Current Date

Search
Close this search box.
Search
Close this search box.

ജനസേവനം : ഒരു നഷ്ടം വരാത്ത കച്ചവടം

ഒരു മനുഷ്യന്റെ സല്‍കര്‍മങ്ങള്‍ രണ്ട് രീതിയിലുള്ളതാണ്. കര്‍മത്തിന്റെ ഫലം അവന് മാത്രം ലഭിക്കുന്നതാണ് ഒന്ന്. കര്‍മത്തിന്റെ ഫലം മറ്റുള്ളവരിലേക്ക് പരന്നൊഴുകുന്ന ജനസേവന പ്രവര്‍ത്തനങ്ങളാണ് രണ്ടാമത്തെ ഇനം. രണ്ടാമത്തെ ഇനമാണ് കൂടുതല്‍ പുണ്യകരമായത്. സാമ്പത്തികമായി മാത്രമല്ല, വിജ്ഞാനം, അധ്വാനം, സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ രീതിയിലെല്ലാം മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന സഹായം ഇതില്‍ പെടുന്നു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി പരിശ്രമിക്കുന്നവരുടെ പാദങ്ങള്‍ സ്വിറാത് പാലം കടക്കുമ്പോള്‍ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തും. ഇബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘തന്റെ സഹോദരന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കാന്‍ വേണ്ടി പരിശ്രമിച്ചവന്റെ ഹൃദയം കാലുകള്‍ അടിപതറുന്ന ദിനത്തില്‍ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തും’.

ദൈവിക മാര്‍ഗത്തില്‍ ചിലവഴിക്കുന്നതില്‍ നിന്ന് വിമുഖത കാണിച്ചവന്റെ മുമ്പില്‍ പരലോകത്ത് അനേകം വാതിലുകള്‍ തുറക്കപ്പെടും. അതില്‍ അവന്‍ പ്രവേശിച്ചാല്‍ ധര്‍മം ചെയ്യാനായി കാത്തുനില്‍ക്കുന്ന സമ്പന്നരുടെ ഒരു നീണ്ട നിര തന്നെ കാണാന്‍ കഴിയും. അപ്രകാരം തന്നെയാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചവരുടെയും അവസ്ഥ. അബൂദര്‍റ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ജനങ്ങളുടെ സഞ്ചാരവീഥിയില്‍ നിന്ന് മുള്ളും കല്ലും നീക്കുക, അന്ധര്‍ക്ക് വഴി കാണിച്ചുകൊടുക്കുക, ബധിരര്‍ക്കും മൂകര്‍ക്കും കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുക, വഴിചോദിച്ചവര്‍ക്ക് അതറിയിച്ചുകൊടുക്കുക, സഹായം അര്‍ഥിച്ചവന്റെ കാര്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കാന്‍ വേണ്ടി പരിശ്രമിക്കുക, ദുര്‍ബലര്‍ക്ക് ശക്തിപകരുക തുടങ്ങിയവയെല്ലാം നിനക്കുള്ള നിന്റെ ദാനധര്‍മങ്ങളാകുന്നു.(അഹ്മദ്)

നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, ദിക്‌റ് തുടങ്ങിയ മനുഷ്യന്റെ ഇബാദത്തുകളില്‍ ഏറ്റവും ശ്രേഷ്ടമായ കര്‍മമാണ് ഇഅ്തികാഫ്. അത് പ്രവാചകന്റെ പള്ളിയിലാകുമ്പോള്‍ അതിന് മഹത്തായ പ്രതിഫലമാണ് ഉള്ളത്. എന്നിരിക്കെ പ്രവാചകന്‍(സ) തന്റെ സഹോദരന്റെ പ്രയാസങ്ങളില്‍ സഹായിക്കാനും ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കാനും വേണ്ടി പുറപ്പെടുന്നതിന് ഇതിനേക്കാള്‍ പ്രധാന്യം നല്‍കിയതായി കാണാം. ഇബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘തന്റെ സഹോദരന്റെ ആവശ്യം നിവര്‍ത്തിച്ചുകൊടുക്കാനായി ഞാന്‍ നടക്കുന്നതാണ് ഈ(മദീന) പള്ളിയില്‍ ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ട്‌പ്പെടുന്നത്’. (ബുഖാരി)

അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഞങ്ങള്‍ പ്രവാചകന്റെ കൂടെ ഒരു യാത്രയിലായിരുന്നു. നോമ്പുള്ളവരും നോമ്പില്ലാത്തവരും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. അത്യുഷ്ണമുള്ള ദിവസത്തില്‍ ഒരുസ്ഥലത്ത് ഞങ്ങള്‍ ഇറങ്ങി. മറ്റുള്ളവരുടെ തണലില്‍ ആയിരുന്നു ചൂടു കാരണം അധികപേരും നിന്നത്. കൈ തലയില്‍ വെച്ച് ചൂടിനെ പ്രതിരോധിക്കുന്നവരും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. നോമ്പുകാര്‍ പരിക്ഷീണിതരായി വീണു, ഉടന്‍ നോമ്പില്ലാത്തവര്‍ ടെന്റുകളില്‍ നിന്ന് വെള്ളമെടുത്ത് ഒട്ടകങ്ങളെയെല്ലാം കുടിപ്പിച്ചു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഇന്ന് പ്രതിഫലവുമായി നോമ്പില്ലാത്തവര്‍ പോയി.(മുസ്‌ലിം). ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധിക്കാതെ വരുകയാണെങ്കില്‍ പതിവായി നിര്‍വഹിക്കുന്ന ഐഛികനോമ്പുകള്‍ ചിലപ്പോള്‍ ഉപേക്ഷിക്കാമെന്ന് ചില പണ്ഡിതന്മാര്‍ ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കി.

ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി അധികാരികളെയോ മറ്റോ സമീപിച്ച് ശുപാര്‍ശ ചെയ്യുന്നതും വലിയ ജനസേവന പ്രവര്‍ത്തനമാണ്. ആരെങ്കിലും നല്ല ശിപാര്‍ശയിലേര്‍പ്പെട്ടാല്‍ അതിന്റെ വിഹിതം അവന് ലഭിക്കും എന്ന് അല്ലാഹു ഉണര്‍ത്തുകയുണ്ടായി. പ്രവാചക ജീവിതത്തില്‍ ഇതിനുളള മകുടോദാഹരണങ്ങള്‍ കാണാം. വിവാഹമോചനം തേടിയ സ്ത്രീയുടെ ഭര്‍ത്താവിന്ന് വേണ്ടി ശിപാര്‍ശകനായി പ്രവാകന്‍ എത്തി. പ്രവാചകന്‍ അവളോട് പറഞ്ഞു: ‘നീ അവനിലേക്ക് മടങ്ങിയെങ്കില്‍, അവന്‍ നിന്റെ മകന്റെ പിതാവാണല്ലോ’, ഉടന്‍ താങ്കള്‍ എന്നോട് ആജ്ഞാ സ്വരത്തിലാണോ പറഞ്ഞത് എന്നു ചോദിച്ച സ്ത്രീയോട് പ്രവാചകന്‍ പ്രതികരിച്ചു: ‘ഞാന്‍ ശിപാര്‍ശകന്‍ മാത്രമാണ്’. എങ്കില്‍ ഇത് തുടരാന്‍ ഞാ്ന്‍ ആഗ്രഹിക്കുന്നില്ല എ്ന്നവള്‍ മറുപടി പറഞ്ഞു.(നിസാഇ). പ്രവാചകന്‍ (സ) പറഞ്ഞു: നിങ്ങള്‍ ശിപാര്‍ശ ചെയ്യൂ, പ്രതിഫലാര്‍ഹരാകും’.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles