Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സ്: മുസ്‌ലിം ഏകീകരണത്തിന്റെ അച്ചുതണ്ട്

quds.jpg

ആധുനിക ലോകത്ത് മുസ്‌ലിം സമൂഹം ഫലസ്തീന്‍ പ്രശ്‌നത്തിന് നല്‍കിയ പ്രാധാന്യം മറ്റൊരു വിഷയത്തിനും നല്‍കിയിട്ടില്ല. ഫലസ്തീനിലെ മുസ്‌ലിങ്ങളുടെ അവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചതുപോലെ മറ്റൊരു വിഷയത്തിലും അവര്‍ ഗൗരവമായി ഇടപെട്ടിട്ടില്ല. ലോകത്തെ ഇസ്‌ലാമിക രാജ്യങ്ങളിലൊന്ന് എന്നതല്ല ഫലസ്തീന്‍ വിഷയത്തിന് ഇത്ര പരിഗണന നല്‍കാന്‍ മുസ്‌ലിങ്ങളെ പ്രേരിപ്പിക്കുന്നത്. മറിച്ച്, ആദര്‍ശമാനങ്ങളുള്ള വിഷയമാണത്. മുസ്‌ലിം ഐക്യത്തിന്റെ അച്ചുതണ്ടായി വര്‍ത്തിക്കുന്ന സുപ്രധാന വിഷയമാണത്.

ഖുദുസ് മുസ്‌ലിങ്ങളുടെ പ്രഥമ ഖിബ്‌ലയാണ്. മക്കക്കും മദീനക്കും ശേഷമുള്ള മൂന്നാമത്തെ പവിത്ര കേന്ദ്രവും അത് തന്നെ. ബൈതുല്‍ മഖ്ദിസിന്റെ പവിത്രതയെക്കുറിച്ച് ചിന്തിക്കാതെ വിശുദ്ധ ഖുര്‍ആന്‍ ഒരുതവണപോലും പാരായണം ചെയ്യാന്‍ നമുക്ക് സാധിക്കുകയില്ല. അല്ലാഹുവില്‍ നിന്ന് പ്രവാചകത്വം ലഭിച്ച ഇബ്രാഹീം, ഇസ്ഹാഖ്, യൂസുഫ്, മൂസാ, ദാവൂദ്, സുലൈമാന്‍, സകരിയ്യ, ഈസ, മുഹമ്മദ് തുടങ്ങിയ പ്രവാചകന്മാരുടെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ ഫലസ്തീനിലൂടെ കടന്നുപോകാതിരിക്കാന്‍ സാധിക്കുകയില്ല. അല്‍ബഖറ, മര്‍യം, ഇസ്രാഅ് തുടങ്ങിയ ഖുര്‍ആനിക അധ്യായങ്ങളില്‍ ഫലസ്തീനിന്റെ മണ്ണില്‍ നടന്ന മഹാ സംഭവങ്ങളെക്കുറിച്ച വിവരണങ്ങളുണ്ട്. മുസ്‌ലിങ്ങളുടെയും ജൂത-ക്രിസ്ത്യാനികളുടെയും മനസ്സുകളിലും മസ്തിഷ്‌കത്തിലും ഫലസ്തീനെക്കുറിച്ച അനുഭൂതികള്‍ നിറഞ്ഞുകിടക്കാനും കാരണം ഇത്തരം സംഭവങ്ങളാണ്. സെമിറ്റിക് മതങ്ങളുടെ അനുയായികള്‍ക്കെല്ലാം ഫലസ്തീനുമായി ഇത്തരത്തില്‍ ഒരു ആത്മീയ ബന്ധം കാണാം.

മുസ്‌ലിങ്ങള്‍ ഫലസ്തീനില്‍ നൂറ്റാണ്ടുകളോളം ഭരണം നടത്തുകയുണ്ടായി. സഹിഷ്ണുത, മതസ്വാതന്ത്ര്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങളെല്ലാം പ്രസ്തുത ഭരണത്തിന്റെ മുഖമുദ്രയായിരുന്നു. പള്ളികളും ചര്‍ച്ചുകളും മഠങ്ങളുമെല്ലാം സമീപത്തായി സ്ഥിതിചെയ്തിരുന്നു, എല്ലാവരും അവരുടേതായ ഭാഷയില്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഭിന്നിപ്പും പരസ്പര വിദ്വേഷവും പകയും വിവേചനമെല്ലാം കലര്‍ന്ന കുരിശ് യുദ്ധകാലത്താണ് ഇതെല്ലാം അട്ടിമറിക്കപ്പെട്ടത്. അതിനെ തുടര്‍ന്നു നൂറ്റാണ്ടുകളോളം അവിടെ കലാപങ്ങളും രക്തരൂക്ഷിത സംഘട്ടനങ്ങളും അരങ്ങേറുകയും അവരതിനെ കലുഷിത ഭൂമിയാക്കിത്തീര്‍ക്കുകയുമാണ് ഉണ്ടായത്. എന്നാല്‍ അല്ലാഹു ശത്രുക്കളെ പരാജയപ്പെടുത്തുകയും മുസ്‌ലിങ്ങള്‍ക്ക് വിജയം നല്‍കുകയും ചെയ്തപ്പോള്‍ ഫലസ്തീന്‍ വീണ്ടും അതിന്റെ പ്രതാപത്തിലേക്ക് തിരിച്ച് നടക്കുകയുണ്ടായി. ഇസ്‌ലാമിക ഭരണത്തിന്റെ തണലില്‍ സഹിഷ്ണുതയും മത ധാര്‍മിക മൂല്യങ്ങളും വീണ്ടും അവിടെ വിരിയുകയുണ്ടായി.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആയുധങ്ങളുടെ മേല്‍ അടയിരിക്കുന്ന സാമ്രാജ്യത്വ ശക്തികളുടെ പിന്‍ബലത്തോടെ സയണിസ്റ്റ് ശക്തികള്‍ ഫലസ്തീനിലേക്ക് പ്രവേശിച്ചതോടെ ഈ വിശുദ്ധഭൂമി വീണ്ടും സംഘര്‍ഷഭരിതമായി. വാഗ്ദത്ത ഭൂമി എന്ന പേരില്‍ ഫലസ്തീനിലേക്ക് ജൂതന്മാര്‍ കൂട്ടപലായനം നടത്തുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ വേവിച്ചെടുക്കപ്പെട്ട സുവൈസിറ ഉടമ്പടിയോടെയാണ് ഫലസ്തീന്‍ വിഷയത്തിലുള്ള സിയോണിസ്റ്റ് ഗൂഢാലോചനകള്‍ മറനീക്കിപ്പുറത്തുവന്നത്. 1948 മുതല്‍ കുരിശ് ഭരണകാലത്ത് പോലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്തത്ര ഭീകരമായ ശത്രുവിനെയാണ് ഫലസ്തീന് അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ളത്. അമേരിക്കയുടെയും ആഗോള ശക്തികളുടെയും ഗൂഢാലോനയുടെ ഫലമായി ഫലസ്തീനില്‍ ഇസ്രായേല്‍ എന്ന അവിഹിത രാഷ്ട്രം നിലവില്‍ വരുകയുണ്ടായി.

ലോക ചട്ടമ്പികളുടെ സ്വാധീനഫലമായി ഫലസ്തീനില്‍ അധിനിവേശം നടത്തിയ സിയോണിസ്റ്റ് ഭീകരരില്‍ നിന്ന് ഫലസ്തീനിനെ മോചിപ്പിക്കുക എന്നത് ഇസ്‌ലാമിസ്റ്റുകളുടെ ബാധ്യതയാണ്. ഫലസ്തീനില്‍  പൂര്‍വകാലങ്ങളില്‍ ഇസ്‌ലാമിന്റെ തണലില്‍ പുലര്‍ന്ന മതസഹിഷ്ണുതയും പരസ്പര സ്‌നേഹവും സാഹോദര്യവും വീണ്ടും പരിലസിക്കണമെങ്കില്‍ ഇത്തരത്തിലുള്ള ഒരു തിരിച്ചുവരവ് അനിവാര്യമാണ്. സത്യത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് അല്‍ഇസ്രാഅ് അധ്യായത്തിലൂടെ അല്ലാഹു നല്‍കിയ വാഗ്ദാനത്തിന്റെ സാക്ഷാല്‍ക്കാരം കൂടിയാണത്. ‘ഇസ്രയേല്‍ മക്കള്‍ രണ്ടു തവണ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുമെന്നും ധിക്കാരം കാണിക്കുമെന്നും നാം മൂലപ്രമാണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ആദ്യത്തേതിന്റെ അവസരമെത്തിയപ്പോള്‍ നാം നിങ്ങള്‍ക്കെതിരെ നമ്മുടെ ദാസന്മാരിലെ അതിശക്തരായ ആക്രമണകാരികളെ അയച്ചു. അവര്‍ നിങ്ങളുടെ വീടുകള്‍ക്കിടയില്‍പോലും നിങ്ങളെ പരതിനടന്നു. അനിവാര്യമായി സംഭവിക്കേണ്ടിയിരുന്ന ഒരു വാഗ്ദാനം തന്നെയായിരുന്നു അത്. പിന്നീട് നിങ്ങള്‍ക്കു നാം അവരുടെമേല്‍ വീണ്ടും വിജയം നല്‍കി.  സമ്പത്തും സന്താനങ്ങളും നല്‍കി സഹായിച്ചു. നിങ്ങളെ കൂടുതല്‍ അംഗബലമുള്ളവരാക്കുകയും ചെയ്തു. നിങ്ങള്‍ നന്മ പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെയാണ്. തിന്മ ചെയ്താല്‍ അതിന്റെ ദോഷവും നിങ്ങള്‍ക്കുതന്നെ. നിങ്ങളെ അറിയിച്ച രണ്ടു സന്ദര്‍ഭങ്ങളില്‍ അവസാനത്തേതിന്റെ സമയമായപ്പോള്‍ നിങ്ങളെ മറ്റു ശത്രുക്കള്‍ കീഴ്‌പ്പെടുത്തി; അവര്‍ നിങ്ങളുടെ മുഖം ചീത്തയാക്കാനും ആദ്യതവണ പള്ളിയില്‍ കടന്നുവന്നപോലെ ഇത്തവണയും കടന്നുചെല്ലാനും കയ്യില്‍ ക്കിട്ടിയതെല്ലാം തകര്‍ത്തുകളയാനും വേണ്ടി.(അല്‍ ഇസ്രാഅ് 4-7).

അതിക്രമികളുടെ വിജയം തല്‍ക്കാലികമാണ് എന്നതാണ് ചരിത്രം നല്‍കുന്ന പാഠം. അല്ലാഹുവിന്റെ വാഗ്ദാനങ്ങള്‍ സത്യസന്ധമായി പുലരുക തന്നെ ചെയ്യും.

അല്ലാഹു പവിത്രമാക്കിയ കേന്ദ്രമാണ് ഖുദുസ്. വിശ്വാസികളുടെ പ്രഥമ ഖിബ്‌ലയും അതുതന്നെ. സച്ചരിതരായ വിശ്വാസികളുടെ കിടപ്പാടവുമതാണ്. പക്ഷെ, സയണിസ്റ്റ് ആഗമനത്തോടെ  വിശ്വാസികള്‍ അവിടെ നിരവധി പ്രയാസങ്ങളും പ്രതിബന്ധങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മിഥ്യ ഒരിക്കലും സത്യമാകില്ല. അത് എത്ര കരുത്തുറ്റതായാലും ശരി!. അതിക്രമങ്ങള്‍ ഒരിക്കലും നീതീകരിക്കപ്പെടുകയില്ല, ലോകത്തെ എത്ര വലിയ ഭീകരന്റെ ഭാഗത്ത് നിന്നാണെങ്കിലും ശരി.

ആധുനിക കാലത്ത് -കഴിഞ്ഞകാലങ്ങളിലെന്ന -പോലെ നിരവധി രാഷ്ട്രങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുണ്ട്. വര്‍ഷങ്ങളോളം ലോകത്ത് ആധിപത്യം വഹിച്ച് കൊണ്ടിരുന്ന എത്ര ശക്തികളാണ് നാമാവശേഷമായത്. ഹിറ്റ്‌ലറിന്റെ നാസിസത്തിന്റേയും  സോവിയേറ്റ് യൂണിയന്റേയും പതനത്തിന് നാം സാക്ഷ്യം വഹിച്ചതാണല്ലോ. വിജയപരാജയങ്ങള്‍ ജനപഥങ്ങള്‍ക്കിടയില്‍ മാറിമാറി വരിക എന്നത് പ്രകൃതിയിലെ അല്ലാഹുവിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണ്. ഇതിലെല്ലാം ചിന്താശീലരായ ആളുകള്‍ക്ക് നിരവധി പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നുണ്ട്.

അമേരിക്കയും സഖ്യകക്ഷികളും ആസന്നമായ പതനത്തെ കാത്തുകൊണ്ടിരിക്കുകയാണ്. അല്ലാഹുവിന് സര്‍വസ്വം സമര്‍പ്പിക്കുന്ന കര്‍മോല്‍സുകരായ സമൂഹം അതിന്റെ ചരിത്രപരമായ നിയോഗം നിര്‍വഹിക്കുമ്പോള്‍ അതിന്റെ പ്രതിധ്വനികള്‍ ലോകത്ത് പ്രകടമാകും. ചരിത്രത്തിന്റെ ഇരുണ്ട ഘട്ടങ്ങളില്‍ ഇസ്‌ലാം അതിന്റെ അതിജീവന ശേഷി പുറത്തെടുത്തത് പോലെ വീണ്ടും അത് ആവര്‍ത്തിക്കും. നീതിയും മൂല്യവും നിലനില്‍ക്കുന്ന ധര്‍മത്തിലധിഷ്ഠിതമായ ലോകവ്യവസ്ഥ സംജാതമാകുക തന്നെ ചെയ്യും.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles