Current Date

Search
Close this search box.
Search
Close this search box.

ബാള്‍ട്ടിക് മുസ്‌ലിംകളുടെ മസ്ജിദുകള്‍

baltic.jpg

ഒരു മസ്ജിദ് കാണാന്‍ കഴിയുമെന്ന് തോന്നുന്ന സ്ഥലമല്ല ഇത്, എന്നാല്‍ 600-ഓളം വര്‍ഷങ്ങള്‍ ഇതുപോലുള്ള ലിത്വാനിയന്‍ വനാന്തരങ്ങളിലും തടാകക്കരകളിലും മുസ്‌ലിംകള്‍ കഴിഞ്ഞിട്ടുണ്ട്. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളില്‍ യുദ്ധക്കൊതിയും കുടിപ്പകയും അരങ്ങുവാണപ്പോള്‍ ഇവിടങ്ങളിലെ ജനങ്ങള്‍ സഹിഷ്ണുതയോടെയും സമാധാനത്തോടെയും ജീവിച്ചു. ഒറ്റനോട്ടത്തില്‍, ബാള്‍ട്ടിക് ഗ്രാമങ്ങളില്‍ കാണപ്പെടുന്ന ആയിരക്കണക്കിന് കെട്ടിടങ്ങള്‍ പോലെ തന്നെയാണ് ചതുരാകൃതിയിലുള്ള ഈ മരക്കെട്ടിടവും തോന്നിക്കുന്നത്. മരപ്പാളികള്‍ ചേര്‍ത്തുണ്ടാക്കിയ വൃത്തിയുള്ള ചുമരുകള്‍, മരം കൊണ്ടുള്ള വാതിലുകളും ജനാലകളും, തകരഷീറ്റുകള്‍ മേഞ്ഞ ചെരിഞ്ഞ മേല്‍ക്കൂരകള്‍. മേല്‍ക്കൂരയുടെ മുകള്‍ഭാഗത്ത് മിനാരത്തിന് പകരം ഒരു ചെറിയ സ്തൂപമാണുള്ളത്. ബാള്‍ട്ടിക് ചര്‍ച്ചുകളില്‍ കാണപ്പെടുന്നത് പോലെ ഒരു ചെറിയ താഴികക്കുടവും ആ സ്തൂപത്തിനുണ്ട്. അതിന് മേലെ ഒരു ചന്ദ്രക്കലയും. യൂറോപ്പ്യന്‍ മസ്ജിദുകളുടെ തനിപ്പകര്‍പ്പ് തന്നെയാണ് ഈ മസ്ജിദും. 1558 മുതല്‍ ഇതിവിടെ നിലകൊള്ളുന്നുണ്ട്. ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസിന്റെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ കഷ്ടിച്ച് 20 മിനുട്ട് യാത്ര മാത്രമേയുള്ളൂ ഈ ഗ്രാമത്തിലേക്ക്.

 

കെതൂരിയസ്‌ദെസിമത് തോതോരിയു (Keturiasdesimt Totoriu) എന്ന ഗ്രാമത്തിന്റെ പേരില്‍ തന്നെ ഇവിടുത്തെ ചരിത്രത്തിലേക്കുള്ള സൂചനയുണ്ട്. ‘നാല്‍പത് താത്താറുകള്‍’ എന്നാണ് അതിന്റെ അര്‍ത്ഥം. ലിത്വാനിയന്‍ പ്രഭുവായിരുന്ന വൈറ്റൗട്ടസിന്റെ ക്ഷണപ്രകാരം 600 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടേക്ക് കുടിയേറിപ്പാര്‍ത്ത 40 താത്താര്‍ കുടുംബങ്ങളെയാണ് ഗ്രാമത്തിന്റെ പേര് കുറിക്കുന്നത്. ഗോത്രമത പിന്‍മുറക്കാരായ വൈറ്റൗടസിന്റെ പ്രഭുസംസ്ഥാനത്തിന് പടിഞ്ഞാറുള്ള ക്രിസ്ത്യാനികളായ ട്യൂട്ടോണിക് പ്രഭുക്കന്മാരുടെ നിരന്തര ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട്, 1398-ല്‍ കരിങ്കടല്‍ ഭാഗത്തു നിന്ന് ഒരു സൈനികപര്യടനം കഴിഞ്ഞ് തിരിച്ചു വരവെ ലിത്വാനിയന്‍ പ്രവിശ്യയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കുറേ മുസ്‌ലിം കുടുംബങ്ങളെയും ഏതാനും ജൂതവിഭാഗങ്ങളെയും വൈറ്റൗടസ് തന്നോടൊപ്പം കൂടെ കൂട്ടുകയും ഈ ഗ്രാമത്തില്‍ അധിവസിപ്പിക്കുകയും ചെയ്തു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ട്യൂടോണിക് പ്രഭുക്കന്മാര്‍ ലിത്വാനിയയും പോളണ്ടും ആക്രമിച്ചത്. ഗ്രുനോള്‍ഡ് യുദ്ധം എന്നറിയപ്പെട്ട ഈ യുദ്ധത്തില്‍ താത്താറുകളും ജൂതന്മാരും വൈറ്റൗട്ടസിനൊപ്പം ചേര്‍ന്ന് ധീരമായി കുരിശ് സേനയെ ചെറുത്തു നിന്നു. താത്താറുകളുടെ യുദ്ധപാടവത്തിന് മുന്നില്‍ കുരിശുസേന നിശ്ശേഷം പരാജയപ്പെട്ടു. ഈ വിജയത്തിന് സമ്മാനമായി ആ ഗ്രാമം ഒന്നടങ്കം വൈറ്റൗട്ടസ് മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കും പതിച്ചു നല്‍കുകയും എല്ലാവിധ മതസ്വാതന്ത്ര്യവും അനുവദിക്കുകയും ചെയ്തു. യൂറോപ്പിലെ ആദിമ മുസ്‌ലിംകളായ മൂറുകളെയും സെഫാര്‍ദിക് ജൂതന്മാരെയും സ്‌പെയിനില്‍ നിന്ന് ക്രിസ്ത്യാനികള്‍ നാടുകടത്തുന്ന അവസരത്തിലാണിതെന്ന് ഓര്‍ക്കണം. ഇന്ന് ഈ തോതോരിയൂ ഗ്രാമത്തില്‍ താമസിക്കുന്ന 120 പേരും താത്താര്‍ മുസ്‌ലിംകളാണ്. കരിങ്കടല്‍ ഭാഗത്തെ ക്രീമിയക്കാരുടെ നേര്‍ പിന്‍ഗാമികളാണ് തങ്ങളെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ”വൈറ്റൗട്ടസ് പ്രഭു കാരണമാണ് ഞങ്ങള്‍ ഇവിടെ താമസിക്കുന്നത്, എന്നാല്‍ ഞങ്ങള്‍ ക്രിമിയന്‍ താത്താറുകള്‍ ആണെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്”, റഷ്യന്‍ സാഹിത്യത്തില്‍ അധ്യാപികയായിരുന്ന 75-കാരിയായ ഫാത്തിമ സ്റ്റാന്‍ട്രുക്കോവ പറയുന്നു. ഈ മസ്ജിദിലെ ഖബറിസ്ഥാനില്‍ കണ്ടെടുക്കപ്പെട്ട ഏറ്റവും പുരാതനമായ ഖബര്‍ 1621-ല്‍ മരിച്ച ‘അല്ലാഹ് ബെര്‍ദി’ എന്ന ഒരാളുടേതാണ്.

ലിത്വാനിയയിലെ താത്താര്‍ ജനസംഖ്യ തെക്ക് ഭാഗത്തേക്കും പടിഞ്ഞാറ് ഭാഗത്തേക്കും പടരാന്‍ തുടങ്ങി. വില്‍നിയസ് നഗരത്തിനും ബെലറൂസ് തലസ്ഥാനമായ മിന്‍സ്‌കിനും പോളിഷ് നഗരമായ ബിയാലിസ്‌തോക്കിനും ഇടയില്‍ ഒരുകാലത്ത് നൂറുകണക്കിന് മസ്ജിദുകള്‍ ഉണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലത്ത് 25 മസ്ജിദുകള്‍ ലിത്വാനിയയില്‍ മാത്രമുണ്ടായിരുന്നു. ഇപ്പോള്‍ മൂന്നെണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. തോതോരിയൂ ഗ്രാമത്തിലും അയല്‍ഗ്രാമങ്ങളായ റൈസിയ്യയിലും നെമെസിസിലും ഓരോന്നു വീതം. ബാക്കിയുള്ള നാലെണ്ണം പോളിഷ് ഗ്രാമങ്ങളായ ക്രുസ്‌നിയാനി, ബോഹോനികി എന്നിവിടങ്ങളിലും ബെലറൂസിയന്‍ പട്ടണങ്ങളായ നവാഹ്രുദാകിലും ഇവിയിലുമാണ്. 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ താത്താര്‍ ഭാഷ നാമവശേഷമായി. ”കാലം ഇഴഞ്ഞുനീങ്ങവേ മറവിയുടെ വിഷച്ചിലന്തികള്‍ അവരുടെ ആചാരങ്ങളിലും ഭാഷകളിലും അവയുടെ വലകള്‍ കെട്ടിക്കഴിഞ്ഞിരുന്നു. തങ്ങളുടെ വിശ്വാസത്തെ കുറിച്ച് പാണ്ഡിത്യമൊന്നും അവര്‍ക്കുണ്ടായിരുന്നില്ലെങ്കിലും അടിയുറച്ച ആ വിശ്വാസം മാത്രം അവര്‍ കളഞ്ഞുകുളിച്ചില്ല”, 19-ാം നൂറ്റാണ്ടിലെ റഷ്യന്‍ താത്താര്‍ ഓറിയന്റലിസ്റ്റായ മുഹമ്മദ് മുറാദ് അല്‍-റംസി എഴുതുന്നു. അവരില്‍ ബാക്കിയായ ഇസ്‌ലാമിക വിജ്ഞാനം 20-ാം നൂറ്റാണ്ടിലാണ് ഉയിര്‍ത്തെണീറ്റത്.

 

വൈറ്റൗട്ടസിന്റെ കൂടെ ക്രീമിയക്കാരുടെ പിന്‍ഗാമികളിലൊരാളായ ലിത്വാനിയയിലെ ഗ്രാന്റ് മുഫ്തി റമദാന്‍ യാക്കൂബ് പറയുന്നു, ”സോവിയറ്റ് കാലഘട്ടം വളരെ ദുരിതം നിറഞ്ഞതായിരുന്നു. എല്ലാ മതനേതാക്കന്മാരെയും പണ്ഡിതന്മാരെയും വധിക്കുകയോ സൈബീരിയയിലേക്ക് നാടുകടത്തുകയോ ആണ് ചെയ്തിരുന്നത്. പുസ്തകങ്ങളും ചരിത്രരേഖകളുമെല്ലാം അഗ്നിക്കരിയാക്കപ്പെട്ടു. മസ്ജിദുകളൊക്കെ അടച്ചുപൂട്ടുകയോ തകര്‍ക്കപ്പെടുകയോ ചെയ്തു. ഇസ്‌ലാം നിരോധിക്കപ്പെട്ടു”. ഇസ്‌ലാമിനെ കുറിച്ച് യാതൊരു അറിവുമില്ലാതെയാണ് റമദാന്‍ യാക്കൂബ് വളര്‍ന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം രാജ്യത്തേക്ക് കടന്നുവന്ന മുസ്‌ലിം വിദ്യാര്‍ഥികളിലൂടെയാണ് ഇസ്‌ലാമിനെ കുറിച്ച് ആഴത്തില്‍ പഠിക്കുന്നത്. അവരുടെ സഹായത്തോടെ ലെബനാനിലും ലിബിയയിലും പോയി പഠിക്കാന്‍ സാധിച്ചു. ലെബനാനിലെ ബഹുസ്വര ചുറ്റുപാട് യൂറോപ്പിലെ മുസ്‌ലിം സമൂഹത്തെ നയിക്കുന്നതിനുള്ള നല്ല പരിശീലനമായിരുന്നുവെന്ന് റമദാന്‍ യാക്കൂബ് സ്മരിക്കുന്നു. യുവ താത്താറുകള്‍ക്കിടയില്‍ ഇസ്‌ലാം പഠനത്തെ കുറിച്ച് ഒരവബോധം ഉണ്ടായെങ്കിലും അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍ക്ക് മസ്ജിദുകളൊന്നും തുറക്കപ്പെടാറില്ല. ഭൂരിപക്ഷവും മുസ്‌ലിംകള്‍ താമസിക്കുന്ന തോതോരിയു ഗ്രാമത്തില്‍ പോലും പ്രത്യേക പരിപാടികള്‍ക്കോ ആഘോഷങ്ങള്‍ക്കോ വേണ്ടി മാത്രമാണ് മസ്ജിദ് തുറക്കുന്നത്. അമേരിക്കയിലെ ബ്രൂക്‌ലിനിലുള്ള താത്താര്‍ മസ്ജിദിലും ഇത് തന്നെയാണ് അവസ്ഥ. മസ്ജിദ് പരിപാലന കമ്മിറ്റി വൈസ് പ്രസിഡന്റായ അലിസ റാറ്റ്‌കെവിച്ച് പറയുന്നു, ”പെരുന്നാള്‍ പോലുള്ള ആഘോഷങ്ങള്‍ക്കാണ് കുടുംബസമേതം ഞാന്‍ മസ്ജിദില്‍ പോകുന്നത്.” ബെലറൂസിലെ ഇവി പട്ടണത്തിലെ താത്താറുകളാണ് തന്റെ മുന്‍ഗാമികളെന്നാണ് അലിസ അവകാശപ്പെടുന്നത്. ചെറുപ്പത്തില്‍ മസ്ജിദിയിലെ മരം കൊണ്ടുണ്ടാക്കിയ മച്ച് തന്നെ വളരെയധികം ആകര്‍ഷിച്ചിരുന്നതായി അലിസ ഓര്‍ക്കുന്നു. പിന്നീട് താന്‍ വൈസ് പ്രസിഡന്റ് ആയപ്പോഴും ബാള്‍ട്ടിക്കിലെ മസ്ജിദുകളുടെ ഓര്‍മക്ക് അവ അതേപടി നിലനിര്‍ത്തുകയായിരുന്നുവെന്ന് അലിസ പറയുന്നു.

1927-ല്‍ സ്ഥാപിതമായ ബ്രൂക്‌ലിന്‍ മസ്ജിദ് ന്യൂയോര്‍ക്കിലെ ഏറ്റവും പുരാതന മസ്ജിദുകളിലൊന്നാണ്. പക്ഷേ, അവിടെ ദിനേന നമസ്‌കാരമില്ല. ലിത്വാനിയയിലെയും പോളണ്ടിലെയും ബെലറൂസിലെയും താത്താറുകളെ പോലെ ന്യൂനപക്ഷമായ ഇവര്‍ സ്വത്വസംരക്ഷണം അനിവാര്യതയായി കാണുന്നു. ”ഇനിയും ഞങ്ങളുടെ മസ്ജിദുകള്‍ തകരാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സോവിയറ്റ് കാലത്ത് വളരെ രഹസ്യമായാണ് ഞങ്ങള്‍ മസ്ജിദുകള്‍ ഉപയോഗിച്ചിരുന്നത്. 1940-കളിലെ ഇമാമുമാരും സമുദായവും ഞങ്ങളുടെ തലമുറക്ക് വേണ്ടി ഈ മസ്ജിദുകളെ സംരക്ഷിച്ചു നിര്‍ത്തി. ഇനി ഞങ്ങള്‍ക്ക് ബാക്കിയുള്ളത് ഈ മസ്ജിദുകള്‍ മാത്രമാണ്”, തോതോരിയുവിലെ വൃദ്ധ അധ്യാപിക ഫാത്തിമ പറഞ്ഞുനിര്‍ത്തി.

വിവ: അനസ് പടന്ന  

Related Articles