Current Date

Search
Close this search box.
Search
Close this search box.

പോപ്പ് നല്‍കുന്ന വലിയ പാഠം

ഞാനൊരു ക്രിസ്ത്യനല്ല. എന്നാല്‍ പോപ് ബനഡിക്ട് പതിനാറാമന്റെ ആത്മീയ സ്ഥാനവും ചരിത്രപരമായ വ്യാഖ്യാനങ്ങളുമായി ബന്ധപ്പെട്ട് ആശയപരവും രീതിശാസ്ത്രപരവുമായ വിഷയങ്ങളില്‍ നിരന്തരമായി ശ്രദ്ധിച്ചിരുന്നു.

ഞങ്ങള്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ പരസ്പരം കണ്ടുമുട്ടിയിട്ടുണ്ട്.ആദ്യം അദ്ദേഹം പോപ്പ് ആകുന്നതിനു മുന്‍പ് ജോസഫ് കര്‍ദിനാള്‍ റാറ്റ് സിംഗര്‍ ആയിരിക്കുമ്പോള്‍. രണ്ടാം തവണ കണ്ടു മുട്ടുന്നത് അദ്ദേഹം പോപ്പായതിനു ശേഷം റോമില്‍ വച്ച് മത താരതമ്യ ചര്‍ച്ചയില്‍ പ്രതിനിധിയായി പങ്കെടുത്ത സന്ദര്‍ഭത്തിലും. ഞാന്‍ അദ്ദേഹത്തെ വളരെ വിശദമായി വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ വളരെ ശ്രദ്ധിച്ച് കേട്ടിട്ടുമുണ്ട്.
്അദ്ദേഹത്തിന്റെ അറിവും ബുദ്ധികൂര്‍മതയും എന്നില്‍ വലിയ താല്‍പര്യം ഉണ്ടാക്കിയിട്ടുണ്ട്. വളരെ ശാന്തനും എല്ലാവരുമായും അകലം പാലിച്ചു നില്‍ക്കുന്നയാളുമായിരുന്നുവെങ്കിലും മാന്യതയും നന്മയുമായിരുന്നു അദ്ദേഹം പ്രകാശിപ്പിച്ചിരുന്നത്. വളരെ ആഴത്തിലുളള അഭിപ്രായ വ്യത്യാസങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ബുദ്ധിശക്തിയെയും ധീരതയെയും ഞാന്‍ എപ്പോഴും ആദരിച്ചിരുന്നു. തന്റെ ആശയങ്ങള്‍ വ്യക്തതയോടെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം ഒരിക്കലും പകച്ചു നിന്നിട്ടില്ല. പോപ്പ് എന്ന അര്‍ഥത്തില്‍ പ്രതീക്ഷാ നിര്‍ഭരമായ സംസാരങ്ങള്‍ക്കപ്പുറം പലപ്പോഴും മതകീയ കടും പിടുത്തങ്ങളും സങ്കുചിത കാഴ്ചപ്പാടുകളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ സംസാരങ്ങള്‍ എന്നാണ് തോന്നുന്നത്.
ഇന്ന് അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളും പ്രായവും മുന്നില്‍ വച്ച് നാം തിരിച്ചറിയുന്നു അദ്ദേഹം രാജിവച്ചിരിക്കുന്നു എന്ന്. തന്റെ മുന്‍ഗാമികളുടെ അവസാന വര്‍ഷത്തെ ബുദ്ധിമുട്ടുകള്‍ ഇപ്പോള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരിക്കാം. അദ്ദേഹത്തിന്റെ തീരുമാനം തീര്‍ച്ചയായും ആദരവര്‍ഹിക്കുന്നു. മൊത്തം ലോകത്തിനും പ്രത്യേകിച്ച് ചര്‍ച്ചിനും ഒരുപാട് പാഠങ്ങള്‍ നല്‍കുന്നതായിരുന്നു അത്. തങ്ങളുടെ പരിധികള്‍ തിരിച്ചറിയാനും വിധിയുടെ നിര്‍ബന്ധിതാവസ്ഥയില്‍ അധികാരം ഒഴിയുന്നതിനു പകരം സമയമെത്തുമ്പോള്‍ ഒഴിഞ്ഞു പോകുകയെന്ന വലിയ പാഠം.
പോപ്പ് നല്‍കാനുദ്ദേശിച്ച സന്ദേശം ചര്‍ച്ച് ഏറ്റെടുക്കുമോ? വിവരവും ബുദ്ധിശക്തിയുമുളള ചെറുപ്പക്കാരിലേക്ക് നേതൃത്വം കൈമാറാന്‍ ലോക നേതാക്കള്‍ സന്നദ്ധമാകുമോ? നമ്മുടെ ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ യഥാര്‍ഥത്തില്‍ നാം എല്ലായ്‌പ്പോഴും കഴിവുളളവരല്ലെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടതില്ലേ? മത മതേതര പക്ഷത്തുളള എല്ലാവര്‍ക്കും വളരെ വിലപ്പെട്ട ഒരു പാഠമാണിത്. മുസ്‌ലിമെന്നോ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന പാഠം. പ്രത്യേകിച്ച് നമ്മുടെ പരിധികളെക്കുറിച്ച് നാം അത്രമാത്രം ബോധവാന്‍മാരല്ലെന്നിരിക്കെ, നാം വേണ്ടത്ര വിനയമുളളവരല്ലെന്നിരിക്കെ. ഒരു വിജയം വരിച്ച ജീവിതം അളന്നെടുക്കാനുളള ഏറ്റവും നല്ല മാര്‍ഗം നാം എത്ര മാത്രം ത്യാഗസന്നദ്ധരാണ് എന്നത് കൂടിയാണ്.

വിവ: അതീഖുറഹ്മാന്‍

Related Articles