂരിപക്ഷ മുസ്‌ലിംകളും തൗഹീദ് എന്ന് ഏകദൈവത്വം തന്നെയാണ് അംഗീകരിക്കുന്നതെങ്കിലും മുഅ്തസിലികളുടെ ഏകദൈവവിശ്വാസത്തിന് പരിഷ്‌കാരങ്ങളുണ്ട്. ദൈവത്തിന്റേതായി ഖുര്‍ആനില്‍ പറയുന്ന നാമങ്ങളും വിശേഷണങ്ങളും ഒരിക്കലും ദൈവത്തിന്റെ ഭാഗമല്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഗുണങ്ങളെയും നാമങ്ങളെയും ഒരിക്കലും ദൈവം തന്നെയായി കരുതരുതെന്നും അത് ക്രമേണ ക്രിസ്തുമതത്തിന് സംഭവിച്ച പോലുള്ള ജീര്‍ണതക്ക് വഴിവെക്കുമെന്നും അവര്‍ വാദിക്കുന്നു.

2.നീതി സങ്കല്‍പം: പുരാതന ഗ്രീക്കുകാരെ പോലെ മുഅ്തസിലികളും സര്‍വതന്ത്ര സ്വാതന്ത്ര്യത്തില്‍ വിശ്വസിച്ചവരാണ്. മനുഷ്യന്റെ ഭാഗദേയം മുന്‍കൂട്ടി ദൈവം നിര്‍ണയിക്കുന്നില്ല. മറിച്ച് ദൈവേച്ഛയില്‍ നിന്നും സ്വതന്ത്രമായ തീരുമാനങ്ങള്‍ മനുഷ്യര്‍ കൈകൊള്ളുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പൂര്‍ണമായും ദൈവകാരുണ്യത്തിന് കീഴൊതുങ്ങിയ അന്ത്യദിനത്തിലെ വിധിയെ മനുഷ്യന്‍ നേരിടണമെന്ന് അവര്‍ പറയുന്നു. ഇഹലോകത്ത് ദൈവം കാണിച്ച ഏതൊരു കാരുണ്യവും നീതിയുടെ ലംഘനമാണെന്നും അത് ദൈവികപ്രകൃതത്തിന് യോജിക്കാത്തതാണെന്നും അവര്‍ വാദിക്കുന്നു.

3.വാഗ്ദാന-മുന്നറിയിപ്പ് സങ്കല്‍പം: തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ക്കും തന്നെ ഓര്‍ത്ത് തന്നിലേക്ക് പശ്ചാത്തപിക്കുന്നവര്‍ക്കും ദൈവം അവന്റെ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. മനുഷ്യര്‍ തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നത് പോലെ തന്നെ ദൈവവും തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുകയും പരിപൂര്‍ണ നീതി പ്രകടിപ്പിക്കണമെന്നും മുഅ്തസിലികള്‍ പറയുന്നു. മനുഷ്യര്‍ക്ക് ദൈവം നല്‍കുന്ന മുന്നറിയിപ്പുകള്‍ മനുഷ്യന്‍ അവന്റെ കരാറുകളില്‍ ഉറച്ചുനില്‍ക്കാനാണ്.

4. ഇടത്താവള സങ്കല്‍പം: ഒരു മുസ്‌ലിം വന്‍പാപം ചെയ്ത അവസ്ഥയില്‍ പശ്ചാത്തപിക്കാതെ മരിച്ചുപോവുകയാണെങ്കില്‍ അവന്‍ നിഷേധിയാവുകയില്ല, എന്നാല്‍ അവന്‍ വിശ്വാസിയുമല്ല. അല്ലാഹുവിലും അവന്റെ പ്രവാചകനിലും അന്ത്യദിനത്തിലും വിശ്വസിച്ചവന്‍ എന്ന നിലക്ക് അവന്‍ നിഷേധിയാവുകയില്ല. എന്നാല്‍ പശ്ചാത്തപിക്കാത്തതിന്റെ പേരില്‍ അവന്‍ വിശ്വാസിയും ആവുന്നില്ല. ആ വ്യക്തി സത്യവിശ്വാസത്തിനും സത്യനിഷേധത്തിനും ഇടക്ക് ഒരു പ്രത്യേക അവസ്ഥയിലായിരിക്കും. അയാളുടെ കാര്യത്തില്‍ ദൈവം പ്രത്യേകം തീരുമാനം കല്‍പിക്കും. ഇതാണ് മുഅ്തസിലയുടെ മറ്റൊരു പ്രധാനവാദം.

5. നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും: ഇത് ഇസ്‌ലാമിന്റെ സദാചാര സങ്കല്‍പങ്ങളില്‍ ഒന്നാണ്. തെറ്റു കണ്ടാല്‍ അതിനെ നിരുത്സാഹപ്പെടുത്തുകയും പകരം നന്മയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത്. എന്നാല്‍ ഇത് ഒരുവന്റെ അഭിപ്രായസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഹനിച്ചു കൊണ്ടല്ല. മുഅ്തിസിലികളാകട്ടെ നന്മയെന്ന് തോന്നുന്നതിനെ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കാനും തിന്മയെന്ന് തോന്നുന്നതിനെ നിര്‍ബന്ധപൂര്‍വം നീക്കം ചെയ്യാനും അധികാരമുണ്ടെന്ന് വാദിച്ചവരായിരുന്നു. ഇത് അബ്ബാസി കാലഘട്ടത്തില്‍ ‘മിഹ്‌ന’യിലേക്ക് നയിച്ചു.

ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടി ആണെന്ന് വാദിച്ചിരുന്ന മുഅ്ത്തസിലീ ചിന്തയെ ഖണ്ഡിച്ച് ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെന്ന് പറഞ്ഞ എല്ലാ പണ്ഡിതന്മാര്‍ക്കും ഖലീഫ മഅ്മൂനിന്റെ കീഴില്‍ കടുത്ത പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. മഅ്മൂന്‍ മുഅ്തസിലീ ധാര പിന്‍പറ്റുന്നയാളായിരുന്നു. മഅ്മൂനിന്റെ പിന്‍ഗമായിയായി അധികാരമേറ്റ അല്‍-മുഅ്തസിമും മുഅ്തസിലി ആശയക്കാരനായിരുന്നു. ഖുര്‍ആനിന്റെ സൃഷ്ടിവാദത്തെ ശക്തമായി എതിര്‍ത്ത ഇമാം അഹ്മദുബ്‌നു ഹമ്പലിനെ മുഅ്തസിം തുറുങ്കിലടക്കുകയും പീഢിപ്പിക്കുകയും ചെയ്തു. പണ്ഡിതന്മാര്‍ നേരിട്ട ഈ പീഢനകാലമാണ് ‘മിഹ്‌ന’ എന്നറിയപ്പെടുന്നത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കി. ബഗ്ദാദിലെ തെരുവുകളില്‍ ജനങ്ങള്‍ പ്രക്ഷുബ്ദരായി. അന്നത്തെ ഖലീഫയായ അല്‍-മുതവക്കില്‍ ‘മിഹ്‌ന’ നിര്‍ത്തലാക്കുകയും ഇമാം അഹ്മദിനെ മോചിപ്പിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും അധികാരികളുടെ പ്രവര്‍ത്തനങ്ങളാല്‍ മുഅ്തസിലി ചിന്താധാരക്ക് ജനങ്ങള്‍ക്കിടയില്‍ കാര്യമായ ക്ഷയം സംഭവിച്ചിരുന്നു.

മുഅ്തസിലി ചിന്താധാരയുടെ അപചയം യാഥാസ്ഥിതിക ഇസ്‌ലാമിക ചിന്തയെ ശക്തിപ്പെടുത്തി. ദൈവിക വെളിപാടിനേക്കാള്‍ യുക്തിചിന്തക്ക് പ്രാധാന്യം നല്‍കിയിരുന്ന മുഅ്തസിലി രീതിക്ക് പകരം ഖുര്‍ആന്‍ ആത്യന്തിക പ്രമാണമായി തിരിച്ചുവന്നു. ഇസ്‌ലാമിക വിശ്വാസ സംഹിതയില്‍ ഖുര്‍ആനിനും സുന്നത്തിനും ഉള്ള പ്രാധാന്യത്തെ പണ്ഡിതന്മാര്‍ ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു. ഇമാം അഹ്മദുബ്‌നു ഹമ്പലിന് കീഴില്‍ ഉയര്‍ന്നുവന്ന അഥരീ ചിന്താധാരയായിരുന്നു അവയില്‍ പ്രഥമം. കലാമിനെ തിരസ്‌കരിക്കുകയും ദൈവിക വെളിപാടിനെ യുക്തിചിന്തക്ക് സ്ഥാനം നല്‍കാതെ സ്വീകരിക്കുകയും ചെയ്യുക എന്ന നിലപാടായിരുന്നു ഇവരുടേത്. ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളുമാണ് സത്യത്തിന്റെ ആത്യന്തിക സ്രോതസ്സുകള്‍. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറകളിലൊന്നും അവയെ അംഗീകരിക്കലാണ്.

മുഅ്തസിലീ ചിന്താധാരക്ക് എതിരെ നിലനിന്ന മറ്റ് രണ്ട് പ്രസ്ഥാനങ്ങളാണ് അശ്അരികളും മാതുരീദികളും. അബുല്‍ ഹസന്‍ അല്‍-അശ്അരിയും അബൂ മന്‍സൂര്‍ അല്‍-മാതുരീദിയും രൂപംകൊടുത്ത ഈ ചിന്താധാരകളും കലാമിനെ അംഗീകരിച്ചവയായിരുന്നു. എന്നാല്‍ കടുത്ത യാഥാസ്ഥിതികതയും അന്ധമായ അനുകരണവും ഒഴിവാക്കാനായി മാത്രമാണത്. യുക്തിചിന്തയേയും അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിലും ദൈവികവെളിപാടിനെയോ ഖുര്‍ആനിനെയോ പ്രമാണമായി അംഗീകരിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നില്ല. അശ്അരികളും മാതുരീദികളും സമാന ആശയക്കാരായിരുന്നു. അഥരികളോട് പോലും വളരെ ലഘുവായ അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമേ അവര്‍ വെച്ചുപുലര്‍ത്തിയിരുന്നുള്ളൂ. 10, 11 നൂറ്റാണ്ടുകളായപ്പോഴേക്കും തത്വശാസ്ത്രം, യുക്തിചിന്ത എന്നിവയില്‍ ഈ രണ്ട് ചിന്താധാരകളിലെയും പണ്ഡിതന്മാര്‍ അഗ്രഗണ്യരായി. വെളിപാടിനും യുക്തിചിന്തക്കുമിടയില്‍ കൃത്യമായ തുലനം പാലിച്ചുവെന്നതാണ് ഇവരുടെ വിജയം. ദൈവിക ഗുണങ്ങള്‍ ഒരിക്കലും ദൈവത്തില്‍ നിന്ന് വേര്‍പ്പെട്ടു നില്‍ക്കുന്നവയല്ലെന്നും അവന്‍ തന്നെ അറിയിച്ചു തന്ന അവന്റെ ഉണ്മയുടെ ഭാഗമാണെന്നും അവര്‍ സംവാദങ്ങളിലൂടെ തെളിയിച്ചു. മുഅ്തസിലികള്‍ ഉയര്‍ത്തിപിടിച്ച യുക്തിചിന്ത കൈമുതലാക്കി തന്നെ ഇസ്‌ലാമിക വിശ്വാസം അതിന്റെ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്താന്‍ അവര്‍ക്കായി.

ഇല്‍മുല്‍ കലാമില്‍ പ്രശസ്തനായത് 11-ാം നൂറ്റാണ്ടിലെ അശ്അരി പണ്ഡിതനായ ഇമാം അബൂ ഹാമിദില്‍ ഗസാലി ആയിരുന്നു. മുഅ്തസിലികള്‍ക്കും ശീഈ ഇസ്മാഈലികള്‍ക്കും എതിരെ അദ്ദേഹം ശക്തമായി നിലകൊണ്ടു. അദ്ദേഹം രചിച്ച ‘തഹാഫുത്തുല്‍ ഫലാസിഫ’ എന്ന ഗ്രന്ഥത്തില്‍ ഇസ്‌ലാമില്‍ ഉയര്‍ന്നുവന്ന എല്ലാ ചിന്താധാരകളേയും വിശകലനം ചെയ്യുകയും മുഅ്തസിലികള്‍ക്ക് അവരുടെ വാദങ്ങളിലൂടെ തന്നെ മറുപടി നല്‍കുകയും ചെയ്യുന്നു. ഇസ്‌ലാമിക ദൈവശാസ്ത്രത്തിലേക്കും ചിന്താധാരകളിലേക്കുമുള്ള ഗ്രീക്ക് കടന്നുകയറ്റത്തിനെതിരെയും അദ്ദേഹം തന്റെ രചനകളിലൂടെ ശക്തമായ പ്രതിരോധം തീര്‍ക്കുകയുണ്ടായി.

അഹ്‌ലുസുന്നത്തു വല്‍-ജമാഅത്തിലെ ഭൂരിപക്ഷവും അഥരീ, അശ്അരി, മാതുരീദി ചിന്താധാരകളെ അംഗീക്കുന്നവരാണ് ഇന്ന്. കടുത്ത യാഥാസ്ഥിതിക നിലപാടുകളെ പ്രതിരോധിക്കാന്‍ യുക്തിചിന്തയുടെയും ശാസ്ത്രത്തിന്റെയും മാര്‍ഗവും പിന്‍പറ്റപ്പെടുന്നു. എന്നാല്‍ ഇല്‍മുല്‍ കലാമിനെ മുഅ്തസിലിയ്യയില്‍ നിന്ന് വേര്‍തിരിച്ച് മനസ്സിലാക്കാനാവാതെ അതിനെ വിമര്‍ശിക്കുന്നവരും കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ ഉണ്ടായിട്ടുണ്ട്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ യുക്തിചിന്തയെ ഉപയോഗപ്പെടുത്തി ഇസ്‌ലാമിക വിശ്വാസസംഹിതയെ ബലപ്പെടുത്തുന്ന രീതിശാസ്ത്രം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അശ്അരികളും മാതുരീദികളുമാണ് തികഞ്ഞ യുക്തിചിന്താ വാദമായിരുന്ന മുഅ്ത്തസിലയെ എതിര്‍ത്ത് തോല്‍പിച്ച് ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തെ ശുദ്ധീകരിച്ചത്.

വിവ: അനസ് പടന്ന

Related Articles