Current Date

Search
Close this search box.
Search
Close this search box.

ഒരു മാറ്റത്തിനു നാം തയ്യാറാകണം

ഏഷ്യ, തെക്കേ അമേരിക്ക, പൗരസ്ത്യ നാടുകള്‍, യൂറോപ്പ് തുടങ്ങി എല്ലായിടത്തും തന്നെ സമകാലിക ഇസ്‌ലാമിന്റെ അകംചര്‍ച്ചകളൊക്കെത്തന്നെ ആഴത്തിലുളള പ്രതിസന്ധി നേരിടുന്നു എന്നു കാണാം. ഇന്നത്തെക്കാലത്ത് ഒരു മുസ്‌ലിം എങ്ങനെയായിരിക്കണം?. ഒരു തുറന്ന സമൂഹത്തിനു മുമ്പില്‍ മറ്റുളളവരുടെ ആശയങ്ങളോട് എങ്ങനെയൊക്കെ സത്യസന്ധമാകാം.? അവരുടെ വൈവിധ്യവുമായി എങ്ങനെയാണ് മുസ്‌ലിമിന് പൊരുത്തപ്പെട്ടു പോകാന്‍ സാധിക്കുന്നത്? അല്ലെങ്കില്‍ അത്തരം വൈവിധ്യങ്ങളെ എങ്ങനെയാണ് മുസ്‌ലിം അതിജീവിക്കുന്നത്.? മുസ്‌ലിം ഭൂരിപക്ഷ സമൂഹങ്ങള്‍ക്ക് വികസനത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടോ? വിദ്യാഭ്യാസം, സാമൂഹിക നീതി ഇവയിലെല്ലാം തന്നെ എന്താണ് പറയാനുളളത്? ഒരു സാമ്പത്തിക ബദല്‍ അവര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുമോ?

ആയിരം വര്‍ഷത്തിലധികം വരുന്ന ഇസ്‌ലാമിക നാഗരികത യഥാര്‍ഥത്തില്‍ നാഗരികതകളുടെ സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുന്നതില്‍ എന്തു സംഭാവനയാണ് നല്‍കിയിട്ടുളളത്? എല്ലായിടത്തും നമുക്ക് മുസ്‌ലിംകളെ കാണാം. പുരുഷന്‍മാര്‍, സ്ത്രീകള്‍, സമൂഹങ്ങള്‍ എല്ലാവരും അവരവരോട് ഈ പൊളളുന്ന ചോദ്യങ്ങള്‍ ചോദിച്ചു നോക്കൂ. ഉപരിപ്ലവമായ വാചകങ്ങള്‍ക്കപ്പുറം കൃത്യമായ ഉത്തരം നല്‍കാന്‍ നമുക്ക് സാധിക്കുമോ?

യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ ആത്മീയവും മതപരവും ദാര്‍ശനികവുമായ സന്ദേശം അതവകാശപ്പെടുന്നതു പോലെ തന്നെ വ്യക്തമാണ്. മനുഷ്യന്‍ എന്നത് ഒരു സ്വതന്ത്ര സൃഷ്ടിയാണെന്നും എന്നാല്‍ അവന് നല്‍കപ്പെട്ടിട്ടുളള സ്വാതന്ത്ര്യത്തിന് അവന്‍ ഉത്തരം ബോധിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ സമാധാനത്തിനു വേണ്ടിയുളള  ആത്മീയവും ബുദ്ധിപരവുമായ പ്രവര്‍ത്തനമാണ് അവന്‍ നടത്തേണ്ടത്. സമാധാനം എന്നു തന്നെയാണ് ഇസ്‌ലാമിന്റെ അര്‍ഥം. മനസ്സിന്റെയും സമൂഹത്തിന്റെയും സമാധാനം. പൗരന്‍മാരും രാഷ്ട്രങ്ങളും തമ്മിലെ സമാധാനം. അതുകൊണ്ടു തന്നെ സമാധാനത്തിന്റെ സന്ദേശങ്ങളെ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കുളള മുന്‍ഗണനകളില്‍ ഒന്നാമതായി വക്കുകയും സമാധാനത്തിന്റെ കാര്യത്തിന്‍ ഒരു അവഗണനയും പാടില്ല എന്നത്  ഇസ്‌ലാം താല്‍പര്യപ്പെടുന്ന ഒരു കാര്യമാണ്. ഈ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണമെന്നത് ദൈവത്തോടുളള ഉത്തരവാദിത്വ നിര്‍വഹണമാണ്. അവനോടുള്ള സ്‌നേഹമാണ്. നമ്മുടെ ലക്ഷ്യത്തിന്റെ അകക്കാമ്പ് ഭൂമിയിലെ ജീവിതത്തിന്റെ ചക്രവാളങ്ങളും കടന്ന് പോകുമ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് അറിവും അഭിമാനവും നീതിയും സ്വാതന്ത്ര്യവും സമ്മേളിക്കുന്ന ഒരു സുന്ദര ലോകത്തിലേക്കെത്തിച്ചേരുകയെന്നതാണ്. നമ്മുടെ ആത്യന്തിക ലക്ഷ്യം കൃത്യവും വ്യക്തവുമാണ്. വിശ്വാസികള്‍ മാനുഷ്യകത്തിന്റെ അഭിമാനം, പ്രതാപം എന്നിവക്കു വേണ്ടി തങ്ങളുടെ ശരീരവും ആത്മാവും ഒരു പോലെ സമര്‍പിച്ച് ജിഹാദ് ചെയ്യേണ്ടവരാണ്. ഒരു സ്വതന്ത്ര ജീവി എന്ന അര്‍ഥത്തില്‍ തങ്ങളുടെ എല്ലാ വിശ്വാസപരമായ സാന്ദ്രതയെയും ആവാഹിച്ചു കൊണ്ട് സ്വയം പരിഷ്‌കരിക്കാനും ലോകത്തെ മാറ്റിമറിക്കാനും വേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണ് അവര്‍. മനുഷ്യര്‍ക്കിടയില്‍ പ്രതീക്ഷ നിലനില്‍ക്കുന്നതിന്റെ ഒരു കാരണം വിശ്വാസമാണ്. മാര്‍ഗത്തിന്റെയും ലക്ഷ്യത്തിന്റെയും തീരുമാനമെടുക്കുന്നതിലും മുന്‍ഗണനകള്‍ തീരുമാനിക്കുന്നതിലുമുളള പ്രശ്‌നമാണ് മുസ്‌ലിം ലോകം ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനം. പ്രശ്‌നങ്ങളെ വിലയിരുന്നതില്‍ തുടങ്ങി ഇസ്‌ലാമിന്റെ ആത്മീയ സന്ദേശങ്ങളെ മനസ്സിലാക്കുന്നതില്‍  വരെ  ഈ പ്രശ്‌നം നിഴലിച്ചു കാണാം. വിശ്വാസികള്‍ ഏകനായ അല്ലാഹുവില്‍ സ്വയം സമര്‍പ്പിച്ച് അവന്‍ കാണുന്നുണ്ട് എന്ന ബോധത്തിലാണ് ജീവിക്കേണ്ടത്. എന്നാല്‍ ഇന്ന് പലരും അവരുടെ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളുടെയും ചിന്തയില്‍ പെട്ട് യഥാര്‍ഥ ലക്ഷ്യം മറന്നു പോകുന്നു. മാര്‍ഗം ലക്ഷ്യമായി മനസ്സിലാക്കപ്പെടുകയും പ്രവര്‍ത്തനങ്ങളില്‍ നിന്നും ആത്മീയത നഷ്ടപ്പെടുകയും ചെയ്യുന്നു. പ്രാര്‍ഥനാ വേളയില്‍ ശരീരത്തിന്റെ ചലനങ്ങള്‍ക്കപ്പുറം മനസ്സിന്റെ ശ്രദ്ധയില്‍ ശ്രദ്ധിക്കാത്തവനെപ്പോലെ. ചിലയാളുകള്‍ ആത്മീയ പ്രഘോഷണങ്ങള്‍ നടത്തുകയും എന്നാല്‍ തങ്ങളുടെ ജീവിതത്തില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇടം നല്‍കാതിരിക്കുകയും ചെയ്യുന്നു.

ചിലയാളുകള്‍ ആത്മീയതയെ മാസ്മരികമായ ഒരു അന്തരീക്ഷത്തില്‍ മനസ്സിലാക്കുന്നു. എന്നാല്‍ ചിലയാളുകള്‍ ഭൗതികതയും ആത്മീയതയും ഒരു നാണയത്തിന്റെ ഇരു പുറം പോലെ ജീവിതത്തില്‍ കൊണ്ടു നടക്കുന്നു. എന്നാല്‍ ചിലയാളുകളില്‍ ആത്മീയത അവരുടെ നിത്യ ജീവിതവുമായി ബന്ധം പുലര്‍ത്താതെ നിലനില്‍ക്കുന്നതായി കാണാം. എന്നാല്‍ ഇസ്‌ലാമിക സന്ദേശം നിലകൊളളുന്നത് ദൈവവും മനുഷ്യനും തമ്മിലെ സ്വതന്ത്രവും ഉത്തരവാദിത്വ ബോധത്തോടു കൂടിയതുമായ ബന്ധത്തിലാണ്.

പുതിയ കാലത്തെ ഇസ്‌ലാമിക നിയമങ്ങളിലും(ഹലാല്‍ ഹറാമുകള്‍ തീരുമാനിക്കുന്നതില്‍) നമുക്കിടയില്‍ ഒരുപാട് ആശയക്കുഴപ്പം നിലനില്‍ക്കുന്നു. പുതിയ കാലത്തിന്റെ മാനസികാവസ്ഥയെ പരിഗണിക്കുന്ന രീതിയില്‍ നമ്മുടെ ചിന്തയെ പരിഷ്‌കരിക്കേണ്ടതുണ്ട്. ആത്മവിശ്വാസത്തോടു കൂടി നമ്മുടെ അടിസ്ഥാന കാഴ്ചപ്പാടുകളെ പുനര്‍ വിചിന്തനത്തിനു വിധേയമാക്കാന്‍ പണ്ഡിതന്‍മാര്‍ തയ്യാറാകണം. നിലവിലുളള ലോകത്തെ അതേ പടി സ്വീകരിക്കാന്‍ നാം തയ്യാറാകരുത്. നമുക്കിതിനെ മാറ്റിയെടുക്കണം. പക്ഷെ അത് നമ്മെ, നമ്മുടെ കാഴ്ചപ്പാടുകളെ  ഇപ്പോഴുളളതു പോലെ നടപ്പിലാക്കിക്കൊണ്ടാവരുത്. മറിച്ച് നമ്മിലും പരിഷ്‌കരണം ആവശ്യമാണ്. അതിലൂടെ സ്വാതന്ത്ര്യവും അഭിമാനവും സമാധാനവും നിലനില്‍ക്കുന്ന ഒരു പുതിയ ലോകത്തെ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും.

വിവ : അതീഖുറഹ്മാന്‍

Related Articles