Current Date

Search
Close this search box.
Search
Close this search box.

മത സഹിഷ്ണുത ഇസ്‌ലാമിക ചരിത്രത്തില്‍

spain-1000.jpg

മതപരമായ അസഹിഷ്ണുത എന്നത് ആധുനിക ജീവിതത്തിന്റെ പ്രധാന ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. നല്ലവരായ ജനങ്ങള്‍ അവര്‍ ഏത് വിശ്വാസത്തില്‍പ്പെട്ടവരാണെങ്കിലും മറ്റൊരു മതത്തെ പരിഹസിക്കുകയോ അവളേഹിക്കുകയോ ചെയ്യില്ലെന്നത് ജീവിത യാഥാര്‍ഥ്യമായിരക്കെയാണിത്. നന്മ എന്നത് എവിടെ നിന്ന് കണ്ടെത്തുകയാണെങ്കിലും അത് ദൈവത്തില്‍ നിന്നുള്ളതാണ്. അതിന്റെ സ്രോതസ് അവിടെയെല്ലാതെ മറ്റെവിടെയാണ്?

ഇസ്‌ലാം അതിന്റെ തുടക്കം മുതലേ ഇതര വിശ്വാസങ്ങളെ ആദരിക്കാന്‍  പഠിപ്പിച്ചു. ഇസ്‌ലാമിന്റെ അധ്യാപനങ്ങളും പ്രയോഗങ്ങളും ശരിയായ ചരിത്രത്തിലൂടെ പഠിക്കുമ്പോള്‍ നമുക്ക് ഇത് മനസ്സിലാക്കാന്‍ പറ്റും. ഒരു മുസ്‌ലിം പുരുഷന്റെ അല്ലെങ്കില്‍ സ്ത്രീയുടെ അടയാളമാണ് ഇതര മതങ്ങളെയും അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും ആദരിക്കുക എന്നത്. ഇതിനു വിരുദ്ധമായി ആരെങ്കിലും പഠിപ്പിക്കുകയാണെങ്കില്‍ അത് മുസ്‌ലിം ആകട്ടെ അല്ലാതിരിക്കട്ടെ അവര്‍ ഇസ്‌ലാമിന്റെ സന്ദേശത്തെ വികലമാക്കുക്കുകയാണ് ചെയ്യുന്നത്.

മുസ്‌ലിംകള്‍ വിശ്വസിക്കുന്നത് സമഗ്രവും സമ്പൂര്‍ണ്ണവും മുഴുവന്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ളതുമായ സന്ദേശത്തിലാണെങ്കിലും അത് പിന്തുടരുന്നതില്‍ അവര്‍ മറ്റുള്ളവരേക്കാള്‍ തികഞ്ഞവരോ മോശക്കാരോ അല്ല. ഇസ്‌ലാം പരിപൂര്‍ണ്ണവും ആദ്യകാലം മുതല്‍ ഉള്ളതുമാകുന്നു. എന്നാല്‍ ചരിത്രത്തിലുടനീളം ചില മുസ്‌ലിംകള്‍ ഈ സന്ദേശത്തിന്റെ സൗന്ദര്യം ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നില്ല ജീവിച്ചിരുന്നത്. എന്നാല്‍ ഇവരക്കെറിച്ച് ഇസലാമിന് ലജ്ജിക്കാന്‍ യാതൊന്നുമില്ല. ഇങ്ങനെയാണെങ്കിലും ഇതര മതങ്ങളിലുള്ളവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വിധത്തില്‍ വിശ്വസിക്കാനുള്ള സ്വതന്ത്രമായ അവസരം ഉണ്ടായിരിക്കണമെന്നത്  ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമാണ്. ദൈവത്തിന്റെ വചനങ്ങളായി മുസ്‌ലിംകള്‍ ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യം നിങ്ങള്‍ക്ക് കാണാന്‍ കഴിയും
അല്ലാഹു പറയുന്നു:  ‘മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ വ്യാജ ദൈവങ്ങളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു’ (അല്‍ബഖറ: 256). അല്ലാഹു വീണ്ടും പറയുന്നു
‘നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?’ (യൂനുസ്: 99).

മദീനയുടെ ഉദാഹരണം
പ്രവാചകന്‍ മുഹമ്മദ് നബി ജീവിച്ചിരുന്നത് ജൂതന്മാര്‍ക്കും ബഹുദൈവ വിശ്വാസികള്‍ക്കുമിടയിലായിരുന്നു. മദീനയില്‍ അദ്ദേഹം ഇരു വിഭാഗങ്ങളുമായി ഉടമ്പടി ഉണ്ടാക്കുകയും അവര്‍ക്ക് മത സ്വാതന്ത്ര്യം ഉറപ്പ് നല്‍കുകയും ചെയ്തു. അതുപോലെ നഗരത്തെ സംരക്ഷിക്കാന്‍ അവരുമായി ചേര്‍ന്ന് കരാര്‍ ഉണ്ടാക്കുകയും ചെയ്തു.

വിശ്വാസികളും അവിശ്വാസികളുമായി ആളുകളോട്  പ്രവാചകന്‍ എങ്ങനെയാണ് പെരുമാറിയിരുന്നത് എന്നതിന്റെ  ഉത്തമ സാക്ഷ്യങ്ങളിലൊന്നുകൂടിയാണിത്. അദ്ദേഹം ആളുകളെ വളരെ ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും ഉത്തരം പറയുന്നതിന് മുമ്പ് നിങ്ങള്‍ അവസാനിപ്പിച്ചോ? എന്ന് ചോദിക്കുകയും ചെയ്തിരുന്നു. മറ്റുള്ളവരുമായി സംവാദത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ മുസ്‌ലിംകള്‍ നിര്‍ബന്ധമായും വളരെ ആദരവോടുകൂടി അവരെ ശ്രവിക്കുക എന്നത് മുസ്‌ലിംകളുടെ ഉത്തമ ഗുണമായി അദ്ദേഹം സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

ജറൂസലേമിന്റെ ഉദാഹരണം
നാല് സച്ചരിതരായ ഖലീഫമാരില്‍ രണ്ടാമനായ ഉമര്‍ ബിന്‍ ഖത്താബ് എ.ഡി 638 ല്‍ ജറൂസലേമിലേക്ക് പ്രവേശിച്ചപ്പോള്‍ പ്രദേശത്തിന്റെ വിശുദ്ധിയെ മാനിച്ച് കാല്‍നടയായിട്ടായിരുന്നു അദ്ദേഹം പ്രവേശിച്ചത്. അദ്ദേഹത്തിന്റെ ആദ്യ നടപടി മസ്ജിദുല്‍ അഖ്‌സയുടെ പരിസരത്ത് നിന്നും പഴയ അശിഷടങ്ങളും കല്ലുകളും നീക്കുക എന്നതും മുഴുവന്‍ സ്ഥലങ്ങളും പനിനീര്‍ വെള്ളം ഉപയോഗിച്ച് ശുദ്ധിയാക്കുക എന്നതുമായിരുന്നു.

1099ല്‍ കുരിശു യുദ്ധത്തിന്റ ഭാഗമായി 70000 ത്തോളം പുരുഷനമാരെയും സത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിനു വിരുദ്ധമായി  രക്തചൊരിച്ചിലോ കൊലപാതകമോ അവിടെ നടക്കുകയുണ്ടായില്ല. പാത്രിയാര്‍കീസ് സോഫര്‍ണീസുമായി കരാറില്‍ ഒപ്പുവെച്ചുകൊണ്ടായിരുന്നു മുസ്‌ലിംകള്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. അവര്‍ക്ക് ആരാധനക്കും ജീവനും സ്വത്തിനുമുള്ള അവകാശം ഉറപ്പുനല്‍കുന്നതായിരുന്നു കരാര്‍. പാത്രിയാര്‍ക്കീസിന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ നഗരത്തിലുള്ള അനുഭവം വെച്ചുകൊണ്ട് ജറൂസലേമില്‍ ജൂതന്മാര്‍ക്ക് ജീവിക്കാന്‍ അദ്ദേഹം അനുവാദം നല്‍കിയിരുന്നില്ല. 1187ല്‍ കുരിശുയുദ്ധക്കാരില്‍ നിന്നും സ്വലാഹുദ്ദീന്‍ അയ്യൂബി ജറൂസലേം തിരിച്ചുപിടിച്ചതിനു ശേഷം മാത്രമാണ് ജൂതന്മാര്‍ക്ക് അവിടെ ജീവിക്കാന്‍ അനുവാദം കിട്ടിയത്. അവിടം വിടാന്‍ ആഗ്രഹിച്ചവര്‍ക്ക് അതിനുള്ള സുരക്ഷയും അവിടെ തുടരാന്‍ ആഗ്രഹിച്ചവര്‍ക്ക് അപ്രകാരം ചെയ്യാനുള്ള അനുവാദവും അദ്ദേഹം നല്‍കി.

യഥാര്‍ഥത്തില്‍ മുസ്‌ലിം ഭരണകൂടത്തിനകത്ത് മത ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കുന്നതിലൂടെ ‘ലോകര്‍ക്ക് കാരുണ്യം’ എന്ന വിശേഷത്തോട് മുസലിംകള്‍ എത്രത്തോളം നീതി പുലര്‍ത്തുന്നു എന്നതിന്റെ പരിശോധന കൂടിയാണ് നടക്കുന്നത്.

മുഹമ്മദ് നബി പറയുന്നു:
‘ആരെങ്കിലും മുസ്‌ലിംകളുമായി സമാധാന ഉടമ്പടി ഉണ്ടായിരിക്കേ അമുസ്‌ലിംകളോട് നീതിയുക്തമല്ലാതെ പെരുമാറുകയാണെങ്കില്‍ അല്ലെങ്കില്‍ അവരുടെ അവകാശം ലംഘിക്കുകയോ കഴിവ് ഉപയോഗിച്ച് അവരെ പീഡിപ്പിക്കുകയോ അല്ലെങ്കില്‍ അവരുടെ അനുവാദം ഇല്ലാതെ എന്തെങ്കിലും എടുക്കുക ചെയ്യുകയാണെങ്കില്‍ വിചാരണ നാളില്‍ ഞാന്‍ അവര്‍ക്കെതിരെ നില്‍ക്കും’ (അല്‍അല്‍ബാനി).

സ്‌പെയിനിന്റെ ഉദാഹരണം
ഈ കാലഘട്ടം ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണ കാലഘട്ടം എന്നറിയപ്പെടുന്നു. മുസ്‌ലിംകളുടെ ഈ ഭരണകാലഘട്ടം തെക്കന്‍ സ്‌പെയിനില്‍ നൂറ്റാണ്ടുകളോളം തുടര്‍ന്നു. ഈ കാലഘട്ടത്തില്‍ ഭരണസിരാകേന്ദ്രങ്ങളിലെ പല ഉന്നത സ്ഥാനങ്ങളും ക്രിസ്ത്യാനികളും ജൂതന്മാരും വഹിച്ചിരുന്നു. എന്നാലിത് കത്തോലിക്കന്‍ ചക്രവര്‍ത്തിമാരായ ഫെര്‍ഡിനാന്‍ഡിന്റെയും ഇസബല്ലെയുടെയും കാലം വരെയെ തുടരുകയുണ്ടായുള്ളൂ. അവര്‍ മുസ്‌ലിം നഗരങ്ങള്‍ തിരിച്ചുപിടിക്കുകയും മുസ്‌ലിം പള്ളികളും സിനഗോഗുകളും കത്തിച്ചുകളുകയും ചെയ്തു. മുസ്‌ലിംകളെയും ജൂതന്മാരെയും അവര്‍ പുറത്താക്കുകയോ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തു.

1453ല്‍ ഓട്ടോമന്‍ സാമ്രാജത്വം കോണ്‍സ്റ്റാറ്റിനോപ്പിള്‍ കീഴടക്കിയപ്പോള്‍ സുല്‍ത്താന്‍ മെഹ്മദ് രണ്ടാമന്‍ പാത്രായാര്‍ക്കീസ് ഗെന്നാഡിയസ് രണ്ടാമനെ ഓര്‍ത്തഡോക്‌സ് ജനതയുടെ നേതാവായി ഔദ്യോഗികമായി അംഗീകരിച്ചു അതേവര്‍ഷം തന്നെ ജൂത സമുദായത്തിന്റെ നേതാവ് അഥവാ ചീഫ് റബ്ബിക്ക്  ‘ഹഹാംബഷ’ അഥവാ ജ്ഞാനികളുടെ തലവന്‍ എന്ന പദവി നല്‍കുകയുണ്ടായി. ഈ രണ്ടു നടപടികളും ഓട്ടോമന്‍ ഭരണത്തില്‍ മറ്റുവിശ്വാസങ്ങളും ആദരിക്കപ്പെട്ടിരുന്നു എന്നതിന്റെ പ്രതീകങ്ങളാണ്.

ഫലസ്തീനിന്റെ ഉദാഹരണം
ഫലസ്തീന്‍ ഓട്ടോമന്‍ സാമ്രാജത്വത്തിന് കീഴിലായിരുന്നപ്പോഴായിരുന്നു ഇവിടെ ഏറ്റവും കൂടുതല്‍ സമാധാനം കളിയാടിയിരുന്നതെന്ന് നമുക്ക് കാണാന്‍ കഴിയും. വിശുദ്ധ നഗരമായ ജറുസലേമില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും ജൂതന്മാരും വളരെ സന്തോഷത്തോടു കൂടി ഒരുമിച്ച് ജീവിച്ചു.

അവസാനമായി, നമ്മുടെ ഈ കാലഘട്ടത്തില്‍ പ്രതീക്ഷാനിര്‍ഭരമായ ഒരു വാക്ക് കേള്‍ക്കാനിടയായത് സ്‌കോട്ട്‌ലാന്‍ഡിലെ നഗരമായ എഡിന്‍ബര്‍ഗില്‍ നിന്നുമാണ്. 2009 ജനുവരിയില്‍ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം നടന്ന് ആഴ്ചകള്‍ മാത്രം പിന്നിട്ട സന്ദര്‍ഭം. സെമിറ്റിക് വിരുദ്ധ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും പല രാജ്യങ്ങളിലും ഈ സന്ദര്‍ഭത്തില്‍ വര്‍ധിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് എഡിന്‍ബര്‍ഗിലെ യുനൈറ്റഡ് ഹീബ്രു സഭയുടെ സിനഗോഗ് ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുകയുണ്ടായി. സ്‌കോട്ട്‌ലന്‍ഡിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ സ്‌കോട്ടിഷ് ഇസ്‌ലാമിക് ഫൗണ്ടേഷന്റെ പ്രതികരണം സിനഗോഗിന് സംരക്ഷണം നല്‍കാന്‍ ജൂത സമുദായത്തിന് പ്രയാസകരമാണെങ്കില്‍ സിനഗോഗിന് മുസ്‌ലിംകള്‍ സംരക്ഷണം നല്‍കുമെന്നതായിരുന്നു.

സ്‌കോട്ട്‌ലാന്‍ഡിലെ മുസ്‌ലിംകള്‍ ജൂതന്മാരുടെ സിനഗോഗിന് സംരക്ഷണം നല്‍കാന്‍ തയ്യാറായതിലും മികച്ച എന്തു ഉദാഹരണങ്ങളാണ് മുസ്‌ലിംകളുടെ മറ്റു സമൂഹങ്ങളുമായുള്ള സമീപന രീതിക്ക് നല്‍കാന്‍ കഴിയുക?

ഭൂമിയിലെ എല്ലാവരുടെയും രക്ഷിതാവ് അല്ലാഹുവാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അല്ലാഹു മുസ്‌ലിംകളുടെ മാത്രം ദൈവമല്ല. അതുകൊണ്ട് തന്നെ അവര്‍ സത്യ മാര്‍ഗത്തിന്റെ പാതയിലേക്ക് കടന്നുവന്നിട്ടില്ലെങ്കിലും അവരോട് നീതിയുക്തമായും ദയാപരമായും പെരുമാറാന്‍ മുസ്‌ലിമിന് വലിയ ഉത്തരവാദിത്വമുണ്ട്. അതാണ് ഇസ്‌ലാമിന്റെ സന്ദേശമെന്ന്് മുസലിംകള്‍ വിശ്വസിക്കുന്നു.

ഇസ്‌ലാം ലോകത്തെ പഠിപ്പിക്കുക എന്നത് മുസ്‌ലിമിന്റെ ബാധ്യതയാണ്. അല്ലാഹു പറയുന്നു
‘ഇവ്വിധം നിങ്ങളെ നാം ഒരു മിത സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങളുടെ മേല്‍ സാക്ഷികളാകാന്‍. ദൈവദൂതന്‍ നിങ്ങള്‍ക്കുമേല്‍ സാക്ഷിയാകാനും’. (അല്‍ അല്‍ബഖറ:143)

മത അസഹിഷ്ണുതക്ക് നമ്മുടെ ലോകത്ത് സ്ഥാനമില്ല. ഇസ്‌ലാമില്‍ ഇതിന് സ്ഥാനമില്ല എന്നത് മുസ്‌ലിംകളും മറ്റുള്ളവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കുകയും വേണം.

വിവ: റഈസ് ഇ.കെ

Related Articles