Current Date

Search
Close this search box.
Search
Close this search box.

ഒരു ബെര്‍ബര്‍ വീരഗാഥ

berber.jpg

ഉത്തരാഫ്രിക്കയിലെ ആദിമ നിവാസികളാണ് ബെര്‍ബരികള്‍. കോക്കസോയ്ഡ് വിഭാഗത്തില്‍ പെട്ട ഇവര്‍ പൊതുവേ തൊലി വെളുത്തവരും ഉയരം കൂടിയവരും ആണ്. മുഖത്തിന്റെ സവിശേഷതകളിലും ആഫ്രിക്കന്‍ നിവാസികളേക്കാള്‍ ഇവര്‍ക്ക് സാമ്യം അറബികളോടാണ്. ബെര്‍ബര്‍ ഭാഷയായ തമാസിഗത്തി(Tamazight)ല്‍ ഇവര്‍ അറിയപ്പെടുന്നത് ‘ഇമാസിഗന്‍'(സ്വതന്ത്രര്‍) എന്നാണ്. കിഴക്ക് ഈജിപ്തിനും പടിഞ്ഞാറ് അറ്റ്‌ലാന്റിക്ക് സമുദ്രത്തിനും ഇടയ്ക്ക് ഇന്നത്തെ അള്‍ജീരിയ, ലിബിയ, മൊറോക്കോ, തുനീഷ്യ, ബുര്‍ക്കിനാ ഫാസോ, മൗറിത്താനിയ എന്നിവടങ്ങളിലാണ് ഇവര്‍ പ്രധാനമായും അധിവസിക്കുന്നത്. ബെര്‍ബരികളില്‍ ഖാബിലി, തൗറഗ്, റിഫിയ, സുവാറ, സെനാത്ത എന്നിങ്ങനെ ധാരാളം അവാന്തരവിഭാഗങ്ങളുണ്ട്. ഇവയില്‍ തൗറഗ് ഒഴികെ എല്ലാ ബെര്‍ബര്‍ വിഭാഗക്കാരും ഉത്തരാഫ്രിക്കയിലേക്കുളള ഇസ്‌ലാമിന്റെ ആഗമനത്തിന് ശേഷം അറബ്‌വല്‍ക്കരി(Arabized) ക്കപ്പെട്ടവരാണ്. സഹാറാ മരുഭൂമിയില്‍ കാണപ്പെടുന്ന തൗറഗ് വിഭാഗക്കാര്‍ മാത്രമാണ് പ്രാചീന ബെര്‍ബര്‍ തനിമ കൈവിടാതെ കാത്തുസൂക്ഷിക്കുന്നവര്‍. പലപ്പോഴും സഹാറയിലെ മണല്‍ക്കൂനകള്‍ക്കിടയില്‍ ആട്ടിന്‍പറ്റങ്ങളെ മേച്ചുകൊണ്ട് നടക്കുന്ന തൗറഗ് ഇടയന്മാരെ കാണാം. പുരാതന സംഗീതത്തിന്റെ അലയൊലികള്‍ ഉയരുന്ന തൗറഗ് കൂടാരങ്ങളും. ബെര്‍ബരികള്‍ നല്ല സംഗീതപ്രേമികളാണ്. പുരാതന കാലം മുതലേ അവര്‍ നൃത്ത-സംഗീത സദസ്സുകള്‍ സംഘടിപ്പിക്കുന്നവരായിരുന്നു. ഉത്തരാഫ്രിക്കയില്‍ ഇന്നും പ്രചാരത്തിലുള്ള നിരവധി സംഗീത ധാരകള്‍ ബെര്‍ബര്‍ സ്പര്‍ശമുള്ളവയാണ്. വാസ്തുകലാ നിര്‍മിതികളിലും ഒരു ബെര്‍ബര്‍ സ്വാധീനം മൊറോക്കോയിലും അള്‍ജീരിയയിലുമൊട്ടാകെയുള്ള പുരാതന കെട്ടിടങ്ങളില്‍ കാണാം.

മതപരമായി ബെര്‍ബരികള്‍ സുന്നി മുസ്‌ലിംകളാണ്‌. ആഫ്രോ-ഏഷ്യാറ്റിക് ഭാഷാ കുടുംബത്തില്‍ പെട്ട തമാസിഗത്ത് ആണ് പ്രധാന ഭാഷയെങ്കിലും ഇന്ന് അധിക ബെര്‍ബരികളും അറബി സംസാരിക്കുന്നവരാണ്. ഉത്തരാഫ്രിക്കയില്‍ 12 മില്യണ്‍ ആളുകള്‍ ബെര്‍ബര്‍ ഭാഷ സംസാരിക്കുന്നവരാണ്. സെമിറ്റിക് ഭാഷകളോളം പഴക്കമുള്ള ആഫ്രോ-ഏഷ്യാറ്റിക് ഭാഷാ കുടുംബത്തില്‍ ഇത്രയും ജനകീയമായി ആധുനിക കാലത്തും നിലനില്‍ക്കുന്ന മറ്റൊരു ഭാഷ നമുക്ക് കാണാനാകില്ല.

പ്രമുഖ ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂന്‍ പറയുന്നു: ”അറബികളെയും പേര്‍ഷ്യക്കാരെയും ഗ്രീക്കുകാരെയും റോമക്കാരെയും പോലെ ലോകത്തെ ശക്തരായ ജനവിഭാഗങ്ങളിലൊന്നാണ് ബെര്‍ബരികള്‍. ആദിമകാലം മുതല്‍ തന്നെ അവര്‍ മൊറോക്കയില്‍ അധിവസിക്കുന്നു.” (മുഖദ്ദിമ). ഇബ്‌നു ഖല്‍ദൂന്റെ നിരീക്ഷണം ശരി വെക്കുന്നതാണ് ഇന്നോളമുള്ള ബെര്‍ബര്‍ ചരിത്രം. പുരാതന ഈജിപ്ഷ്യന്‍ നാഗരികതയിലെ 22-ാം രാജവംശം ഭരിച്ചത് ശെശോങ് ഒന്നാമന്റെ നേതൃത്വത്തിലുള്ള ബെര്‍ബര്‍ വംശക്കാരായിരുന്നു. റാമസേസ് രണ്ടാമന്റെ പിന്‍ഗാമികളെ പോലും അട്ടിമറിച്ച് ഈജിപ്തിന്റെ ഭരണം കൈക്കലാക്കാന്‍ മാത്രം സൈനിക ശേഷിയും യുദ്ധപാടവവും ഉള്ളവരായിരുന്നു പ്രാചീനകാലം മുതലേ ബെര്‍ബരികള്‍.

പുരാതന റോമിനെ വിറപ്പിച്ച കാര്‍ത്തേജ്(Carthage) നഗരരാഷ്ട്രം ബെര്‍ബരികളുടെ സുവര്‍ണ കാലഘട്ടങ്ങളിലൊന്നാണ്. സൈന്യത്തിലും ഭരണതലങ്ങളിലും സമ്പദ് വ്യവസ്ഥയിലും ബെര്‍ബരികളായിരുന്നു കാര്‍ത്തേജിന്റെ കരുത്ത്. ബെര്‍ബരികളും ഫിനീഷ്യന്മാരുമടങ്ങിയ കാര്‍ത്തേജിന്റെ ശക്തമായ സൈന്യത്തെ അന്നത്തെ വന്‍ശക്തികളായ റോം പോലും ഭയപ്പെട്ടിരുന്നു. ഉത്തരാഫ്രിക്കിയിലേക്കുള്ള റോമിന്റെ പ്രവേശനത്തിന് ജനറല്‍ ഹാനിബാളിന്റെ നേതൃത്വത്തിലുള്ള കാര്‍ത്തേജ് സൈന്യം ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. പ്യൂണിക് യുദ്ധപരമ്പരകള്‍ക്ക് തുടക്കമിട്ട ആ ഏറ്റുമുട്ടലില്‍ കാര്‍ത്തേജിന്റെ ആനപ്പടയെ നേരിടാനാവാതെ പലപ്പോഴും റോമന്‍ സൈന്യം കുഴങ്ങി. ആയിരക്കണക്കിന് റോമന്‍ സൈനികര്‍ ആനകളുടെ കാല്‍ക്കീഴിലും ബെര്‍ബരികളുടെ വാള്‍ത്തലപ്പിലും പെട്ട് പിടഞ്ഞുവീണു. എന്നാല്‍ അവസാനം റോം തന്നെ ജയിച്ചു. വെറും ഒരു നഗരരാഷ്ട്രമായിരുന്ന കാര്‍ത്തേജിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ അടിയറവു പറഞ്ഞുകൊണ്ട്. ഇന്നും തുനീഷ്യന്‍ തലസ്ഥാനമായ തൂനിസ് നഗരപ്രാന്തത്തില്‍ വീരചരിതങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് കാര്‍ത്തേജിന്റെ അവശിഷ്ടങ്ങള്‍ മയങ്ങുന്നത് കാണാം.

ഇസ്‌ലാമിന്റെ ആഗമനത്തോടെയാണ് ബെര്‍ബരികള്‍ എന്ന നാമം ലോകചരിത്രത്തില്‍ ഇടംപിടിച്ചത്. വെറും നാടോടികള്‍ എന്ന് ലോകം കരുതിയിരുന്ന ഒരു വിഭാഗത്തെ തികഞ്ഞ യോദ്ധാക്കളായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് മുസ്‌ലിംകളായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ ഇസ്‌ലാമിന്റെ വരവിന് മുമ്പ് ബെര്‍ബരികള്‍ ക്രിസ്ത്യന്‍ മതവിശ്വാസം പിന്തുടരുന്നവരായിരുന്നു. എന്നാല്‍ ഏ.ഡി 670-ല്‍ ഉമവീ സൈന്യാധിപനായ ഉഖ്ത്തുബ്‌നു നാഫിഇന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യമാണ് ആദ്യമായി ഉത്തരാഫ്രിക്ക ഇസ്‌ലാമിക ഖിലാഫത്തിന് കീഴില്‍ കൊണ്ടുവരുന്നത്. ഇന്നത്തെ തൂനിസ് പട്ടണത്തിന് അടുത്തായി ഉഖ്ബ സ്ഥാപിച്ച ഖൈറുവാന്‍ എന്ന പട്ടണം ബെര്‍ബരികളിലേക്കുള്ള ഇസ്‌ലാമിന്റെ കവാടമായിത്തീര്‍ന്നു. പല ബെര്‍ബര്‍ ഗോത്രങ്ങളെയും സൈനികമായി കീഴടക്കാന്‍ ഉഖ്ബക്ക് സാധിച്ചുവെങ്കിലും ഭൂരിഭാഗം ബെര്‍ബരികളും സ്വമനസ്സാലെ ഇസ്‌ലാം സ്വീകരിക്കുകയാണുണ്ടായത്. സൈനിക പര്യടനത്തിനപ്പുറം ഇസ്‌ലാമിക പ്രബോധനവും ഉഖ്ബ ബെര്‍ബരികള്‍ക്കിടയില്‍ നടത്തി. അന്ന് തൊട്ട് മുസ്‌ലിം സൈന്യത്തിലെ വിശ്വസ്ത ഭടന്മാരായി ബെര്‍ബരികള്‍ മാറി. ഖിലാഫത്തിന്റെ അന്ത്യഘട്ടത്തില്‍ ഉമവികള്‍ക്കെതിരായി ബെര്‍ബരികള്‍ക്കിടയില്‍ ചില അസ്വാസരസ്യങ്ങളും കലാപങ്ങളും ഉണ്ടായെങ്കിലും അബ്ബാസി ഖിലാഫത്തിന് കീഴില്‍ ബെര്‍ബെരികള്‍ വീണ്ടും മുസ്‌ലിം ഭരണത്തിന് കീഴില്‍ വന്നു. അപ്പോഴേക്കും മുറാബിത്തീന്‍, മുവഹ്ഹിദീന്‍ എന്നിങ്ങനെ രണ്ട് ഭരണവംശങ്ങളും ബെര്‍ബരികള്‍ക്കിടയില്‍ ഉണ്ടായി.

അബ്ബാസി ഖലീഫയായ അബ്ദുല്‍ മലികിന്റെ കാലത്താണ് മുസ്‌ലിംകള്‍ സ്‌പെയിന്‍ പിടിച്ചടക്കുന്നത്. സ്‌പെയിനിലെ ക്രിസ്ത്യന്‍ രാജാവായ റോഡ്രിഗസിന്റെ മര്‍ദ്ദകഭരണത്തില്‍ മനംമടുത്ത മന്ത്രിയായ ജൂലിയനാണ് മുസ്‌ലിംകളെ സ്‌പെയിനിലേക്ക് ക്ഷണിക്കുന്നത്. ഉത്തരാഫ്രിക്കന്‍ ഗവര്‍ണറായ മൂസബ്‌നു നുസൈര്‍ ഈ ചരിത്രപരമായ ദൗത്യത്തിന് ഏല്‍പിച്ചത് തന്റെ വിശ്വസ്തനായ സൈനികത്തലവനും ബെര്‍ബരിയുമായ താരിഖ് ഇബ്‌നു സിയാദിനെയാണ്. ജിബ്രാള്‍ട്ടര്‍(ജബലുത്താരിഖ്) കടലിടുക്ക് വഴി സ്‌പെയിനിലേക്ക് കടന്നയുടനെ തങ്ങള്‍ വന്ന കപ്പലുകളൊക്കെ താരിഖ് അഗ്നിക്കിരയാക്കിയെന്ന് ചരിത്രം പറയുന്നു. സൈന്യം യുദ്ധരംഗത്തു നിന്ന് തിരിഞ്ഞോടാതിരിക്കാനിയിരുന്നു ഇത്. അതിനു ശേഷം തന്റെ സൈന്യത്തെ അഭിമുഖീകരിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം ചരിത്രത്തില്‍ രേഖപ്പെട്ട് കിടക്കുന്നു. ”നിങ്ങളുടെ മുന്നിലുള്ളത് ഒരു മഹാസൈന്യം, പിന്നിലാകട്ടെ ആര്‍ത്തലക്കുന്ന തിരമാലകളും. നിങ്ങള്‍ പോരാടി വിജയിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഒരു പുതിയ ഭൂമിക. നിങ്ങള്‍ പോരാടി മരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് രക്തസാക്ഷിത്വവും” എന്ന് തുടങ്ങുന്ന ആ വാക്കുകളില്‍ പ്രചോദനം ഉള്‍കൊണ്ട സൈന്യം സ്‌പെയിനില്‍ ഇസ്‌ലാമിന്റെ വെന്നിക്കൊടി നാട്ടുന്നതാണ് നാം കാണുന്നത്. ഫ്രാന്‍സിന്റെ അത്തിര്‍ത്തി വരെ ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കാന്‍ താരിഖ് എന്ന ബെര്‍ബരി നടത്തിയ പരിശ്രമം ചരിത്രത്തില്‍ തുല്യതയില്ലാതെ കിടക്കുന്നു. പിന്നീട് മുസ്‌ലിം അന്തുലുസിലെ ഭരണകര്‍ത്താക്കളും പ്രഭുക്കന്മാരുമായി മാറാനും ബെര്‍ബരികള്‍ക്ക് സാധിച്ചു.

ധാരാളം ബെര്‍ബരികള്‍ ലോകചരിത്രത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ്. താരീഖ് ഇബ്‌നു സിയാദും ഇബ്‌നു ബത്തൂത്തയും ഇമാം ബൂസൂരിയും സെന്റ് അഗസ്റ്റിനും അറിയൂസും യൂസുഫ് ഇബ്‌നു തഷ്ഫീനും കാഹിനയും അവരില്‍ ചിലര്‍ മാത്രം. ആധുനിക ലോകത്തും പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം ബെര്‍ബെറുകളെ കാണാം. ഫുട്ബാള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ അള്‍ജീരിയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയ ഖാബിലി ബെര്‍ബരിയാണ്. ലോക പ്രശസ്ത സംഗീതജ്ഞനായ ഇബ്രാഹിം അഗ് അല്‍ഹബീബ് മാലിയില്‍ കുടുംബവേരുള്ള തൗറഗ് ബെര്‍ബരിയാണ്. അള്‍ജീരിയന്‍ പ്രധാനമന്ത്രി അഹ്മദ് ഒയാഹിയ, മുഹമ്മദ് അറാവ് ബെസ്സൂദ് എന്നിവര്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ്. ഫുട്‌ബോള്‍ താരങ്ങളായ ഇബ്രാഹിം അഫെല്ലെയും മുനീര്‍ ഹദ്ദാദിയും റിഫിയന്‍ ബെര്‍ബരികളാണ്. ഉത്തരാഫ്രിക്കക്ക് അറേബ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും വ്യത്യസ്തമായ ഒരു പൈതൃകം അവകാശപ്പെടാനുണ്ടെങ്കില്‍ അതില്‍ ബെര്‍ബരികളുടെ പങ്ക് നിസ്തുലമാണ്.

Related Articles