Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയയുടെ ഇന്‍സെപ്ഷന്‍

സ്വപ്‌നങ്ങളെയും, മനസിന്റെ വികാരങ്ങളുടെയും അനുഭവങ്ങളുടെയും ഉദ്ഭവസ്ഥാനങ്ങളെ സംബന്ധിച്ചുമാണ് ക്രിസ്റ്റഫര്‍ നോളന്റെ 2010 ചലച്ചിത്രമായ ഇന്‍സെപ്ഷന്‍ പറയുന്നത്. മനുഷ്യരുടെ അബോധങ്ങളിലേക്ക് ചൂഴ്ന്നിറങ്ങാന്‍ കഴിയുന്നയാളാണ് ലിയാനാര്‍ഡോ ഡികാപ്രിയൊ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ കോബ്. അയാള്‍ മറ്റുള്ളവരുടെ സ്വപ്‌നലോകങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി, സുപ്രധാനമായ ആശയങ്ങള്‍ കവര്‍ന്നു കോര്‍പറേറ്റ് ശക്തികള്‍ക്ക് വില്‍ക്കുന്നു.

ശക്തമായ ഒരു കോര്‍പറേറ്റ് കോബിനെ വിലക്കെടുക്കുന്നു. അവര്‍ അയാളോട് ആവശ്യപ്പെടുന്നത് മനസിലുള്ള ആശയങ്ങളെ കവരാനല്ല. പകരം, സ്വപ്‌നങ്ങള്‍ നല്‍കിക്കൊണ്ട് മറ്റൊരാളില്‍ ഒരാശയത്തെ സൃഷ്ടിക്കാനാണ്. കോബ് തന്റെ കഴിവുപയോഗിച്ച് കോര്‍പറേറ്റിന്റെ എതിരാളിയെ സ്വാധീനിക്കുന്നു. അയാള്‍ തന്റെ പിതാവില്‍ നിന്നും ലഭിച്ച വന്‍സാമ്പത്തിക സാമ്രാജ്യം ഉപേക്ഷിക്കുന്നു. ഇതിനായി കോബോ ഉപയോഗിക്കുന്നത് മികവുറ്റ രീതിയാണ്. കോബോ മറ്റേയാളിന്റെ സ്വപ്‌നങ്ങളെ നിയന്ത്രിക്കുകയും അതിലൂടെ തന്റെ ആശയങ്ങളെ സംശയത്തിന് ഇടനല്‍കാതെ നട്ടുറപ്പിക്കുകയും ചെയ്യുന്നു.

ഇസ്‌ലാമോഫോബിയയുടെ വ്യവസായം നമ്മുടെ ബോധങ്ങളെ മയക്കിക്കിടത്തി നമ്മുടെ പൊതുബോധത്തില്‍ മുസ്‌ലിംകളെ സംബന്ധിച്ച് വംശീയവിരോധവും ഇസ്‌ലാംഭീതിയെയും  നട്ടുറപ്പിക്കുന്നതില്‍ വിജയിച്ചത് എപ്രകാരമാണെന്ന് വാദിക്കുന്നതിന് ഈ ലേഖനത്തില്‍ ഇന്‍സെപ്ഷനില്‍ അവതരിപ്പിച്ച ആശയങ്ങളിലൂടെ ശ്രമിക്കുകയാണ്. ഇതിന്റെ സൂത്രധാരന്മാര്‍ ഏതാനും ചില സംഘനകളാണ്. 2013 ല്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ഇസ്‌ലാമോഫോബിയ നെറ്റ് വര്‍ക്കില്‍ 37ഓളം കക്ഷികളുണ്ട്. അവരുടെ പ്രധാനപണി ഇസ്‌ലാമിനും, മുസ്‌ലിംകള്‍ക്കുമെതിരെ വെറുപ്പും വക്രധാരണകളും സൃഷ്ടിക്കുക എന്നതാണ്.

ഇസ്‌ലാമോഫോബിയയുടെ പ്രൊഫഷണലുകളും ഭീതിയുത്പാദന കേന്ദ്രങ്ങളും മുസ്‌ലിംകള്‍ പങ്ക് വഹിക്കുന്ന എല്ലാ പ്രാദേശിക അന്താരാഷ്ട്ര അനിഷ്ട സംഭവങ്ങളെ ഉയര്‍ത്തിക്കാട്ടി, അവ പലവുരു ആവര്‍ത്തിച്ച്, പൊതുമനസില്‍ വംശീയതയുടെയും വിദ്വേഷത്തിന്റെയും വികാരങ്ങള്‍ കുത്തിയിളക്കി മുസ്‌ലിംകളെ തങ്ങളുടെ സാംസ്‌കാരിക ഭീഷണിയായി വിഭാവന ചെയ്യാനുള്ള ന്യായീകരണമുണ്ടാക്കുന്നു.

മഞ്ഞപ്രസിദ്ധീകരണങ്ങളുടേയും വിദേശഫണ്ടു ലഭിക്കുന്ന ലിബറല്‍ പ്രസിദ്ധീകരണങ്ങളുടേയും വെബ്‌സൈറ്റുകളുടേയും ഗവേഷണ സ്ഥാപനങ്ങളുടേയും കൃതികള്‍ തെളിവായി ഉദ്ധരിച്ചാണ് ഇത്തരം ഇസ്‌ലാമോഫോബിയയുടെ വ്യവസായം വികസിക്കുന്നത്.

ഒറിയന്റലിസം തെളിഞ്ഞും മറഞ്ഞും
2001-ല്‍ പ്രസിദ്ധീകരച്ച പ്യൂ സര്‍വ്വെ ഫലങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ഒരു ലേഖനം പ്രൊഫസര്‍ ചാള്‍സ് കഴ്‌സമാന്‍ എഴുതി. അമേരിക്കന്‍ മുസ്‌ലിംകളെ കുറിച്ച ഇതര അമേരിക്കക്കാരുടെ സമീപനം കൂടുതല്‍ മോശമായി കൊണ്ടിരിക്കുകയാണ്. കൂടാതെ, ജനങ്ങള്‍ക്കിടയില്‍ കൂടുതലാളുകള്‍ അമേരിക്കന്‍ മുസ്‌ലിംകളെ കുറിച്ച് തങ്ങളുടെ മോശമായ കാഴ്ചപാടുകള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ വെമ്പുന്നവരാണ്. പൊതുവെ അമേരിക്കയിലെ മുസ്‌ലിംകളെ കുറിച്ചുള്ള അഭിപ്രായവും കൂടുതല്‍ മോശമായിക്കൊണിരിക്കുകയാണെന്നും കഴ്‌സ്മാന്‍ എഴുതുന്നു. ഇത്തരമൊരു അഭിപ്രായ രൂപീകരിക്കപ്പെടുന്നതിന്റെ കാരണങ്ങളും അതിനുപിന്നിലെ ശക്തികളെയും പഠിക്കുന്നതോടൊപ്പം ഈ പ്രവണതയെ എങ്ങനെ വഴിതിരിച്ചുവിടാം എന്നും അന്വേഷിക്കുന്നതാണ് കഴ്‌സ്മാന്റെ പഠനം.

എഡ്വേര്‍ഡ് സൈദ് അവതരിപ്പിച്ച ഒളിഞ്ഞും തെളിഞ്ഞുമുള്ള ഒറിയന്റലിസമെന്ന ആശയത്തിന്റെ തുടര്‍ച്ചയെന്നോണം പ്യൂ സര്‍വേഫലങ്ങളെ മനസിലാക്കാവുന്നതാണ്. സര്‍വേയിലെ വിവരങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇസ്‌ലാമോഫോബിയയുടെ ബന്ധങ്ങളെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. സിനിമ, പത്രവാര്‍ത്തകള്‍, മാധ്യമപ്രമുഖര്‍, മുസ്‌ലിംങ്ങളെയും ഇസ്‌ലാമിനെയും അക്രമകാരികളായും പിന്തിരിപ്പനായും അടിച്ചമര്‍ത്തലായും അവതരിപ്പിക്കുന്ന പുസ്തകങ്ങള്‍ എന്നിവയിലൂടെ നിക്ഷിപ്തമായ (incepted) അനിഷേധ്യതീര്‍പ്പുകളിന്മേലാണ് ഒളിഞ്ഞ ഇസ്‌ലാമോഫോബിയ നിലകൊള്ളുന്നത്.

മുസ്‌ലിം കര്‍തൃത്വങ്ങളെ പാശ്ചാത്യ ചട്ടക്കൂടിലൂടെയാണ് നോക്കിക്കണ്ടിരുന്നത്. അതുകൊണ്ടു തന്നെ മുസ്‌ലിംകള്‍ അപരരും അധമരും അധീനപ്പെടേണ്ടവരുമായി. സാഹിത്യം, വിനോദപരിപാടികള്‍, കല, സാംസ്‌കാരിക നിര്‍മ്മിതികള്‍ എന്നിവയിലൂടെ വികൃതമാക്കപ്പെട്ട മുസ്‌ലിം അപരത്വത്തെ ഉപയോഗപ്പെടുത്തിയാണ് ഒളിഞ്ഞുള്ള ഇസ്‌ലാമോഫോബിയ നിലനില്‍ക്കുന്നത്.

പ്രത്യക്ഷമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് തെളിഞ്ഞ ഇസ്‌ലാമോഫോബിയ. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച ഏതിനെപറ്റിയും അടിസ്ഥാനരഹിതമായ മുന്‍ധാരണകള്‍ വെച്ചുപുലര്‍ത്തുന്നു. അവരുടെ പൗര-മനുഷ്യാവകാശങ്ങള്‍ തന്നെ ഹനിച്ചു കൊണ്ട് നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിയമം മറികടന്ന് സൈനിക നടപടികളും പീഢനങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും നടപ്പിലാക്കുന്നു. ശേഷം അതിനെ നീതീകരിക്കുന്ന വിധത്തില്‍ നയങ്ങള്‍ രൂപപ്പെടുത്തുന്നു. മുസ്‌ലിം ജീവിതങ്ങളെ സംബന്ധിച്ച് നമ്മള്‍ കാണുന്നതും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെല്ലാം ഇതൊക്കെയാണ്. ഇസ്‌ലാമോഫോബിയ ഇന്‍സെപ്ഷന്‍ വ്യവസായം ചിലവഴിക്കുന്ന 119,662,719 ഡോളറും പൊതുമനസില്‍ മുസ്‌ലിംവിരുദ്ധ അഭിപ്രായം വര്‍ധിച്ചതും തമ്മിലുള്ള ബന്ധമാണ് സര്‍വേ വിവരങ്ങള്‍ വിളിച്ചുപറയുന്നത്.

ഇസ്‌ലാമോഫോബിയയുടെ പ്രഘോഷകര്‍ മുസ്‌ലിം തീവ്രവാദത്തെയാണ് കാരണമായി പറയുന്നത്. എന്നാല്‍ 2001-06 വര്‍ഷങ്ങളിലെ കണക്കുകള്‍ വെച്ച് പരിശോധിക്കുമ്പോള്‍ ഈ ന്യായം തീര്‍ത്തും ഉപരിപ്ലവമാണെന്ന് നമുക്ക് മനസിലാകും. ആ വര്‍ഷങ്ങളിലാണ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ അക്രമസംഭവങ്ങള്‍ ഏറിയത്. എന്നാല്‍ അത്രയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആ വര്‍ഷങ്ങളില്‍ ഇസ്‌ലാമിനെ കുറിച്ച് ഇപ്പോഴുള്ള തോതില്‍ ഭീതി ഉത്പാദിപ്പിക്കപ്പെട്ടിരുന്നില്ല. മുസ്‌ലിംകളെ അപരവത്കരിച്ചും മതഭ്രാന്തരായി ചിത്രീകരിച്ചും കൊഴുക്കുന്ന ഇസ്‌ലാമോഫോബിയയുടെ സാമ്പത്തിക വ്യവസായം നടത്തിയ ഇടപെടലാണ് ഈ മാറ്റമുണ്ടാക്കിയതെന്ന് വ്യക്തം.

ഇസ്‌ലാമോഫോബിക് ഇന്‍സെപ്ഷന്റെ പരിണതികള്‍
വ്യക്തികളുടെ മനസില്‍ ആശയങ്ങള്‍ കരുപിടിപ്പച്ച് കോര്‍പറേറ്റുകളുടെ തീരുമാനങ്ങളെയും വിപണിനിയന്ത്രണ സംവിധാനങ്ങളെയും വരെ സ്വാധീനിക്കുന്നതിനെ കുറിച്ചാണ് ഇന്‍സെപ്ഷന്‍ സിനിമ പറയുന്നത്. അതില്‍ ശ്രദ്ധേയമായ കാര്യം, മനസില്‍ ഉറച്ചുപോയ കാല്‍പനികമായ ലോകത്തു നിന്നും യാഥാര്‍ഥ്യത്തെ വേര്‍തിരിക്കാനാവാതെ, കോബിന്റെ ഭാര്യക്ക് ജീവിതം തന്നെ നഷ്ടപ്പെടുന്നുണ്ട്. ഇസലാമോഫോബിയയുടെ വ്യവസായങ്ങളും കൊണ്ടുവരിക ഇതേ വിനയായിരിക്കും. മുസ്‌ലിങ്ങളെയും ഇസ്‌ലാമിനെയും കുറിച്ച് നമ്മുടെ പൊതുബോധത്തില്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കുത്തിനിറച്ച് മുസ്‌ലിങ്ങളെയും ഇസ്‌ലാമിനെയും കേള്‍ക്കുന്ന മാത്രയില്‍ ആക്രമിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍ നമ്മുടെ സാമൂഹികസുരക്ഷാ നയങ്ങള്‍ അകാരണമായ ഭയത്തിനും, വംശീയതക്കും, അക്രമത്തിനും വേണ്ടി പണയം വെക്കേണ്ടി വന്നേക്കാം.

മുസ്‌ലിം അപരത്വത്തെയും അസ്പര്‍ശ്യതയെയും ഊട്ടിയുറപ്പിക്കുകയും യാഥാര്‍ഥ്യങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും നേരെ എതിരുനില്‍ക്കുകയും ചെയ്യുന്ന തീര്‍പ്പുകളെ ഉത്പാദിപ്പിക്കുന്നതാണ് ഇസ്‌ലാമോഫോബിയയുടെ വ്യവഹാരങ്ങള്‍. എഡ്വേര്‍ഡ് സൈദ് ചൂണ്ടിക്കാട്ടിയതു പോലെ,  സത്യവും വസ്തുതകളും ചൂണ്ടിക്കാട്ടിയാല്‍ എല്ലാം വ്യക്തമാവുകയും പുതിയ കാഴ്ചപാട് ഉരുത്തിരിയുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന അസത്യത്തിന്റെ ഭണ്ഡാരമല്ല ഒറിയന്റലിസം.

ഇസ്‌ലാമോഫോബുകള്‍ നമ്മുടെ മനസുകളെ ലക്ഷ്യമാക്കുന്നത് നമ്മുടെ ആശയങ്ങളെ കവരാനല്ല. മുസ്‌ലിങ്ങളെ കുറിച്ച് ആഗോളതലത്തില്‍ നിലനില്‍ക്കുന്ന വികൃതരും, അപരരും, അക്രമാസക്തരുമെന്ന ആഗോള കാഴ്ചപാടിനെ കൂടുതല്‍ ത്വരിതപ്പെടുത്തി മുസ്‌ലിങ്ങള്‍ക്കെതിരെ വിവേചനത്തിനും തൊട്ടുകൂടായ്മക്കും നമ്മെ പ്രേരിപ്പിക്കുകയെന്നതാണ് അവരുടെ പണി.

ചുരുക്കത്തില്‍, സര്‍വമുസ്‌ലിങ്ങള്‍ക്കെതിരെയും നമ്മുടെ മനസില്‍ വെറുപ്പുളവാക്കുന്നതിനുള്ള എല്ലാ ഉപായങ്ങളും ഇസ്‌ലാമോഫോബിക് ഇന്‍സെപ്ഷനിലുണ്ട്. അതിന്റെ ഫലമായി സംഭവിച്ചേക്കാവുന്ന ‘നാഗരികതയുടെ യുദ്ധം’ കൊണ്ട് സാമ്പത്തികമായും തന്ത്രപരമായും എളുപ്പം ലാഭം കൊയ്യുന്നത് ഈ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ തന്നെയാവും.

വിവ : മുഹമ്മദ് അനീസ്

Related Articles