Current Date

Search
Close this search box.
Search
Close this search box.

ദ സ്‌ക്വയര്‍; വിപ്ലവത്തിന്റെ ക്യാമറാസാക്ഷ്യം

the-square.jpg

ഈജിപ്തില്‍ അറബ് വസന്തത്തിന്റെ ചാലക ശക്തി ആരായിരുന്നു; ഇസ്‌ലാമിസ്റ്റുകളോ സെക്യുലറിസ്റ്റുകളോ എന്നിങ്ങനെയുള്ള ചര്‍ച്ചകളിലൂടെ നാമേറെ കടന്ന് പോയിട്ടുണ്ട്.. വസന്തമല്ല ശിശിരമാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന തരത്തിലുള്ള വിശകലനങ്ങളും നടന്നു വരുന്നു. വിപ്ലവത്തെ കുറിച്ച് ധാരാളം പുസ്തകങ്ങളും സിനിമകളുമെല്ലാം ഇറങ്ങി. എന്നാല്‍ വിപ്ലവത്തിന്റെ സമയത്ത് ഇസ്‌ലാമിസ്റ്റുകള്‍, സെക്യുലറിസ്റ്റുകള്‍, പ്രക്ഷോഭകാരികള്‍ എന്നിവര്‍ തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നുവെന്നും മുബാറകിനെതിരെ ഒരുമിച്ച് നിന്നവര്‍ എങ്ങനെയാണ് തുടര്‍ന്നുള്ള രണ്ടര വര്‍ഷത്തിനുള്ളില്‍ രണ്ടു പക്ഷത്തായതെന്നും പട്ടാളത്തിന് എങ്ങനെയാണ് അധികാരം കയ്യാളാന്‍ കഴിഞ്ഞതെന്നുമുള്ള കാര്യങ്ങളെ പറ്റിയുള്ള സൂക്ഷ്മ വിവരങ്ങള്‍ നമുക്കധികം ലഭ്യമായിട്ടില്ല. ആ കുറവ് ഒരു പരിധി വരെ പരിഹരിക്കാന്‍ നമ്മെ സഹായിക്കും ഈജിപ്ഷ്യന്‍ അമേരിക്കന്‍ സംവിധായിക ജെഹാനെ നുജൈം സംവിധാനം നിര്‍വഹിച്ച ‘ദ സ്‌ക്വയര്‍’ എന്ന ഡോക്യു ഫിലിം. 2011 ജനുവരി ഇരുപത്തി അഞ്ചിന് വിപ്ലവം തുടങ്ങി 2013 ജൂണ്‍ മുപ്പതിന് മുര്‍സി അട്ടിമറിക്കപ്പെടുന്ന വരെയുള്ള രണ്ടര വര്‍ഷകാലം ജനാധിപത്യ പ്രക്ഷോഭകാരികളുടെ കൂടെ നിന്ന് ചിത്രീകരിച്ച ചിത്രം, അറബ് വസന്തത്തെ പറ്റിയും മിഡില്‍ ഈസ്റ്റിനെ പറ്റിയും പഠിക്കുന്നവരും വായിക്കുന്നവരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ്.

പ്രക്ഷോഭകാരികളില്‍ ഒരാളായ അഹ്മദ് ഹസ്സന്റെ കാഴ്ചപ്പാടിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 2011 ജനുവരി 25 ന് തഹ്‌രീര്‍ ചത്വരത്തിലേക്ക് പോകുന്ന അഹ്മദ്, മുസ്‌ലിം ബ്രദര്‍ ഹുഡ് പ്രവര്‍ത്തകനായ മഗ്ദി അശൂറിനെയും, ഹോളിവുഡ് ചിത്രം ‘കൈറ്റ് റണ്ണര്‍’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഈജിപ്ഷ്യന്‍ നടന്‍ ഖാലിദ് അബ്ദുള്ള, വിപ്ലവത്തിന്റെ സംഗീത മുഖം എന്നറിയപ്പെടുന്ന റാമി എസ്സാം, ഫെമിനിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഐദ എന്നിവരെ കണ്ടു മുട്ടുന്നു. ഇവര്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയും വിപ്ലവത്തിന്റെ നാള്‍വഴികളിലൂടെ പുരോഗമിക്കുന്ന ചിത്രത്തില്‍ ഇവരുടെ വ്യക്തി ജീവിതവും കുടുംബവുമെല്ലാം കടന്നു വരുന്നുണ്ട്. മുബാറകിനെതിരെയും മുര്‍സികെതിരെയും നിലകൊണ്ട പ്രക്ഷോഭ കാരികളുടെ നിലപാട് എന്ത് എന്ന് നമുക്കീ ചിത്രത്തിലൂടെ ബോധ്യമാവും. വിപ്ലവത്തിന്റെ പിതൃത്വത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയില്‍ നമുക്ക് ലഭിക്കാതെ പോയതും അവരുടെ നിലപാടുകള്‍ തന്നെയാണ്.
 

സെക്യുലറിസ്റ്റുകള്‍ക്കും പ്രക്ഷോഭകാരികള്‍ക്കും വിപ്ലവത്തിനും മുന്‍പേ നിലവിലുള്ള മുസ്‌ലിം ബ്രദര്‍ഹുഡിനോടുള്ള അവിശ്വാസവും മുന്‍ധാരണയും ഇഖ്‌വാന്റെ തന്നെ നയപരമായ പാളിച്ചകളും എങ്ങനെയാണ് സൈന്യത്തിന് ഈജിപ്തിന്റെ അധികാരം കയ്യടക്കാന്‍ സഹായിച്ചതെന്ന് ചിത്രം പറയുന്നു. തഹ്‌രീര്‍ സ്‌ക്വയറിലേക്ക് പോകരുതെന്ന ഇഖ്‌വാന്‍ നിലപാടിന് വിരുദ്ധമായി ഒരു വിപ്ലവകാരിയെന്ന നിലയില്‍ പ്രക്ഷോഭകരികളോടൊപ്പം നില്‍ക്കുന്ന, പ്രക്ഷോഭകാരികള്‍ മുര്‍സി ഭരണകൂടം തയ്യാറാക്കിയ ഭരണഘടനയോട് പുലര്‍ത്തുന്ന വിയോജിപ്പുകളും വിമര്‍ശനങ്ങളും അംഗീകരിക്കുന്ന ഇഖ്‌വാനിയായ മഗ്ദിയെ നമുക്ക് ചിത്രത്തില്‍ കാണാം. ഒരു ഘട്ടത്തില്‍ അഹ്മദ് ഹസ്സനും ഖാലിദ് അബ്ദുല്ലയുമെല്ലാം ‘തങ്ങള്‍ക്ക് ഇല്ല എന്ന് പറയാന്‍ മാത്രമേ അറിയൂ, രാഷ്ട്രീയം നമുക്ക് അറിയില്ല’ എന്നും മുബാറകിനും മുര്‍സിക്കും ബദല്‍ മുന്നോട്ട് വെക്കുന്നില്ലെന്നും സ്വയം വിമര്‍ശനം നടത്തുന്നുണ്ട്. മുബാറകിനെ താഴെ ഇറക്കിയ ഉടനെ തഹ്‌രീര്‍ സ്‌ക്വയര്‍ വിട്ട് പോയതാണ് തങ്ങള്‍ക്ക് പറ്റിയ ഏറ്റവും വലിയ പാളിച്ചയെന്നു പറയുന്ന അവര്‍, നന്നായി പരീക്ഷ എഴുതി പേപ്പറില്‍ പേരെഴുതാന്‍ മറന്നു പോയ വിദ്യാര്‍ഥികളുടെ അവസ്ഥയാണ് തങ്ങള്‍ക്കിപ്പോഴെന്നു ബ്രദര്‍ഹുഡ് പാര്‍ലമെന്റ് ഇലക്ഷനില്‍ ജയിച്ചതിനെ കുറിച്ച് പറയുന്നത്. വിപ്ലവം തങ്ങളാണ് നടത്തിയതെന്ന അവകാശ വാദം നടത്തുന്ന ഇഖ്‌വാനികളുമായി തര്‍ക്കിക്കുന്ന അഹ്മദിനെയും ഖാലിദിനെയുമെല്ലാം നാം പിന്നീട് മുര്‍സിക്കെതിരായ തമര്‍റുദ് പ്രസ്ഥാനത്തിലും നാം കാണുന്നു. പക്ഷെ മുര്‍സിക്ക് വേണ്ടി ഇഖ്‌വാനികള്‍ റാബിയ അദവിയ്യയില്‍ നടത്തിയ പ്രക്ഷോഭത്തിന് നേരെ സൈന്യം നടത്തിയ അതിക്രമത്തെ പറ്റി കേട്ട അഹ്മദ് ഇഖ്‌വാനിയായ മഗ്ദിയെ വിളിച്ച് ‘ഇങ്ങനെയൊക്കെ സംഭവിക്കാന്‍ വേണ്ടിയല്ല ഞങ്ങള്‍ മുര്‍സിക്കെതിരെ പ്രക്ഷോഭം നടത്തിയതെന്ന്’ പറയുന്നു. ഈജിപ്ഷ്യന്‍ സൈന്യത്തിനെ അന്ധമായി വിശ്വസിച്ചു എന്നതാണ് പ്രക്ഷോഭകാരികള്‍ക്ക് സംഭവിച്ച ഏറ്റവും വലിയ പിഴവ്. ഇസ്‌ലാമിസ്റ്റ് പക്ഷത്തിന് സംഭവിച്ച പിഴവുകള്‍ ചൂണ്ടി കാണിച്ച ഫഹ്മി ഹുവൈദിയെ പോലുള്ളവരുടെ വിമര്‍ശനങ്ങള്‍ ശരിയായിരുന്നു എന്നും ചിത്രം നമുക്ക് കാണിച്ച് തരുന്നു.

2013 ജനുവരിയില്‍ പൂര്‍ത്തീകരിച്ച് പുറത്തിറക്കിയ ചിത്രത്തില്‍ ജൂണില്‍ മുര്‍സിക്കെതിരെ നടന്ന അട്ടിമറിയെ തുടര്‍ന്ന് സംവിധായിക പിന്നെയും കൂട്ടിചേര്‍ക്കലുകള്‍ നടത്തുകയുണ്ടായി. 2014 ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ചിത്രത്തിന് ഇന്നും ഈജിപ്ത് പ്രദര്‍ശനാനുമതി നല്‍കാത്തതിനാല്‍ സംവിധായിക യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയാനുണ്ടായത്. 2013 സണ്‍ഡൈന്‍ ഫിലിം ഫെസ്റ്റിവല്‍ ഓ ഡിയന്‍സ് അവാര്‍ഡ്, 2014 ടൊറന്റോ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പീപ്പിള്‍ ചോയ്‌സ് അവാര്‍ഡ് എന്നിവ നേടിയ ചിത്രവുമായി നാല്‍പ്പതോളം ഈജിപ്ഷ്യന്‍ സിനിമാ സംവിധായകര്‍ സഹകരിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി അസോസിയേഷന്റെ ഏറ്റവും മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും, മികച്ച സംവിധാനത്തിനും എഡിറ്റിങ്ങിനും സിനിമാറ്റോഗ്രഫിക്കുമുള്ള എമ്മി അവാര്‍ഡുകളും ‘ദി സ്‌ക്വയര്‍’ നേടുകയുണ്ടായി. ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ആദ്യ അറബ് വനിതയാണ് ചിത്രത്തിന്റെ സംവിധായികയായ ജെഹാനെ നുജൈം. ‘ഈജിപ്ഷ്യന്‍ വിപ്ലവത്തിനുള്ള എന്റെ പ്രണയ ലേഖനമാണ് ‘ദ സ്‌ക്വയര്‍’, ലോകത്ത് സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന മുഴുവന്‍ ജനങ്ങളും ചിത്രം കാണേണ്ടതുണ്ട്. ‘2014 ല്‍ ഉക്രൈനില്‍ പ്രക്ഷോഭം നടന്ന് കൊണ്ടിരിക്കെ പ്രക്ഷോഭകാരികള്‍ അധികാരികളുടെ കടുത്ത നിയന്ത്രണങ്ങളെയും എതിര്‍പ്പുകളെയും മറി കടന്നുകൊണ്ടു ‘ദ സ്‌ക്വയര്‍ ‘ പരസ്യമായി പ്രദര്‍ശിപ്പിക്കുകയുണ്ടായി. ‘ദി സ്‌ക്വയര്‍’ കൂടാതെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കണ്ട്രോള്‍ റൂം(2004), സ്റ്റാര്‍ട്ട് അപ്പ്.കോം (2001) തുടങ്ങിയ ഡോക്യുമെന്ററികളും സംവിധായികയുടേതായിട്ടുണ്ട്

ഈജിപ്തിന്റെ ഭാവിയെ കുറിച്ച് തികച്ചും അശുഭാപ്തി വിശ്വാസം പുലര്‍ത്തുന്ന വിശകലനങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന കാലത്ത്, ഈജിപ്ഷ്യന്‍ ജനത ആഗ്രഹിക്കുന്നതെന്തെന്ന് ചിത്രമവസാനിക്കുന്ന നേരത്ത് അഹ്മദ് ഹസ്സന്‍ പറയുന്ന വാക്കുകളില്‍ അത്തരം അശുഭാപ്തി വിശ്വാസികള്‍ക്ക് മറുപടിയുണ്ട് ‘ഞങ്ങള്‍ ഞങ്ങളെ ഭരിക്കുന്ന ഒരു നേതാവിന് വേണ്ടിയല്ല നോക്കുന്നത്, തഹ് രീര്‍ സ്‌ക്വയറില്‍ എത്തിയ ഓരോ വിപ്ലവക്കാരിയും നേതാവാണ്. ഞങ്ങള്‍ ശ്രമിക്കുന്നത് എല്ലാവരെയും ഉള്‍കൊള്ളുന്ന ഒരു പൊതു മന:സാക്ഷി രൂപപ്പെടുത്തിയെടുക്കാനാണ്. ‘

ഋതുഭേദങ്ങള്‍ പ്രകൃതിപരമാണ്. ഈജിപ്തിലിപ്പോള്‍ ശിശിരമാണെങ്കില്‍ വേനലും മഴക്കാലവും കഴിഞ്ഞ് പിന്നെയും വസന്തം വന്നെത്തുക തന്നെ ചെയ്യും. സമരവും പ്രക്ഷോഭവും ഒരു സംസ്‌ക്കാരമാക്കാന്‍ അറബ് വസന്തത്തിന് സാധിച്ചിട്ടുണ്ട്. ചെറിയ കുട്ടികള്‍ പോലും വിപ്ലവ ഗാനങ്ങള്‍ പാടിയും ചെണ്ട കൊട്ടിയും താളം പിടിച്ചും നടക്കുന്നത് നാം ചിത്രത്തിന്റെ അവസാനത്തില്‍ കാണുന്നു. അവരിനിയും തഹ്‌രീറുകള്‍ സൃഷ്ട്ടിക്കുക തന്നെ ചെയ്യും. അത് എപ്പോഴായിരിക്കും എന്നതില്‍ മാത്രമേ സംശയമുള്ളൂ.

Related Articles