Current Date

Search
Close this search box.
Search
Close this search box.

ഖസ്ര്‍ അംറ; മരുഭൂമിയുടെ മാറിടത്തിലെ നിര്‍മാണ വൈഭവം

amra-qasr.jpg

അമവീ ഭരണത്തിന്റെ അനശ്വര സ്മാരകങ്ങളില്‍ ഒന്നാണ് ജോര്‍ദാന്‍ മരുഭൂമിയിലെ ഖസ്ര്‍ അംറ (അംറ കൊട്ടാരം). പട്ടണത്തിന്റെയും അധികാരത്തിന്റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് വേട്ടയാടാനും വിശ്രമത്തിനും അമവീ ഖലീഫമാര്‍ പോയിരുന്ന ഇടമാണത്. അവര്‍ നേരത്തെയുണ്ടായിരുന്ന ഗ്രാമീണ ജീവിതത്തോടുള്ള താല്‍പര്യത്തിന്റെ ഫലമായിരിക്കാം അത്. മരുഭൂമിയിലെ കോട്ടകളില്‍ ഏറെ പ്രസിദ്ധമായ അംറ കൊട്ടാരം ഇന്നത്തെ ജോര്‍ദാനിലെ സര്‍ഖാ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ അമ്മാനില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയാണത്.

ചരിത്രം
ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലാണ് (AD എട്ടാം നൂറ്റാണ്ട്) അംറ കൊട്ടാരം പണികഴിപ്പിക്കപ്പെട്ടത്. എ.ഡി. 705-നും 715നും ഇടക്ക് അതായത് ഖലീഫ വലീദ് ബിന്‍ അബ്ദുല്‍ മലികിന്റെ ഭരണകാലത്താണ് ഇത് നിര്‍മിക്കപ്പെട്ടത്. കൊട്ടാരത്തിന്റെ അലങ്കാരപ്പണികള്‍ ഖലീഫ ഹിശാം ബിന്‍ അബ്ദുല്‍ മലികിന്റെ (105-125 ഹി./ 723-742 എഡി) കാലത്താണ് പൂര്‍ത്തിയായത്. ഇസ്‌ലാമിക വാസ്തുവിദ്യയുടെയും നിര്‍മാണകലയുടെയും മകുടോദാഹരണമായിട്ടാണ് ഈ കൊട്ടാരം കണക്കാക്കപ്പെടുന്നത്. ‘ഖുസൈര്‍ അംറ’ എന്ന പേരിലും പലയിടത്തും ഇതറിയപ്പെട്ടിട്ടുണ്ട്. മറ്റ് കോട്ടകളെയും കൊട്ടാരങ്ങളെയും അപേക്ഷിച്ച് ഇത് ചെറുതാണെന്നതിനാലാണത്.

1897ല്‍ ഹംഗേറിയന്‍ ആര്‍ക്കിയോളജിസ്റ്റായ അലോയ്‌സ് മൂസിലിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തുന്നത് വരെ വിസ്മരിക്കപ്പെട്ടു കിടക്കുകയായിരുന്നു ഈ കൊട്ടാരം. പിന്നീട് സ്‌പെയിനിലെ നാഷണല്‍ മ്യൂസിയത്തിലെ വിദഗ്ദര്‍ അതിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ചു. 1975ല്‍ ശാസ്ത്രജ്ഞനായ ക്രെസ്‌വെലും സ്പാനിഷ് സംഘവും അതിനെ കുറിച്ച് പഠനം നടത്തുകയും 1985ല്‍ യുനെസ്‌കോയുടെ ലോകപൈതൃകങ്ങളുടെ പട്ടികയില്‍ അതിനെ ഉള്‍പെടുത്തുകയും ചെയ്തു. ഈ ചെറിയ കൊട്ടാരം പണികഴിപ്പിക്കപ്പെടുമ്പോള്‍ അതിനോട് ചേര്‍ന്ന് ഒരു നദിയും ചെറിയൊരു കുന്നും ഉണ്ടായിരുന്നു. ആ കുന്നിലാണ് കൊട്ടാരം പണിതിട്ടുള്ളത്. ജോര്‍ദാന്‍ മരുഭൂമിയില്‍ വേറെയും അമവീ കൊട്ടാരങ്ങളും കോട്ടകളും കണ്ടെത്തിയിട്ടുണ്ട്. അതില്‍ പെട്ടവയാണ് അല്‍മശ്ത്വ, അല്‍ഖസാന, അല്‍ഹലാബാത്, അത്വൂബ, ഹമാം സ്വര്‍ഖ് എന്നിവ.

സവിശേഷതകള്‍
കോട്ടയോട് സാദൃശ്യങ്ങളുള്ള ഒരു കൊട്ടാരമാണ് അംറ. യുദ്ധ ഭീഷണികളെ നേരിടാന്‍ തക്കവണ്ണമാണ് അതിന്റെ നിര്‍മിതി. അതോടൊപ്പം തന്നെ വിനോദത്തിനും വേട്ടക്കും മരൂഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ വിശ്രമിക്കാനുള്ള അമവീ ഭരണാധികാരികളുടെ ഒരു താല്‍ക്കാലിക താമസ കേന്ദ്രം കൂടിയായിരുന്നു അത്. അതിന്റെ ഉള്‍വശത്തെ ചുമരുകളും മേല്‍ക്കൂരയും ചിത്രപണികളാല്‍ അലങ്കരിച്ചിട്ടുണ്ട്. കുതിരപ്പുറത്തേറിയ ആളുകള്‍ മാനുകളെയും കാട്ടുകഴുതകളെയും സിംഹങ്ങളെയും ഓടിക്കുന്നത് പോലുള്ള അമവീ ഭരണാധികാരികളുടെ വേട്ടയെ കുറിക്കുന്ന ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്. ആഢംബര പൂര്‍ണമായ കുളിപ്പുരയും സ്വീകരണമുറിയും കൊട്ടാരത്തിന്റെ സവിശേഷതകളില്‍ പെട്ടതാണ്.

ചുണ്ണാമ്പുകല്ലും കരിങ്കല്ലും ഉപയോഗിച്ചാണ് കൊട്ടാരം നിര്‍മിച്ചിരിക്കുന്നത്. ദീര്‍ഘചതുരാകൃതിയിലുള്ള സ്വീകരണ ഹാള്‍ മൂന്ന് തട്ടുകളായി തിരിച്ചിരിക്കുകയാണ്. അവ ഓരോന്നിലും അര്‍ധവൃത്താകൃതിയിലുള്ള നിലവറകളുമുണ്ട്. കിഴക്കുവശത്തെ പ്രധാന കവാടത്തിന് മുകളില്‍ മൂന്ന് ഖുബ്ബകളുള്ള മേല്‍ക്കൂരയാണുള്ളത്. പടിഞ്ഞാറ് ഭാഗത്ത് ചെറിയ നിലവറകളും താഴികക്കുടങ്ങളുമുണ്ട്.

പൂന്തോട്ടത്തെ അഭിമുഖീരിച്ച് നിര്‍മിച്ചിട്ടുള്ള രണ്ട് ചെറിയ മുറികള്‍ കൊട്ടാരത്തിനുണ്ട്. ഉച്ചമയക്കത്തിനായി ഉപയോഗിച്ചിരുന്നവയായിരുന്നു അത്. കൊട്ടാരത്തിനകത്ത് സ്വീകരണ മുറിയോട് ചേര്‍ന്ന് ആഢംബരപൂര്‍ണമായ കുളിപ്പുര കാണാം. നാല്‍പത് മീറ്റര്‍ ആഴമുള്ള ഒരു കിണറും കൊട്ടാരത്തിനോട് ചേര്‍ന്നുണ്ട്. കൊട്ടാരത്തിലേക്ക് ആവശ്യമായ വെള്ളം ഈ കിണറില്‍ നിന്നായിരുന്നു എടുത്തിരുന്നത്.

കൊട്ടാരത്തിന് ചുറ്റുമുള്ള കല്ലുകളുടെ ശേഷിപ്പുകള്‍ അവിടെ ഒരു കോട്ടയുണ്ടായിരുന്നു എന്നതിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്. മറ്റ് കൊട്ടാരങ്ങളെ അപേക്ഷിച്ച് വേണ്ടത്ര ഇതിന് വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ലെന്ന് അവിടത്തെ കാഴ്ച്ചകള്‍ സൂചിപ്പിക്കുന്നു. ചുവരെഴുത്തുകളും ചിത്രങ്ങളും പലതും മങ്ങിയും മാഞ്ഞും കാണുന്നത് അതിന്റെ അടയാളമാണ്. ബാത്ത്ടബിനടുത്ത് ഒരു സ്ത്രീ നഗ്നയായി നില്‍ക്കുന്ന ചിത്രം അതിലെ ചുവര്‍ ചിത്രങ്ങളില്‍പ്രധാനപ്പെട്ട ഒന്നാണ്. മറ്റൊരു ചിത്രത്തിലുള്ളത് ആറ് രാജാക്കന്‍മാരാണ്. ചൈനീസ് ചക്രവര്‍ത്തി, പേര്‍ഷ്യന്‍ ഭരണാധികാരി, ബൈസാന്റിയന്‍ ചക്രവര്‍ത്തി, അബീസീനിയയിലെ നജ്ജാശി, ഗോത് രാജാവ് റോഡറിക്, തുര്‍കിയിലെ ഗാഖാന്‍ എന്നിവരുടേതാണത്. അമവീ കൊട്ടാരത്തില്‍ ഈ ചിത്രം വന്നതിന്റെ കാരണം എന്താണെന്ന് ചരിത്രകാരന്‍മാര്‍ക്ക് വ്യക്തമായിട്ടില്ല. എന്നാല്‍ അമവീ ഖലീഫ ഈ കാലഘട്ടത്തില്‍ ശത്രുക്കളായ മറ്റ് ചക്രവര്‍ത്തിമാരെ അതിജയിച്ചതിലേക്കുള്ള സൂചന അത് നല്‍കുന്നുണ്ട്. രാജാക്കന്‍മാരുടെ പേരുകള്‍ അറബിയിലും ഗ്രീക്കിലും രേഖപ്പെടുത്തിയിട്ടുമുണ്ട്. അമവീ രാഷ്ട്രത്തിലെ സുപ്രധാന സംഭവങ്ങള്‍ ചിത്രീകരിക്കുന്ന വേറെയും ചിത്രങ്ങള്‍ അവിടെ കാണാം.

വിവ: നസീഫ്
അവലംബം: islamstory.com

Related Articles