Current Date

Search
Close this search box.
Search
Close this search box.

പര്‍ദ്ദയില്‍ സുരക്ഷിതയായി ബ്രിട്ടനിലെ വനിതാ പോലീസ്

ഇരുപത്തിയെട്ടുകാരിയായ ജൈനി, ബ്രിട്ടണിലെ ഒരു വനിതാ കോണ്‍സ്റ്റബിളാണ്. രണ്ടു കുട്ടികളുടെ മാതാവായ ഇവര്‍ പൊതുവെ ഒരു മതത്തെകുറിച്ചും കാര്യമായി അന്വേഷിച്ചിരുന്നില്ല. സ്ത്രീകളെ പീഡിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന മതമായാണ് ഇസ്‌ലാമിനെകുറിച്ച അവരുടെ അറിവ്. ഇസ്‌ലാം സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുന്നുവെന്നതായിരുന്നു ആകെക്കൂടി ഇവര്‍ ധരിച്ചുവെച്ചിരുന്നത്. ഇതിന്നിടയിലാണ് സാല്‍ഫോര്‍ഡിലെ എക്കള്‍സില്‍ നടന്ന ഒരു ഗാര്‍ഹികാക്രമണ കേസിലെ ഇരയെ സഹായിക്കേണ്ട അവസരമെത്തിയത്. സംഭവത്തോടെ ഇസ്‌ലാമിനെ അറിയാനുള്ള താല്പര്യം ഉടലെടുക്കുകയായിരുന്നു. അങ്ങനെയാണ് മറ്റു മുസ്‌ലിം സ്ത്രീകളുമായി ട്വിറ്റര്‍ വഴി സംവദിക്കാനാരംഭിച്ചത്.
 
വലിയ മുസ്‌ലിം ജനസംഖ്യയും വലിയൊരു മുസ്‌ലിം പള്ളിയുമുള്ള പ്രദേശമായിരുന്നു തന്റെ ജോലി സ്ഥലമായ എക്കള്‍സ്. അതിനാല്‍ തന്നെ ഇസ്‌ലാമിനെകുറിച്ചു കൂടുതല്‍ പഠിക്കാന്‍ സാധിക്കുമെന്ന് അവര്‍ മനസ്സിലാക്കി. ഈ ബന്ധങ്ങള്‍ അവസാനം അവരെ ഇസ്‌ലാമിലെത്തിക്കുകയും, ഏപ്രിലില്‍ ശഹാദ ചൊല്ലി മുസ്‌ലിമായി തീരുകയും ചെയ്തു. ആമിനയെന്നാണ് പുതുതായി അവര്‍ സ്വീകരിച്ച പേര്‍.

മറ്റുള്ളവരോട് മഹാമനസ്‌കതയും സഹാനുഭൂതിയും ആദരവും വെച്ചു പുലര്‍ത്തുന്ന ഒരു മതമാണ് ഇസ്‌ലാമെന്ന് ഇപ്പോള്‍ താന്‍ മനസ്സിലാക്കിയിരിക്കുന്നു എന്നാണ് അവര്‍ പറയുന്നത്. പരിശോധനയില്‍, കത്തോലിക്കാ മതത്തിലെ പല നല്ല ഗുണങ്ങളും അതില്‍ കണ്ടെത്തുകയുണ്ടായത്രെ. തന്റെ ഇസ്‌ലാം സ്വീകരണ തീരുമാനത്തെ സഹപ്രവര്‍ത്തകരും കുടുംബവും സ്വാഗതം ചെയ്യുകയായിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു. ‘സഹപ്രവര്‍ത്തകര്‍ എന്തു കരുതുമെന്ന് ആദ്യം വിഷമം തോന്നിയിരുന്നു. പക്ഷെ, അവര്‍ കാര്യം മനസ്സിലാക്കാന്‍ കഴിയുന്നവരായിരുന്നു.’ ജൈനി പറയുന്നു.

‘എക്കള്‍സിലെ ആളുകളും വളരെ വലിയവരായിരുന്നു. കുടുംബം മൊത്തം പിന്തുണക്കുന്നു. ഞാന്‍ സന്തോഷവതിയായിരിക്കുവോളം അവരും സന്തുഷ്ടരാണ്.’ ജൈനി അഭിമാന പൂര്‍വം അനുസ്മരിക്കുന്നു. എന്നെ കണ്ടതില്‍ വെച്ച് ഏറ്റവും സന്തുഷ്ടയാണിപ്പോള്‍ ഞാനെന്നാണ് സഹോദരി ഒരിക്കല്‍ പറഞ്ഞത്.
ഇസ്‌ലാമിനെ വായിക്കുകയും പഠിക്കുകയും ചെയ്യുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന ഇവര്‍, പക്ഷെ തന്റെ വിശ്വാസം തന്റെ രണ്ടു കുട്ടികളില്‍ അടിച്ചേല്‍പിക്കാനുദ്ദേശിക്കുന്നില്ല. ‘മുടി മറക്കുന്നതിനെ കുട്ടികള്‍ എതിര്‍ത്തിരുന്നുവെങ്കില്‍ താനത് ചെയ്യുമായിരുന്നില്ല എന്നാണിവര്‍ പറയുന്നത്. അതിനെകുറിച്ച് അവര്‍ ധാരാളം ചോദിക്കുകയുണ്ടായി. പക്ഷെ, ഞാനവരില്‍ ഇസ്‌ലാമിനെ തള്ളിക്കയറ്റുകയില്ല, അവര്‍ കത്തോലിക്കരായി തന്നെ വളരട്ടെ’.
മുഹമ്മദ് മന്‍സൂര്‍ എന്നൊരാളാണ് ഇസ്‌ലാമിനെകുറിച്ച് കൂടുതല്‍ പഠിക്കാനവര്‍ക്ക് സഹായിയായത്. ജൈനിയുടെ അന്വേഷണം, തന്റെ ഇസ്‌ലാമിക ജ്ഞാനം വര്‍ദ്ധിപ്പിക്കുകയാണുണ്ടായതെന്നു മുഹമ്മദ് മന്‍സൂര്‍ വിനയത്തോടെ ഓര്‍ക്കുന്നു.
തന്റെ ഇസ്‌ലാമാശ്ലേഷം, ഇസ്‌ലാമിനെയും മുസ്‌ലിംകളെയുംകുറിച്ച തെറ്റിദ്ധാരണകളകറ്റാന്‍ സഹായകമായിരിക്കുമെന്നാണ് ജൈനിയുടെ പ്രതീക്ഷ. മാത്രമല്ല, മുസ്‌ലിം സ്ത്രീകള്‍ക്ക് പൊലീസില്‍ ജോലി ചെയ്യാമെന്നും, ഇസ്‌ലാമിനെകുറിച്ച തെറ്റായ മുദ്ര മാറ്റാന്‍ കഴിയുമെന്നുമാണ് പര്‍ദ്ദ ധരിച്ചു കൊണ്ട് പട്രോളിന്നിറങ്ങുന്ന ജൈനി എന്ന ആമിന ഉറക്കെ പ്രഖ്യാപിക്കുന്നത്.

Related Articles