Current Date

Search
Close this search box.
Search
Close this search box.

ക്രിസ്ത്യന്‍ ആഘോഷങ്ങളോട് വിശ്വാസിയുടെ നിലപാട്

ഓരോ വര്‍ഷവും കടന്ന് പോകുമ്പോള്‍ ക്രിസ്ത്യന്‍ ആഘോഷങ്ങളും കടന്ന് പോകുന്നുണ്ട്. അതിനോട് വിശ്വാസികള്‍ വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തുന്നവരാണ്. അതില്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് പലരും ഉന്നയിക്കുന്ന സംശയമാണ്. അതില്‍ ക്രിസ്ത്യാനികളോട് താദാത്മ്യം പ്രാപിച്ച മുസ്‌ലിംകളുണ്ട്. ക്രിസ്ത്യാനികള്‍ ആഘോഷിക്കുന്നതിലേറെ ക്രിസ്തുമസിനെ ആഘോഷിക്കുന്നവരാണ് അവര്‍. പലപ്പോഴും ഇത്തരക്കാരായ ആളുകള്‍ ഇസ്‌ലാമിക ആഘോഷങ്ങളായ പെരുന്നാളുകള്‍ ആഘോഷിക്കുന്നതിന് ഇത്രത്തോളം ആവേശം കാണിക്കാറില്ല. സ്വന്തത്തെയും തന്റെ ദീനിനെയും മറന്ന അത്തരക്കാര്‍ മുസ്‌ലിം ആണോ എന്ന് തിരിച്ചറിയാന്‍ പോലും പ്രയാസമാണ്. സ്വന്തം അസ്ഥിത്വത്തെ തന്നെ മറന്ന് വെള്ളത്തില്‍ ഉപ്പ് ലയിക്കുന്നത് പോലെ മറ്റുള്ളവരില്‍ ലയിക്കുന്നവരാണവര്‍.

എന്നാല്‍ മേല്‍പറഞ്ഞതിന് നേര്‍ വിരുദ്ധമായ നിലപാടെടുത്തവരും ഉണ്ട്. ക്രിസ്ത്യാനിയായ അയല്‍വാസിയെയും സുഹൃത്തിനെയും അധ്യാപകനെയും ആശംസകള്‍ കൈമാറാന്‍ പോലും വിസമ്മതിക്കുന്നവരാണവര്‍. ആശംസകളെ കേവലം ആശംസകളായി കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല. അവരുടെ ആഘോഷങ്ങളില്‍ സഹകരിക്കുകയും ആശംസകള്‍ കൈമാറുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നവരോടാണ് ഈ നിലപാട് സ്വീകരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലെ ആശംസകള്‍ അറിയിക്കുന്നത് നിഷിദ്ധമായ കാര്യമായിട്ടാണവര്‍ മനസിലാക്കുന്നത്. അതിലുപരിയായി അതിനെ വന്‍പാപമായും ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകാന്‍ കാരണമാകുന്ന കര്‍മ്മമായും കാണുന്നവരുണ്ട്.

ഇസ്‌ലാം ആരോടും യുദ്ധം പ്രഖ്യാപിക്കുന്നില്ല
ഇസ്‌ലാം ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരോടല്ലാതെ യുദ്ധം ചെയ്യാനോ ശത്രുത പുലര്‍ത്താത്തവനോട് ശത്രുത പുലര്‍ത്താനോ അനുവദിക്കുന്നില്ല. സന്ധി ചെയ്യുന്നവരോട് സന്ധി ചെയ്യണമെന്നത് തന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്. അവര്‍ വിഗ്രഹാരാധകരായ മുശ്‌രിക്കുകളാണെങ്കില്‍ പോലും സ്വീകരിക്കേണ്ട നിലപാടാണിത്. അപ്പോള്‍ വേദക്കാരോട് എന്ത് നിലപാടായിരിക്കും സ്വീകരിക്കേണ്ടത്. മുസ്‌ലിം – അമുസ്‌ലിം ബന്ധത്തിന്റെ  അടിസ്ഥാനമായി ഗണിക്കപ്പെടുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ പറയുന്നു: ‘മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ പരസ്പരം സഹായിക്കുകയും ചെയ്തവരെ ആത്മമിത്രങ്ങളാക്കുന്നത് മാത്രമാണ് അല്ലാഹു വിലക്കിയിട്ടുള്ളത്. അത്തരക്കാരെ ആത്മമിത്രങ്ങളാക്കുന്നവരാരോ, അവര്‍ തന്നെയാണ് അക്രമികള്‍.’ (അല്‍-മുംതഹിന:8,9) വിശ്വാസികളല്ലാത്തവരിലെ രണ്ട് വിഭാഗത്തെയാണ് ഈ സുക്തം പരിചയപ്പെടുത്തുന്നത്. മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്നവര്‍ക്ക് ആശംകള്‍ അര്‍പ്പിക്കുന്നതോ ബന്ധം പുലര്‍ത്തുന്നതോ അനുവദനീയമല്ല. എന്നാല്‍ മുസ്‌ലിംകളോട് യുദ്ധത്തിലേര്‍പ്പെടാത്ത ആളുകള്‍ക്ക് നന്മ ചെയ്യുന്നതും ആശംസകള്‍ അര്‍പ്പിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. അല്ലാഹു നീതിമാന്മാരെ ഇഷ്ടപെടുന്നു എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഓരോരുത്തര്‍ക്കും അര്‍ഹമായ അവകാശം നല്‍കലാണ് നീതി. അത് എല്ലാവരോടും പാലിക്കേണ്ട കാര്യമാണ്. നന്മ ചെയ്യുകയെന്നത് നീതിക്കും മുകളിലുള്ള കാര്യമാണ്. മുസ്‌ലിംകളോട് ശത്രുത കാണിക്കാത്ത അമുസ്‌ലിംകളോട് നല്ല രൂപത്തില്‍ പെരുമാറാനാണ് ഇസ്‌ലാം കല്‍പ്പിക്കുന്നത്. നിങ്ങളുടെ ആഘോഷങ്ങളില്‍ അവര്‍ ആശംസകളര്‍പ്പിക്കുന്നത് പോലെ അവരുടെ ആഘോഷങ്ങളില്‍ ആശംസയര്‍പ്പിക്കുന്നത് നന്മയുടെയും സല്‍പെരുമാറ്റത്തിന്റെയും ഭാഗമാണ്. അല്ലാഹു അത് വിലക്കിയിട്ടില്ല. പ്രത്യേകിച്ചും മുസ്‌ലിംകളുമായി അടുത്ത ബന്ധമുള്ള ക്രിസ്ത്യാനികളോടാകുമ്പോള്‍ അതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ്. അവര്‍ അയല്‍വാസിയാകുമ്പോള്‍ അവരോടുള്ള ചില അവകാശങ്ങളുണ്ട്. അവര്‍ നിഷേധികളാണെങ്കിലും നിന്നോട് അനീതി കാണിച്ചവരാണെങ്കിലും അതില്‍ വീഴ്ച വരുത്താവതല്ല. പെരുന്നാള്‍ ദിവസം അബ്ദുല്ലാഹിബ്‌നു അംറ് തന്റെ സേവകനോട് ആടിനെ അറുത്താല്‍ നമ്മുടെ ജൂതനായ അയല്‍വാസിയെ മറക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. ഓരോ പ്രാവശ്യവും വരുമ്പോഴും പോകുമ്പോഴുമെല്ലാം അദ്ദേഹം തന്റെ സേവകനോട് ഇക്കാര്യം ഓര്‍മ്മപ്പെടുത്തി. ഇത്രയധികം തവണ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അയല്‍ക്കാരന്റെ കാര്യത്തില്‍ ജിബ്‌രീല്‍ എന്നെ ഉപദേശിച്ചു കൊണ്ടേയിരുന്നു, എത്രത്തോളമെന്നാല്‍ അയല്‍വാസി എന്നെ അനന്തരമെടുക്കുമെന്ന് കരുതുവോളം’ എന്ന് നബി(സ) പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു. അത് കൊണ്ട് അയല്‍വാസിക്ക് അവകാശമുണ്ട്.

നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിനേക്കാള്‍ ഉത്തമമായി പ്രത്യഭിവാദ്യം ചെയ്യുക
നിന്നോടൊപ്പം പഠിക്കുന്ന കൂട്ടുകാരനോട് നിനക്ക് ബാധ്യതയുണ്ട്. അവരിലെ മുസ്‌ലിംകളല്ലാത്തവര്‍ നിനക്ക് പെരുന്നാള്‍ ആശംസകള്‍ അറിയിക്കുന്നവരുണ്ടാകും. അവര്‍ക്ക് മുമ്പില്‍ നീ പ്രതിനിധാനം ചെയ്യേണ്ടത് ഒരു വരണ്ട ഇസ്‌ലാമിനെയാണോ? ഇത്തരത്തിലുള്ള നന്മകള്‍ ചെയ്യുന്നതിനെ ഇസ്‌ലാം വിലക്കുന്നില്ല എന്നു തന്നെയാണ് ഞാന്‍ മനസിലാക്കുന്നത്. പ്രത്യേകിച്ചും അവര്‍ നമ്മുടെ ആഘോഷാവസരങ്ങളില്‍ ആശംസകളര്‍പ്പിക്കുന്നവരാകുമ്പോള്‍. അല്ലാഹു പറയുന്നു: ‘നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താല്‍ നിങ്ങള്‍ അതിലും നന്നായി പ്രത്യഭിവാദ്യം ചെയ്യുക. കുറഞ്ഞപക്ഷം അവ്വിധമെങ്കിലും തിരിച്ചുനല്‍കുക.’ (അന്നിസാഅ്: 86) ഇബനു അബ്ബാസ്(റ)ന്റെ അടുത്തു കൂടെ ഒരു മജൂസി സലാം പറഞ്ഞ് കടന്ന് പോയി, അപ്പോള്‍ അദ്ദേഹം ‘വഅലൈകുമുസ്സലാം വറഹ്മതുല്ലാഹി’ എന്ന് സലാം മടക്കി. അപ്പോള്‍ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ ‘അല്ലാഹുവിന്റെ കാരുണ്യമോ’ എന്ന് ചോദിച്ചു. അല്ലാഹുവിന്റെ കാരുണ്യത്തിലല്ലയോ അയാള്‍ ജീവിക്കുന്നത് എന്ന് തിരിച്ചവരോട് ചോദിക്കുകയാണദ്ദേഹം ചെയ്തത്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശംകള്‍ അര്‍പ്പിക്കുന്നതിനെ അനുവദനീയമായി കാണുന്നില്ല. അവരുടെ മതത്തെയും ആരാധനകളെയും ആദര്‍ശത്തെയും തൃപ്തിപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് അത് ചെയ്യുന്നത് എന്ന ന്യായത്തിന്റെ അടിസ്ഥാനത്തിലാണത്. എന്നാല്‍ ഞാനതിനെ അംഗീകരിക്കുന്നില്ല. ഒരു ക്രിസ്ത്യാനിക്ക് ആശംസ അര്‍പ്പിക്കുന്ന മുസ്‌ലിം അവന്റെ ആദര്‍ശത്തെ തൃപ്തിപ്പെടുന്നില്ല. അവന്റെ ആദര്‍ശം ശരിയായതാണെന്ന് അംഗീകരിക്കുകയും ചെയ്യുന്നില്ല. ആദര്‍ശത്തെ അംഗീകരിക്കുന്നതും ആശംസയര്‍പ്പിക്കുന്നതും തമ്മില്‍ ബന്ധമൊന്നുമില്ല. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്കിടയിലെ ഇത്തരത്തിലുള്ള ആശംസാ കൈമാറ്റത്തെ അനുവദിക്കുകയും ചെയ്യുന്നു. ആളുകള്‍ക്കിടയിലെ പരസ്പര ബന്ധം അനിവാര്യമാക്കുന്ന കാര്യമാണ് പരസ്പരം നല്ല പെരുമാറ്റം കാഴ്ചവെക്കുകയെന്നത്. ഇത്തരം ആഘോഷവേളകളില്‍ പ്രത്യേകമത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.

ഇതരമതങ്ങളില്‍ ലയിച്ച് ചേരേണ്ടതില്ല
എന്നാല്‍ ഇക്കാലത്ത് ചില മുസ്‌ലിംകള്‍ ഇതരമതസ്ഥരോട് കൂടികലരുകയും തങ്ങളുടെ ദീനിന്റെ എല്ലാ സവിശേഷതകളും മറന്നു പോവുകയും ചെയ്യുന്നു. അവര്‍ ക്രിസ്ത്യാനികളെയും യഹൂദരെയും പോലെ ആയിതീരുന്നു. ഇസ്‌ലാം ഇതിനെ അനുവദിക്കുന്നില്ല. ഒരു മുസ്‌ലിം എപ്പോഴും തന്റെ വ്യക്ത്വതവും ദീനീ അസ്ഥിത്വവും കാത്തുസൂക്ഷിക്കല്‍ നിര്‍ബന്ധമാണ്. അതിന്റെ സവിശേഷതകള്‍ എപ്പോഴും കാത്ത് സൂക്ഷിക്കണം. അവയിലൊന്നും ആരെയും സുഖിപ്പിക്കുന്നതിനായി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതില്ല. മതങ്ങള്‍ക്കിടയിലെ വേര്‍തിരിവുകളെയെല്ലാം അലിയിച്ച് കളഞ്ഞ് അതില്‍ ലയിക്കല്‍ അനുവദനീയമല്ല. എല്ലാ മതങ്ങള്‍ക്കും അതിന്റേതായ സവിശേഷതകളുണ്ട്. ത്രിയേകത്വത്തെയും ഏകദൈവത്വത്തെയും യോജിപ്പിക്കാന്‍ നമുക്കൊരിക്കലും സാധ്യമല്ല.

ചുരുക്കത്തില്‍ സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചുനിന്ന് അതിന്റെ അന്തസ്സ് സംരക്ഷിച്ച് ജനങ്ങളോടുള്ള നല്ല പെരുമാറ്റത്തിന്റെ ഭാഗമായി അവരുടെ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത് അനുവദനീയമാണ്. എന്നാല്‍ ബഹുസ്വരതയുടെ പേരില്‍ അവരുടെ ആഘോഷങ്ങളുടെ കൂടെ ചേര്‍ന്ന് അതില്‍ ലയിച്ച് പോകുന്നത് ഇസ്‌ലാമികമല്ല. ആദര്‍ശത്തില്‍ അടിയുറച്ച് നിന്ന് തന്റെ ക്രിസ്ത്യന്‍ സഹോദരന് ആശംസകളര്‍പ്പിച്ചവന്‍ ദീനിന് പുറത്താണെന്ന് പറയുന്നതും ഇസ്‌ലാമിന് അംഗീകരിക്കാനാവില്ല.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles