Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ കണ്ടെത്തിയ ഇസ്‌ലാം

finding-truth.jpg

വംശപരമായി ഞാനൊരു റഷ്യന്‍ ജൂതനാണ്. എനിക്ക് പത്തൊമ്പത് വയസ്സ് പ്രായമുള്ളപ്പോഴാണ് എന്റെ അന്വേഷണം ആരംഭിക്കുന്നത്. സൈന്റോളജിയുടെ (20-ാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഒരു മതം)  കുരുക്കുകളില്‍ നിന്ന് ഞാന്‍ മോചനം നേടിവരുന്ന കാലം. എന്റെ ദൈവവിശ്വാസവും അത്ര ഉറച്ചതായിരുന്നില്ല. ഒരു രാത്രി ഞാന്‍ എന്റെ താമസസ്ഥലത്ത് വെച്ച് ഒരു കറുത്ത മനുഷ്യനെ കണ്ടുമുട്ടി. അയാളൊരു മുസ്‌ലിമായിരുന്നു. അന്നാണ് ആദ്യമായിട്ട് ഞാനൊരു മുസ്‌ലിമിനെ പരിചയപ്പെടുന്നത്. ആ നിമിഷം മുതല്‍ എന്റെ ജീവിതം അത്ഭുതകരമാം വിധം മാറിമറിഞ്ഞു.

ക്രമേണ അദ്ദേഹത്തിന്റെ വിശ്വാസത്തെക്കുറിച്ചും മറ്റും ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചുതുടങ്ങി. ഒരു ദിവസം അഞ്ച് നേരം നിര്‍വ്വഹിക്കേണ്ട പ്രാര്‍ത്ഥനയെക്കുറിച്ചും വിശുദ്ധ യുദ്ധത്തെക്കുറിച്ചുമൊക്കെ ഞാന്‍ മനസ്സിലാക്കി. ഞങ്ങളുടെ ചര്‍ച്ചയില്‍ വേഡ് എന്ന ക്രിസ്ത്യന്‍ സുഹൃത്തും പങ്കുചേര്‍ന്നു. ഞങ്ങള്‍ മൂവരും ചേര്‍ന്ന് ജൂത-ക്രിസ്തീയ-മുസ്‌ലിം സംവാദങ്ങള്‍ ഒരുക്കി. നിരവധി സമാനതകളും വ്യത്യാസങ്ങളും ഞങ്ങള്‍ക്ക് കണ്ടെത്താനായി.

ലൈംഗികത, മയക്കുമരുന്ന്, പാര്‍ട്ടികള്‍ എന്നിവയില്‍ നിന്നൊക്കെ എന്റെ ശ്രദ്ധ ഒരു മഹാസത്യം കണ്ടെത്താനുള്ള വഴിയിലായി. സത്യാന്വേഷണത്തില്‍ ഞാന്‍ സ്വയം ചോദിച്ചുതുടങ്ങി: ‘ശരി, ലളിതമായി തുടങ്ങാം. എത്ര ദൈവങ്ങളുണ്ടെന്നാണ് എന്റെ ധാരണ?’ ഒന്ന് മാത്രമേയുള്ളൂ എന്ന് ഞാന്‍ തീര്‍ച്ചയാക്കി. അധികാരം വിഭജിക്കപെട്ട ദൈവം ഏകനായ ദൈവത്തേക്കാള്‍ ദുര്‍ബ്ബലനായിരിക്കുമെന്ന് ഞാന്‍ കണക്കുകൂട്ടി. ഒരു ദൈവം മറ്റേ ദൈവത്തെ അനുസരിച്ചില്ലെങ്കില്‍ അവിടെ വഴക്കും ശത്രുതയും ഉണ്ടാവും. അപ്പോള്‍ ദൈവം ഒന്ന് മാത്രമേയുള്ളൂ.

ഒരിക്കല്‍ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. ഈശ്വരവാദവും നിരീശ്വരവാദവുമെല്ലാം ഞാന്‍ വിശകലനവിധേയമാക്കി. എല്ലാ നിര്‍മ്മിതിക്കു പിന്നിലും ഒരു നിര്‍മാതാവുണ്ടാകും എന്ന ആശയമാണ് എന്നെ ഈശ്വരസങ്കല്‍പത്തിലേക്ക് അടുപ്പിച്ചത്. ദൈവം ഉണ്ട് എന്ന് ഉറപ്പിച്ചു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എന്തോ ഞാനത് അനുഭവിച്ചപോലെ.

ദൈവം ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിന് ശേഷം ആ സ്രഷ്ടാവിനെ പിന്തുടര്‍ന്ന് ജീവിക്കാനുള്ള ഉത്തരവാദിത്വം എന്നില്‍ വന്നുചേര്‍ന്ന പോലെയായി. മതങ്ങളുടെ ലോകമായിരുന്നു എന്റെ അടുത്ത കടമ്പ. പക്ഷേ എവിടെ നിന്ന് തുടങ്ങും? ആയിരക്കണക്കിന് മതങ്ങള്‍ ഭൂമിയിലുണ്ട്. അതില്‍ നിന്നൊക്കെ ആറ്റിക്കുറുക്കി കുറച്ചെണ്ണം എനിക്ക് കണ്ടെത്തണം. ഈ വലിയ ദൗത്യം ഞാന്‍ എങ്ങനെ പൂര്‍ത്തിയാക്കും? ആ ചോദ്യം എന്നെ ആശയക്കുഴപ്പത്തിലാക്കി. അപ്പോഴാണ് ഏകദൈവവിശ്വാസം ഉദ്‌ഘോഷിക്കുന്ന മതങ്ങളെ തെരെഞ്ഞെടുക്കാം എന്ന ആശയം എനിക്ക് തോന്നിയത്. കാരണം ഞാന്‍ ഇപ്പോള്‍ ഒരു ഏകദൈവവിശ്വാസി ആണല്ലോ.

ബഹുദൈവവിശ്വാസമായത് കൊണ്ടുതന്നെ ബുദ്ധമതവും ഹിന്ദുമതവും എന്റെ ലിസ്റ്റില്‍ പെട്ടില്ല. ഏകദൈവവിശ്വാസ ദര്‍ശനങ്ങള്‍ എന്ന തലക്കെട്ടില്‍ ജൂതമതം, ക്രിസ്തുമതം, ഇസ്‌ലാം എന്നിവയാണ് ഞാന്‍ ഉള്‍പെടുത്തിയത്. ഞാന്‍ ജൂതനായത് കൊണ്ട് ജൂതമതത്തില്‍ നിന്ന് തന്നെ തുടങ്ങി. ഒരു ദൈവം, കുറച്ച് പ്രവാചകന്മാര്‍, പത്ത് കല്‍പനകള്‍, തോറ, ജൂത ആത്മാക്കള്‍…’ജൂത ആത്മാക്കള്‍’…അതെന്നെ ആശ്ചര്യപ്പെടുത്തി. അപ്പോള്‍ ജൂത ആത്മാക്കള്‍, ക്രൈസ്തവ ആത്മാക്കള്‍, മുസ്‌ലിം ആത്മാക്കള്‍, ഹിന്ദു ആത്മാക്കള്‍ എന്നിങ്ങനെ ദൈവം വിവേചനം കല്‍പിച്ചോ? എല്ലാ മനുഷ്യരും സൃഷ്ടിക്കപെട്ടത് തുല്യരായല്ലേ? ഒരു മതത്തില്‍ ജനിച്ചുപോയ ഒരാള്‍ ദൈവഹിതം ആയതിനാല്‍ ആ മതത്തില്‍ തന്നെ തുടരണം എന്നാണോ?  അത് തെറ്റാണെന്ന് അയാള്‍ക്ക് തോന്നിയാലും? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി. പിന്നെ ജൂതമതത്തില്‍ നരകത്തെ കുറിച്ചോ പരലോക ശിക്ഷയെ കുറിച്ചോ കനത്ത ശാസനകളില്ല. എന്റെ തെറ്റുകള്‍ക്ക് എനിക്ക് ശിക്ഷയില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിന് നല്ലവനാകണം?

പിന്നെയും മുന്നോട്ട് പോയപ്പോള്‍ ഞാന്‍ ക്രിസ്തുമതത്തില്‍ എത്തിചേര്‍ന്നു. ശരി, ഒരു ദൈവം. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്. ഒന്നുകൂടു ആവര്‍ത്തിക്കൂ…പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്. ഇതൊക്കെ ചേര്‍ന്നാല്‍ എങ്ങനെയാണ് ഒരു ദൈവമാവുക. 1+1+1=3 അല്ലേ? പിന്നെ എങ്ങനെയാണ് ഞങ്ങള്‍ ഏകദൈവത്തിലാണ് വിശ്വസിക്കുന്നത് എന്ന നിങ്ങള്‍ പറയുന്നത്? പിന്നെ മറ്റൊരു പ്രധാന വാദം, മനുഷ്യരെല്ലാം ആദിപാപത്താല്‍ അശുദ്ധരായിപ്പോയതിനാല്‍ ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി കുരിശില്‍ ബലിയാടായി എന്നതാണ്. അപ്പോള്‍ നമ്മെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി ദൈവപുത്രനായ യേശു കുരിശില്‍ ബലിയാടായോ?. അപ്പോള്‍ നമ്മള്‍ എല്ലാവരും പാപികളായിട്ടാണോ ജനിച്ചുവീണത്? പ്രവൃത്തികളല്ലേ പാപങ്ങളെ നിര്‍ണയിക്കുന്നത്. ചെയ്യാത്ത പ്രവൃത്തിക്ക് നമ്മള്‍ പാപികളായിത്തീരുന്നതിന്റെ യുക്തിയെന്താണ്? ഒരു തെറ്റും ചെയ്യാത്ത ജനിച്ചുവീഴുന്ന കുഞ്ഞും പാപിയാണോ? അപ്പോള്‍ ഈ കഥയുടെ ഗുണപാഠം എന്താണ്? ദൈവം എന്തിന് ഇങ്ങനെയൊരു സംവിധാനമുണ്ടാക്കി? ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി.

ഇനി അടുത്ത ദര്‍ശനം ഇസ്‌ലാമാണ്. ഇസ്‌ലാം എന്നാല്‍ അനുസരണം എന്നാണ് അര്‍ത്ഥം. പ്രധാന വിശ്വാസങ്ങള്‍ ഇവയാണ്: ദൈവം ഏകനാണ്, അഞ്ചുനേരം ദൈവത്തോട് പ്രാര്‍ത്ഥിക്കണം, വര്‍ഷംതോറും തന്റെ ധനത്തില്‍ നിന്ന് 2.5% നല്‍കണം, റമദാനില്‍ നോമ്പനുഷ്ഠിക്കണം, സാമ്പത്തികമായും ശാരീരികമായും കഴിവുണ്ടെങ്കില്‍ മക്കയിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തണം. വളരെ ലഘുവായ ആശയങ്ങള്‍. മനസ്സിലാക്കാന്‍ പ്രയാസങ്ങളൊന്നുമില്ല. എന്റെ യുക്തിയുമായി ഏറ്റുമുട്ടുന്ന ഒന്നുമില്ല.

നിരവധി അത്ഭുതങ്ങളുടെ കലവറയും കാലാതീതമായ ദീര്‍ഘവീക്ഷണത്തിന്റെയും അടയാളമാണ് പരിശുദ്ധ ഖുര്‍ആന്‍. ആധുനിക കാലത്ത് മാത്രം ശാസ്ത്രത്തിന് സാധ്യമായ പല കണ്ടെത്തലുകളും 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഖുര്‍ആന്‍ പറഞ്ഞിരുന്നു. ഇസ്‌ലാം എന്റെ അഭിവാഞ്ചകളെ തൃപ്തിപെടുത്തുന്നു എന്നെനിക്ക് മനസ്സിലായി. പക്ഷേ, കുറച്ച് ചോദ്യങ്ങള്‍ എന്നോട് തന്നെ എനിക്ക് ചോദിക്കാനുണ്ട്. ഇസ്‌ലാം സാര്‍വലൗകികമാണോ? അതെ, ആര്‍ക്കും മനസ്സിലാക്കാവുന്ന തരത്തില്‍ ലളിതമായ ആശയങ്ങളാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്. ശാസ്ത്രവുമായി അതിന് സ്വരച്ചേര്‍ച്ചയുണ്ടോ? തീര്‍ച്ചയായും, ഖുര്‍ആനിലെ ധാരാളം സൂക്തങ്ങള്‍ക്ക് ആധുനിക ശാസ്ത്രസാങ്കേതികവിദ്യകളുമായി ബന്ധമുണ്ട്.

എന്റെ പഠനങ്ങള്‍ക്കിടയിലും ഗവേഷണങ്ങള്‍ക്കിടയിലും ഒരുകാര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഇസ്‌ലാം എന്ന നാമം ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ എനിക്ക് കാണാന്‍ സാധിച്ചു. പക്ഷേ, പഴയനിയമത്തില്‍ ജൂതമതം എന്ന പേരോ പുതിയനിയമത്തില്‍ ക്രിസ്തുമതം എന്ന പേരോ എനിക്ക് കാണാന്‍ സാധിച്ചില്ല. കാരണം, അവ രണ്ടിലും അങ്ങനെ പേരുകള്‍ ഇല്ല എന്നതുകൊണ്ടുതന്നെ. ജൂദായുടെ മതം ജൂതമതവും ക്രിസ്തുവിന്റെ മതം ക്രിസ്തുമതവും. ആരാണ് ജൂദാ? ഇസ്രായേല്‍ ജനതയുടെ ഗോത്രത്തലവനായിരുന്ന ജൂദായിലൂടെയാണ് ദൈവം ഇസ്രായീല്യരോട് സംസാരിച്ചത്. ജൂദാ എന്ന വ്യക്തിയില്‍ നിന്നാണ് ജൂതമതം എന്ന പേര് ഉണ്ടായത്. ഇനി ആരാണ് ക്രിസ്തു? ജൂതന്മാര്‍ക്ക് ദൈവം സന്ദേശങ്ങള്‍ എത്തിച്ചുകൊടുത്തത് ക്രിസ്തുവിലൂടെയായിരുന്നു. അപ്പോള്‍ ക്രിസ്തുവില്‍ നിന്ന് ക്രിസ്തുമതം എന്ന പേരുമുണ്ടായി. സ്വന്തം വേദഗ്രന്ഥങ്ങളില്‍ പോലുമില്ലാത്ത പേരുകള്‍ ഉപയോഗിച്ചാണ് ഈ മതങ്ങളൊക്കെ നിലനില്‍ക്കുന്നത് എന്നെനിക്ക് മനസ്സിലായി.

ഒരു ഉല്‍പന്നം വില്‍ക്കുവാനായി വീടുകള്‍ തോറും കയറിയിറങ്ങി ഞാന്‍ ആര്‍ക്കെങ്കിലും ഇത് വേണോ, ഇത് വേണോ എന്ന് ചോദിച്ചാല്‍ എന്റെ ഉല്‍പന്നങ്ങള്‍ ഒരിക്കലും വിറ്റുപോകുകയില്ല. പേരുപറയാതെ ആരും നമ്മുടെ ഉല്‍പന്നം വാങ്ങുകയുമില്ല. ഇതുപോലെ ദൈവം അവതരിപ്പിച്ച ദര്‍ശനത്തിന് ദൈവം തന്നെ ഒരു പേരും നല്‍കിയിട്ടുണ്ടാകും. പേരില്ലാത്ത     ഒരു ദര്‍ശനം ദൈവം ഭൂമിയിലവതരിപ്പിക്കുക എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. കാലാന്തരത്തില്‍ തങ്ങളുടെ പരിശുദ്ധിയും യുക്തിഭദ്രതയും പൂര്‍ണ്ണതുയമൊക്കെ ജൂത-ക്രൈസ്തവ മതങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അതിന്റെ വേദഗ്രന്ഥത്തില്‍ തന്നെ പലതവണ പേരുപറഞ്ഞ ഇസ്‌ലാം തന്നെയാണ് സത്യമെന്ന് മനസ്സിലാക്കാന്‍  എനിക്ക് അധികസമയം വേണ്ടിവന്നില്ല. ഞാന്‍ വൈകാതെ ഇസ്‌ലാമാശ്ലേഷിച്ചു. ഞാന്‍ സത്യം മനസ്സിലാക്കിയിരിക്കുന്നു. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് എനിക്ക് മോചനം ലഭിച്ചിരിക്കുന്നു.  

വിവ: അനസ് പടന്ന

Related Articles