Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലെ ക്രിസ്ത്യാനികള്‍

palestinian-Christians.jpg

ഫലസ്തീനിലെ അറബ് ക്രിസ്ത്യാനികളുടെ വേരുകള്‍ വളരെ ആഴത്തില്‍ ചെന്നെത്തുന്നുണ്ട്. താമസക്കാരായും, തീര്‍ത്ഥാടകരായും എത്തുന്ന വിശ്വാസീ സഹോദരങ്ങളെ സ്വാഗതം ചെയ്തിരുന്ന ജറൂസലേം എല്ലായ്‌പ്പോഴും വളരെ സജീവമായിരുന്നു. അത് അവരുടെ വിശ്വാസത്തെ ഊട്ടിവളര്‍ത്തിയ സോത്രസ്സുകളെ കുറിച്ച് പഠിക്കാന്‍ അവരെ ഓര്‍മപ്പെടുത്തുന്നുണ്ട്.

ഏകദേശം 6 ലക്ഷത്തോളം വരുന്ന ലോകത്തുടനീളമുള്ള ഫലസ്തീനിയന്‍ ക്രിസ്ത്യാനികള്‍ക്ക് പ്രാദേശികമായ വേരുകളുണ്ട്. അവര്‍ അറബി സംസാരിക്കുന്നവരാണ്. മാതൃചര്‍ച്ചുമായി അവരെ ബന്ധിപ്പിക്കുന്ന ഒരു നീണ്ട ചരിത്രവും അവര്‍ക്കുണ്ട്. അവരില്‍ 70 ശതമാനത്തിലധികവും ഫലസ്തീന് പുറത്താണ് ജീവിക്കുന്നത്; ആകെ 50000 ഫലസ്തീനിയന്‍ ക്രിസ്ത്യാനികള്‍ മാത്രമാണ് ഇന്ന് ഫലസ്തീനില്‍ ഉള്ളത്. ഇതില്‍ 47000 പേര്‍ വെസ്റ്റ്ബാങ്കിലും ബാക്കിയുള്ളവര്‍ ഗസ്സയിലുമാണ് ജീവിക്കുന്നത്. അധിനിവിഷ്ഠ ഫലസ്തീനിലെ ആകെ ജനസംഖ്യയുടെ 1.25 ശതമാനം ഇവരാണ്. 2009-ലെ കണക്ക് പ്രകാരം ഇസ്രായേല്‍ അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്ന മൊത്തം ജനസംഖ്യ 4 മില്ല്യനാണ്.

ഫലസ്തീന്‍ ക്രിസ്ത്യാനികളുടെ ഇനം തിരിച്ചുള്ള കണക്ക് ഇവിടെ ചേര്‍ക്കുന്നു: 51 ശതമാനം ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, 33 ശതമാനം ലാറ്റിന്‍ (റോമന്‍ കാത്തലിക്ക്), 5 ശതമാനം പ്രൊട്ടസ്റ്റന്റ്, സിറിയാക്ക്, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് എന്നിവര്‍ 3 ശതമാനം, കോപ്റ്റ്, എത്തോപ്യന്‍, മാറോനൈറ്റ്, മറ്റു ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ 2 ശതമാനം.

ഗ്രീന്‍ ലൈനിന് (ഇസ്രായേല്‍) അകത്ത് ജീവിക്കുന്ന അറബ് ക്രിസ്ത്യാനികളുടെ എണ്ണം 117000 എത്തിയിട്ടുണ്ട്. അതില്‍ ഏകദേശം 66000 പേര്‍ റോമന്‍ കത്തോലിക്കരും, 45000 പേര്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സും, 6000 പേര്‍ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരുമാണ്.

എല്ലാ വിഭാഗങ്ങളും പരസ്പര സ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലും കഴിയുന്നതിന്റെ അടയാളമാണ് ജറൂസലേം. മുസ്‌ലിംകളും ക്രിസ്ത്യാനികളും ആ പൈതൃകം പങ്കിട്ടെടുക്കുന്നു. ബത്ത്‌ലഹേം, ബൈത്ത് ജാലാ, ബൈത്ത് സഹൂര്‍, റാമല്ലാ തുടങ്ങിയടങ്ങളിലെ ക്രിസ്ത്യാനികളെ പോലെ തന്നെ കുടിയേറ്റം എന്ന വളരെ ഗുരുതമായ പ്രശ്‌നത്തിന്റെ ഇരകളാണ് ജറൂസലേമിലെ ക്രിസ്ത്യാനികളും. അവരുടെ പാലായന നിരക്ക് പൊതുവെ മറ്റു ഫലസ്തീന്‍ സമൂഹങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് കാണാന്‍ കഴിയും.

ഉദാഹരണമായി, 1922-ലെ കണക്കനുസരിച്ച് ജറൂസലേമിലെ ക്രിസ്ത്യാനികളുടെ എണ്ണം 14700-ഉം, മുസ്‌ലിംകളുടെ എണ്ണം 13400-ഉം ആയിരുന്നു. 1945-ല്‍ 29350 ക്രിസ്ത്യാനികളും 30600 മുസ്‌ലിംകളും ആയി ഉയര്‍ന്നു. 1947-ലെ ഐക്യരാഷ്ട്രസഭയുടെ വിഭജന പദ്ധതിയുടെ തലേനാള്‍ ഫലസ്തീനില്‍ ഉയര്‍ന്ന വന്ന യുദ്ധാന്തരീക്ഷത്തെ തുടര്‍ന്നുണ്ടായ കാരണങ്ങളാല്‍ ജറൂസലേമിലെ ക്രിസ്ത്യാനികളുടെ എണ്ണം 27000 ആയി താഴ്ന്നു. രണ്ടായിരമാണ്ടോടു കൂടി ജറൂസലേമിലെ ക്രിസ്ത്യാനികളുടെ എണ്ണം ഏകദേശം ഒരു ലക്ഷമെങ്കിലും എത്തേണ്ടതായിരുന്നു, പക്ഷെ അവരുടെ എണ്ണം 12000-പോലും കടന്നില്ല. ഇന്ന് ആകെ പതിനായിരത്തോളം പേര്‍ മാത്രമാണ് അവിടെ ഉള്ളത്.

1948-ല്‍ പടിഞ്ഞാറന്‍ ജറൂസലേമിലെ 50 ശതമാനം ക്രിസ്ത്യാനികള്‍ക്കും അവരുടെ വീടുകള്‍ നഷ്ടപ്പെട്ടു. പിന്നീട്, 1967-ലെ അധിനിവേശത്തിന് ശേഷം ക്രിസ്ത്യാനികളുടെ കൈവശമുണ്ടായിരുന്നതില്‍ 30 ശതമാനം ഭൂമി ഇസ്രായേല്‍ പിടിച്ചെടുത്തു. ഈ ഘടകങ്ങളെല്ലാം നിരന്തരം ക്ഷയിച്ച് കൊണ്ടിരിക്കുന്ന ഒരു സമൂഹമായി ഫലസ്തീന്‍ ക്രിസ്ത്യാനികളെ മാറ്റുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്.

ഫലസ്തീന്‍ സമൂഹം മൊത്തത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെല്ലാം തന്നെ ഫലസ്തീന്‍ ക്രിസ്ത്യാനികളും അഭിമുഖീകരിക്കുന്നുണ്ട്. അതിന്റെ കൂടെ തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള ചില പ്രത്യേക വെല്ലുവിളികള്‍ അവര്‍ നേരിടുന്നുണ്ട്.

സ്വന്തം രാജ്യത്ത് നിന്നുള്ള പാലായനം ആളെണ്ണം കുറക്കുന്നതിലേക്ക് നയിക്കുകയും, ഒരു ചര്‍ച്ചിനുള്ളില്‍ തന്നെയുള്ള ബന്ധങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അതുപോലെ തന്നെ മറ്റു ചര്‍ച്ചുകളുമായും, വിശാല സമുദായവുമായുള്ള ബന്ധങ്ങളിലും അത് മാറ്റങ്ങള്‍ വരുത്തി. ഫലസ്തീന്‍ സമൂഹത്തെ മൊത്തത്തില്‍ എടുത്താല്‍ ജനന നിരക്കിന്റെ കാര്യത്തില്‍ വളരെ താഴെയാണ് അറബ് ക്രിസ്ത്യാനികള്‍ എന്ന് കാണാന്‍ കഴിയും.

അധിനിവിഷ്ട ഫലസ്തീന് പുറത്തുള്ള ഫലസ്തീന്‍ ക്രിസ്ത്യാനികളുടെ എണ്ണം ഏകദേശം 3 മില്ല്യണ്‍ വരും. അറബ് ലോകത്തെ മൊത്തെ ക്രിസ്ത്യാനികളുടെ എണ്ണത്തിന്റെ 31 മുതല്‍ 22.6 ശതമാനം വരെ ഇത് വരും. മിഡിലീസ്റ്റിലെ അറബ് ക്രിസ്ത്യാനികള്‍ പാലായനം ചെയ്യാനുള്ള വളരെ ശക്തമായ പ്രവണത കാണിക്കുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

റോമന്‍ കാത്തലിക്ക് ചര്‍ച്ചിനെ പോലെ തന്നെ അസീറിയന്‍, അര്‍മീനിയന്‍, സിറിയാക്ക്, മാറോനൈറ്റ് ചര്‍ച്ചുകളും പാലായനത്തിന്റെ ഫലമായി ഒരുപാട് ദുരിതങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.

ചാള്‍ഡിയന്‍സിനെ സംബന്ധിച്ചിടത്തോളം, ഇറാഖിലെ നിലവിലെ പ്രശ്‌നകലുഷിതാവസ്ഥ രാജ്യത്തിന് അകത്തും പുറത്തും അവരെ അഭയാര്‍ത്ഥികളാക്കി മാറ്റി.

ജൂതവല്‍ക്കരണവും, ഭൂമി പിടിച്ചെടുക്കലുമാണ് ഫലസ്തീന്‍ ക്രിസ്ത്യാനികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ ഭീഷണി. പ്രത്യേകിച്ച് 1967-ലെ ഇസ്രായേല്‍ അധിനിവേശത്തിന് ശേഷം. ബൈത്ത് ജാലയില്‍ ജൂത കുടിയേറ്റക്കാര്‍ക്ക് പാര്‍പ്പിട കേന്ദ്രം നിര്‍മിക്കുന്നതിന് വേണ്ടി 11000 ഏക്കര്‍ ഒലീവ് കൃഷിയിടം പിടിച്ചെടുത്ത ഇസ്രായേല്‍ അധികൃതരുടെ നടപടി അതിനൊരു തെളിവാണ്. ബത്ത്‌ലഹേമിലും ജറൂസലേമിലും സ്ഥിതി ചെയ്യുന്ന ജൂത പാര്‍പ്പിട കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന, ജൂത കുടിയേറ്റക്കാര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന പ്രത്യേക ഹൈവേകള്‍ നിര്‍മിക്കുന്നതിനായി ഫലസ്തീന്‍ ക്രിസ്ത്യാനികളുടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇസ്രായേല്‍ അധിനിവേശ സര്‍ക്കാര്‍ പിടിച്ചെടുത്തിട്ടുള്ളത് എന്ന വസ്തുത ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles