Current Date

Search
Close this search box.
Search
Close this search box.

ചൈനയില്‍ നിന്ന് മൂന്ന് പെണ്‍കഥകള്‍

chinese-one-child.jpg

ചൈനയുടെ ഏകസന്താന നയത്തിന്റെ ഫലമായി മാതാപിതാക്കള്‍ ഉപേക്ഷിച്ച മൂന്ന് സ്ത്രീകളുടെ കഥകള്‍:

കായ് ഫെന്‍ങ്ക്‌സിയ – പുനഃസമാഗമം ഒരു സ്വപ്‌നം പോലെ
38 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി തന്റെ മാതാപിതാക്കളോടൊത്ത് അത്താഴം കഴിച്ചുകൊണ്ടിരിക്കെ കായ് ഫെന്‍ങ്ക്‌സിയക്ക് തേങ്ങലടക്കാനായില്ല. തനിക്ക് വെറും 25 ദിവസം മാത്രം പ്രായമുള്ളപ്പോള്‍, ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞ്, കിഴക്കന്‍ ചൈനയിലെ ജിയാംങിന്‍ നഗരത്തിലെ ക്വിയോകിയിലുള്ള പീപ്പ്ള്‍സ് കമ്യൂണിന്റെ കവാടത്തിനടുത്ത് തന്നെ ഉപേക്ഷിച്ചുപോയ മാതാപിതാക്കളെ കഴിഞ്ഞ 12 വര്‍ഷങ്ങളായി അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അവള്‍. പക്ഷേ, ഇപ്പോള്‍ അവരോടൊത്ത് അത്താഴത്തിനിരിക്കെ, ഏറെ ദൂരമകലത്തുള്ള ദാംങ്ഷാനിലെ തന്റെ വളര്‍ത്തച്ഛനെ മാത്രമായിരുന്നു അവള്‍ ഓര്‍ത്തു കൊണ്ടിരുന്നത്. അദ്ദേഹം അത്താഴം കഴിച്ചുകാണുമോ എന്നായിരുന്നു അവളുടെ ചിന്ത.

മാതാപിതാക്കളും കൂടപ്പിറപ്പുകളും അവളെ നോക്കി പുഞ്ചിരിക്കുമ്പോഴും അവള്‍ക്ക് ഏകാന്തതയാണനുഭവപ്പെട്ടത്. അവളുടെ ഭാഷയിലും മാറ്റമുണ്ടായിരുന്നത് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കി. രാജ്യത്തെ അനിയന്ത്രിതമായ ജനസംഖ്യാ വര്‍ദ്ധനവ് തടയാനെന്ന പേരില്‍ ചൈനയില്‍ ഏകസന്താന നയം നടപ്പിലാക്കിയ 1979ലായിരുന്നു കായ് ഫെന്‍ങ്ക്‌സിയയുടെ ജനനം. നിയമലംഘനത്തിന് വന്‍തുകയായിരുന്നു പിഴ.

കായ് ഫെന്‍ങ്ക്‌സിയയുടെ പിതാവ് സൗ മഓദു ഒരു ആണ്‍കുട്ടിയെ ആഗ്രഹിച്ച് കാത്തിരിക്കുമ്പോഴാണ് ഭാര്യ രണ്ടാമതും ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. മൂന്ന് കുട്ടികളെ വളര്‍ത്തുന്നത് പ്രായോഗികമായിരുന്നില്ല. പിഴയായി വരാവുന്ന ഭാരിച്ച തുക അവര്‍ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഒരു ഫാക്ടറിയുടെ മാനേജറെന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാവേണ്ടയാളായിരുന്നു സൗ മഓദു. പുതിയ ജനസംഖ്യാനിയന്ത്രണ ഉത്തരവ് പാലിക്കുന്നവരില്‍ അയാള്‍ ഏറ്റവും മുന്നിലുണ്ടാവണം. മൂന്നാമതൊരു സന്താനം കൂടി എന്നാലര്‍ത്ഥം ജോലി നഷ്ടപ്പെടുക എന്നത് കൂടി ആയിരിക്കും. അതിനാല്‍, മറ്റ് പലരെയുമെന്ന പോലെ, സൗ മഓദുവും പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഒരാണ്‍കുട്ടിക്കു വേണ്ടി ഒന്നുകൂടി ശ്രമിക്കാമല്ലോ. മകളെ ഉപേക്ഷിച്ചതിനു ശേഷം ദിവസങ്ങളോളം താന്‍ കരഞ്ഞുവെന്ന് സൗ മഓദു പറയുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ക്കൊരു ആണ്‍കുഞ്ഞ് പിറന്നു.

1979 ല്‍ ജിയാംങിന്‍ നഗരത്തില്‍ 425 കുഞ്ഞുങ്ങള്‍ അനാഥരായതായി നഗരത്തിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മാതാപിതാക്കള്‍ മരണപ്പെട്ടതു കാരണം അനാഥരായവരും, ഏകസന്താന നയം കാരണം മാതാപിതാക്കള്‍ ഉപേക്ഷിച്ചവരും അതില്‍ പെടും. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളധികവും പെണ്‍കുട്ടികളായിരുന്നു. ആണ്‍കുട്ടികള്‍ക്കു വേണ്ടിയാണെങ്കില്‍ പിഴയടക്കാനും പലര്‍ക്കും മടിയുണ്ടായിരുന്നില്ല. ആണ്‍കുട്ടികളാവുമ്പോള്‍ ഭാവിയില്‍ അവര്‍ കുടുംബപ്പേര് നിലനിര്‍ത്തും. പ്രായപൂര്‍ത്തിയാവുമ്പോള്‍ മാതാപിതാക്കളെ സംരക്ഷിക്കാന്‍ കൂടുതല്‍ സാധ്യതയുമുണ്ട്.

നീയൊരു ദത്തുപുത്രിയാണെന്ന് കായ് ഫെന്‍ങ്ക്‌സിയയോട് ചെറുപ്പകാലത്ത് മറ്റു കുട്ടികള്‍ പറയുമായിരുന്നു. ഈ കാര്യം ചോദിക്കുമ്പോഴൊക്കെ അവളെ ദത്തെടുത്തവര്‍ അവളോട് പറയും. അവര്‍ പറയുന്നതൊന്നും നീ ശ്രദ്ധിക്കാതിരിക്കൂ. ആ പറയുന്നവരാണ് ദത്തെടുക്കപ്പെട്ടവര്‍.

2012 ല്‍ കായ് ഫെന്‍ങ്ക്‌സിയ ജിയാംങിന്‍ റിലേറ്റീവ്‌സ് സെര്‍ച്ചിംഗ് വൊളന്റീര്‍ അസോസിയേഷനില്‍ അംഗമായി. ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ലീ യോംഗുഓ 2010 ല്‍ സ്ഥാപിച്ച സംഘടനയാണത്. അദ്ദേഹത്തിന്റെ നാട്ടിലെ ഒരു കുടുംബം പണ്ട് ഉപേക്ഷിച്ചിരുന്ന ഒരു കുട്ടിയെ ആ കുടുംബവുമായി വീണ്ടും കണ്ടുമുട്ടാനുള്ള സാഹചര്യമൊരുക്കാനുള്ള സൗഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. ആ സമയത്താണ് സമാനമായ കുറേയധികം സംഭവങ്ങളുണ്ടെന്ന് അദ്ദേഹത്തിന് ബോധ്യമായത്. അതാണ് ഇങ്ങനെയൊരു സംഘടന സ്ഥാപിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

കായ് ഫെന്‍ങ്ക്‌സിയ ഈ സംഘടനയില്‍ ചേര്‍ന്നതിനു ശേഷം തന്റെ ഡി.എന്‍.എ. അവര്‍ക്കു നല്‍കി. അവരത് സൂചൗ സര്‍വ്വകലാശാലയിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സസ് എന്ന സ്ഥാപനത്തിലേക്കയച്ചു. നാല് വര്‍ഷങ്ങള്‍ കഴിഞ്ഞ്, 2016 ല്‍, ക്വിയോകി പട്ടണത്തില്‍ 99 ശതമാനം ചേര്‍ച്ചയുള്ള ഒരാളെ കണ്ടെത്തിയതായി കായ് ഫെന്‍ങ്ക്‌സിയക്ക് അറിയിപ്പു കിട്ടി. മൂന്ന് മാസങ്ങള്‍ക്കു മുമ്പ് അവളുടെ അമ്മയും ഡി. എന്‍. എ. നല്‍കിയിട്ടുണ്ടായിരുന്നു.

മാതാപിതാക്കളോടൊത്ത് തന്റെ ആദ്യത്തെ അത്താഴം കഴിച്ച ആ ദിവസം കാലത്ത്, നിറകണ്ണുകളോടെ കായ് ഫെന്‍ങ്ക്‌സിയയുടെ പിതാവ് അവളോട് മാപ്പപേക്ഷിച്ചു. അവളെ ഉപേക്ഷിക്കുകയല്ലാതെ വേറെ വഴികളൊന്നുമില്ലായിരുന്നുവെന്ന് അയാള്‍ അവളോട് പറഞ്ഞു. തന്നെ ദത്തെടുത്തവരുടെ അടുത്തേക്ക് അന്നു തന്നെ അവള്‍ തിരിച്ചുപോയി. മടങ്ങിയതിനു ശേഷവും മാതാപിതാക്കളോടുള്ള ബന്ധം അവള്‍ തുടര്‍ന്നു. തന്റെ വളര്‍ത്തച്ഛനോടും ഭര്‍ത്താവിനോടും രണ്ട് ആണ്‍കുട്ടികളോടുമൊപ്പം ചൈനീസ് പുതുവര്‍ഷ ദിവസം അവള്‍ മാതാപിതാക്കളെ സന്ദര്‍ശിച്ചു.

എന്റെ മാതാപിതാക്കളോടൊത്തുള്ള പുനഃസമാഗമം ഒരു സ്വപ്‌നം പോലെയുണ്ട്. അവള്‍ പറയുന്നു. ഒന്നും മാറിയിട്ടൊന്നുമില്ല. ജീവിതം തുടരുന്നു. കുറേയധികം ബന്ധുക്കളായി എന്നുമാത്രം.
 

ലിന്‍ ചുനോംങ് – ഒരച്ഛന്റെ സ്‌നേഹമെന്തെന്ന് ഞാനറിഞ്ഞതേയില്ല
1979 ല്‍ ഹെനന്‍ പ്രവിശ്യയിലുള്ള ക്വിന്‍യാംങിലെ ഒരു ഫാക്ടറിയുടെ കവാടത്തിലാണ് ലിന്‍ ചുനോംങ് ഉപേക്ഷിക്കപ്പെട്ടത്. അവള്‍ക്കന്ന് രണ്ട് ദിവസമാണ് പ്രായം. കായ് ഫെന്‍ങ്ക്‌സിയയുടെ അച്ഛനെ പോലെ ഒരു ഫാക്ടറി മാനേജറായിരുന്ന വാംങ് ക്‌സിംങിന്റെ ഭാര്യക്ക് പിറന്ന മൂന്നാമത്തെ പെണ്‍കുട്ടിയായിരുന്നു ലിന്‍ ചുനോംങ്. തന്റെ ആദ്യത്തെ രണ്ട് പെണ്‍മക്കളെ പോറ്റിവളര്‍ത്താന്‍ തന്നെ അയാള്‍ പെടാപ്പാടിലായിരുന്നു. ഇപ്പോഴിതാ തലക്കു മുകളില്‍ ഭാരിച്ച പിഴയും ജോലിനഷ്ടവും. അതിനാല്‍ വാംങ് തന്റെ സഹോദരിയെ ഈ പിഞ്ചുകുഞ്ഞിനെ ഏതെങ്കിലും ഫാക്ടറിക്ക് മുന്നില്‍ ഉപേക്ഷിച്ചു കളയാനുള്ള ചുമതലയേല്‍പിച്ചു. ഒരു ചുവന്ന തുണിയില്‍ പൊതിയപ്പെട്ട് തിരിച്ചറിയാനുള്ള ഒരടയാളവുമില്ലാതെ ഒരു ഫാക്ടറിക്ക് മുന്നില്‍ ആ കുഞ്ഞ് കിടന്നു.

കുഞ്ഞുമായി സഹോദരി പോയപ്പോള്‍ വാംങ് ക്‌സിംങിന് ദുഃഖം താങ്ങാനാവാതായി. സഹോദരി തിരിച്ചെത്തിയതിനു ശേഷം അയാള്‍ കുഞ്ഞ് അവിടെയുണ്ടാവുമെന്ന പ്രതീക്ഷയോടെ പുറപ്പെട്ടു. പക്ഷേ, ഏതോ ഒരാള്‍ കുഞ്ഞുമായി പോയിക്കഴിഞ്ഞിരുന്നു. പിന്നീട് ദിവസങ്ങളോളം താന്‍ കരഞ്ഞുവെന്ന് വാംങ് ക്‌സിംങ് പറയുന്നു.

അവളുടെ മാതാപിതാക്കളില്‍ നിന്നും 500 കിലോമീറ്റര്‍ ദൂരത്താണ് ലിന്‍ ചുനോംങ് വളര്‍ന്നത്. ഷാദോംങ് പ്രവിശ്യയിലെ ഒരു ദരിദ്ര സ്ത്രീയായിരുന്നു അവളെ ദത്തെടുത്തത്. 40 വയസ്സുള്ള സണ്‍ ക്‌സിയാന്‍. അവര്‍ പലതവണ പുനര്‍വിവാഹം നടത്തി. വ്യത്യസ്ഥ കാലങ്ങളിലായി മൂന്ന് പേരെ തനിക്ക് അച്ഛനെന്ന് വിളിക്കേണ്ടി വന്നുവെന്ന് പറയുന്നു ലിന്‍ ചുനോംങ്. പക്ഷേ, ഒരച്ഛന്റെ സ്‌നേഹമെന്തെന്ന് ഞാനൊരിക്കലും അറിഞ്ഞില്ല എന്നും അവള്‍ പറയുന്നു.

മാതാപിതാക്കള്‍ തന്നെ ഉപേക്ഷിച്ചതിനെയും ഇപ്പോഴുള്ള അമ്മ തന്നെ ദത്തെടുത്തതിനെയും കുറിച്ച് സഹപാഠികളില്‍ നിന്നും ചില കഥകള്‍ കേട്ടതല്ലാതെ, കാര്യങ്ങളൊന്നും അവളുടെ വളര്‍ത്തമ്മ ലിന്‍ ചുനോംങിനെ അറിയിച്ചിരുന്നില്ല. കുട്ടികള്‍ പറഞ്ഞുനടന്ന കഥകള്‍ അവളെ മുറിവേല്‍പിച്ചുകൊണ്ടിരുന്നു. യാഥാര്‍ത്ഥ മാതാപിതാക്കളോട് അടങ്ങാത്ത വെറുപ്പും, താന്‍ ആരാണെന്നതിനെ കുറിച്ച് തികഞ്ഞ ആശയക്കുഴപ്പവും, മറ്റ് കുട്ടികള്‍ക്കടുത്ത് വലിയ അപകര്‍ഷതാ ബോധവുമായാണ് താന്‍ വളര്‍ന്നതെന്ന് ലിന്‍ ചുനോംങ് പറയുന്നു.

1990 കളില്‍ ഏകസന്താന നയം അല്‍പം മയപ്പെടുത്തി. ആദ്യത്തെ കുട്ടി പെണ്ണാണെങ്കില്‍, അല്ലെങ്കില്‍ അംഗവൈകല്യമുള്ളതാണെങ്കില്‍, ഗ്രാമീണ രക്ഷിതാക്കള്‍ക്ക് രണ്ടാമതൊരു കുട്ടികൂടി ആവാമെന്ന നിയമമുണ്ടായി. പക്ഷേ, 2016 ജനുവരി ഒന്നിനു മാത്രമാണ്, ഏക സന്താന നയം പൂര്‍ണ്ണമായും റദ്ദ് ചെയ്ത്, രണ്ട് കുട്ടികളാവാമെന്ന പുതിയ നിയമം നടപ്പില്‍ വന്നത്. അതുവരെയായി, 400 ദശലക്ഷം കുഞ്ഞുങ്ങളുടെ ജനനം തടയാനായെന്ന് ചൈനീസ് അധികൃതര്‍ അവകാശപ്പെടുന്നു.

ഏക സന്താന നിയമത്തിന്റെ കെടുതിയാല്‍ ജനിച്ചപ്പോള്‍ തന്നെ ഉപേക്ഷിക്കപ്പെട്ട ലിന്‍ ചുനോംങിനെ 2009 ല്‍ അതേ നിയമം പിന്നെയും പിടികൂടി. അവള്‍ക്ക് രണ്ടാമതൊരു കുഞ്ഞ് പിറന്നപ്പോള്‍ ഭര്‍ത്താവ് ഒരു മാസം ജയിലില്‍ കിടക്കേണ്ടിവന്നു.

2004 ല്‍ വളര്‍ത്തമ്മ മരിച്ചതിനു ശേഷം ലിന്‍ ചുനോംങ് തന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണങ്ങളിലേക്ക് നീങ്ങി. രണ്ടാമതൊരു കുഞ്ഞ് പിറന്നതിന്റെ കെടുതികള്‍ സ്വയം അനുഭവിക്കേണ്ടി വന്നപ്പോള്‍ തനിക്ക് അവരോടുണ്ടായിരുന്ന നീരസം നീങ്ങിപ്പോയെന്ന് അവള്‍ മനസ്സിലാക്കുന്നു. ഇപ്പോള്‍ എനിക്കും കുട്ടികളായി. ഒരു കുഞ്ഞിനെ ഉപേക്ഷിച്ചു കളഞ്ഞതിനു ശേഷം അവര്‍ എത്രമാത്രം നൊമ്പരപ്പെട്ടിട്ടുണ്ടാകുമെന്ന് ഇന്നെനിക്കറിയാം. ചിലപ്പോഴൊക്കെ അവരോടെനിക്ക് കൃതഞ്ജതയാണ് തോന്നുക. കാര്യങ്ങള്‍ ഇതിനേക്കാള്‍ ദുരന്തമാവാനും സാധ്യതയുണ്ടായിരുന്നു. ഏക സന്താന നിയമം വരുന്നതിനു മുമ്പുതന്നെ ചൈനയില്‍ ഭ്രൂണഹത്യയും ശിശുഹത്യയും വ്യാപകമായിരുന്നു – അത് പെണ്‍കുഞ്ഞാണെങ്കില്‍ പ്രത്യേകിച്ചും. ഏക സന്താന നിയമം ഈ വിപത്തിന് ആക്കം കൂട്ടി. 2020 ആകുമ്പോഴേക്കും, സ്ത്രീകളേക്കാള്‍ 30 – 40 ദശലക്ഷം പുരുഷന്മാര്‍ ചൈനയിലുണ്ടാവുമെന്ന് ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ് 2010 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 20 വയസ്സിന് താഴെയുള്ള യുവതീ-യുവാക്കളെ കുറിച്ചുള്ളതാണ് ഈ പ്രവചനം.

ഡി.എന്‍.എ താരതമ്യം വഴി ഒരാളെ കണ്ടെത്തിയതായി 2016ല്‍ ലിന്‍ ചുനോംങിന് അറിയിപ്പ് വന്നു. അമ്മയെ നേരില്‍ കണ്ടപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു. അന്നുമുതല്‍ ലിന്‍ ചുനോംങ് മാതാപിതാക്കളുമായുള്ള ബന്ധം മെല്ലെ മെല്ലെ വളര്‍ത്തിയെടുത്തു. അവരുടെ ആദ്യത്തെ കൂടിക്കാഴ്ചക്കു ശേഷം, വാംങ് ക്‌സിംങും ഭാര്യയും സണ്‍ ക്‌സിയാന്റെ ശവകുടീരം സന്ദര്‍ശിച്ചു. തങ്ങളുടെ മകളെ വളര്‍ത്തി വലുതാക്കിയതിന്റെ നന്ദിപ്രകടനമെന്നോണം ബലിയര്‍പ്പണം ചെയ്തു.

2016 ല്‍ വീട്ടുകാര്യങ്ങളില്‍ അവളെ സഹായിക്കാനായി ലിന്‍ ചുനോംങിന്റെ അമ്മ അവളോടൊപ്പം ചേര്‍ന്നു. നഷ്ടപ്പെട്ടു പോയ ആ പഴയ കാലം ആവുന്നത്ര നികത്തണമെന്നത് മാത്രമാണ് ആ അമ്മയുടെ മോഹം.

ചെന്‍ കെയ്ജിംങ് – മാതാപിതാക്കളെ കണ്ടുമുട്ടുന്ന ദിവസമായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം.

1982 ല്‍, ജിയാംങിന്‍ വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് വളര്‍ത്തച്ഛന്‍ തന്നെ കിഴക്കന്‍ ചൈനയിലെ സുസോവിലേക്ക് കൊണ്ടുവന്നതെന്ന് മാത്രമല്ലാതെ, താന്‍ ആരാണെന്നും എവിടെ നിന്നാണെന്നുമുള്ള കാര്യങ്ങളെ കുറിച്ച് ചെന്‍ കെയ്ജിംങിന് ഒരു ധാരണയുമില്ലായിരുന്നു.

വിവാഹം ചെയ്യാതിരുന്ന വളര്‍ത്തച്ഛനും അയാളുടെ സഹോദരിയും ചേര്‍ന്നാണ് ചെന്‍ കെയ്ജിംങിനെ വളര്‍ത്തിയത്. സ്‌നേഹം നിറഞ്ഞ വീടായിരുന്നു അവള്‍ക്ക് കിട്ടിയത്. ഒരമ്മയെ പോലെയാണ് തന്നെ ഇളയമ്മ വളര്‍ത്തിയതെന്ന് അവള്‍ ഓര്‍ക്കുന്നു. എന്നിട്ടും അവള്‍ അന്തര്‍മുഖിയായാണ് വളര്‍ന്നത്. സഹപാഠികളോടൊത്ത് പോകാനാവാതെ പത്താം വയസ്സില്‍ അവള്‍ പഠനം അവസാനിപ്പിച്ചു.

ഇക്കാലത്തും ചൈനീസ് ജനതക്ക് ആണ്‍കുട്ടികളോടാണ് പ്രിയം. 2008 ല്‍ ചെന്‍ കെയ്ജിംങിന് രണ്ടാമതൊരു പെണ്‍കുഞ്ഞ് കൂടി പിറന്നപ്പോള്‍, അതിനെ ആര്‍ക്കെങ്കിലും ദത്ത് നല്‍കിയേക്കാന്‍ ഒരു ബന്ധു അവളോട് പറഞ്ഞു. പക്ഷേ, അങ്ങനെ ചെയ്യാന്‍ അവള്‍ക്കാവുമായിരുന്നില്ല. ഉപേക്ഷിക്കപ്പെട്ടവളാണ് ഞാന്‍. ഞാനെവിടെ നിന്നാണെന്ന് പോലും എനിക്കറിയുമായിരുന്നില്ല. ഞാന്‍ അനുഭവിക്കുന്ന ആ നൊമ്പരം എന്റെ മക്കള്‍ക്കും പകരുകയോ?

കഴിഞ്ഞ ദശകങ്ങളില്‍, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും, ചൈനയില്‍ ഇപ്പോഴും ഇത് ഒരു വിഷമപ്രശ്‌നം തന്നെ. അംഗവൈകല്യമുള്ള കുഞ്ഞുങ്ങളാണ് ഇപ്പോള്‍ കൂടുതലായും ഉപേക്ഷിക്കപ്പെടുന്നത്. രക്ഷിതാക്കള്‍ക്ക് കുഞ്ഞുങ്ങളെ ഉപേക്ഷിക്കാനാവുന്ന അമ്മത്തൊട്ടില്‍ ചൈനയിലെ പല നഗരങ്ങളിലും നിലവില്‍ വന്നത് 2014 ലിലായിരുന്നു. രണ്ട് മാസത്തിനകം 262 കുഞ്ഞുങ്ങളെ ഉപേക്ഷിച്ച ഗുംങ്‌സോ നഗരത്തിലെ അമ്മത്തൊട്ടില്‍ അധികഭാരം താങ്ങാനാവാതെ അധികൃതര്‍ക്ക് ഒഴിവാക്കേണ്ടിവന്ന കഥയുമുണ്ട്.

2009 ല്‍ മൂന്നാമതും ഗര്‍ഭിണിയായപ്പോള്‍ ചെന്‍ കെയ്ജിംങ് വീണ്ടും ഏക സന്താന നിയമം ലംഘിച്ചു. പിഴയൊടുക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനായി തന്നെ ആരുമറിയാത്ത ഒരു വിദൂര നാട്ടിലേക്ക് ഇളയ മകളുമൊത്ത് അവള്‍ താമസം മാറ്റി. അവിടെ അവള്‍ക്ക് ഒരാണ്‍കുഞ്ഞ് പിറന്നു. മൂത്ത മകളുമൊത്ത് ഭര്‍ത്താവ് സുസോവില്‍തന്നെ നിന്നു.

തന്റെ മരണശേഷം മകള്‍ ബന്ധുക്കളില്ലാതെ ഒറ്റപ്പെടുമെന്ന ആശങ്കയാല്‍, അവളെ എവിടെ നിന്നാണ് കൊണ്ടുവന്നതെന്ന രഹസ്യം, മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ്, മരണാസന്നനായി കിടക്കുന്ന നേരത്ത്, വളര്‍ത്തച്ഛന്‍ അവളെ അറിയിച്ചു. അന്നു മുതല്‍ ചെന്‍ കെയ്ജിംങ് മാതാപിതാക്കളെ തേടുകയാണ്. അതിനു വേണ്ടി അവള്‍ ജിയാംങിന്‍ റിലേറ്റീവ്‌സ് സെര്‍ച്ചിംഗ് വൊളന്റീര്‍ അസോസിയേഷനില്‍ അംഗമായിട്ടുണ്ട്. ഓണ്‍ലൈന്‍ ഫോറങ്ങളില്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ 9 ഉം 15 ഉം വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ അവളെ സഹായിക്കുന്നു.

പ്രതീക്ഷയോടെ അവള്‍ പറയുന്നു. മാതാപിതാക്കളെ കണ്ടുമുട്ടുന്ന ആ ദിവസമായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം.

അവലംബം: അല്‍ ജസീറ

Related Articles