Current Date

Search
Close this search box.
Search
Close this search box.

ഖലീഫ ഉമറിന്റെ ഭരണതന്ത്രങ്ങള്‍

സച്ചരിതരായ ഖലീഫമാരില്‍ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന ഖലീഫ ഉമറുല്‍ ഫാറൂഖ് സര്‍വകാലത്തെയും ഭരണാധികാരികള്‍ക്ക് മികച്ച മാതൃകയായിരുന്നു.  രാഷ്ട്രഭരണത്തിന് ഇത്രയും വ്യതിരിക്തമായ മാതൃക കാണിച്ച മറ്റൊരു ഭരണാധികാരി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഫാറൂഖ് എന്ന പേരിനെ അന്വര്‍ഥമാക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. നന്മയെയും തിന്മയെയും കൃത്യമായി അടയാളപ്പെടുത്തി വേര്‍തിരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭരണം. അദ്ദേഹത്തിന്റെ ഭരണത്തിലുണ്ടായിരുന്ന ചില ഗുണങ്ങള്‍ എല്ലാ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കുമുള്ള മാര്‍ഗദര്‍ശനമാണ്. ഉമറിന്റെ ഭരണത്തിലെ ചില സവിശേഷതകള്‍:
1) വ്യക്തതയും സൂക്ഷമതയും
ഭരണം, കൈകാര്യ കര്‍തൃത്വം തുടങ്ങിയവ കല്‍പനകള്‍കൊണ്ടും നിരോധനങ്ങള്‍ കൊണ്ടും നേടിയെടുക്കാനാവുന്ന കാര്യങ്ങളല്ല. അത് പ്രസിദ്ധനാകാനോ വ്യക്തികളുടെ ദുരുദ്ദേശങ്ങള്‍ പൂര്‍ത്തീകരിക്കാനോ ഉള്ളതല്ല. കഴിവും സര്‍ഗാത്മകതയും ദൃഢനിശ്ചയവും ഉള്ളവര്‍ക്ക് നല്‍കപ്പെടേണ്ട കാര്യമാണത്. ഉമര്‍(റ) അത്തരത്തിലുള്ള ഒരു വ്യക്തിത്വമായിരുന്നു. അദ്ദേഹത്തെ ഖലീഫയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നടത്തിയ പ്രഥമ പ്രഖ്യാപനം ശ്രദ്ധിക്കുക: ‘ജനങ്ങളെ, ഞാന്‍ നിങ്ങളുടെമേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടിരിക്കുകയാണ്. ഞാന്‍ നിങ്ങളെക്കാള്‍ ഉത്തമനും ശക്തനും ആകാനാണ്  ഈ ഉത്തരവാദിത്തം എന്നില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ വിചാരണതന്നെ എനിക്ക് താങ്ങാനാവുന്നതിലപ്പുറമായിരിക്കും……. ഈ ഉത്തരവാദിത്തം എന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും വരുത്തുകയില്ല. മഹത്വം അല്ലാഹുവിനുള്ളതാണ്. അടിമകള്‍ക്ക് അതിനൊരവകാശവുമില്ല. അധികാരം ലഭിച്ചതോടെ ഉമര്‍ ആകെ മാറി എന്ന് നിങ്ങളില്‍ ഒരാളും പറയാനിടവരരുത്. എനിക്ക് സത്യം മനസ്സിലായാല്‍ ഞാന്‍ അതുമായി മുമ്പോട്ട്‌പോകും…. ഞാന്‍ എന്നെ ഏല്‍പിക്കപ്പെട്ട അമാനത്തിന്റെ ഉത്തരവാദിയാകുന്നു. നിങ്ങളിലെ വിശ്വസ്തരും നന്മയെ സ്‌നേഹിക്കുന്നവരുമായവര്‍ക്ക് മാത്രമേ അതിന്റെ പങ്ക് നല്‍കുകയുള്ളു….’

ഈ പ്രഭാഷണത്തില്‍ ശ്രദ്ധേയമായ ചിലകാര്യങ്ങള്‍ ;
1) കഴിവും യോഗ്യതയുമുള്ളവരെയാണ് ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കേണ്ടത്.
2) ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടതിന്റെ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയണം.
3) ലക്ഷ്യം നേടിയെടുക്കാന്‍ കൂടിയാലോചനയും പരസ്പര സഹകരണവും അത്യാവശ്യമാണ്.
4) ഇത് ഉത്തരവാദിത്തമാണ്, അധികാരമല്ല. അതുകൊണ്ടുതന്നെ ഭരണാധികാരി അഹങ്കരിക്കാവതല്ല.
5) ഉത്തരവാദിത്തങ്ങള്‍ വിഭജിച്ച് നല്‍കുന്നതോടെ ഭരണാധികാരിയുടെ കടമ തീരുന്നില്ല.
ഇത്തരം തത്വങ്ങള്‍ ഉമര്‍ തന്റെ സ്ഥാനാരോഹണ പ്രഭാഷണത്തില്‍ പ്രഖ്യാപിക്കുക മാത്രമല്ല ചെയ്തത്. മറിച്ച് അദ്ദേഹത്തിന്റെ ഭരണകാലത്ത് അത് പ്രാവര്‍ത്തികമായി കാണിക്കുകയും ചെയ്തു.

2) ലക്ഷ്യം നിര്‍ണയിക്കലും വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളും
ഉത്തരവാദിത്ത നിര്‍വഹണത്തിന് ഏറ്റവും അനിവാര്യമാണ് ലക്ഷ്യം നിര്‍ണയിക്കല്‍. ലക്ഷ്യം നിര്‍ണയിച്ച് കഴിഞ്ഞാല്‍ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഉമര്‍(റ) തന്റെ പ്രസംഗത്തില്‍ തുടര്‍ന്ന് പറഞ്ഞത് വളരെ പ്രസക്തമായ കാര്യങ്ങളാണ്. രാഷ്ട്രത്തെ സംരക്ഷിക്കുക, അവിടെയുള്ള ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുക, ഇസ്‌ലാമിക സംസ്‌കാരം സംരക്ഷിക്കുക തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് രാഷ്ട്രത്തില്‍ ഭരണാധികാരിക്ക്  നിര്‍വഹിക്കാനുള്ളത്. ഇതാണ് ഉമര്‍(റ) തന്റെ സ്ഥാനാരോഹണ പ്രസംഗത്തില്‍ വ്യക്തമാക്കിയത്. ഈ ഉത്തരവാദിത്തങ്ങള്‍ ചിട്ടയോടെയും വ്യവസ്ഥാപിതമായും നിര്‍വഹിക്കാനായി അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുകയുണ്ടായി. പ്രജകളുടെ സര്‍വവിധ ക്ഷേമൈശര്യങ്ങള്‍ക്കുമായി പകല്‍ മുഴുവന്‍ ഉമര്‍ കഠിനാധ്വാനം ചെയ്യും. പ്രജകളുടെ ക്ഷേമൈശ്വര്യങ്ങളറിയാന്‍ രാത്രി അദ്ദേഹം പുറത്തിറങ്ങി നടക്കും. തന്റെ കടമ പൂര്‍ത്തീകരിക്കുന്നതിനായി എന്ത് പ്രയാസം സഹിക്കാനും അദ്ദേഹം തയ്യാറായിരുന്നു.

3) പ്രവര്‍ത്തനങ്ങളുടെ വിജയത്തിനുള്ള നിബന്ധനകള്‍
ഉമര്‍(റ) ഒരുക്കല്‍ പറഞ്ഞു: ‘ഇന്നത്തെ ജോലി നാളേക്ക് മാറ്റിവെക്കാതിരിക്കലാണ് പ്രവര്‍ത്തനങ്ങളുടെ ശക്തി. നിന്റെ പരസ്യമായ കാര്യങ്ങള്‍ രഹസ്യമായവയോട് എതിരാവാതിരിക്കലാണ് വിശ്വസ്തത. അല്ലാഹുവിനെ സൂക്ഷിക്കുക…’ ഈ മൂന്ന് തത്വങ്ങളായിരുന്നു ഉമര്‍(റ) തന്റെ ഭരണതന്ത്രത്തില്‍ പ്രധാനമായും പരിഗണിച്ചിരുന്നത്. ഇവയാണ് പ്രവത്തനങ്ങളുടെ വിജയത്തിന്റെ ഉപാധികളെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഒരു ജോലിയും നീട്ടിവെക്കാതിരിക്കുകയെന്നതായിരുന്നു രാജ്യഭരണത്തില്‍ ഉമറിന്റെ അടിസ്ഥാന തത്വം. രാജ്യത്തെ ഭരിക്കുമ്പോള്‍ വിശ്വസ്തതയെന്നത് അനിവാര്യമാണ്. അല്ലാഹുവിനോടുള്ള ഭയഭക്തിയായിരുന്നു അദ്ദേഹത്തിന്റെ ഭരണത്തിലെ അടിസ്ഥാനം. പ്രജകളുടെ കാര്യത്തില്‍ അല്ലാഹുവിനെ പേടിക്കുകയെന്നതായിരുന്നു ഉമറിന്റെ വലിയ ഗുണങ്ങളിലൊന്ന്.

4) വ്യക്തികളെ പരിഗണിച്ച് ശൈലി തീരുമാനിക്കുക
ഉമര്‍(റ)ന്റെ ഭരണത്തിന്റെ വലിയൊരു പ്രത്യേകതയായിരുന്നു ഓരോ വ്യക്തിയെയും പരിഗണിച്ച് അവര്‍ക്കനുഗുണമായ നടപടികളെടുക്കയെന്നത്. വ്യക്തികളെ മനസ്സിലാക്കുന്നതിന് ഉമര്‍ രണ്ട് മാര്‍ഗങ്ങളായിരുന്നു സ്വീകരിച്ചിരുന്നത്. ഒന്ന്, ആദ്യമാദ്യം ഇസ്‌ലാം സ്വീകരിച്ചവരെയും ഇസ്‌ലാമില്‍ കൂടുതല്‍ പരിചയമുള്ളവരെയും പ്രത്യേകം പരിഗണിച്ചിരുന്നു. രണ്ട്, ഓരോ വ്യക്തിക്കും ജന്മനാ ഉണ്ടാകുന്ന മാനുഷിക ഗുണങ്ങളെ മുന്‍നിര്‍ത്തി കാര്യങ്ങള്‍ മനസ്സിലാക്കുമായിരുന്നു.

ഉമര്‍(റ) വ്യക്തികളെ കുറിച്ച് വിലയിരുത്തിക്കൊണ്ട് ഒരിക്കല്‍ പറഞ്ഞു: ‘ഈ ധനത്തിന്റെ കാര്യത്തില്‍ എനിക്കൊരു നിലപാടുണ്ട്. ഇതിന്റെ അവകാശത്തിന്റെ കാര്യത്തില്‍ പ്രവാചകനോട് യുദ്ധം ചെയ്തവരെയും പ്രവാചകന്റെ കൂടെ യുദ്ധം ചെയ്തവരെയും ഞാന്‍ സമമായി കാണുകയില്ല….’ അപ്രകാരം വിഭവങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ബദറില്‍ പങ്കെടുത്തവര്‍ക്ക് അദ്ദേഹം പ്രത്യേക പരിഗണന നല്‍കുമായിരുന്നു. പ്രവാചകന് പ്രത്യേക സ്‌നേഹമുണ്ടായിരുന്നതിനാല്‍ ഉസാമത് ബിന്‍ സൈദിന് ഉമര്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നു.
സാമ്പത്തിക വിഷയങ്ങളില്‍ മാത്രമല്ല. കൂടിയാലോചനപോലുള്ള കാര്യങ്ങളിലും ഉമര്‍ ഇത് പരിഗണിച്ചിരുന്നു. ഉമര്‍ ഒരിക്കല്‍ പറയുകയുണ്ടായി: ‘അറബികള്‍ ഒട്ടകത്തെ പോലെയാണ്. അവര്‍ അവരുടെ നേതാവിനെ പിന്‍പറ്റും. അവരെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് നേതാവ് ശ്രദ്ധിക്കണം. ഞാന്‍ തീര്‍ച്ചയായും അര്‍ഹമായ വഴിയിലവരെ നയിക്കും.’

ജനങ്ങളുടെ അവകാശങ്ങളില്‍ വരുന്ന നിസ്സാരമായ വീഴ്ചകള്‍ പോലും ഉമര്‍(റ) ഗൗരവത്തിലെടുത്തിരുന്നു. കാരണം ചെറിയ വീഴ്ചകളാണ് വന്‍വീഴ്ചകളിലെത്തിക്കുക. ഇത്തരം ചെറിയ വീഴ്ചകളുടെ പേരില്‍ ഉമര്‍ ഗവര്‍ണര്‍മാരെ ശിക്ഷിച്ചതിന്റെ കഥകള്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്്.
5) മാതൃകകളെ സൃഷ്ടിക്കുക
അഡ്മിനിസ്‌ട്രേഷനില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാതൃകകളുടെ അഭാവം. ഉമര്‍(റ) വ്യക്തിത്വങ്ങളെയും മാതൃകകളെയും സൃഷ്ടിച്ചെടുക്കുകയെന്നതിന് പ്രധാന പരിഗണന നല്‍കിയിരുന്നു.  അദ്ദേഹം പറഞ്ഞു: ‘നേതാവ് അല്ലാഹുവിനോട് ചെയ്യുന്നതാണ് അണികള്‍ നേതാവിനോട് ചെയ്യുക. ഇമാം നന്നായാല്‍ അണികളും നന്നാവും…… അല്ലാഹുവിന്റെ സമ്പത്ത് ഞാന്‍ ഉപയോഗിക്കുകയില്ല. അതെനിക്ക് അനാഥയുടെ സമ്പത്തിനെപോലെ നിഷിദ്ധമാണ്. എനിക്ക് സുസ്ഥിതിയുണ്ടെങ്കില്‍ ഞാന്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കും. ദാരിദ്ര്യത്തിലാണെങ്കില്‍ ഞാന്‍ ന്യായമായത് അതില്‍ നിന്ന് ഭക്ഷിക്കും.’ ഭരണത്തില്‍ ഉത്തമമായ മാതൃകകള്‍ സൃഷ്ടിക്കുന്നതിന് ഉമര്‍(റ) പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്നു. അതിലൊരു വീഴ്ചയും വരാന്‍ അദ്ദേഹം സമ്മതിച്ചിരുന്നില്ല. ഓരോ ഗവര്‍ണര്‍മാരെ നിയോഗിക്കുമ്പോഴും അവരുടെ കഴിവും യോഗ്യതയും അദ്ദേഹം പ്രത്യേകം പരിഗണിച്ചിരുന്നു. കഴിവും യോഗ്യതയുമല്ലാത്ത മറ്റൊരു പരിഗണനയും ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കുന്നതിന് അദ്ദേഹം സ്വീകരിച്ചിരുന്നില്ല. അദ്ദേഹം പറയാറുണ്ടായിരുന്നു: ‘ആരെങ്കിലും ഒരാളെ അവനോടുള്ള കുടുംബബന്ധംകൊണ്ടോ, സ്‌നേഹം കൊണ്ടോ ഭരണത്തിന്റെ ഉത്തരവാദിത്തമേല്‍പിച്ചാല്‍ അവന്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും വിശ്വാസികളെയും വഞ്ചിക്കുകയാണ്.’

6) ലക്ഷ്യങ്ങളെയും പരിഷ്‌കരണങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക
രാജ്യഭരണം വിജയിക്കാന്‍ പൊതുജനത്തിന് അനിവാര്യമായ ബോധമുണ്ടായിരിക്കേണ്ടതുണ്ട്. രാഷ്ട്രത്തില്‍ നടക്കുന്ന പരിഷ്‌കരണങ്ങളെന്തൊക്കെയാണ്, അവയുടെ ലക്ഷ്യങ്ങളെന്താണ് തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ പൊതുജനമറിഞ്ഞിരിക്കണം. ഇത് നന്നായി തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു ഉമറുല്‍ ഫാറൂഖ്. അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ പറയുന്നത് കാണുക: ‘ജനങ്ങളെ, നിങ്ങളെ മര്‍ദ്ദിക്കാനോ കൊള്ളയടിക്കാനോ ഞാന്‍ നിങ്ങളിലേക്ക് ആളെ അയച്ചിട്ടില്ല. നിങ്ങളുടെ ദീനിനെയും ചര്യകളെയും പഠിപ്പിക്കാനാണ് ഞാന്‍ ഗവര്‍ണര്‍മാരെ നിയോഗിക്കുന്നത്. ആരെങ്കിലും അതിനെതിരായി വല്ലതും ചെയ്താല്‍ അത് എന്റെ അടുത്തെത്തിക്കുക. ഞാന്‍ അവനെ നേര്‍വഴിയിലാക്കും.’ പിന്നീട് ഗവര്‍ണര്‍മാരെ അഭിമുഖീകരിച്ച് അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ മുസ്‌ലിങ്ങളെ അടിക്കരുത്. അപ്രകാരം ചെയ്താല്‍ അവര്‍ നിങ്ങളെ അവഗണിക്കും. അവരെ നിങ്ങള്‍ സ്തുതിച്ച് നാശത്തിലെത്തിക്കരുത്. അവരെ നിഷേധികളാക്കുന്ന രൂപത്തില്‍ അവരുടെ അവകാശങ്ങള്‍ ഹനിക്കരുത്. അവരെ നഷ്ടപ്പെടുത്തുന്ന രൂപത്തില്‍ അവരോട് കോപിക്കരുത്.’ ഖാലിദ് ബിന്‍ വലീദിനെ മാറ്റാനുള്ള കാരണം ഉമര്‍ ജനങ്ങള്‍ക്ക് കൃത്യമായി ബോധ്യപ്പെടുത്തുകയുണ്ടായി.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles