Current Date

Search
Close this search box.
Search
Close this search box.

മാധ്യമ സംസ്‌കാരം ആവശ്യപ്പെടുന്ന ജാഗ്രത

മാധ്യമ പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോഴും അവ ഉപയോഗപ്പെടുത്തുമ്പോഴും പാലിക്കേണ്ട ചില മര്യാദകളും വ്യവസ്ഥകളുമുണ്ട്. അവതാരകന്‍, പ്രേക്ഷകന്‍, പരിപാടികള്‍, അവതരണ ഭാഷ എന്നിവയിലെല്ലാം പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്.

അവതാരകന്റെ കാര്യമെടുക്കുമ്പോള്‍ അയാള്‍ സംസ്‌കാരമുള്ളവനും സൂക്ഷമതപുലര്‍ത്തുന്നവനും ജ്ഞാനമുള്ളവനും ശക്തനും വിശ്വസ്തനുമായിരിക്കണം.  തന്റെ വാചകങ്ങളെ അനുവാചകരിലേക്ക് എത്തിക്കുമ്പോള്‍ അത് എല്ലാനിലയിലും ഉത്തരവാദിത്ത ബോധത്തോടുകൂടിയും ഒരു അമാനത്ത് എന്ന നിലയിലും  നിര്‍വഹിക്കാന്‍ അയാള്‍ പ്രാപ്തനായിരിക്കണം. അതിനാല്‍ തന്നെ പ്രാപ്തനായ ഒരാള്‍ മാത്രമേ ഈ ഭാരിച്ച ചുമതലക്കായി തെരെഞ്ഞടുക്കപ്പെടാവൂ. എന്നാല്‍ പലപ്പോഴും ഈ മാനദണ്ഡങ്ങള്‍ പരിഗണിക്കപ്പെടാറില്ലെന്ന് മാത്രമല്ല മറ്റുപല കാര്യങ്ങളാണ് തെരെഞ്ഞെടുപ്പില്‍  മാനദണ്ഡമാകാറുള്ളത്.  സ്ത്രീകള്‍ക്ക് നല്ല മുഖ സൗന്ദര്യവും, പുരുഷന്മാര്‍ക്ക് ചുറുചുറുക്കുമാണ് സാധാരണ പരിഗണിക്കാറുള്ളത്. യഥാര്‍ത്ഥത്തില്‍ പരിഗണിക്കേണ്ട മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണിത്.

ഏത്  ജോലിക്ക് ആളുകളെ തെരെഞ്ഞെടുക്കുമ്പോഴും നമ്മള്‍ സ്വീകരിക്കാറുള്ള ‘ശക്തനും വിശ്വസ്തനുമായിരിക്കുക’ എന്ന വ്യവസ്ഥ മാധ്യമാനുബന്ധ ജോലികള്‍ക്കായി ആളുകളെ തെരെഞ്ഞുടുക്കുമ്പോഴും നടപ്പാക്കാനാകണം. അവിടെ കായികമായ ശേഷി വേണം എന്നതില്‍ മാത്രം നമ്മള്‍ ഒതുങ്ങരുത്. കായികമായ ശേഷിയോടോപ്പം  വിശ്വസ്തതയും ധാര്‍മിക ബോധവുമുള്ളവനായിരിക്കണം മാധ്യമ പ്രവര്‍ത്തകന്‍. ജോലിക്ക് ആളെ നിശ്ചയിക്കുന്ന സന്ദര്‍ഭത്തില്‍ അയാളുടെ മേന്മയെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നത് പോലെ ‘ആ സ്ത്രീകളിലൊരുവള്‍ പിതാവിനോട് പറഞ്ഞു: പ്രിയ പിതാവേ, ഇദ്ദേഹത്തെ നമ്മുടെ ജോലിക്കാരനാക്കിയാലും. അങ്ങ് നിശ്ചയിക്കുന്ന ഏറ്റവും നല്ല ജോലിക്കാരന്‍, ബലിഷ്ഠനും വിശ്വസ്തനുമായിരിക്കുമല്ലോ ‘ (28:26)  

വാര്‍ത്താമാധ്യമത്തിന്റെ സന്ദേശങ്ങള്‍ സ്വീകരിക്കുന്നയാളാണ് പ്രേക്ഷകന്‍. നല്ലതേത് ചീത്തയേത് എന്ന് വേര്‍തിരച്ച് മനസിലാക്കാനുളള വകതിരിവ് അയാള്‍ക്കുണ്ടായിരിക്കണമെന്ന് മാത്രമല്ല വ്യക്തിപരമായി സ്വയം ചില സെന്‍സറിങ്ങുകള്‍  കൂടി അയാള്‍ നടത്തണം. യഥാര്‍ത്ഥത്തില്‍ ഈ സെന്‍സറിങ്ങ് നടത്തല്‍ ഭരണകൂടത്തിന്റെ കൂടി ബാധ്യതയാണ്. ഭരണകൂടം അത് നടത്തുന്നില്ലെങ്കില്‍ പ്രേക്ഷകന് തന്നെ അത് നിര്‍വഹിക്കേണ്ടിവരും.  ഈ പരിപാടി ശരിയല്ല, ഇത് കുഴപ്പമില്ല എന്നിങ്ങനെ പരിപാടികളെ വേര്‍തിരിക്കാന്‍ പ്രേക്ഷകന്  കഴിയണം. കുടുംബത്തിലെ ഉത്തരവാദിത്തപ്പെട്ട കുടുംബനാഥനാണെങ്കില്‍ അയാള്‍ക്ക് പ്രത്യേകം ഉത്തരവാദിത്തങ്ങളുണ്ട. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന തന്റെ കുടുബാംഗങ്ങളെ വിഷമുള്ളതോ മാലിന്യ കലര്‍ന്നതോ ആയ ഭക്ഷണ പഥാര്‍ത്ഥങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് പോലെ അശ്ലീല മാധ്യമങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തണം. ചിലപ്പോഴെല്ലാം നാട്ടിലെ  ചില സെന്‍സറിങ്ങ് സ്ഥാപനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ കണ്ടെത്തി നശിപ്പിക്കാറുണ്ട് അതുപോലെ രക്ഷിതാക്കള്‍ക്കും നിര്‍വഹിക്കാനാകണം.

എന്റെ അഭിപ്രായത്തില്‍ പ്രത്യക്ഷമായ ആശയ കൈമാറ്റങ്ങളേക്കാള്‍ അപകടകരമാണ് ചിന്താപരവും വൈകാരികവുമായ വിഷങ്ങളടങ്ങിയ ആശയങ്ങളുടെ കൈമാറ്റങ്ങള്‍. ഒരു പ്രേക്ഷകനെ സംബന്ധിച്ചേടത്തോളം സഹായിക്കാനും ഗുണോദോഷിക്കാനും ആരുമില്ലെങ്കില്‍ സ്വയം ഗുണദോഷിയും സഹായിയുമായി മാറേണ്ടി വരും. അക്രമണോത്സുകതയും അശ്ലീലതയും വളര്‍ത്തുന്ന സിനിമകളില്‍ നിന്ന് മാത്രമല്ല അതിര് വിടുന്ന എല്ലാത്തില്‍ നിന്നും തന്റെ കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല സ്വയം ഏറ്റെടുക്കണം. പ്രവാചകന്‍ പറഞ്ഞല്ലോ, നിങ്ങളില്‍ എല്ലാവരും ഉത്തരവാദിത്തമുള്ളവരാണ്, എല്ലാവരും അവര്‍ക്ക് കീഴിലുള്ള(പ്രജകളെ)വരെ ക്കുറിച്ച് ചോദ്യം ചെയ്യപ്പെടും.

അവതരണ പരിപാടികളുടെ കാര്യമെടുക്കുമ്പോള്‍ അത് സത്യസന്ധമായിരിക്കണം. കളവോ, കളവിനെ പ്രാല്‍സാഹിപ്പിക്കുന്നതോ ആയ പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടില്ല. അവതരിപ്പിക്കുന്ന പരിപാടികള്‍ സത്യത്തെ പ്രോല്‍സാഹിപ്പിക്കുന്നതായിരിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ വാര്‍ത്തകളില്‍ സത്യമുണ്ടായാല്‍ മാത്രം പോരാ (ചില മുന്‍ഗണനാ ക്രമങ്ങള്‍ കൂടി പാലിക്കപ്പെടേണ്ടതുണ്ട്) നമ്മുടെ ചില ടി.വി പരിപാടികള്‍ നോക്കൂ പ്രധാനപ്പെട്ട മൂല്യമുള്ള വാര്‍ത്തകള്‍ ഏതാനും നിമിഷം കൊണ്ട്  അവസാനിക്കും. അതിന്റെ പുന:സംപ്രേഷണം ഉണ്ടാകുകയുമില്ല. എന്നാല്‍ മൂല്യമില്ലാത്ത  ചില വാര്‍ത്തകള്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ സഹിതം ആവര്‍ത്തിക്കുന്നതായിും കാണാം. അധിക വാര്‍ത്തകള്‍ക്കും നമ്മള്‍ ആശ്രയിക്കുന്നത് ലോക വാര്‍ത്ത ഏജന്‍സികളെയാണ്. നമുക്ക് അവയെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയില്ല. യഥാര്‍ത്ഥ സ്രോതസുകളില്‍ നിന്ന് വാര്‍ത്ത സ്വീകരിക്കാന്‍ കഴിയുന്നില്ല. ചിലപ്പോള്‍  മറ്റുള്ളവരുടെ പരിപാടികളും വാര്‍ത്തകളും നമ്മുടെ ആശയത്തെ സഹായിക്കാറുണ്ട്. എന്നാല്‍ വാര്‍ത്തകള്‍ സ്വീകരിച്ച് അനുയോജ്യമായ രൂപത്തിലായിരിക്കണം അവതരിപ്പിക്കേണ്ടത്.

വിനോദ പരിപാടികളെ നമ്മള്‍ എതിര്‍ക്കുന്നില്ല. ഇക്കാര്യത്തില്‍ പ്രവാചകന്‍ പറഞ്ഞ ഹദീസ് ശ്രദ്ദേയമാണ്. നിങ്ങള്‍ എന്റെയടുക്കല്‍ ഉള്ള അവസ്ഥ എപ്പോഴും തുടര്‍ന്നിരുന്നെങ്കില്‍ മലക്കുകള്‍ വഴികളില്‍ നിങ്ങളെ ഹസ്തദാനം ചെയ്യുമായിരുന്നു. അല്ലയോ ഹന്‍ദല, ഓരോന്നിനും അതിന്റേതായ സമയമുണ്ട്. എന്നാല്‍ നമ്മുടെ വിനോദ പരിപാടികളുടെ ലക്ഷ്യം നിര്‍ണയിക്കുമ്പോള്‍ സത്യത്തിന് കൂടുതല്‍ ശക്തി കിട്ടാനായി എന്നില്‍ ഞാന്‍ തമാശകളെയും ഉള്‍ക്കൊള്ളിക്കുന്നു  അബൂദ്ദര്‍ദാഅ് (റ)വിന്റെ  വാക്കുകള്‍ ഓര്‍ക്കേണ്ടതുണ്ട്.

‘ഗൗരവമുള്ള കാര്യങ്ങളുടെ മടുപ്പ് നര്‍മം കൊണ്ട് നേരിടുക ഗൗരവപരമായ കാര്യങ്ങള്‍ ദീര്‍ഘനേരം നീണ്ടു നിന്നാല്‍ അത് മനസിന് ഭാരമുണ്ടാകുമെന്ന’ കവിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്.

വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷെ അത് സന്തുലിതവും മിതത്വം പാലിച്ചും ആയിരിക്കണം. പ്രവാചകന്‍(സ) പറഞ്ഞു നിന്റെ റബ്ബിനോട് നിനക്ക് ബാധ്യതയുള്ളത് പോലെ നിന്റെ ശരീരത്തോടും കണ്ണിനോടും കുടുംബത്തോടും നിന്നെ സന്ദര്‍ശിക്കുന്നവനോടും നിനക്ക് ചില ബാധ്യതകളുണ്ട്. അവകാശങ്ങളിലെ ഈ സന്തുലിതത്വം എല്ലാ കാര്യങ്ങളിലും പാലിക്കണം. അതായത് എല്ലാത്തിനും അതിന്റേതായ അവകാശങ്ങള്‍ നല്‍കണം.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles