Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് ഖുദുസ് സന്ദര്‍ശിക്കരുത്?

aqsa-masjid.jpg

പ്രവാചകന്റെ നിശാ പ്രയാണത്തിന് സാക്ഷ്യം വഹിച്ച അനുഗ്രഹീതമായ മസ്ജിദുല്‍ അഖ്‌സക്ക് മുസ്‌ലിം മനസ്സുകളില്‍ മഹത്തായ സ്ഥാനമുണ്ട്. അല്ലാഹു വിവരിക്കുന്നു: ‘തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് – അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു – ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്'(അല്‍ ഇസ്രാഅ് : 1). മര്‍ദ്ധിതരും അടിച്ചമര്‍ത്തപ്പെടുന്നവരുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടി ജിഹാദ് ചെയ്യുന്നതു പോലെ തന്നെ മസ്ജിദുല്‍ അഖ്‌സയുടെ നിലനില്‍പിനു വേണ്ടിയും ജിഹാദ് ചെയ്യല്‍ അനിവാര്യമാണ്. മുസ്‌ലിംകള്‍ ഒരു രാഷ്ട്രത്തില്‍ ദുര്‍ബലരും ന്യൂനപക്ഷവുമാകുകയും ശത്രുക്കള്‍ അവരുടെ നാട് അധിനിവേശം ചെയ്യുകയും ചെയ്തതാണെങ്കില്‍ ശത്രുവിനെതിരെ സാമ്പത്തികവും സാമൂഹികവും സായുധവും സാംസ്‌കാരികവുമായി അവരെ സഹായിക്കുക എന്നത് മുസ്‌ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണ്. അല്ലാഹു വിവരിക്കുന്നു: ‘അവരെ നേരിടാന്‍ നിങ്ങള്‍ക്കാവുന്നത്ര ശക്തി സംഭരിക്കുക. കുതിരപ്പടയെ തയ്യാറാക്കി നിര്‍ത്തുക. അതിലൂടെ അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ക്ക് ഭയപ്പെടുത്താം. അവര്‍ക്കുപുറമെ നിങ്ങള്‍ക്ക് അറിയാത്തവരും എന്നാല്‍ അല്ലാഹുവിന് അറിയുന്നവരുമായ മറ്റു ചിലരെയും'(അന്‍ഫാല്‍ 60). ‘ഒരു കാര്യത്തെ കുറിച്ച് നിങ്ങളോട് കല്‍പിക്കപ്പെട്ടാല്‍ സാധ്യമായത്ര നിങ്ങള്‍ നിര്‍വഹിക്കുക’ എന്ന് പ്രവാചകനും പഠിപ്പിച്ചിട്ടുണ്ട്.

ശത്രുവിനെ എല്ലാ അര്‍ഥത്തിലും പ്രതിരോധിക്കുക എന്നത് ജിഹാദിന്റെ ഭാഗമാണ്. സിയോണിസ്റ്റ് അധിനിവേശ ശക്തികളുടെ കരങ്ങളിലായിരിക്കെ മസ്ജിദുല്‍ അഖ്‌സാ സന്ദര്‍ശിക്കാതിരിക്കുക എന്നതും ഇതിന്റെ ഭാഗം തന്നെ. സയണിസ്റ്റ് വൃത്തത്തിലേക്ക് ഫലസ്തീനികളല്ലാത്തവര്‍ സന്ദര്‍ശിക്കുന്നതും ഉല്ലാസ യാത്ര പോകുന്നതും ശറഇയ്യായി നിഷിദ്ധമാണ്. മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശനമായാലും ഇസ്‌ലാമിക ടൂറിസം പദ്ധതിയുടെ ഭാഗമായാലും ശരി. ജൂതന്മാരുടെ കരാള ഹസ്തങ്ങളിലായിരിക്കെ അവിടെ സന്ദര്‍ശിക്കാന്‍ അല്ലാഹു മുസ്‌ലിംകളെ ചുമതലപ്പെടുത്തിയിട്ടില്ല. മറിച്ച് ധിക്കാരികളായ ജൂതന്മാരുടെ കരങ്ങളില്‍ നിന്ന് അതിനെ മോചിപ്പിക്കാനും ഇസ്‌ലാമിന്റെ പൂര്‍വ പ്രതാപത്തിലേക്ക് അതിനെ വീണ്ടെടുക്കാനുമാണ് മുസ്‌ലിംകളോട് ആവശ്യപ്പെടുന്നത്. അതിനുള്ള പ്രധാന കാരണങ്ങള്‍:

1. മസ്ജിദുല്‍ അഖ്‌സാ സ്ഥിതി ചെയ്യുന്ന ഫലസ്തീന്‍ ഇസ്‌ലാമിക വഖഫ് ഭൂമിയാണ്. അല്ലാഹുവിന്റെ ശത്രുക്കളായ ജൂതന്മാര്‍ അത് അധിനിവേശത്തിലൂടെ കയ്യടക്കിവെച്ചിരിക്കുന്നു. അവരുടെ മാലിന്യങ്ങളില്‍ നിന്ന് അതിനെ മോചിപ്പിക്കുക എന്നത് ശറഇയ്യായ ബാധ്യതയാണ്. എല്ലാ ഫലസ്തീനികളുടെയും നിര്‍ബന്ധ ബാധ്യതയും ഫലസ്തീന്‍ വിമോചനം സാക്ഷാല്‍കൃതമാകുന്നവരെ എല്ലാ മുസ്‌ലിംകളുടെയും സാമൂഹ്യ ബാധ്യതയുമാണത്.

2. സയണിസ്റ്റ് അധിനിവേശത്തെ സാമാന്യവല്‍ക്കരിക്കുക വഴി ഉണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ തിരിച്ചറിയുക എന്നതും പ്രധാനമാണ്. ജൂതരുടെ കീഴിലുള്ള അഖ്‌സ സന്ദര്‍ശനം നടത്തുന്നതിലൂടെ അവരുടെ അധിനിവേശത്തിനുള്ള അംഗീകാരമാണ് നല്‍കുന്നത്. മാത്രമല്ല, ഫലസ്തീന്‍ മുഴുവനായും നിയമപരമായി ഇത്തരത്തില്‍ അവരുടെ ആധിപത്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതമാകും.

3.ബൈതുല്‍ മഖ്ദിസ് തിരിച്ചുപിടിക്കുക എന്ന മുസ്‌ലിംകളുടെ ലക്ഷ്യത്തിന് ഏറ്റവും അനുഗുണമായത് അത് സന്ദര്‍ശിക്കാതിരിക്കുക എന്നതാണ്. ‘ഉപദ്രവം തടയുന്നതിനാണ് നന്മകള്‍ ഉണ്ടാകുന്നതിനേക്കാള്‍ പരിഗണന നല്‍കേണ്ടത്’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പരിഗണിക്കേണ്ടത്. ഒരു നന്മയോടൊപ്പം തിന്മയും പ്രതിരോധിക്കേണ്ടി വന്നാല്‍ തിന്മ പ്രതിരോധിക്കുന്നതിനാണ് മിക്കവാറും മുന്‍ഗണന നല്‍കേണ്ടത്.

4.സഹാബികളുടെയും താബിഉകളുടെയും ഇസ്‌ലാമിക വിപ്ലവകാരികളുടെയും നിലപാടുകളില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സാ ജൂതരുടെ അധിനിവേശത്തിന്‍ കീഴിലായിരിക്കെ സന്ദര്‍ശിക്കാതിരിക്കുന്നതാണ് അഭികാമ്യം എന്നാണ് മനസ്സിലാക്കാന്‍  സാധിക്കുന്നത്. മസ്ജിദുല്‍ ഹറാമില്‍ ത്വവാഫ് ചെയ്യാനുള്ള അങ്ങേയറ്റത്തെ അഭിലാഷമുണ്ടായിരുന്നിട്ടും അത് ബഹുദൈവാരാധകരുടെ കരങ്ങളിലായതിനാല്‍ അവിടം സന്ദര്‍ശിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച ഉസ്മാന്‍(റ)വിന്റെ നിലപാട് സ്മരണീയമാണ്.

സിയോണിസ്റ്റുകളുടെ കീഴിലുള്ള മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിക്കാതിരിക്കുന്നത് മസ്ജിദുല്‍ അഖ്‌സയുടെ മേലുള്ള അവരുടെ നേതൃത്വവും നിയമസാധുതയും അംഗീകരിക്കാതിരിക്കലും അവരുടെ ആധിപത്യത്തെ നിരാകരിക്കലുമാണ്. സയണിസ്റ്റ് താല്‍പര്യങ്ങളെ പ്രതിരോധിക്കലും ശത്രുവോടുള്ള അനുനയത്തെ നിരാകരിക്കലുമാണ്. അതിലൂടെ ഇസ്‌ലാമിക സമൂഹത്തിനുണ്ടാകാവുന്ന വലിയ അപകടത്തെ തടുക്കലും ഉപദ്രവത്തെ പ്രതിരോധിക്കലുമാണ്. നഷ്ടപ്പെട്ട മസ്ജിദുല്‍ അഖ്‌സ തിരിച്ചു പിടിക്കുന്നതുവരെ വിമോചന പോരാട്ടം നടത്താന്‍ ഇസ്‌ലാമിക സമൂഹത്തെ പ്രചോദിപ്പിക്കുന്നതും ശത്രുവിനെതിരെയുള്ള നിലപാട് കൂടുതല്‍ ഭദ്രമാക്കുന്നതിനും ഏറ്റവും അനുഗുണമായിട്ടുള്ളത് മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിക്കാതിരിക്കലാണ്.

ഖുദുസ് ഇസ്‌ലാമിക ഭൂമിയാണെന്നും അതില്‍ വീഴ്ച വരുത്തല്‍ അനുവദനീയമല്ല എന്നുമുള്ള വിദ്യാഭ്യാസം മുസ്‌ലിം സമൂഹത്തിന് ഇതിലൂടെ പകര്‍ന്നുനല്‍കാന്‍ സാധിക്കും. ശത്രുക്കളുടെ കരാളഹസ്തങ്ങളില്‍ നിന്ന് അതിനെ മോചിപ്പിക്കണമെന്ന ജിഹാദീ സ്പിരിറ്റ് അവരില്‍ അവശേഷിപ്പിക്കാനും ഈ നിരാകരണം വഴിയൊരുക്കും. ഫലസ്തീനിലെ പോരാളികള്‍ക്ക് ആളും അര്‍ഥവും നല്‍കി സഹായിക്കാനും ശത്രുവിനെതിരെ പോരാട്ടപാതയില്‍ ഉറച്ചു നില്‍ക്കാനും പവിത്ര ഭൂമികളെ സംരക്ഷിക്കാനും ഈ ചെറുത്തുനില്‍പ് സഹായകമാകും.
(ഫലസ്തീന്‍ പണ്ഡിത സഭയുടെ മേധാവിയാണ് ലേഖകന്‍)

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles