Current Date

Search
Close this search box.
Search
Close this search box.

മാനേജ്‌മെന്റിന്റെ ഉല്‍ഭവം

മാനേജ്‌മെന്റും ഭരണനിര്‍വഹണവും പ്രവാചകന്മാരുടെ നിയോഗത്തിനും വേദഗ്രന്ഥങ്ങളുടെ അവതരണത്തിനും മുമ്പെ തുടക്കം കുറിച്ചിട്ടുണ്ട്. അല്ലാഹു ഏറ്റവും മികച്ച ആസൂത്രണത്തോടെയാണ് എല്ലാറ്റിനെയും പടച്ചിട്ടുള്ളത്. ഇതിന് നേതൃത്വം നല്‍കിയത്  ഏറ്റവും മികച്ച രീതിയില്‍ ഉത്തരവാദിത്ത നിര്‍വഹണം നടത്തുന്ന ശ്രേഷ്ടരായ മലക്കുകളായിരുന്നു. മനുഷ്യന്‍ പിറന്ന് നാല്‍പത് ദിവസം തികയുമ്പോള്‍ കൃത്യമായി ആത്മാവ് ഊതുന്ന മലക്ക്, മഴക്കുവേണ്ടിയുള്ള മലക്ക്, പര്‍വത സൃഷ്ടിപ്പുകള്‍ നടത്തുന്ന മലക്ക്, വിശ്വാസികളോടൊപ്പം പടക്കളത്തില്‍ പൊരുതുന്ന മലക്കുകള്‍, റൂഹ് പിടിക്കുന്ന മലക്ക്, സ്വര്‍ഗ-നരകങ്ങളുടെ കാവല്‍ക്കാരായ മലക്കുകള്‍, രാപ്പകല്‍ വിശ്വാസികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി പ്രഭാതത്തിലും പ്രദോഷത്തിലുമിറങ്ങുന്ന മലക്കുകള്‍, വിശ്വാസികള്‍ക്കായി പാപമോചനം തേടുന്ന മലക്കുകള്‍…അപ്രകാരം ഉത്തരവാദിത്ത നിര്‍വണത്തില്‍ ഒരു വീഴ്ചയും വരുത്താതെ കൃത്യമായ ആസൂത്രണമികവോടെ നിര്‍വഹിക്കുന്ന മലക്കുകളാണ് പ്രപഞ്ചത്തിലുള്ളത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണവിധേയമാക്കുകയാണെങ്കില്‍ മാനേജ്‌മെന്റിനും ഭരണനിര്‍വഹണത്തിനുമുള്ള മികച്ച മാതൃകകള്‍ ഇവയില്‍ നമുക്ക് ദര്‍ശിക്കാം. പ്രവാചകന്‍ (സ) ഇത്തരത്തില്‍ മലക്കുകളുടെ മാതൃകകളെ ഉദാഹരിച്ചതായി കാണാം. പ്രവാചകന്‍(സ) ഒരിക്കല്‍ അനുചരന്മാരോട് ചോദിച്ചു ; ‘ മലക്കുകള്‍ നാഥന്റെ മുമ്പില്‍ വിശേഷിപ്പിക്കുന്നത് പോലെ നിങ്ങള്‍ക്കും മഹത്വപ്പെടുത്തിക്കൂടേ’.

അല്ലാഹു പിന്നീട് പ്രവാചകന്മാരെ നിയോഗിച്ചു; ആസൂത്രണത്തിന്റെയും മാനേജ്‌മെന്റിന്റെയും മികച്ച മാതൃകകള്‍ അവര്‍ സമൂഹത്തെ പഠിപ്പിച്ചു. വ്യക്തികളെ സംസ്‌കരിക്കേണ്ടവിധം, സംഘടിത പ്രവര്‍ത്തനങ്ങള്‍,  എന്നിവയെല്ലാം അവര്‍ അവരെ പഠിപ്പിച്ചു. ഭൂമുഖത്ത് തുല്യതയില്ലാത്ത ഒരു മാതൃക സമൂഹത്തെ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി(സ) വാര്‍ത്തെടുക്കുകയുണ്ടായി.

‘തികവോടും പൂര്‍ണതയോടും ചെയ്യുന്ന നിങ്ങളുടെ കര്‍മങ്ങളെയാണ് അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് ‘ എന്ന പ്രവാചകവചനം മാനേജ്‌മെന്റ് സംവിധാനത്തിന്റെ പ്രായോഗികതയെയും അടിസ്ഥാനത്തെയുമാണ് വിവരിക്കുന്നത്. ജീവിതത്തെ വ്യവസ്ഥാപിതമായി ക്രമീകരിക്കാനും ജോലിയെയും സമയത്തെയും നേട്ടങ്ങളെയും ആദരിക്കാനുമുള്ള തെളിവാണത്. ഈ പ്രവാചക വചനത്തിന്റെ ഉത്തമമായ പ്രകാശനമായിരുന്നു സഹാബികളുടെ ജീവിതം.

മാനേജ്‌മെന്റ് സംവിധാനത്തിന്റെ അടിസ്ഥാനങ്ങളും വിശദാംശങ്ങളും ഇസ്‌ലാം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ മുസ്‌ലിം ഉമ്മത്ത് ഉത്തമനൂറ്റാണ്ടുകള്‍ക്ക് ശേഷം ഇവ പാലിക്കുന്നതില്‍ ദൗര്‍ബല്യം പ്രകടമാക്കുകയും വ്യത്യസ്ത മേഖലകളില്‍ പിന്നോക്കം നില്‍ക്കുകയുമാണ് ചെയ്തത്. മാനേജ്‌മെന്റ് സംവിധാനത്തില്‍ പകര്‍ന്നു നല്‍കപ്പെട്ട പുതിയ അനുഭവങ്ങള്‍ അവര്‍ വിസ്മരിച്ചു. പിന്നീട് പശ്ചാത്യര്‍ പൗരസ്ത്യമുസ്‌ലിംകളില്‍ നിന്നും മനസ്സിലാക്കിയ അടിസ്ഥാനങ്ങള്‍ തങ്ങള്‍ക്കനുകൂലമായ രീതിയില്‍ വേവിച്ചെടുത്ത് വിപണിയെ കീഴടക്കുകയായിരുന്നു.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles