Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിലെ നീതിന്യായം ഖലീഫാ ഉമറിന്റെ ഭരണത്തില്‍

മനുഷ്യരുടെ ദൗര്‍ബല്യങ്ങളും വീഴ്ചകളും പരസ്യപ്പെടുത്തി സമൂഹത്തില്‍ കുഴപ്പങ്ങളും പ്രശ്‌നങ്ങളുമുണ്ടാക്കുന്നതിനെ ഖലീഫാ ഉമര്‍ എതിര്‍ത്തിരുന്നു. അവ അല്ലാഹു രഹസ്യമാക്കിയെങ്കില്‍  വെളിപ്പെടുത്തുന്നത് തെറ്റാണെന്നും അദ്ദേഹം തീര്‍പ്പുകല്‍പ്പിച്ചിരുന്നു. ഒരു ദിവസം അദ്ദേഹത്തെ സമീപിച്ച് ഒരാള്‍: ” എന്റെ യുവതിയായ മകള്‍ക്ക് ഒരു പിഴവ് സംഭിച്ചു. അതിന്റെപേരില്‍ അവള്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഞങ്ങള്‍ അവളെ രക്ഷിച്ചു. പിന്നീടവള്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ചു. ഇപ്പോള്‍ അവള്‍ക്ക് ഒരു വിവാഹാലോചന വന്നിരിക്കുന്നു. ഞങ്ങള്‍ ഈ വിവരം അവരെ അറിയിച്ചില്ലെങ്കില്‍ കുറ്റക്കാരാകുമോ ?” ഉമര്‍: ”അല്ലാഹു രഹസ്യമാക്കിയതിനെ പരസ്യമാക്കാനാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് ? പതിവ്രതയായ ഒരു പെണ്‍കുട്ടിയെ കല്യാണം ചെയ്തുകൊടുക്കുന്നപോലെ മാന്യമായി അവളുടെ വിവാഹം നടത്തുക. ആരോടെങ്കിലും താങ്കള്‍ ഈ വിവരം വെളിപ്പെടുത്തിയാല്‍ ഞാന്‍ താങ്കളെ മാതൃകാപരമായി ശിക്ഷിക്കും.” കുറ്റവാളികളെ ശിക്ഷിക്കുന്നതില്‍ കണിശത പ്രകടിപ്പിച്ചിരുന്ന ഖലീഫാ ഉമര്‍ തെറ്റുകള്‍ സംഭവിക്കാനുള്ള സാഹചര്യങ്ങള്‍ നീക്കാനാണ് അങ്ങേയറ്റം ശ്രമിച്ചത്. കുറ്റത്തിന് കാരണമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ അതില്‍ പെട്ടുപോകുന്നവരെ ഉമര്‍ ശിക്ഷിച്ചിരുന്നില്ല. പൈദാഹം സഹിക്കാതെ ഭക്ഷണം മോഷ്ടിക്കുന്നവരെ അദ്ദേഹം വെറുതെവിടുകയാണ് ചെയ്തത്.

ഒരിക്കല്‍ ഒരു ഗോത്രത്തലവന്റെ ഒട്ടകം മോഷ്ടിച്ച് അറുത്തു ഭക്ഷിച്ചതിന് ഏതാനും പേര്‍ പിടിക്കപ്പെട്ടു. കുറ്റം സംശയാതീതമായി തെളയിക്കപ്പെട്ടതിനാല്‍ അവരുടെ കൈവെട്ടാന്‍ വിധിച്ചു. ശിക്ഷ നടപ്പാക്കാറായപ്പോള്‍ ഖലീഫ എല്ലാവരേയും തിരിച്ചുവിളിച്ചു. ഒട്ടകത്തിന്റെ ഉടമയായ ഗോത്രത്തലവനേയും ഹാജരാക്കി. ” അല്ലാഹുവാണ, താങ്കള്‍ ഇവരെക്കൊണ്ട് ജോലിചെയ്യിക്കുന്നു എന്നിട്ട് ഇവരെ പട്ടിണിക്കിടുന്നു. ഇതറിഞ്ഞിരുന്നെങ്കില്‍ നിങ്ങളുടെ കൈ ആയിരുന്നു വെട്ടുക.” ഉടനെ ഖലീഫ ഒട്ടകത്തിന്റെ ഉടമക്ക് നഷ്ടപരിഹാരമായി അതിന്റെ വിലയുടെ ഇരട്ടിസംഖ്യ തൊഴിലുടമ നല്‍കാന്‍ വിധിക്കുകയും തൊഴിലാളികളെ വെറുതെ വിടുകയുമാണ് ചെയ്തത്.

മദീനയിലെ പള്ളി വലുപ്പം കൂട്ടിയപ്പോള്‍ സമീപത്തുണ്ടായിരുന്ന അബ്ബാസിന്റെ വീട്ടിലെ വെള്ളം വാര്‍ന്നുപോകാനുള്ള പാത്തി ഉമര്‍ എടുത്തുമാറ്റി. ഗൃഹനാഥന്റെ അനുവാദമില്ലാതെയുള്ള ഈ നടപടിക്കെതിരെ അബ്ബാസ് ഖലീഫക്കെതിരായി കോടതിയില്‍ പരാതി ബോധിപ്പിച്ചു. വിചാരണവേളയില്‍ സാധാരണപൗരനില്‍നിന്ന് വ്യത്യസ്തമായി ഖലീഫക്ക് അവിടെ പ്രത്യേക പരിഗണന ഒന്നും നല്‍കിയിരുന്നില്ല.  ന്യായാധിപനയിരുന്ന ഉബയ്യിന്റെ വലതും ഇടതുമായി വാദിയും പ്രതിയും
ഇരുന്നു. ” എന്റെ വീട്ടിന്‍മേല്‍ വെള്ളം പോകാനായി ഉണ്ടായിരുന്ന പാത്തി അവിടെ നിന്ന് എടുത്തുമാറ്റിയത് അന്യായമാണ്, ആദ്യകാലം മുതലേ അത് മസ്ജിദുന്നബവിയുടെ നേര്‍ക്കായിരുന്നു. നബിയുടെകാലത്തും അബുബക്കറിന്റെ കാലത്തും അത് അവിടെ തന്നെയായിരുന്നു. അത്മാറ്റിയതിനാല്‍ എനിക്ക് പ്രയാസം നേരിട്ടിരിക്കുന്നു. എനിക്ക് നീതി ലഭിക്കണം.” അബ്ബാസ് ബോധിപ്പിച്ചു. ” താങ്കള്‍ക്ക് എന്താണ് പറയാനുള്ളത് ?” ന്യായാധിപന്‍ ഉമറിനോട്.  ” ഞാനാണ് അത് നീക്കം ചെയ്തത്. പാത്തിയില്‍ നിന്നുള്ള വെള്ളം പള്ളിപരിസരത്ത് വീഴുന്നതുകൊണ്ട് നമസ്‌കരിക്കാനെത്തുന്നവരുടെ വസ്ത്രങ്ങളില്‍ തെറിക്കാതിരിക്കാന്‍ ജനത്തിന്റെ സൗകര്യം പരിഗണിച്ചാണ് ഞാനതുചെയ്തത്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.” അബ്ബാസിനോട് ഇതില്‍ വല്ലതും പറയാനുണ്ടോ എന്ന് ന്യായാധിപന്‍ ചോദിച്ചപ്പോള്‍ ” എന്റെ വീടിന്റെ സ്ഥാനം നിര്‍ണയിച്ചുതന്നത് നബി (സ)യാണ്. പണിപൂര്‍ത്തിയായശേഷം പാത്തി വെക്കേണ്ട സ്ഥാനം നിശ്ചയിച്ചതും തിരുമേനിതന്നെയാണ്. നബി(സ)യുടെ നിര്‍ബന്ധപ്രകാരം അദ്ദേഹത്തിന്റെ ചുമലില്‍ കയറിയാണ് ഞാന്‍ ആ പാത്തി ആ സ്ഥലത്തുവെച്ചത്.” അദ്ദേഹം വിശദമാക്കി. സാക്ഷികളേയും ഹാജരാക്കി. സാക്ഷിവിസ്താരം പൂര്‍ത്തിയായപ്പോള്‍ ഉമര്‍: ”്‌നബി (സ)യാണ് അത് സ്ഥാപിച്ചതെന്ന് അറിഞ്ഞിരുന്നെങ്കില്‍ അത് മാറ്റാന്‍ ഞാന്‍ ധൈര്യപ്പെടുമായിരുന്നില്ല. അതിനാല്‍ പ്രായശ്ചിത്തമെന്ന നിലയില്‍ നിങ്ങള്‍ എന്റെ മുതുകില്‍ കയറി ആ പാത്തി പഴയ സ്ഥലത്തുതന്നെ സ്ഥാപിക്കുക.” ന്യായാധിപനും അനുകൂലിച്ചപ്രകാരം ഖലീഫ അയാളുടെ വീട്ടില്‍ചെന്ന് പാത്തി വീണ്ടും സ്ഥാപിച്ചു.

മുഹമ്മദ് നബി (സ) പ്രവാചകനും, പ്രബോധകനും, സൈന്യാധിപനും. ഭരണാധികാരിയുമെന്നപോലെ ന്യയാധിപനും കൂടിയായിരുന്നു. പ്രവാചകനുശേഷം അബുബക്കറിന്റെ കാലത്ത് ഉമറിനായിരുന്നു നീതിന്യായ വകുപ്പിന്റെ ചുമതല. ഖുര്‍ആനും നബിചര്യയും അവയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണവും, അപഗ്രഥനവും, ചിന്തയും വഴി കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രവാചകന്‍ ചുമതലപ്പെടുത്തിയവരില്‍ പ്രമുഖരായിരുന്നു ഉമറുബ്‌നുല്‍ ഖത്ത്വാബ്, അലിയ്യുബ്‌നു അബീത്വാലിബ്, ആഇശ, അബ്ദുല്ലാഹിബ്‌നു മസ്ഊദ് എന്നിവര്‍.

                    

Related Articles