Current Date

Search
Close this search box.
Search
Close this search box.

പീഢനം: യഥാര്‍ത്ഥത്തില്‍ നാമും കുറ്റവാളികളല്ലേ?

ബലാല്‍സംഗക്കേസുകളിലെ പ്രതികള്‍ക്ക് നല്‍കേണ്ട ശിക്ഷാവിധികളെക്കുറിച്ച ചര്‍ച്ചയാല്‍ മുഖരിതമാണ്് നമ്മുടെ ഭരണ-രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങള്‍. ആഴ്ചകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നടന്ന ക്രൂരമായ കൂട്ടബലാല്‍സംഗം ഈയര്‍ത്ഥത്തിലുള്ള ഗൗരവാര്‍ഹമായ ചര്‍ച്ചകള്‍ക്കും, നിരീക്ഷണങ്ങള്‍ക്കും ഹേതുവായിത്തീര്‍ന്നിരിക്കുന്നു. മത-രാഷ്ട്രീയ മേഖലകളില്‍ നിന്നും, സാംസ്‌കാരിക തലങ്ങളില്‍ നിന്നും സംഭവത്തെ ശക്തമായി അപലപിച്ചും, അവ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള വഴികളാരാഞ്ഞുമുള്ള പ്രസ്താവനകള്‍ പുറത്ത് വന്ന് കൊണ്ടേയിരിക്കുന്നു. എന്തിനേറെ പറയുന്നു, ഇന്ത്യന്‍ സമൂഹത്തില്‍ സിനിമാ വ്യവസായത്തിന് ചുക്കാന്‍ പിടിക്കുന്ന ബോളിവുഡ് പോലും സംഭവത്തില്‍ അമര്‍ഷം രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ പ്രതികരണങ്ങളൊക്കെയും ‘ബോധവും മനസാക്ഷി’യുമുണ്ടെന്ന് അവകാശപ്പെടുന്ന നമ്മുടെ ജനത അഭിമാനത്തോടെ ഹൃദയംഗമായി സ്വീകരിക്കുകയും, അപലപിച്ചവരുടെ സുമനസ്സിനെ പ്രശംസിക്കുകയും ചെയ്തിരിക്കുന്നു. ബലാല്‍സംഗത്തിനെതിരെ പ്രതിഷേധം നടത്തിയ സാംസ്‌കാരിക-രാഷ്ട്രീയ നേതൃത്വത്തില്‍ തന്നെ ഒരു വിഭാഗം പീഢനക്കേസുകളിലെ പ്രതികളാണെന്നും, ബോളിവുഡ് തുറന്ന് വിടുന്ന അശ്ലീല-ആഭാസകര ചിത്രങ്ങളും ചലചിത്രങ്ങളും അവക്ക് നേര്‍ക്കുനേര്‍ പ്രേരകമാണെന്നുമുള്ള കാര്യം ‘ഉല്‍ബുദ്ധ ജനത’ അറിഞ്ഞ് കൊണ്ട് വിസ്മരിച്ചതാവാനേ വഴിയുള്ളൂ.

പീഢനപ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാവാന്‍ വഴിയില്ല. എന്നാല്‍ പ്രതിയെ സൃഷ്ടിച്ചെടുക്കുന്ന സാമൂഹിക സാഹചര്യവും, ആവശ്യമായ പ്രേരണയും ആരാണ് രൂപപ്പെടുത്തിയതെന്ന ചോദ്യം ചിന്തോദ്ദീപകമാണ്. തീര്‍ത്തും സദാചാരപരവും, ധാര്‍മികവുമായ ജീവിതം നയിക്കാന്‍ തുനിഞ്ഞിറങ്ങുന്ന പൗരന്‍ പോലും വഴിതെറ്റിപ്പോവുന്ന അരാചകത്വ സാമൂഹികക്രമം താനെ രൂപപ്പെട്ടതാണെന്ന് ബുദ്ധിയുള്ളവരാരും വിശ്വസിക്കുകയില്ലല്ലോ.

‘ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയുടെ ദ്വാരമടച്ചാണ് റൂമില്‍ വിശ്രമിക്കേണ്ടതെന്ന്’ സാധാരണ പറയാറുണ്ട്. നമ്മുടെ സമൂഹം ആകെ ചോര്‍ന്നൊലിക്കുകയാണ്. ഒന്നല്ല, ഒരുപാട് കനത്ത ദ്വാരങ്ങള്‍ തന്നെയാണ് അതിന് ബാധിച്ചിരിക്കുന്നത്. വസ്ത്രധാരണം, ചിത്രം, ചലചിത്രം, ഗാനം, സംസാരം തുടങ്ങിയ എല്ലാ സംവിധാനങ്ങളും അശ്ലീലതയുടെ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ടിരിക്കുന്നു. കുടപിടിച്ചത് കൊണ്ട് താല്‍ക്കാലികമായി ചില ചില്ലറ പരിക്കോടെ രക്ഷപ്പെട്ടേക്കാം. പക്ഷെ, പൂര്‍ണമായ സുരക്ഷക്ക് മേല്‍ക്കൂര മാറ്റുകയേ നിര്‍വാഹമുള്ളൂ.

ഡല്‍ഹിയിലോ, ബംഗളൂരിലോ നടക്കുന്ന കാര്യങ്ങളെക്കുറിച്ചല്ല നാം ചിന്തിക്കേണ്ടത്. നമ്മുടെ വീട്ടില്‍, കുടുംബത്തില്‍, സന്താനങ്ങളില്‍ എന്നല്ല നമ്മില്‍ തന്നെയും കാണുന്ന പല പ്രവണതകളും പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടവയാണ്. ശരീരം മറഞ്ഞാല്‍ ‘ഇസ്‌ലാമിക വസ്ത്ര’മായിരിക്കുന്നുവെന്നും, നായികയുടെയോ, കാമുകിയുടെയോ നാമം പ്രവാചക പത്‌നിയുടേതോ, മകളുടേതോ ആയാല്‍ ഏത് പൈങ്കിളി ആല്‍ബവും, ചലചിത്രവും മൂല്യവത്തായെന്നും ചിന്തിക്കുന്നേടത്താണ് നമ്മുടെ അപചയം. ഏറ്റവും നേരിയതും എന്നാല്‍ ഇറുകിയതുമായ വസ്ത്രങ്ങളും, അരക്ക് താഴെ ഊര്‍ന്ന് പോവുമെന്ന് ഭയപ്പെടുന്ന പാന്റ്‌സുകളും ഹിജാബിന്റെയും പര്‍ദ്ദയുടെയും ഫാഷനുകളുടെയും പേരില്‍ നമുക്ക് അനുവദനീയമായത് അതിന്റെ ഫലമായിരുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട പ്രവാചക വചനങ്ങള്‍ ഉദ്ധരിക്കേണ്ടതില്ല എന്നാണ് തോന്നുന്നത്.

പരസ്യമായി ഉച്ചരിക്കാന്‍ അറച്ചിരുന്ന, നാണിച്ചിരുന്ന പദങ്ങളും പ്രയോഗങ്ങളുമാണ് നമ്മുടെ കുഞ്ഞുമക്കള്‍ മാപ്പിളപ്പാട്ടിന്റെ പേരില്‍ സദസ്സിലും വീട്ടിലും വെച്ച് പരസ്യമായും രഹസ്യമായും ഉരുവിട്ട് കൊണ്ടിരിക്കുന്നത്. ഇസ്‌ലാം ഒരു നിലക്കും അനുവദിക്കാത്ത, ഹറാമാണെന്ന കാര്യത്തില്‍ സംശയം പോലുമില്ലാത്ത ഈ ഗാനങ്ങള്‍ നമ്മുടെ സമൂഹം ആകെ പുല്‍കിയതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്.

അശ്ലീല ചിത്രങ്ങളും, വീഡിയോകളും കണ്‍മുന്നില്‍ പ്രതിഷ്ടിച്ചതിന് ശേഷം നിങ്ങളത് നോക്കുകയോ കാണുകയോ ചെയ്യരുതെന്ന് പറയുന്നതിലെ വിരോധാഭാസം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മദ്യവും മയക്കുമരുന്നും മുമ്പത്തേക്കാളേറെ സജീവമാണ്. കുട്ടികളെ പ്രത്യേകമായി കേന്ദ്രീകരിച്ച് അവക്ക് അടിപ്പെടുത്താനും, വിപണി സജീവമാക്കാനും പണിയെടുക്കുന്നവര്‍ മറുവശത്തും.

തിന്മക്കും, തോന്നിവാസത്തിനുമുള്ള സകലമാന മാര്‍ഗമങ്ങളും തുറന്ന് വെച്ച് അരുത് നിങ്ങള്‍ ചെയ്യരുത് എന്ന് പറയുന്നതിലെയും, ചെയ്യുന്നവനെ തൂക്കിലേറ്റുകയോ, വീണ്ടും കൊല്ലുകയോ വേണമെന്ന് വാദിക്കുന്നതിലെയും അബദ്ധം സുവ്യക്തമാണ്. തിന്മകളെ നിരോധിക്കുമ്പോള്‍ അതിലേക്കുള്ള വഴി കൂടി മുറിച്ച് കളയുന്ന ഇസ്‌ലാമികാധ്യാപനങ്ങളുടെ പ്രസക്തി ഇവിടെയാണ് നാം തിരിച്ചറിയേണ്ടത്. മദ്യം നിരോധിച്ച പ്രവാചകന്‍ സമൂഹത്തോട് പറഞ്ഞത് മദ്യത്തെയും, അത് കുടിക്കുന്നവനെയും,  ഒഴിച്ച് കൊടുക്കുന്നവനെയും, വില്‍ക്കുന്നവനെയും, പിഴിയുന്നവനെയും, വഹിക്കുന്നവനെയും ശപിച്ചിരിക്കുന്നുവെന്നാണ്. ഇസ്‌ലാം നിരോധിച്ച ഒട്ടേറെ കാര്യങ്ങളില്‍ ഈ നയം നമുക്ക് കാണാവുന്നതാണ്. ഒരു നിലക്കും പ്രസ്തുത തിന്മയോട് അടുക്കാന്‍ ഇടവരാത്ത, സഹകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത വിലക്കുകളും പ്രയോഗങ്ങളുമാണ് അവിടങ്ങളിലുള്ളത്.

വ്യഭിചാരത്തിന്റെ കാര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ നടത്തിയ പ്രയോഗവും അര്‍ത്ഥവത്താണ്. വ്യഭിചരിക്കരുതെന്ന് പറയുന്നതിന് പകരം അതിനോട് അടുക്കരുതെന്നാണ് ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചത്. മേല്‍സൂചിപ്പിച്ച അശ്ലീലത നിറഞ്ഞ നമ്മുടെ സാമൂഹിക സാഹചര്യം വ്യഭിചാരത്തോട് അടുത്ത് നില്‍ക്കുന്നതാണെന്നത് ദൗര്‍ഭാഗ്യകരമാണ്. അതിലേക്ക് നയിക്കുന്ന, ക്ഷണിക്കുന്ന, വിളിക്കുന്ന, പ്രസ്തുത വികാരം ഉത്തേജിപ്പിക്കുകയും ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നവയാണ് നമ്മുടെ ചുറ്റുപാട്. ‘ഒരു മനുഷ്യന്‍ തനിക്കിഷ്ടപ്പെട്ട സ്ത്രീക്ക് വേണ്ടി വഴിയോരത്ത് പായ വിരിക്കുന്ന സാഹചര്യം ആഗതമാവുന്നത് വരെ ഈ സമൂഹം നശിച്ച് പോവുകയില്ല. അക്കാലത്തെ ഏറ്റവും നല്ലവന്റെ പ്രതികരണം ഇങ്ങനെയായിരിക്കും. ‘നീയവളെ ആ മതിലിനപ്പുറത്തേക്ക് കൊണ്ട് പോയാലും” എന്ന് നബി തിരുമേനി (സ) പ്രവചിച്ച അങ്ങേയറ്റം അശ്ലീലത നിറഞ്ഞ തലമുറയാണോ ഇതെന്ന് ഒരു പക്ഷെ നാം സംശയിച്ചേക്കും.

കാരണങ്ങള്‍ കണ്ടെത്തി അവയെ ചികിത്സിക്കുമ്പോഴാമ് രോഗം പരിപൂര്‍ണമായി ഭേദപ്പെടുക. പുറമെ കാണുന്ന ചൊറിയും ചുരങ്ങും വെട്ടിക്കളഞ്ഞത് കൊണ്ടായില്ല, മര്‍മമറിഞ്ഞ് ചികിത്സ നടത്തിയാലേ നാമുദ്ദേശിക്കുന്ന ഫലം ലഭ്യമാവുകയുള്ളൂ. പ്രായപൂര്‍ത്തിയെത്തിയവരെ പരമാവധി നേരത്തെ തന്നെ വിവാഹം കഴിപ്പിക്കലും, മൂല്യവും സദാചാരവും അവര്‍ക്ക് പകര്‍ന്ന് നല്‍കലും, അശ്ലീലതയുടെയും അനാശാസ്യത്തിന്റെയും വഴികളും മാര്‍ഗങ്ങളും അവര്‍ക്ക് മുന്നില്‍ ഭദ്രമായി അടച്ച് വെക്കലുമാണ് നമ്മുടെ ബാധ്യത.  

Related Articles