Current Date

Search
Close this search box.
Search
Close this search box.

ചിലര്‍ സ്ത്രീകളെ തരം താഴ്ത്തുന്നുണ്ടെങ്കിലും, ഇസ്‌ലാം ഞങ്ങളെ ഉയര്‍ത്തുകയാണ്

എനിക്ക് അത്ഭുതം തോന്നി. ഞാനെപ്പോഴും ആരാധിക്കാറുള്ള അതേ ദൈവം തന്നെയാണോ അല്ലാഹു? എനിക്ക് സമാധാനം തോന്നാന്‍ തുടങ്ങി. കുറെ കാലമായി ഞാന്‍ അന്വേഷിക്കുകയായിരുന്നു. ഞാന്‍ വെള്ളത്തില്‍ ചവിട്ടി നടക്കുകയും അവസാനം നിലം കണ്ടെത്തുകയും ചെയ്തത് പോലെ എനിക്ക് തോന്നി.

പതിവു പോലെ പകല്‍ കിനാവുകള്‍ കണ്ടുകൊണ്ട്, ഒന്നാം സെമസ്റ്റര്‍ കാലത്ത്, കമ്മ്യൂണിറ്റി കോളജിലെ, നിശാ ക്ലാസ്സില്‍ ഞാന്‍ ഇരുന്നു. ഭാവിയെ കുറിച്ച് ഞാന്‍ ചിന്തിച്ചു. അതെങ്ങോട്ടാണ് എന്നെ കൊണ്ടു പോകുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. പെട്ടെന്നായിരുന്നു എനിക്കൊരു ദിവ്യ പ്രചോദനമുണ്ടായത്. എനിക്കൊരു സഭാ ശുശ്രൂഷകയാകണം. ദൈവ വചന പ്രചാരണത്തിന്ന് ജീവിതം സമര്‍പ്പിക്കണം.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം, 1976 ല്‍, വീട്ടില്‍ നിന്നും 200 മൈലുകള്‍ക്കപ്പുറമുള്ള, ഒരു സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലേക്ക് ഞാന്‍ മാറി. അപ്പോഴും സ്വപ്‌നം തുടരുകയായിരുന്നു. താമസിയാതെ, പ്രദേശത്തെ ലൂതറന്‍ ചര്‍ച്ച് പാസ്റ്ററുമായി ബന്ധപ്പെട്ടു. കഴിയും വിധം സഹായിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ആദ്യ ചുമതലയെന്ന നിലയില്‍, ഒരു അന്താരാഷ്ട്ര വിദ്യാര്ത്ഥി സംഘത്തിന്റെ പിക്‌നിക്കിനെ സ്വാഗതം ചെയ്യുവാന്‍, അദ്ദേഹത്തിന്റെ പ്രതിനിധിയായി അയക്കപ്പെടുകയായിരുന്നു. എന്റെ ആദ്യ മുസ്‌ലിമിനെ കാണാന്‍ എനിക്ക് കഴിഞ്ഞത് ഈ പിക്‌നിക്കില്‍ വെച്ചായിരുന്നു.

ആദ്യ മുസ്‌ലിമുമായുള്ള ബന്ധം
അബ്ദുല്‍ മുന്‍ഇം തായ്‌ലന്റുകാരനായിരുന്നു. സുന്ദരമായ പുഞ്ചിരി. സൗമ്യന്‍. സംസാര മധ്യേ പലപ്പോഴും അദ്ദേഹം ദൈവത്തെ കുറിച്ചു പറയുന്നുണ്ടായിരുന്നു. അതെന്നില്‍ അത്ഭുതമുളവാക്കി. ക്രിസ്ത്യാനിയല്ലാത്തവരെല്ലാം നരകത്തില്‍ പോകുമെന്നായിരുന്നു ഞാന്‍ പഠിപ്പിക്കപ്പെട്ടിരുന്നത്. ദൈവ വിശ്വാസിയും സദ്‌സ്വഭാവിയുമായ ഒരാളെങ്ങനെ ശാശ്വത ശിക്ഷക്ക് വിധേയനായി തീരുമെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അബ്ദുല്‍ മുന്‍ഇമിനോട് എനിക്ക് അനുകമ്പ തോന്നി. അതിനാല്‍ തന്നെ അദ്ദേഹത്തെ മതപരിവര്‍ത്തനം നടത്താന്‍ ഞാന്‍ ആരംഭം കുറിച്ചു.

എന്റെ കൂടെ ചര്‍ച്ചില്‍ വരാന്‍ ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. അതനുസരിച്ചു ചര്‍ച്ചില്‍ വന്ന അദ്ദേഹം ഒരു ഖുന്‍ആന്‍ പ്രതിയും കൊണ്ടുവന്നിരുന്നു. ഞാന്‍ അമ്പരന്നു. ശുശ്രൂഷ കഴിഞ്ഞ ശേഷം, ഇസ്‌ലാമിനെയും ഖുന്‍ആനെയും കുറിച്ച് അദ്ദേഹം എന്നോട് അല്‍പം സംസാരിച്ചു. ഞാന്‍ മുമ്പൊരിക്കലും കേള്‍ക്കാത്ത വാക്കുകള്‍. മുസ്‌ലിം എന്ന പദം ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. നിഷേധാത്മകമായിരുന്നുവെന്ന് മാത്രം. വെളുത്ത അമേരിക്കക്കാരെ മറിച്ചിടാന്‍, കറുത്ത മുസ്‌ലിംകള്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന്, അറുപതുകളില്‍, നിരവധി വെളുത്ത വര്‍ഗക്കാര്‍ വിശ്വസിച്ചിരുന്നു.

എനിക്കൊരു കൊച്ചു സഹോദരിയുണ്ടായിരുന്നു. ഞാന്‍ അണ്ടര്‍ ഗ്രാജ്വേറ്റ് നേടുന്നതിന്ന് അല്‍പ ദിവസങ്ങള്‍ മുമ്പ് മാത്രം ജനിച്ചവള്‍. ഞാന്‍ അവളെ ശ്രദ്ധിച്ചു. അവളില്‍ പാപം കാണാന്‍ ഞാന്‍ ശ്രമിച്ചു. അടുത്ത രണ്ടു വര്‍ഷങ്ങളില്‍, അബ്ദുല്‍ മുന്‍ഇമും മറ്റ് ചില മുസ്‌ലിംകളുമായും ഞാന്‍ ബന്ധപ്പെടുകയുണ്ടായി. അവരെ മതപരിവര്‍ത്തനം നടത്താനുള്ള ധര്‍മ്മ സമരം ഞാന്‍ തുടര്‍ന്നു. ഒരു ശുശ്രൂകയാവുകയെന്ന ലക്ഷ്യത്തില്‍ സ്ഥിരചിത്തയാവുകയും ചെയ്തു. 1970 കളില്‍, സ്ത്രീകളെ നിയമിക്കാന്‍ പല ചര്‍ച്ചുകളും വിസമ്മതിക്കുകയായിരുന്നു. ഒരു സെമിനാരിയില്‍ നിന്ന് എനിക്കൊരു കത്ത് ലഭിച്ചു. സ്ത്രീകളെ ചര്‍ച്ചില്‍ സംസാരിക്കാനനുവദുക്കുകയില്ലെന്നു അറിയിക്കുന്നതായിരുന്നു അത്. ബൈബിളില്‍, വിശുദ്ധ പൗലോസിന്റെ ഒരു കത്തില്‍ അങ്ങനെയുണ്ട്. ആ ഭാഗം ദൈവത്തില്‍ നിന്ന് അവതരിച്ചത് തന്നെയോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അതോ പൗലോസിന്റെ വൈയക്തിക മുന്‍വിധിയുടെ സ്വാധീന ഫലമോ?

ഏതായാലും കാലം മാറി. ഞാനൊരു ലൂതറന്‍ സെമിനാരി കണ്ടെത്തി. അവര്‍ എന്നെ സ്വീകരിച്ചു. യൂനിവേഴ്‌സിറ്റി ബിരുദം നേടിയ ശേഷം, ശുശ്രൂഷ പരിശീലനത്തിന്നായി, ഭാണ്ഡവുമായി, ഞാന്‍ ചിക്കാഗോയിലേക്ക് തിരിച്ചു. അവിടെ അനുകൂലമായ ചില ഘടകങ്ങളുണ്ടായിരുന്നു. രണ്ട് റൂമേറ്റുകളെയും വേറെ ചില സുഹൃത്തുക്കളെയും ഒന്നിച്ചു കിട്ടി. ഒരു പോളീഷ് പുരോഹിതനില്‍ നിന്നായിരുന്നു ലാറ്റിന്‍ ഭാഷ പഠിച്ചത്. ചിക്കാഗോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ ശ്രവിച്ചു.

എന്നാല്‍, പഠനം നിരാശാജനകമായിരുന്നു. ബൈബിള്‍ അപ്രമാദിത്തമുള്ളതല്ലെന്ന് ക്രിസ്ത്യന്‍ പണ്ഡിതര്‍ പറയുമ്പോള്‍, തങ്ങള്‍ ഇടവകക്കാരോട് അത് പറഞ്ഞിരുന്നില്ലെന്ന് ഒരു പ്രൊഫസര്‍ ഞങ്ങളോട് പറഞ്ഞു. ഞാന്‍ ചോദ്യങ്ങളുന്നയിച്ചപ്പോള്‍, കേവല വിശ്വാസം എന്നായിരുന്നു മറുപടി. ഒന്നാം സെമസ്റ്റര്‍ കഴിഞ്ഞു ഞാന്‍ ചിക്കാഗോ വിട്ടു. തികച്ചും മോഹഭംഗത്തോടെ.

മാതാപിതാക്കള്‍ നിരാശരായിരുന്നുവെങ്കിലും, തിരിചെത്തിയതിനാല്‍ അവര്‍ എന്നെ സ്വാഗതം ചെയ്യുകയായിരുന്നു. കുറച്ചുകാലം അന്വേഷണം നടത്താന്‍ ഞാന്‍ തീരുമാനിച്ചു. മുസ്‌ലിംകള്‍ ജന്മപാപത്തില്‍ വിശ്വസിക്കുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അടുത്ത പ്രവര്‍ത്തന ദിശ തീരുമാനിക്കാന്‍ ശ്രമിച്ചു കൊണ്ടിക്കെയാണ് ഒരു താല്‍ക്കാലിക ഏജന്‍സിയുടെ കാര്യദര്‍ശി ജോലി ഏറ്റെടുത്തത്. സെയ്ന്റ് ലൂയിസ് നഗര മധ്യത്തിലായിരുന്നു ചില ജോലികള്‍. മാതാപിതാക്കളുടെ പ്രാന്തപ്രദേശത്തുനിന്നും നീണ്ട ബസ്‌യാത്ര ചെയ്യേണ്ടിയിരുന്നു അവിടേക്ക്. യാത്രാ സമയം വായനക്ക് വിനിയോഗിച്ചു പോന്നു.

ഒരു ദിവസം, ബുക്ക് സ്റ്റാളില്‍ നിന്നും ഒരു ഖുന്‍ആന്‍ പരിഭാഷ വാങ്ങി. തത്വശാസ്ത്രത്തിലും മതത്തിലും ബിരുദവും സെമിനാരി പരിശീലനത്തന്റെ ഒന്നാം സെമസ്റ്ററും ഉണ്ടായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം, ഖുര്‍ആനിലെ അബദ്ധങ്ങള്‍ പുറത്ത് കൊണ്ടുവരാനുള്ള നൈപുണ്യം ഉറപ്പ്. തന്റെ മുസ്‌ലിം സുഹൃത്തുക്കളുടെ ഭീമമായ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഇത് വഴി കഴിയണമല്ലോ.

അബദ്ധങ്ങളും അനൗചിത്യങ്ങളും പരതിക്കൊണ്ട് ഞാന്‍ ഖുര്‍ആന്‍ പാരായണം നടത്തി. പക്ഷെ, ഒന്നും കണ്ടെത്താനായില്ല. അന്‍ആം 73 ആയപ്പോഴെക്കും അതെന്റെ മനസ്സില്‍ ആഞ്ഞു പതിയുകയായിരുന്നു. ‘അവനത്രെ ആകാശങ്ങളും ഭൂമിയും മുറപ്രകാരം സൃഷ്ടിച്ചവന്‍. അവന്‍ ഉണ്ടാകൂ എന്ന പറയുന്ന ദിവസം അതുണ്ടാകുക തന്നെ ചെയ്യുന്നു. അവന്റെ വചനം സത്യമാകുന്നു. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം അവന്ന് മാത്രമാകുന്നു ആധിപത്യം. അദൃശ്യവും ദൃശ്യവും അറിയുന്നവനാണവന്‍. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞാനമുള്ളവനുമത്രെ.{. (6 73)

1980 ലെ, വേനല്‍ക്കാലമായപ്പോഴെക്കും, ഇസ്‌ലാമികാദ്ധ്യാപനങ്ങളില്‍ ഏറിയ പങ്കും ഞാന്‍ വിലമതിച്ചു കഴിഞ്ഞിരുന്നു. എങ്കിലും ചില കാര്യങ്ങള്‍ എന്നെ അലട്ടിയിരുന്നു. നമസ്‌കാരത്തിന്നു മുമ്പുള്ള വുദുവായിരുന്നു അതില്‍ ഏറ്റവും വലുത്. എപ്പോഴും സമീപസ്ഥനാണല്ലോ ദൈവം. പിന്നെ, മുസ്‌ലിംകള്‍ക്ക് ഒരു പ്രത്യേക ശുചീകരണ ചടങ്ങിന്റെ ആവശ്യമെന്താണ്? അതിന്റെ യുക്തി കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല.

ഒരു രാത്രി വുദുവിന്റെ ആവശ്യകത എനിക്ക് ബോധ്യപ്പെട്ടു. ഞാന്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നു. റമദാന്‍ 19 ന്നു രാത്രി. യൂനിവേഴ്‌സിറ്റിക്കടുത്ത ചെറിയ പള്ളിയിലേക്ക് ഞാന്‍ നടന്നു. അവിടെയുള്ളവരോട് കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചു. അവരില്‍, ആദില്‍ എന്നയാള്‍ എനിക്ക് ശഹാദ ചൊല്ലി തന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് സമാധാനം കൈവരാന്‍ തുടങ്ങി. കുറെ കാലമായി അന്വേഷണം നടത്തുകയായിരുന്നുവല്ലോ ഞാന്‍.

എങ്കിലും പോരാട്ടം അവസാനിച്ചിരുന്നില്ല. ഹിജാബിനെ കുറിച്ച് എനിക്ക് ഒരു കാഴ്ചപ്പാടുണ്ടായിരുന്നില്ല. ശഹാദയില്‍ പങ്കെടുത്തവരാരും അതേ കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. അവരുടെ നാട്ടുകാരായ ബഹുഭൂരിഭാഗം സ്ത്രീകളും ശരീരം മൂടിയിരുന്നില്ല. പെരുന്നാളിന്ന് അവരൊന്നിച്ച് ഒരു വലിയ നഗരത്തിലെത്തിയപ്പോള്‍ ഒരു സൂുഡാനി വനിതയായിരുന്നു സ്വീകരിച്ചത്. എത്തിയപ്പോഴെക്കും ഒരു മേല്‍കുപ്പായവും സ്‌കാര്‍ഫും തന്ന് അത് ധരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അന്തം വിട്ടു പോയി. അവര്‍ ഒരു നല്ല സ്ത്രീ ആയിരുന്നതിനാല്‍ ഞാന്‍ അംഗീകരിക്കുകയായിരുന്നു.

സ്വന്തം കൊച്ചു നഗരത്തില്‍ തിരിച്ചെത്തിയപ്പോള്‍ മേല്‍കുപ്പായവും സ്‌കാര്‍ഫും ഞാന്‍ ഊരിയെടുത്തു. ആഗസ്ത് മാസത്തിലെ കൊടും ചൂടായിരുന്നു കാരണം. എനിക്ക് വിചിത്രമായി തോന്നി. ഞാന്‍ മുസ്‌ലിമായെന്ന് എന്റെ ഒരു പ്രൊഫസറില്‍ നിന്ന് മറച്ചുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. മുസ്‌ലിമായ കഥ മാതാപിതാക്കളോടെങ്ങനെ പറയുമെന്നായിരുന്നു അടുത്ത വെല്ലുവിളി. പരിവര്‍ത്തനം കഴിഞ്ഞ് മൂന്നാഴ്ചകള്‍ക്ക് ശേഷം അവര്‍ക്ക് ഞാനൊരു കത്തയച്ചിരുന്നു. വര്‍ഷങ്ങളോളമുള്ള എന്റെ പോരാട്ടവും അന്വോഷണവും അതില്‍ ഞാന്‍ വിശദീകരിച്ചിരുന്നു. അവര്‍ അമ്പരന്നു. കേവലം ഒരു താല്‍ക്കാലിക മാറ്റമായി അവര്‍ ആശ്വാസം കൊണ്ടു. ഞാനൊരു മതവിശ്വാസത്തില്‍ ചേര്‍ന്നിരിക്കുന്നുവെന്നത് അവരെ അലട്ടി.. എന്നെ അവഗണിച്ചില്ലെന്നു മാത്രം.

പരിവര്‍ത്തനത്തിന്ന് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ സ്‌കാര്‍ഫ് ധരിക്കാന്‍ തുടങ്ങി. വടക്കന്‍ മിസ്സോറിയയിലെ തണുപ്പില്‍ നിന്നും കാതിനെ കാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, കേമ്പസ്സിലെ ഒരാളില്‍ നിന്നുള്ള ക്രൂരമായ പെരുമാറ്റം കാരണം അത് പതിവാക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. പ്രൊഫസര്‍ സംതൃപ്തനായിരുന്നില്ലങ്കിലും കൂടുതലൊന്നും പറഞ്ഞില്ല.

എന്റെ ശഹാദയുടെ ഏഴോ എട്ടോ മാസങ്ങള്‍ക്ക ശേഷം, ഇസ്‌ലാമില്‍ തല്‍പരയായ മറ്റൊരു വിദ്യാര്‍ത്ഥിനിയെ കാണുകയുണ്ടായി. മുമ്പ തന്നെ കുറച്ചൊക്കെ അറിയാമായിരുന്ന അവള്‍ കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ കുറെ സംസാരിച്ചു. ഒരു രാത്രി അവള്‍ക്ക് ഞാന്‍ ശഹാദ ചൊല്ലിക്കൊാടുത്തു. ചില മുസ്‌ലിംകള്‍ സ്ത്രീകളെ തരം താഴ്ത്തുന്നു. എന്നാല്‍ ഇസ്‌ലാം അവരെ ഉയര്‍ത്തുന്നു

ഇക്കാലത്തെല്ലാം അബ്ദുല്‍ മുന്‍ഇമുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു. പുതിയ വിശ്വാസവുമായി ഒത്തു പോകാന്‍ അദ്ദേഹം എന്നെ സഹായിച്ചു. എന്റെ മതമാറ്റത്തിന്ന് ഒരു മാസം കഴിഞ്ഞ ശേഷം, തന്റെ ഡോക്ടറേറ്റിന്നു വേന്നു വേണ്ടി അദ്ദേഹം ഇന്ത്യാനയില്‍ പോയെങ്കിലും എഴുത്ത് മഖേന ഞങ്ങള്‍ ബന്ധം തുടരുകയായിരുന്നു. സഹോദരി ആയിശയുടെ പരിവര്‍ത്തന കഥ കേട്ട അദ്ദേഹം ഇരുവരെയും Ann Arbor ലേക്ക് ക്ഷണിക്കുകയായിരുന്നു. ഒരു സഹോദരന്‍രെയും സഹോദരിയുടെയും വലിയൊരു കുടുംബമാണ് ഞങ്ങളെ സ്വീകരിച്ചത്. സമുദായാംഗങ്ങള്‍ ഞങ്ങള്‍ക്ക് ഇസ്‌ലാമിക വസ്ത്രങ്ങളും സമ്മാനിച്ചു. ഹൃദ്യമായ സ്വീകരണം.

അബ്ദുല്‍ മുന്‍ഇമിന്റെ നിര്‍ദ്ദേശാനുസരണം, അദ്ദേഹത്തിന്റെ യൂനിവേഴ്‌സിറ്റിയില്‍ ഞാന്‍ അപേക്ഷ സമര്‍പ്പിക്കുകയും അതനുസരിച്ച് അവര്‍ ഡോക്ടറല്‍ ഫെലോഷിപ്പ് വാഗ്ദാനം ചെയ്യുകയും ചെയ്തു. ആയിശയുടെയും ഒരു പാകിസ്താന്‍ സഹോദരിയുടെയും സഹായത്തോടെ, വേനല്‍ക്കാലത്ത് ഞാന്‍ ഇന്ത്യാനയിലേക്ക് പോയി. റമദാന്‍ അവസാനത്തോടെ ആയിശയും ഫൗസിയയും മിസോറിയയിലേക്ക് തിരിച്ചു. അബ്ദുല്‍ മുന്‍ഇമിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു ഞങ്ങളിരുവരും വിവാഹിതരാവുകയും ചെയ്തു.

24 വര്‍ഷമായി വിവാഹിതരായി കഴിയുന്ന ഞങ്ങള്‍ക്ക് 6 കുട്ടികളുണ്ട്. ഇന്‍ഷാ അല്ലാഹ്, ആദ്യത്തെ പേരക്കിടാവ് അടുത്ത് പിറക്കാനിരിക്കുന്നു. ഇസ്‌ലാമിക വിദ്യാഭ്യാസം സ്്ഥാപിക്കാനും ശക്തിപ്പെടുത്താനുമാണ്, കൂട്ടുജീവിതത്തിന്‍ സിംഹഭാഗവും ഞങ്ങള്‍ ചെലവഴിച്ചത്. 26 വര്‍ഷങ്ങളായി മുസ്‌ലിമാണെങ്കിലും, എനിക്കിപ്പോഴും പുതുമ തോന്നുന്നു. പ്രഥമ പുത്രന്റെ ജനനത്തോടെ അറബി പഠനം നിലച്ചു. ഏറ്റവും ചെറിയ കുട്ടിക്ക് 10 വയസ്സായെങ്കിലും പഠനത്തിലേക്ക് ഇത് വരെ തിരിച്ചു വന്നിട്ടില്ല. ഇസ്‌ലാമിക പഠനം തുടര്‍ന്നു കൊണ്ടിക്കുന്നു. എന്നാലും വേണ്ടത്രയായിച്ചുണ്ടെന്ന് തോന്നിയിട്ടില്ല.

ഞാനെപ്പോഴും ഒരു അമേരിക്കക്കാരിയായിരിക്കുമെന്ന് എനിക്കറിയാം. എന്റെ കഴിഞ്ഞ കാല ജീവിതത്തില്‍ ശക്തമായൊരു സ്വാധീനമായിരുന്നു ഉണ്ടായിരുന്നത്. അമേരിക്ക എന്നെന്നും എന്റെ നാടായിരിക്കും. എന്റെ ആദ്യത്തെ ഇരുപത് വര്‍ഷങ്ങളില്‍, അധിനിവേശ സംസ്‌കാരവുമായി ഇഴുകിച്ചേരാന്‍ ഞാന്‍ ശ്രമിച്ചു. യഥാര്‍ത്ഥത്തില്‍, എന്റെ തനിമ നിഷേധിക്കുകയാണ് ഞാനെന്ന തിരിച്ചറിവ് എനിക്കുണ്ടാവുകായിരുന്നു. ആദ്യത്തെ 23 വര്‍ഷങ്ങളെ അവഗണിക്കാനെനിക്കാവില്ല.

എന്റെ യുവത്വത്തിലെ സ്ത്രീ സ്വാതന്ത്ര്യവാദം കൈവെടിയാനുള്ള എന്റെ സമ്മതമാണ്, മതമാറ്റത്തില്‍, ഇപ്പോഴും മാതാപിതാക്കളെ കുഴക്കുന്ന ഒരു വശം. ഒരു മത നേതാവായിരിക്കാന്‍ മേലില്‍ ഞാനാഗ്രഹിക്കുന്നില്ലെന്നത് ശരി തന്നെ. എന്നാല്‍, ഒരു സ്ത്രീ എന്നാലെന്താണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇതരരാര്യങ്ങളില്‍ നിന്നുള്ള സഹോദരങ്ങള്‍, കേള്‍ക്കാന്‍ പോലും അനുവദിക്കാതെ, സ്ത്രീകളെ അടിച്ചമര്‍ത്തിക്കൊണ്ട്, തങ്ങളുടെ സംസ്‌കാരങ്ങള്‍ അടിച്ചേല്‍പിക്കുമ്പോള്‍, എനിക്ക് ശുണ്ഠി പിടിക്കും. എന്നെ സംബന്ധിച്ചിടത്തോളം, അത്തരം സന്ദര്‍ഭങ്ങളില്‍, ഖുര്‍ആനിലേക്കോ പ്രവാചക മാതൃകയിലേക്കോ തിരിഞ്ഞാല്‍ മാത്രം മതി. ചില മുസ്‌ലിംകള്‍ സ്ത്രീകളെ തരം താഴ്ത്തുന്നുണ്ടങ്കിലും, ഇസ്‌ലാം ഞങ്ങളെ ഉയര്‍ത്തുകയാണ്.

ഞാനിപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. സ്രഷ്ടാവുമായി ഏറ്റവും അടുക്കാന്‍ പൊരുതിക്കൊണ്ടിരിക്കുകയാണ്. എന്റെ അമേരിക്കന്‍ സ്വത്വത്തെയും മുസ്‌ലിം സ്വത്വത്തെയും സമന്വയിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിടരിക്കുകയാണ്. ജീവിതം ഒരു സഞ്ചാരമാണ്. ഞാനിപ്പോഴും അതിന്റെ മാര്‍ഗത്തിലാണ്.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles