Current Date

Search
Close this search box.
Search
Close this search box.

ജൂതരുമായുള്ള പ്രവാചകന്‍(സ)യുടെ കരാര്‍

പ്രവാചകന്‍(സ) തന്റെ കാലത്തുള്ള എല്ലാ അമുസ്‌ലിങ്ങളുമായി കരാറിലേര്‍പ്പെടുകയുണ്ടായി. ഖുര്‍ആനികാഹ്വാനത്തിന്റെ സാക്ഷാല്‍ക്കാരമായി കരാര്‍ ചെയ്തവരോടെല്ലാം അദ്ദേഹം അത് പൂര്‍ത്തീകരിക്കുകയും ചെയ്തു. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ അല്ലാഹുവോട് പ്രതിജ്ഞ ചെയ്താല്‍ പൂര്‍ണമായും പാലിക്കുക. അല്ലാഹുവെ സാക്ഷിയാക്കി നിങ്ങള്‍ ചെയ്തുറപ്പിക്കുന്ന സത്യങ്ങളൊന്നും ലംഘിക്കരുത്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അല്ലാഹു അറിയുന്നുണ്ട്.’ (അന്നഹ്ല്‍:91). ഇമാം ഇബ്‌നുകസീര്‍ വിശദീകരിക്കുന്നു. കരാറുകള്‍ പൂര്‍ത്തീകരിക്കുക, വാഗ്ദാനം പാലിക്കുക എന്നതാണ് അല്ലാഹുവിന്റെ കല്‍പ്പനയുടെ ഉദ്ദേശ്യം.

ഈ തത്വങ്ങള്‍ക്കനുസൃതമായിരുന്നു പ്രവാചകജീവിതം. ഈ ശിക്ഷണവും മൂല്യബോധവും തന്റെ അനുചരന്മാരിലേക്ക് പകര്‍ന്നു നല്‍കാനും അദ്ദേഹം കണിശത പുലര്‍ത്തുകയുണ്ടായി. ‘ആരെങ്കിലും ഒരു ജനതയുമായി കരാറിലേര്‍പ്പെട്ടാല്‍ അതിന്റെ അവധികഴിയുകയോ, ഇരുകൂട്ടരും അതില്‍ നിന്ന് പിന്‍മാറുകയോ ചെയ്യുന്നത് വരെ കൂട്ടിച്ചേര്‍ക്കുകയോ ലംഘിക്കുകയോ ചെയ്യരുത്’. നാഥന്റെ മുമ്പില്‍ വിചാരണ നേരിടേണ്ട മതപരമായ ബാധ്യത കൂടിയാണ് കരാര്‍പാലനം. അതില്‍ വരുന്ന വിള്ളലുകള്‍ വഞ്ചനയും ചതിയുമാണെന്ന് ശൈഖ് മുഹമ്മദ് ശലതൂത് വിവരിക്കുന്നു.

മദീനയിലെ ജൂതരുമായി പ്രവാചകന്‍(സ)യുടെ കരാര്‍
ഹിജ്‌റക്ക് ശേഷം ആദ്യഘട്ടത്തില്‍ തന്നെ മദീനയിലെ ജൂതരുമായി പ്രവാചകന്‍(സ) കരാറിലേര്‍പ്പെട്ടു. അമുസ്‌ലിങ്ങളുമായി സന്ധിയിലും സഹവര്‍ത്തിത്വത്തിലും കഴിയുക എന്ന പ്രവാചകന്‍(സ)യുടെ ആഗ്രഹവും ചിന്തയും ഇവിടെ സ്മരണീയമാണ്. കരാറിലെ രേഖകള്‍ ഇപ്രകാരമായിരുന്നു.
1.ബനീ ഔഫിലെ ജൂതന്മാര്‍ മുസ്‌ലിങ്ങളോടൊപ്പം ഒരൊറ്റ സമൂഹമാണ്. ജൂതര്‍ക്ക് അവരുടെ ദീന്‍, മുസ്‌ലിങ്ങള്‍ക്ക് അവരുടെ ദീന്‍!
2.യഹൂദര്‍ അവരുടെ ചിലവും മുസ്‌ലിങ്ങള്‍ അവരുടെ ചിലവുകളും വഹിക്കുക.
3.ഈ കരാറിലേര്‍പ്പെട്ടവരോട് ആരെങ്കിലും യുദ്ധം ചെയ്താല്‍ പരസ്പര സഹായം ഉണ്ടാവുക.
4.ഗുണകാംക്ഷയും നന്മയും വെച്ചു പുലര്‍ത്തുക.
5.തന്റെ സഖ്യത്തിലുള്ള ആരോടും കുറ്റം ചെയ്യരുത്.
6.മര്‍ദ്ധിതനെ സഹായിക്കുക
7.ഈ കരാറിന്റെ അവകാശികള്‍ക്ക് യസ്‌രിബ് പവിത്രമാണ്.
8.ഈ കരാറുകാര്‍ക്കിടയില്‍ വല്ല തര്‍ക്കവും പ്രശ്‌നവുമുടലെടുക്കുകയും അത് കുഴപ്പങ്ങളിലേക്ക് നീങ്ങുകയും ചെയ്താല്‍ അത് അല്ലാഹുവിലേക്കും റസൂലിലേക്കും വിടുക.
9.ഖുറൈശികളും അവരെ സഹായിക്കുന്നവരും ആക്രമിക്കപ്പെടരുത്.
ഈ കരാറുകളില്‍ ബനൂഖൈനുഖാഇലെയും ബനുന്നദീറിലെയും ബനൂ ഖുറൈദയിലെയും ജൂതന്‍മാരെപ്പറ്റി ഈ കരാറില്‍ പരാമര്‍ശിക്കുന്നില്ല എന്നത് ശ്രദ്ദേയമാണ്. പ്രവാചകന്‍ അവരുമായി മറ്റു ചില കരാറുകളിലേര്‍പ്പെട്ടിരുന്നതായി ചരിത്രരേഖകളില്‍ കാണാം. വരാനിരിക്കുന്ന ഇസ്‌ലാമിക രാഷ്ട്രത്തെക്കുറിച്ച വ്യക്തമായ ചിത്രം ഈ രേഖകളിലുണ്ട്. മറ്റുള്ളവരെ പരിഗണിക്കുകയും പരമാവധി അവരുടെ സഹകരണം ഉറപ്പാക്കുകയും ചെയ്യുന്ന വിശാല സമീപനം കാണാം. അപ്രകാരം വിശ്വാസികളുടെ ജീവിതത്തെ വ്യവസ്ഥപ്പെടുത്തുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന വ്യവസ്ഥകളും ഇവിടെ കാണാം.
മുസ്‌ലിങ്ങള്‍ക്കും യഹൂദര്‍ക്കുമിടയിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വം
നിരവധി പ്രയാസങ്ങള്‍ സഹിച്ചുകൊണ്ടും കുതന്ത്രങ്ങള്‍ ആവര്‍ത്തിച്ചിട്ടും യഹൂദരുമായുള്ള കരാര്‍ പ്രവാചകന്‍(സ) പ്രയോഗത്തില്‍ വരുത്താന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. ജൂതന്മാരും പ്രവാചകനുമായുള്ള സമാധാനപരമായ സഹവര്‍ത്തിത്വം മദീനയിലെ ജീവിതത്തിലെ വലിയ പ്രതിഫലനങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. കച്ചവട വിനിമയം ആരംഭിച്ചതിലൂടെ മദീനയിലെ ജൂതമാര്‍ക്കറ്റ് മുസ്‌ലിങ്ങളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. അതില്‍ പ്രധാനമായിരുന്നു ബനൂ ഖൈനുഖാഅ് മാര്‍ക്കറ്റ്. മുസ്‌ലിം സ്ത്രീകള്‍ നിര്‍ഭയമായി ജൂതമാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകാറുണ്ടായിരുന്നു. ഉസ്മാന്‍(റ) ജൂതനില്‍ നിന്ന് ബിഅ്ര്! റൂമ എന്ന കിണര്‍ വാങ്ങുകയുണ്ടായി.
ഖൈബറിലെ ജൂതരുമായി പ്രവാചകന്‍(സ)യുടെ കരാര്‍
യുദ്ധത്തിന് ശേഷമായിരുന്നു ഈ കരാര്‍. ഇസ്‌ലാമിക രാഷ്ട്രത്തെ തകര്‍ക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് സന്ധി ചെയ്യുകയല്ലാതെ രക്ഷയില്ല എന്ന്അവരെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് പ്രവാചകന്‍(സ)ഇതിന് സന്നദ്ധമായത്. പ്രവാചകനിലേക്ക് അഭയം തേടിവന്ന് കിനാനതുബ്‌നു റബീഅ, ഹുയയ്യു ബിന്‍ അഖ്തബ്, സലാമു ബിന്‍ അബില്‍ ഹഖീക് തുടങ്ങി ഇസ്‌ലാമിനോട് ശത്രുതവെച്ച് പുലര്‍ത്തിയ ബനുന്നദീറിലെ പ്രമുഖരായിരുന്നു. മദീനയില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയപ്പോള്‍ അവിടെ നിന്നും പുറത്താക്കപ്പെട്ട ആളുകളായിരുന്നു അവര്‍. അപ്രകാരം ബനുന്നദീറിലെ ജൂതര്‍ മദീനയില്‍ താമസമാരംഭിച്ചു. അവരോടൊപ്പം ഖൈബറിലെ ജൂതരുമുണ്ടായിരുന്നു.
ഹിജ്‌റ ഏഴാം വര്‍ഷം നബി(സ)അവരോട് യുദ്ധത്തിന് പുറപ്പെട്ടു. നിരന്തര യുദ്ധങ്ങള്‍ക്കും, കോട്ടകള്‍ ഉപരോധിച്ചതിനും ശേഷം ജൂതന്‍മാര്‍ സന്ധിയിലേര്‍പ്പെടാനായി പ്രവാചകനോട് ആവശ്യപ്പെട്ടു. പ്രവാചകന്‍(സ) അതംഗീകരിച്ചു. അവരുടെയും അവരോടൊപ്പമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുകയും അവരുടെ വീടും ആയുധങ്ങളും സമ്പത്തും സ്വര്‍ണവും വെള്ളിയുമെല്ലാം അവിടെ ഉപേക്ഷിച്ചുപോകുമെന്നായിരുന്നു ഈ സന്ധിയില്‍ നിബന്ധനവെച്ചത്. ഈ കരാര്‍ വ്യവസ്ഥയിലുള്ളത് വല്ലതും മറച്ചുവെക്കുകയാണെങ്കില്‍ അവരെ വധശിക്ഷക്ക് വിധേയമാക്കുന്നതാണെന്ന് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കി. പ്രവാചകന്‍ അവര്‍ക്ക് സംരക്ഷണം നല്‍കുകയും ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. കാര്യങ്ങളെല്ലാം മുസ്‌ലിങ്ങളുടെ കൈപ്പിടിയിലൊതുങ്ങി. അവിടം വിട്ടുപോകലല്ലാതെ ജൂതര്‍ക്ക് മറ്റു മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. മറ്റുള്ളവരോടുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ ഭാഗമായി ജൂതര്‍ മുന്നോട്ട് വച്ച ഉപാധികള്‍ പ്രവാചകന്‍(സ) സ്വീകരിക്കുകയുണ്ടായി. മുസ്‌ലിങ്ങളോടൊപ്പം കൃഷി ചെയ്യാനുള്ള ആഗ്രഹം പ്രവാചകന്‍(സ)യുടെ മുമ്പില്‍ ജൂതന്‍മാര്‍ മുന്നോട്ട് വെച്ചപ്പോള്‍ നബി(സ) അംഗീകരിക്കുകയുണ്ടായി. പ്രവാചകന്‍(സ) ഖൈബറിലെ ജൂതര്‍ക്ക് കൃഷിചെയ്യാന്‍ ഭൂമി നല്‍കുകയും, അവിടെ ഉല്‍പാദിപ്പിക്കപ്പെടുന്നതില്‍ നിന്ന് പകുതി അവര്‍ക്ക് നല്‍കുകയും ചെയ്തതായി ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.
ഖൈബറിലെ ജൂതര്‍ക്ക് പൂര്‍ണനന്മ പുലര്‍ത്തുന്നതും മരുഭൂമിക്ക് പുറത്ത് പോകുന്നതില്‍ നിന്ന് അവരെ രക്ഷിക്കുന്നതുമായിരുന്നു സന്ധി. അവരുടെ ജോലികളില്‍ പൂര്‍ണ സ്വാതന്ത്ര്യവും മാന്യമായ സമീപനം സ്വീകരിച്ചതുമൂലം സുന്ദരമായ ജീവിതം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിക്കുകയുണ്ടായി. ഇത്തരത്തില്‍ ഉന്നത ധാര്‍മിക നിലവാരം പുലര്‍ത്തുന്നതും മറ്റുള്ളവരോട് സ്‌നേഹമയമായ സമീപനവും സ്വീകരിക്കുന്നതായിരുന്നു പ്രവാചകന്‍(സ)യുടെ ജൂതരുമായുള്ള കരാര്‍. പക്ഷെ അവര്‍ അത് പാലിച്ചില്ല എന്ന് മാത്രമല്ല, ഓരോന്നായി ലംഘിക്കുകയും ചെയ്തു.
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles