Current Date

Search
Close this search box.
Search
Close this search box.

ചൈനയിലെ ഇസ്‌ലാം

1999 ലാണ് ഞാന്‍ ആദ്യമായി ചൈനയില്‍ പോകുന്നത്. ഏക സ്വരത്തില്‍ ഖുര്‍ആന്‍  പാരായണം ചെയ്യുന്ന കുട്ടികളാണ് അന്ന് ചൈനയില്‍ ഞങ്ങളെ സ്വീകരിച്ചത്. ചൈനയിലെ ബീജിങ്ങ്, ഹോഹോത്, ശിയാന്‍ എന്നിവിടങ്ങളിലെ മുസ്‌ലിം സാന്നിധ്യത്തെക്കുറിച്ച് പഠിക്കാനായി മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന്  പുറപ്പെട്ട ഒരു പഠന ഗ്രൂപ്പിന്റെ ഭാഗമായാണ് അന്ന് ഞാന്‍ ചൈനയിലെത്തുന്നത്. ചൈനാ മുസ്‌ലിംകളുടെ ചരിത്രത്തെക്കുറിച്ചും വര്‍ത്തമാന സാഹചര്യങ്ങളെക്കുറിച്ചും പഠിക്കുക അവരെ സഹായിക്കേണ്ടതുണ്ടെങ്കില്‍ സഹായിക്കുക എന്നിവയെല്ലാമായിരുന്നു ഞങ്ങളുടെ യാത്രയുടെ ലക്ഷ്യം. പിന്നീട് 2003 ല്‍  മറ്റുചില ബിസിനസ് ആവശ്യത്തിന് വേണ്ടിയും ഞാന്‍ ചൈന സന്ദര്‍ശിച്ചിട്ടുണ്ട്.

ചൈനയിലെ മുസ്‌ലിം സമുദായം
എന്റെ ആദ്യത്തെ ചൈന സന്ദര്‍ശനം വളരെ അല്‍ഭുതമുളവാക്കുന്നതായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പ് ആദ്യം ഷിയാനിലെ കളിമണ്‍ പ്രതിമകള്‍ കാണാനാണ് പോയത്. പക്ഷെ എനിക്കതിനോട് താല്‍പര്യം തോന്നിയില്ല. ഞാന്‍ അതിന് പകരം ഞാന്‍ അവിടെ നിന്ന് 300 കി.മി ദൂരെയുള്ള മരുഭൂ പ്രദേശത്തെക്ക് പോയി. അവിടെ ധാരാളം മുസ്‌ലിങ്ങളുണ്ടായിരുന്നു. കാര്‍ഷിക വൃത്തിയായിരുന്നു അവരുടെ മുഖ്യ തൊഴില്‍. കുടിലുകളിലും മലകള്‍ തുരന്നുണ്ടാക്കിയ ഗുഹകളിലുമായാണ് അവര്‍ ജീവിച്ചിരുന്നത്. സലാം പറയാനറിയമെന്നതൊഴിച്ചാല്‍ അവരുടെ സാധാരണ പ്രാദേശിക ഭാഷകളൊന്നും എനിക്കറിയില്ലായിരുന്നു. അവിടെ ഒരു വീട്ടില്‍ കയറിയപ്പോള്‍ ഒരു കുട്ടിയുടെ മുറിയുടെ ചുമരില്‍ എം.ടി.വിയുടെ പോസ്റ്റര്‍ കണ്ടപ്പോള്‍ എനിക്ക് അല്‍ഭുതം തോന്നാതിരുന്നില്ല. അവിടത്തെ എല്ലാ പെണ്‍കുട്ടികളെയും ഖുര്‍ആനും ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളും പഠിക്കുന്നതിനുമായി ബോര്‍ഡിങ്ങ് സ്‌കൂളിലേക്ക് അയച്ചിരുന്നു എന്നത് എനിക്ക് ചൈനയുടെ മാത്രം പ്രത്യേകതയായി തോന്നി.
പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കുന്നതിനായി ഈ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്ക്  അവസരങ്ങളുണ്ടായിരുന്നു. ഈ സഹായങ്ങളെല്ലാം ചെയ്തത് ചൈനാ സര്‍ക്കാരിന്റെ പരോക്ഷമായ പിന്തുണയോട് കൂടിയായിരുന്നു. എന്നാല്‍  ഈയിടെ കുറച്ച് കാലമായി ചൈനാ സര്‍ക്കാറിന് സ്വതന്ത്ര വിശ്വാസം കാത്ത് സൂക്ഷിക്കുന്ന മുസ്‌ലിം കളോടുള്ള നിലപാടിനെക്കുറിച്ച് ഒരു പാട് നിരൂപണങ്ങളുണ്ടാകുന്നുണ്ട്.

ഉറൂഖി നഗരം ചുറ്റി സഞ്ചരിച്ചപ്പോള്‍ അവിടെ നിരവധി പള്ളികള്‍ കാണാന്‍ സാധിച്ചു. ഇവിടെയുള്ള പ്രദേശങ്ങള്‍ മധ്യേഷ്യന്‍ രാജ്യങ്ങളുമായി അടുപ്പമുള്ളവയാണ്. ഇവിടെ ധാരാളം ആളുകള്‍ വ്യാപാരാവശ്യാര്‍ത്ഥം സന്ദര്‍ശനം നടത്തുന്നുണ്ട് അവരിലധിക പേരും പാകിസ്താനില്‍ നിന്നുള്ളവരായിരുന്നു. അവിടെ വെച്ച് ഉര്‍ദു സംസാരിക്കുന്നത് കേട്ടപ്പോള്‍ വളരെ ആശ്വാസം തോന്നി. ഇവിടെ മുസ്‌ലിം സാന്നിധ്യമുള്ള  പ്രദേശങ്ങളില്‍ ഹലാല്‍ ഭക്ഷണങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. ബീജിങ്ങിലെ ടൂറിസ്‌ററ് കേന്ദ്രീകൃതവും ബിസിനസ് കേന്ദ്രീകൃതവുമായ സ്ഥലങ്ങളില്‍ ധാരാളം റസ്റ്റാറന്റുകളുണ്ടായിരുന്നു. അതില്‍ മുസ്‌ലിംകള്‍ ഹലാല്‍ ഭക്ഷണങ്ങളും വിതരണം ചെയ്യുന്നുണ്ടായിരുന്നു.

ടര്‍ഫാനിലെ യമിന്‍ മിനറേറ്റും അതിനോടനുബന്ധിച്ചുള്ള ആംഫി തിയേറ്ററും നല്ല അനുഭവങ്ങള്‍ സമ്മാനിച്ചു. ഇവിടത്തെ ടര്‍ഫാന്‍ മസ്ജിന്റെ നിര്‍മാണ രീതി വളരെ മനോഹരമായിരുന്നു. ബീജിങ്ങിലെ ന്യൂജെ മസ്ജിദിന്റ വാസ്തുവിദ്യ വളരെ നന്നായിരുന്നു. ഷിയാനിലെ പള്ളിയില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഭംഗിയായി ചുമരുകളില്‍ ഉല്ലേഖനം ചെയ്തിട്ടുണ്ടായിരുന്നു. വ്യത്യസ്ത പ്രദേശങ്ങളിലെ പള്ളികള്‍ അവിടുത്തെ പ്രാദേശികമായ ശൈലിയില്‍ നിര്‍മിക്കപ്പെട്ടതായിരുന്നു. ഓരോ പള്ളികള്‍ക്ക് ചുറ്റും ജീവിച്ചിരുന്ന മുസ്‌ലിം സമുദായത്തിന്റെ ആഥിത്യമര്യദ സ്വാഗതാര്‍ഹവും ഹൃദ്യവുമായിരുന്നു.

പ്രവാചക അനുയായികളില്‍ പല സ്വഹാബികളും കിഴക്കന്‍ പ്രദേശങ്ങളിലേക്ക് പ്രബോധന ദൗത്യവുമായി യാത്ര ചെയ്തിട്ടുണ്ടെന്നാണറിവ് . അക്കാലത്ത് തന്നെ ചൈനയില്‍ ഇസ്‌ലാമിന് പ്രചാരം ലഭിച്ചിരുന്നു. ചൈനീസ് മുസ് ലിങ്ങളില്‍ നിന്ന് പലരും വളരെ പ്രസിദ്ധരായിരുന്നു.  ചൈനീസ് നാവികനും പര്യവേഷകനും നയ്തന്ത്രജ്ഞനും നാവിക അഡ്മിറലുമായിരുന്ന സെങ്ങ് ഹേ ഇവരില്‍ പ്രസിദ്ധനാണ്. കൊളംബസ് രാജ്യം ചുറ്റിയത് പോലെ ഇദ്ദേഹം നാലു പ്രാവശ്യം ലോകം ചുറ്റുകയുണ്ടായി. (നാവികനായ സിന്ദ്ബാദിനെക്കുറിച്ചുള്ള കഥകള്‍ യഥാര്‍ത്ഥത്തില്‍ സെങ്ങ് ഹേയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്നു. 1371ല്‍ ഇന്നത്തെ യുന്നാന്‍ പ്രവിശ്യയിലാണ് സെങ്ങ് ഹേ ജനിച്ചത്. യുവാന്‍ സാമ്രാജ്യത്തിന്റെ അവസാന ശക്തികേന്ദ്രമായിരുന്നു അക്കാലത്ത് അത്. മിങ്ങിന്റെ ചരിത്രം അനുസരിച്ച് മാ സാന്‍ബാഓ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം. ഇന്നത്തെ ജിന്നിങ്ങിലുള്ള കുന്യാങ്ങിലായിരുന്നു ജനനം. ഇന്ന് ഉസ്‌ബെക്കിസ്താന്റെ ഭാഗമായ ബുഖാറായില്‍ നിന്ന് വന്ന, യുന്നാന്‍ പ്രവിശ്യയുടെ യുവാന്‍ ഗവര്‍ണ്ണറായിരുന്ന, സയ്യിദ് അജ്ജല്‍ ഷംസുദ്ദീന്‍ ഉമറിന്റെ ആറാം തലമുറക്കാരനായിരുന്നു. ഷംസുദ്ദീന്റെ അഞ്ചാമത്തെ മകനായ മാസൂഹിന്റെ (മന്‍സ്വൂര്‍) പേരില്‍ നിന്നാണ് മാ എന്ന കുടുംബനാമമുണ്ടായത്. ഹേയുടെ പിതാവായ മിര്‍ ടെകിന്‍, പിതാമഹനായ ചരാമദ്ദീന്‍ എന്നിവര്‍ മക്കയില്‍ ചെന്ന് ഹജ്ജ് നിര്‍വ്വഹിച്ചിട്ടുണ്ടായിരുന്നു. 1381ല്‍ യുവാന്‍ സാമ്രാജ്യത്തിന്റെ പതനത്തോടെ മിങ്ങ് പട്ടാളം മംഗോള്‍ വിപ്ലവകാരിയായ ബസലവര്‍മിയെ പരാജയപ്പെടുത്താനായി യുന്നാനിലേക്ക് വന്നു. പതിനൊന്ന് വയസ്സു മാത്രം പ്രായമുണ്ടായിരുന്ന മാ സന്‍ബാവോ പിടിക്കപ്പെടുകയും ഹിജഡയായി മാറ്റപ്പെടുകയും ചെയ്തു. രാജകൊട്ടാരത്തിലേക്ക് അയക്കപ്പെട്ട അദ്ദേഹം യോംഗിള്‍ ചക്രവര്‍ത്തിയുടെ വിശ്വസ്ത ഉപദേഷ്ടാവായി മാറി. തന്റെ മുന്‍ഗാമിയായിരുന്ന ജിയാന്‍വെന്‍ ചക്രവര്‍ത്തിയെ പുറത്താക്കാന്‍ സഹായിച്ചതിന് യോംഗിള്‍ ചക്രവര്‍ത്തി അദ്ദേഹത്തിന് സെങ്ങ് ഹേ എന്ന് പേരു നല്‍കി.)

പല അമുസ്‌ലിം രാജ്യങ്ങളിലും മുസ്‌ലിങ്ങള്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നത് പോലെ ചൈനാ മുസ്‌ലിങ്ങളും ക്ലേശങ്ങള്‍ അനുഭവിക്കുന്നുണ്ട്. പല ഭൂരിപക്ഷ മതേതര സര്‍ക്കാറുകളും ചൈനാ മുസ്‌ലിംകളെ സ്വാഗതം ചെയ്തു. പലരും അവരുടെ വിശ്വാസം കണക്കിലെടുക്കാതെ അവര്‍ക്ക് ശാന്തമായി ജീവിക്കാനുള്ള അവസരമൊരുക്കി. പക്ഷെ എന്നിട്ടും അവര്‍ പൊതു സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. ഇത് ഇംഗ്ലണ്ടിലും ഉണ്ടായിരുന്നല്ലോ. ഇങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ചൈനയില്‍ സംഘടനകളുണ്ട്. പക്ഷെ സര്‍ക്കാര്‍ ഇടപെടലുകള്‍ ഇങ്ങനെയുള്ള സംഘടനകളെ പ്രതിലോമകരമായി ബാധിക്കുന്നു. മറ്റു രാജ്യങ്ങളിലുള്ള മുസ്‌ലിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ചൈനീസ് മുസ്‌ലിങ്ങളും അഭിമുഖീകരിക്കുന്നത്.

ചൈനയിലൂടെയുള്ള യാത്രകളിലൂടെ അവിടയെുണ്ടായിരുന്ന മുസ്‌ലിംകളുടെ ചരിത്രം മനസിലാക്കാന്‍ സാധിക്കും. ചൈനയിലൂടെ യാത്ര ചെയ്യണമെന്നാണ് എല്ലാവരോടു മുള്ള എന്റെ അപേക്ഷ. ഇവിടുത്തെ ജനങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ധ സ്വഭാവമുള്ളവരും, ഇവിടുത്തെ ഭക്ഷണം വളരെ രുചികരവുമാണ്. അതിലെല്ലാ മുപരി ചൈന നമുക്കെല്ലാവര്‍ക്കും ഒരു പുതിയ കാഴ്ചയായിരിക്കും തീര്‍ച്ച.

വിവ : അബ്ദുല് മജീദ് താണിക്കല്

Related Articles