Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമും സൂഫിസവും

islam-n-sufism.jpg

ഇസ്‌ലാമിലെ കേവല ആത്മീയധാരയാണ് സൂഫിസം. സൂഫിസം എന്നും തസവ്വുഫ് എന്നും പ്രയോഗിക്കപ്പെടാറുണ്ട്. അമുസ്‌ലിംകള്‍ സൂഫിസത്തെ ഇസ്‌ലാമായി തന്നെ തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ സൂഫിസം ഇസ്‌ലാമിന്റെ പതിപ്പല്ല, ഇസ്‌ലാമില്‍ ഉണ്ടായിത്തീര്‍ന്ന ഒരു ചിന്താധാര മാത്രമാണ്. ഹൈന്ദവ വിശ്വാസസംഹിതകളില്‍ നിന്ന് ഭക്തി പ്രസ്ഥാനം ഉടലെടുത്തത് പോലെയാണിത്. ഭക്തി പ്രസ്ഥാനം ഹൈന്ദവതയിലെ കേവല ആത്മീയ ധാരയാണ്. എന്നാല്‍ ഇസ്‌ലാം കേവല ആത്മീയതയെ പ്രോത്സാഹിപ്പിക്കുന്നില്ല. സമൂഹത്തിന്റെ ഭാഗമായി കൊണ്ടു തന്നെ ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുക എന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. പ്രവാചകന്മാരാണ് ഇസ്‌ലാമില്‍ ആത്മീയ ഗുരുക്കന്മാര്‍. എന്നാല്‍ ഭൂമിയില്‍ വന്ന എല്ലാ പ്രവാചകന്മാരും ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു കൊണ്ട് അവരോട് സഹവസിച്ചും കുടുംബം പുലര്‍ത്തിയും ഉപജീവനമാര്‍ഗങ്ങള്‍ തേടിയും തങ്ങളുടെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയവരാണ്. ഗിരിശൃംഗങ്ങളിലോ ഘോരവനങ്ങളിലോ തപസ്സിരുന്ന് ലഭിക്കുന്ന ആത്മീയതയെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഭൗതികമായ ബന്ധങ്ങള്‍ വിച്ഛേദിച്ച് ആത്മീയതയിലേക്ക് മനുഷ്യമനസ്സിനെ നയിക്കുന്ന സൂഫിസത്തെ ഇസ്‌ലാമിന്റെ ഭാഗമെന്ന് പറയാനുമാവില്ല.  

ത്വരീഖത്ത്(വഴി) ആയിട്ടാണ് സൂഫിസം വളര്‍ന്നു വന്നത്. ആയിരക്കണക്കിന് ത്വരീഖത്തുകള്‍ സൂഫിസത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഇന്നും നൂറുകണക്കിന് ത്വരീഖത്തുകള്‍ ലോകത്തിന്റെ നാനാഭാഗത്ത് നിലനില്‍ക്കുകയും ചെയ്യുന്നു. ഒരു ആത്മീയാചാര്യനും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുമടങ്ങിയതാണ് ഓരോ ത്വരീഖത്തും. ശിഷ്യഗണങ്ങളിലൂടെ ഈ പരമ്പര നിലനില്‍ക്കുകയാണ് ചെയ്യുന്നത്. ചിശ്തിയ്യ, ഖാദിരിയ്യ, നഖ്ശ്ബന്ധിയ്യ, സുഹ്‌റവര്‍ദിയ്യ എന്നിവയാണ് ലോകത്തെ പ്രധാന ത്വരീഖത്തുകള്‍. സുന്നികള്‍ക്കിടയിലാണ് ഭൂരിഭാഗം ത്വരീഖത്തുകളും നിലനില്‍ക്കുന്നതെങ്കിലും ശിയാ വിഭാഗത്തിനിടയിലും ത്വരീഖത്തുകള്‍ പ്രചാരത്തിലുണ്ട്.

പ്രവാചകന്‍(സ)യും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും എന്ന ആശയമാണ് സൂഫിസത്തിലെ ഗുരു-ശിഷ്യ ബന്ധത്തിലൂന്നിയ ത്വരീഖത്തുകള്‍ക്ക് രൂപം നല്‍കിയത്. മനുഷ്യരില്‍ ഏറ്റവും പരിപൂര്‍ണനും വിശുദ്ധനും മുഹമ്മദ് നബി(സ) ആണെന്നും സൂഫികളുടെ ഗുരു പ്രവാചകന്റെ ജാമാതാവായ അലി(റ) ആണെന്നും അവര്‍ വിശ്വസിക്കുന്നു. പൊതുവായി സൂഫി ത്വരീഖത്തുകളെ ശരീഅത്ത് പിന്തുടരുന്നവയും അല്ലാത്തവയും എന്ന് രണ്ടായി തരംതിരിക്കാം. ശരീഅത്ത് പിന്തുടരുന്ന ത്വരീഖത്തുകള്‍ നമസ്‌കാരമടക്കമുള്ള ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരാണ്. എന്നാല്‍ ശരീഅത്ത് പിന്തുടരാത്ത ത്വരീഖത്തുകള്‍ ഇസ്‌ലാമിന്റെ പ്രായോഗിക രീതികളില്‍ വിശ്വസിക്കാത്തവരാണ്.  

അല്ലാഹുവിനോടുളള പരമമായ പ്രേമവും അടുപ്പവും ഉണ്ടാക്കിയെടുക്കുന്നതിലൂടെ പൂര്‍ണ്ണനായ മനുഷ്യനാവുക എന്നതാണ് സൂഫിസത്തിന്റെ ആത്യന്തികമായ അധ്യാപനം. ജിബരീല്‍(അ) വന്ന് പ്രാചകന്‍(സ) യോട് ഇസ്‌ലാമിനെ കുറിച്ചും ഈമാനിനെ കുറിച്ചും ഇഹ്‌സാനിനെ കുറിച്ചും ചോദിക്കുന്ന ഹദീഥാണ് സൂഫി ത്വരീഖത്തുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമായി സ്വീകരിക്കുന്നത്. അതില്‍ എന്താണ് ഇഹ്‌സാന്‍ എന്ന് ചോദിക്കുമ്പോള്‍ പ്രവാചകന്‍(സ) കൊടുക്കുന്ന മറുപടി: ”നീ അല്ലാഹുവിനെ കാണുന്നത് പോലെ അവനു കീഴവണങ്ങലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.” നാം അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ സദാ നിരീക്ഷിക്കുന്നുണ്ട് എന്ന ബോധത്തോടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയും പൂര്‍ണതയും പ്രകടിപ്പിക്കുക എന്നതാണ് സൂഫികള്‍ തങ്ങള്‍ ഉള്‍കൊള്ളുന്ന ആശയമായി പരിചയപ്പെടുത്തുന്നത്.  

സൂഫിസത്തിലെ ആചാരങ്ങളില്‍ ദിക്‌റ് അഥവാ ദൈവസ്മരണക്ക് അതിയായ പ്രാധാന്യമുണ്ട്. ദൈവസ്മരണയാലാണ് ഹൃദയങ്ങള്‍ സമാധാനം പ്രാപിക്കുന്നത് എന്ന ഖുര്‍ആനിക വചനമാണ് അതിനുള്ള അടിസ്ഥാനമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ദൈവസ്മരണ എല്ലാ വിശ്വാസികളും മരണം വരെ തുടരേണ്ട ഒരു പ്രക്രിയയാണെന്ന് പൊതുവില്‍ ഇസ്‌ലാം പഠിപ്പിക്കുന്നു. ജീവിതത്തിലെ ഏത് കര്‍മങ്ങളില്‍ ഏര്‍പെടുമ്പോഴും ദൈവത്തെ സ്മരിക്കുക, സന്തോഷമായിക്കൊള്ളട്ടെ സന്താപമായിക്കൊള്ളട്ടെ ജീവിതത്തിലെ ഏത് ഘട്ടത്തിലും ദൈവത്തില്‍ വിലയം പ്രാപിക്കുക, അവനോട് പ്രാര്‍ഥിക്കുകയും സഹായമര്‍ത്ഥിക്കുകയും ചെയ്യുക എന്നിവ അടിസ്ഥാന പാഠങ്ങളില്‍ ഒന്നായിരിക്കെ തന്നെ അവ സാമൂഹ്യജീവിതത്തെ ബഹിഷ്‌കരിച്ചു കൊണ്ടാകരുത് എന്നും ഇസ്‌ലാം കല്‍പിക്കുന്നു. അവിടെയാണ് സൂഫിസത്തിലെ ദൈവസ്മരണയും ഇസ്‌ലാമിലെ ദൈവസ്മരണയും തമ്മില്‍ വ്യതിരിക്തമാകുന്നത്. പ്രവാചക അനുയായികള്‍ പകലില്‍ അശ്വാരൂഢന്മാരും രാത്രിയില്‍ സന്യാസിമാരും ആയിരുന്നു എന്ന വാക്യത്തിന്റെ പൊരുള്‍ വളരെ വിശാലമാണ്. സൂഫിസത്തിലെ ദിക്‌റ് ത്വരീഖത്തുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നതായി കാണാം. ചില ത്വരീഖത്തുകളില്‍ ‘സമാ’  എന്ന പേരില്‍ പ്രാര്‍ഥനാ സദസ്സുകള്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍, മറ്റുചില ത്വരീഖത്തുകളില്‍ ഭജനഗീതങ്ങളും ഭക്തിഗാനങ്ങളുമാണ് ദിക്‌റിന്റെ രീതികള്‍. ഇന്ത്യയില്‍ ചിശ്തി ത്വരീഖത്ത് ഈ രീതി വളരെ പ്രചാരമുള്ളതാക്കി. എന്നാല്‍ തുര്‍ക്കിയിലെ മൗലവി ത്വരീഖത്തില്‍ നൃത്തമാണ് ദൈവസ്മരണയുടെ മൂര്‍ത്ത ഭാവം. ‘ദര്‍വീശ് ഡാന്‍സ്’ എന്ന പേരില്‍ പ്രസിദ്ധമായ ഈ സൂഫി നൃത്തം പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിച്ചേരുകയുണ്ടായി. വലതു കൈ ആകാശത്തേക്കും ഇടതു കൈ ഭൂമിയിലേക്കും പിടിച്ച് വലത്തു നിന്ന് ഇടത്തോട്ടേക്കുള്ള കറക്കമാണ് ഈ നൃത്തത്തിന്റെ പ്രത്യേകത.

‘മുറാഖബ’ എന്ന ധ്യാനരീതിയും സൂഫിസത്തില്‍ പ്രചാരത്തിലുണ്ട്. സദാ ജാഗ്രതതയോടെ പൂര്‍ണമായും ദൈവത്തില്‍ കേന്ദ്രീകരിച്ച് ഭജനമിരിക്കുക എന്നതാണ് മുറാഖബ. ഐഹിക ബന്ധങ്ങളില്‍ നിന്ന് മുക്തനായി ദൈവത്തില്‍ ലയിച്ചു ചേരുന്ന അവസ്ഥ എന്ന് സൂഫികള്‍ ഇതിനെ വിശേഷിപ്പിക്കുന്നു. സൂഫി വര്യന്മാരുടെയും ആചാര്യന്മാരുടെയും മഖ്ബറകള്‍ സന്ദര്‍ശിക്കുക എന്നതും സൂഫികള്‍ പിന്തുടരുന്ന ഒരു രീതിയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കാണപ്പെടുന്ന ഇത്തരം മഖ്ബറകളും ശവകുടീരങ്ങളും സൂഫിസത്തിന്റെ സ്വാധീനഫലമായി ഉയര്‍ന്നുവന്നവയാണ്. ബഗ്ദാദില്‍ അബ്ദുര്‍ ഖാദിര്‍ ജീലാനി, അജ്മീറില്‍ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി, ദല്‍ഹിയില്‍ നിസാമുദ്ദീന്‍ ഔലിയ, ചൈനയില്‍ ആഫാഖ് ഖോജ, ലാഹോറില്‍ അലി ഹുജ്‌വരി, മൊറോക്കോയില്‍ മൗലവി ഇദ്‌രീസ് എന്നിങ്ങനെ തീര്‍ത്ഥാടക പ്രവാഹമുള്ള ധാരാളം സൂഫീ കുടീരങ്ങള്‍ ലോകത്തുണ്ട്. ഓരോ ദിവസവും സംഗീത വിരുന്നുകളും ഭജന സദസ്സുകളും ഭക്ഷണ വിതരണവുമായി സജീവമാണ് ഇവ. നാടും വീടും ഉപേക്ഷിച്ച് പൂര്‍ണമായും ആത്മീയതയിലേക്ക് തിരിഞ്ഞ പല പ്രായക്കാരും ഇത്തരം മഖ്ബറ കോംപ്ലക്സുകളിലെ അന്തേവാസികളാണ്. ഇന്ന് ട്രസ്റ്റുകള്‍ക്ക് കീഴില്‍ കോടികള്‍ സമ്പാദിക്കുന്ന ബിസിനസ് കേന്ദ്രങ്ങള്‍ കൂടിയായി സൂഫി മഖ്ബറകള്‍ മാറിയിട്ടുണ്ട്. മരണത്തെ ഓര്‍ക്കാന്‍ ഖബറിടങ്ങള്‍ സന്ദര്‍ശിക്കുക എന്നല്ലാതെ ഖബറിടങ്ങളെ തീര്‍ത്ഥാടന കേന്ദ്രങ്ങളും പ്രാര്‍ത്ഥനാ മന്ദിരങ്ങളുമാക്കിയതിലൂടെ ഇസ്‌ലാമില്‍ നിന്ന് ജനങ്ങളെ ബഹുദൂരം അകറ്റാന്‍ സൂഫീ ത്വരീഖത്തുകള്‍ കാരണമായിട്ടുണ്ട്.

അറേബ്യയിലാണ് സൂഫിസം പിറവി കൊണ്ടതെങ്കിലും അത് വളര്‍ന്നതും വികസിച്ചതും ഇറാനും ഇറാഖും ഇന്ത്യയും അടക്കമുള്ള അന്യ ദേശങ്ങളിലാണ്. അതുകൊണ്ട് തന്നെ സൂഫി ത്വരീഖത്തുകളില്‍ പലതിന്റെയും പ്രവര്‍ത്തന ഭൂമിക ഈ നാടുകളാണെന്ന് കാണാം. സ്വഹാബിയായ സഈദുബ്‌നു മുസയ്യബും ത്വാബിഇ പണ്ഡിതനായ ഇമാം ഹസനുല്‍ ബസ്വരിയും ഇമാം ഗസാലിയും ഇമാം ഇബ്‌നു തൈമിയ്യയുമൊക്കെ ജീവിതത്തില്‍ അവര്‍ കാത്തുവെച്ച ആത്മീയ ബോധം കാരണത്താല്‍ സൂഫി വര്യന്മാരായി പരിഗണിക്കപ്പെടുന്നവരാണ്. ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയില്‍ പെട്ട സലീം ചിശ്തി, നിസാമുദ്ദീന്‍ ഔലിയാ എന്നിവരും ഇന്ത്യയില്‍ സൂഫിസം വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരാണ്. മുഗള്‍ ചക്രവര്‍ത്തിമാരായ അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവര്‍ ചിശ്തി ത്വരീഖത്ത് പിന്തുടര്‍ന്നവരായിരുന്നു. ബഹാഉദ്ദീന്‍ നഖ്ശ്ബന്ധ് ബുഖാരിയിലേക്ക് ചേര്‍ക്കപ്പെടുന്ന നഖ്ശ്ബന്ധി ത്വരീഖത്ത് പിന്തുടര്‍ന്നവരായിരുന്നു ശൈഖ് അഹ്മദ് സര്‍ഹിന്ദിയും മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബും. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ പേരിലുള്ള ഖാദിരി ത്വരീഖത്തും ലോകത്ത് ഏറെ പ്രചാരമുള്ള ത്വരീഖത്തുകളില്‍ ഒന്നാണ്. കേരളത്തില്‍ ധാരാളം പേര്‍ ഖാദിരി ത്വരീഖത്ത് പിന്തുടരുന്നുണ്ട്. പേര്‍ഷ്യക്കാരനായ അബൂ നജ്ബ് സുഹ്‌റവര്‍ദിയാണ് സുഹ്‌റവര്‍ദി ത്വരീഖത്തിന്റെ ആചാര്യനായി അറിയപ്പെടുന്നത്.

ഇസ്‌ലാമിന്റെ ഒരു വശം മാത്രമാണ് സൂഫിസം പ്രതിനിധാനം ചെയ്യുന്നതെങ്കിലും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സൂഫിസം വലിയ പങ്ക വഹിച്ചിട്ടുണ്ട്. അതുപോലെ കലാ-സാഹിത്യ രംഗങ്ങള്‍ക്ക് സൂഫികള്‍ പ്രാധാന്യം നല്‍കിയിരുന്നത് കൊണ്ട് തന്നെ സംഗീത-നൃത്ത മേഖലകളിലും സാഹിത്യ ശാഖകളിലും പുതിയ രീതികള്‍ സൂഫികളിലൂടെ ഉരുത്തിരിയുകയുണ്ടായി. സൂഫി കവികളില്‍ അതികായനായ ജലാലുദ്ദീന്‍ റൂമിയുടെ ‘മസ്‌നവി’ ഈ രംഗത്തെ അതുല്യമായ സാഹിത്യ സൃഷ്ടിയാണ്. ഇന്ത്യയിലാകട്ടെ ഉറുദു ഭാഷയുടെ പിതാവായി അറിയപ്പെടുന്ന അമീര്‍ ഖുസ്‌റുവും മഹാകവി മിര്‍സാ ഘാലിബും സൂഫിസത്താല്‍ സ്വാധീനിക്കപ്പെട്ടവരായിരുന്നു . ഖുസ്‌റുവിന്റെ ഖവാലികളും ഗസലുകളും തരാനകളും പിന്നീട് ഇന്ത്യന്‍ സംഗീത ശാഖയ്ക്ക് ലഭിച്ച മികച്ച സംഭാവനകളായി. സൂഫി ഡാന്‍സും സംഗീത സദസ്സുകളുമെല്ലാം സൂഫീ വിശ്വാസധാരയ്ക്ക് പുറത്തും നിരവധി അനുവാചകരെ സൃഷ്ടിച്ച് ജനകീയമായി കഴിഞ്ഞു. ഇന്ന് സൂഫിസം ഒരു വിശ്വാസധാര എന്നതിനേക്കാള്‍ ഒരു സംസ്‌കാരമായി രൂപാന്തരപ്പെട്ടിരിക്കുന്നു.

Related Articles