Current Date

Search
Close this search box.
Search
Close this search box.

മഷി ഉണങ്ങുന്ന ഇന്ത്യന്‍ കാലിഗ്രഫി

calligraphy.jpg

നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ഇന്ത്യന്‍ കാലിഗ്രഫിയുടെ മഷി ഉണങ്ങിക്കൊണ്ടിരിക്കുകയാണ്. പൂര്‍ണമായും ഡിജിറ്റല്‍വല്‍കൃതമായ ലോകത്ത് കലാകാരന്മാര്‍ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. ഒരുകാലത്ത് നഗരത്തിന്റെ പ്രസാധനാലയമായിരുന്ന പുരാനി ദില്ലിയിലെ പ്രശസ്തമായ ഉര്‍ദു ബാസാര്‍ ഇന്ന് ടെക്‌സ്റ്റൈല്‍ ഷോപ്പുകള്‍ക്കും ചായക്കടകള്‍ക്കും വഴിമാറിക്കഴിഞ്ഞു. ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഒരു കലയെ സംരക്ഷിക്കാന്‍ പരിശ്രമിക്കുന്ന കുറച്ചു കലാകാരന്മാരെ ഇന്നും ഉര്‍ദു ബാസാറില്‍ കാണാം.

72-കാരനായ മുഹമ്മദ് തഹ്‌സീന്‍ ഇടുങ്ങിയ നടപ്പാതയുടെ ആരംഭത്തില്‍ ഒരു മരബെഞ്ചില്‍ ഇരിക്കുന്നു. പേനകളും എഴുത്തുപകരണങ്ങളും മഷിക്കുപ്പികളുമൊക്കെ അദ്ദേഹത്തിന്റെ തുണി സഞ്ചിയില്‍ സന്ദര്‍ശകരെയും കാത്തിരിക്കുന്നുണ്ട്. ”ഉണ്ണാനോ ഉറങ്ങാനോ നേരമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. അത്രയധികം ജോലികളുണ്ടായിരുന്നു അന്ന്. ഇന്നാകട്ടെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ആരെങ്കിലും വന്നാലായി. പണ്ടൊക്കെ അത്രയും തിരക്ക് എന്റെ കടയിലുണ്ടായിരുന്നു എന്ന് ഇപ്പോള്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ”്, അദ്ദേഹം പറയുന്നു. അവസാനമായി തഹ്‌സീന്റെ കടയില്‍ ഒരു കസ്റ്റമര്‍ വന്നത് നാലു ദിവസം മുമ്പാണ്.

1960-കളിലാണ് ഹൈസ്‌കൂളുകാരനായ മുഹമ്മദ് തഹ്‌സീന്‍ കാലിഗ്രഫി എന്ന കലയുടെ മനോഹാരിതയില്‍ ആകൃഷ്ടനാവുന്നത്. സ്വന്തമായി തൊഴില്‍ അഭ്യസിച്ച തഹ്‌സീന്‍ 1968-മുതല്‍ ഉര്‍ദു ബാസാറിലെ കാലിഗ്രാഫി കലാകാരനാണ്. ”അന്ന് എനിക്ക് 25 വയസ്സായിരുന്നു. എല്ലാത്തരത്തിലുള്ള എഴുത്തു ജോലികളും ഞാന്‍ നിര്‍വഹിച്ചിരുന്നു. കംപ്യൂട്ടറുകളില്ലാത്ത അക്കാലത്ത് കാലിഗ്രഫിയായിരുന്നു എഴുത്തിലെ രാജാവ്. പത്രങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു. രാഷ്ട്രീയ പോസ്റ്ററുകളും ക്ഷണക്കത്തുകളും മത പോസ്റ്ററുകളും ഫിലിം പോസ്റ്ററുകളുമെല്ലാം ഞങ്ങള്‍ ചെയ്തിരുന്നു. നൂറു കണക്കിന് ജോലികള്‍ ഞങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നു”, മുഹമ്മദ് തഹ്‌സീന്‍ ഓര്‍ക്കുന്നു. ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ കാലിഗ്രഫി ചെയ്യാനുള്ള പ്രാവീണ്യത്തിനും തഹ്‌സീന്റെ വ്യാപാരത്തെ തകര്‍ച്ചയില്‍ നിന്ന് പിടിച്ചുനിര്‍ത്താനാവുന്നില്ല.

ഉര്‍ദു ബാസാറില്‍ നിന്നും ഒട്ടും അകലെയല്ലാതെയാണ് മുഹമ്മദ് ഷൗക്കത്തിന്റെ പ്രസ് സ്ഥിതിചെയ്യുന്നത്. അവിടെ കമ്പ്യൂട്ടറും പ്രിന്ററും ഫോട്ടോസ്റ്റാറ്റ് മെഷീനും ക്യാമറയുമൊക്കെ ഉണ്ട്. ഷൗക്കത്തിന്റെ കടയില്‍ ആവശ്യക്കാരേറെയാണ്. ”കാലിഗ്രാഫര്‍മാര്‍ രണ്ടു മണിക്കൂര്‍ കൊണ്ട് ചെയ്യുന്നത് രണ്ടു മിനിറ്റു കൊണ്ട് ചെയ്യാന്‍ എനിക്ക് സാധിക്കും. അതും കുറഞ്ഞ ചെലവില്‍. അവര്‍ ചെയ്യുന്ന ജോലി കാലഹരണപ്പെട്ടതാണ്. വംശനാശം സംഭവിച്ച ഒരു മൃഗത്തെ പോലെ. അഞ്ചു മിനിറ്റ് കൊണ്ട് ആയിരം ഷീറ്റുകള്‍ അടിക്കാന്‍ കഴിയുന്ന ഇക്കാലത്ത് അവരുടെ ജോലി നിലനില്‍ക്കില്ല”. തനിക്ക് കാലിഗ്രാഫര്‍മാരോട് ആദരവുണ്ടെങ്കിലും അതൊരു വ്യാപാരമായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഷൗക്കത്ത് പറയുന്നു. ഇന്നത്തെ കാലത്ത് ഇതൊരു കലയാണ്. ഒരു വ്യാപാരമായി തുടരാന്‍ സാധിക്കില്ല, ഷൗക്കത്ത് വ്യക്തമാക്കി.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പോലെ നിരവധി കാലിഗ്രാഫി കലാകാരന്മാര്‍ ഈ ഉര്‍ദു ബാസാറില്‍ ഉണ്ടായിരുന്നതായി തഹ്‌സീന്‍ ഓര്‍ക്കുന്നു. അവര്‍ക്ക് കീഴിലൊക്കെ ജോലിക്കാരുമുണ്ടായിരുന്നു. 1950-കളില്‍ ഇവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരന്‍ ഞാനായിരുന്നുവെങ്കില്‍ ഇന്ന് ഏറ്റവും പ്രായം കൂടിയ ആളാണ് ഞാന്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ യുവാക്കളാരും ഈ ജോലിയിലേക്ക് തിരിഞ്ഞിട്ടില്ല. കാരണം, അവര്‍ക്ക് അവസരങ്ങള്‍ ധാരാളമായിരുന്നു, തഹ്‌സീന്‍ പറയുന്നു. കലയോടുള്ള ആഭിമുഖ്യം കൊണ്ട് മാത്രമാണ് താന്‍ ഈ മേഖലയില്‍ തുടരുന്നതെന്നും കീഴില്‍ ആശ്രിതര്‍ ആരും ഇല്ലാത്തതിനാല്‍ മാസാമാസം കിട്ടുന്ന തുച്ഛമായ വരുമാനം തന്നെ ധാരാളമാണെന്നും അദ്ദേഹം പറയുന്നു.

തഹ്‌സീന്റെ മരബെഞ്ചില്‍ നിന്ന് തെല്ലകലെ 30 വര്‍ഷമായി ലിഗ്രഫി ചെയ്യുന്ന 62-കാരനായ മുഹമ്മദ് യാക്കൂബിന്റെ പുസ്തകക്കടയുണ്ട്. യാക്കൂബും തഹ്‌സീനുമൊക്കെ പള്ളികളിലെ രസീത് ബുക്കുകള്‍ ഡിസൈന്‍ ചെയ്തും കല്ല്യാണകുറികള്‍ നിര്‍മിച്ചു നല്‍കിയുമൊക്കെയാണ് ഇപ്പോള്‍ ഉപജീവനം തേടുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ കാലം കഴിയുമെന്ന് മുഹമ്മദ് യാക്കൂബ് നെടുവീര്‍പ്പിടുന്നു.

വിവ: അനസ് പടന്ന

Related Articles