Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ വിദ്യാഭ്യാസ രീതിശാസ്ത്രം

education-in-islam.jpg

പ്രവാചകന്‍(സ)യുടെ കാലം മുതലേ പഠനത്തിനും വിദ്യാഭ്യാസത്തിനും ഇസ്‌ലാം പ്രോത്സാഹനം നല്‍കിയിരുന്നു. ബദ്ര്‍ യുദ്ധത്തിന് ശേഷം ബന്ദികളായി പിടിക്കപ്പെട്ടവരെ മദീനയിലെ കുട്ടികള്‍ക്ക് വിദ്യ അഭ്യസിപ്പിക്കാനാണ് പ്രവാചകന്‍ നിയോഗിച്ചത്. ഗുരുകുല സംവിധാനമെന്ന പോലെ വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ സംവിധാനം സ്ഥാപിച്ചത് പ്രവാചകന്‍(സ) തന്നെയായിരുന്നു. പ്രവാചകന്റെ പാഠശാല എന്നു വിളിക്കപ്പെടുന്ന ആ സദസ്സുകളാണ് നാഗരികമായി മറ്റേത് ജനവിഭാഗത്തേക്കാളും മുസ്‌ലിംകളെ ലോകനിലവാരമുള്ളവരാക്കി മാറ്റിയത്. ഉമര്‍(റ)ന്റെ കാലമായപ്പോഴേക്കും ഇസ്‌ലാമിനെ പഠിപ്പിക്കാന്‍ പ്രാപ്തരായ അധ്യാപകരുടെ ഒരു കൂട്ടം തന്നെ രാഷ്ട്രത്തിന് കീഴില്‍ ഉണ്ടായിരുന്നു. അവര്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിദ്യ അഭ്യസിപ്പിക്കുകയും ചെയ്തിരുന്നു. ഉമറിന്റെ കാലത്ത് ഗവര്‍ണറായിരുന്ന ജുബൈര്‍ ബിന്‍ ഹയ്യ താഇഫില്‍ അധ്യാപകനായിരുന്നു. അല്‍-ഹജ്ദാദ്, കവികളായ അല്‍-ഖുമൈത്, അല്‍-തിരിമ്മാഹ് പോലുള്ളവര്‍ തൊഴിലുകൊണ്ട് അധ്യാപകരായിരുന്നു. പല അധ്യാപകരും തങ്ങളുടെ വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിച്ചവരുമായിരുന്നു. പാശ്ചാത്യ ചിന്തകനായ പെഡെര്‍സന്റെ അഭിപ്രായ പ്രകാരം തങ്ങള്‍ പിന്തടരുന്ന ലളിത ജീവിതമായിരിക്കാം അവരെ അതിന് പ്രേരിപ്പിച്ചത്. ദൈവപ്രീതിക്ക് വേണ്ടിയാണ് അവരൊക്കെ വിദ്യ അഭ്യസിച്ചതും അഭ്യസിപ്പിച്ചതും.

ഉമര്‍(റ)ന്റെ പ്രസിദ്ധമായ ഒരു വചനമുണ്ട്: ”നിങ്ങള്‍ മക്കളെ നീന്തലും, അമ്പെയ്ത്തും, കുതിരസവാരിയും പ്രസിദ്ധമായ വചനങ്ങളും കവിതകളുമൊക്കെ പഠിപ്പിക്കുക.” സമാനമായ ആശയം പ്രവാചക അധ്യാപനങ്ങളിലും കാണാം. ഇബ്‌നു അത്തവാം പറയുന്നു: ”മക്കളോട് പിതാക്കന്മാര്‍ക്ക് ചെയ്യാനുള്ള ബാധ്യതയാണ് അവരെ എഴുത്തും ഗണിതവും നീന്തലും പഠിപ്പിക്കുക എന്നത്”. ഖുര്‍ആന്‍ പഠനമായിരുന്നു ആദ്യകാല വിദ്യാഭ്യാസ രീതിയുടെ കേന്ദ്രബിന്ദു. ഖുര്‍ആന്‍ പാരായണത്തിനും ഹൃദിസ്ഥമാക്കുന്നതിനും പ്രഥമ സ്ഥാനമാണ് നല്‍കിയത്. ഗണിതവും വ്യാകരണവും കായിക വിദ്യാഭ്യാസവും രണ്ടാമത് മാത്രമേ പരിഗണിക്കപ്പെട്ടിരുന്നുള്ളൂ.

ഹിജ്‌റ 700-കളില്‍ ജീവിച്ചിരുന്ന ഇബ്‌നു അല്‍-ഹജ്ജ് എന്ന പണ്ഡിതന്‍ സ്‌കൂള്‍ സംവിധാനത്തെ കുറിച്ച് വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നത് കാണാം. ഗുരുകല സംവിധാനം ചിലപ്പോള്‍ തെറ്റായ ഫലങ്ങള്‍ ഉണ്ടാക്കാമെന്നും ദൂരയാത്ര ചെയ്തു വരുന്ന കുട്ടികള്‍ക്ക് പള്ളികള്‍ പറ്റിയ ഇടമല്ലെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനായി പ്രത്യേകമായ ഒരിടം സജ്ജമാക്കുന്നതിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ദൂരയാത്രകള്‍ ചെയ്ത് വരുന്ന വിദ്യാര്‍ഥികള്‍ അവര്‍ക്കുള്ള ഭക്ഷണം കൊണ്ടുവരുന്നതാണ് ഉത്തമമെന്നും സമ്പന്ന-ദരിദ്ര കുട്ടികളുടെ ഭക്ഷണയിനങ്ങള്‍ തമ്മിലെ അന്തരം അവര്‍ക്കിടയിലുള്ള അന്തരമായി മാറാതിരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.

ആദ്യകാലങ്ങള്‍ മുതല്‍ തന്നെ പ്രഗല്‍ഭരായ അധ്യാപകരാണ് വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നയിച്ചിരുന്നത്. പ്രശസ്ത പണ്ഡിതനും വ്യാകരണ വിദഗ്ധനുമായ ദഹഖ് ഇബ്‌നു മുസഹിമിന് കൂഫയില്‍ 3000 വിദ്യാര്‍ഥികള്‍ വിദ്യ അഭ്യസിക്കുന്ന ഒരു സ്‌കൂള്‍ സ്വന്തമായി ഉണ്ടായിരുന്നു. അന്നത്തെ അധ്യാപകരെ തെരെഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം കുലമഹിമയോ ഗോത്രമഹിമയോ ആയിരുന്നില്ല. അറിവും തന്റെ മേഖലയിലെ പ്രാഗല്‍ഭ്യവുമായിരുന്നു അധ്യാപകരുടെ മികവിന്റെ അളവുകോലായിരുന്നത്. അറബി സാഹിത്യം പഠിപ്പിക്കാന്‍ ഗ്രാമീണരായ അറബികളെ നിയമിച്ച വിദ്യാലയങ്ങളും അന്ന്  ഉണ്ടായിരുന്നു. ഒരു വിഷയത്തില്‍ പ്രധാന അധ്യാപകന്റെ അഭാവത്തില്‍  സഹഅധ്യാപകരാണ് ക്ലാസുകള്‍ നയിച്ചിരുന്നു. ഓരോ വിഷയത്തിലും ഒരു പ്രധാന അധ്യാപകനും ഒരു സഹഅധ്യാപകനും ഉണ്ടായിരുന്നു. പലപ്പോഴും പ്രധാന അധ്യാപകന് പിഴച്ചാല്‍ സഹഅധ്യാപകര്‍ അവ തിരുത്താന്‍ മടി കാണിച്ചിരുന്നില്ല. പ്രധാന അധ്യാപകര്‍ അവ ഉള്‍കൊള്ളുകയും ചെയ്തിരുന്നു. ഉറങ്ങുന്ന വിദ്യാര്‍ഥികളെ ഉണര്‍ത്താന്‍ പോലും ആളുകളെ നിയമിച്ചിരുന്നു. ക്ലാസുകള്‍ നടക്കുന്നതിനിടയില്‍ പരസ്പരം സംസാരിക്കാനോ തമാശകള്‍ പറഞ്ഞ് ചിരിക്കാനോ പാടില്ല. വിജ്ഞാനം ചര്‍ച്ച ചെയ്യുന്ന സദസ്സുകളില്‍ മറ്റ് സംസാരങ്ങള്‍ പാടില്ല എന്നത് അന്നത്തെ പൊതുനിയമമായിരുന്നു.  

12-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കീഴിലുണ്ടായിരുന്ന പാഠശാലകളില്‍ പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിങ്ങനെ അധ്യാപകര്‍ നിയമിക്കപ്പെട്ടു തുടങ്ങി. ബഗ്ദാദിലെ അല്‍-മുസ്തന്‍സിരിയ്യയില്‍ ഒരു പ്രൊഫസര്‍ക്ക് കീഴില്‍ രണ്ട് അസിസ്റ്റന്റുമാര്‍ ഉണ്ടായിരുന്നു. പ്രൊഫസറുടെ അധ്യാപനത്തിലുള്ള വ്യക്തതക്കുറവുകള്‍ വിദ്യാര്‍ഥികള്‍ക്ക് പരിഹരിച്ചുകൊടുത്തിരുന്നത് സഹഅധ്യാപകരായിരുന്നു. അതുകൊണ്ടു തന്നെ വിദ്യാര്‍ഥികളുമായി വളരെ ഊഷ്മളമായ ബന്ധമാണ് അവര്‍ കാത്തുവെച്ചതും.

മനഃപാഠത്തിന് പുരാതന ഇസ്‌ലാമിക പഠനസമ്പ്രദായങ്ങളില്‍ പ്രമുഖമായ സ്ഥാനമുണ്ടായിരുന്നു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്ന രീതിയില്‍ നിന്നാണ് അത് കടന്നുവന്നതും. അതുകൊണ്ട് അന്ന് ഭൗതികരംഗത്ത് മികച്ചു നിന്നവര്‍ പോലും ചെറുപ്രായത്തിലേ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്നു എന്നു കാണാം. വൈദ്യശാസ്ത്രകാരനായ ഇബ്‌നു സീനയും ചിന്തകനായ അല്‍-കിന്ദിയുമൊക്കെ ഇമാം ശാഫിഈയെയും ഇമാം ഗസാലിയേയും പോലെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരായിരുന്നു. ഭാഷാശാസ്ത്രകാരനായ അല്‍-ബാവര്‍ദി 30,000 പേജുകളുള്ള ഭാഷാ വ്യാകരണ കൃതി ഹൃദിസ്ഥമാക്കിയിരുന്നു. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ജലാലുദ്ദീന്‍ സുയൂത്തി 600-ഓളം ഗ്രന്ഥങ്ങള്‍ മനപ്പാഠമാക്കിയിരുന്നു. വാമൊഴിക്ക് പ്രാധാന്യം കല്‍പിക്കുകയും മനപ്പാഠമാണ് എഴുത്തുകാര്‍ക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യത എന്നു വിശ്വസിക്കുകയും ചെയ്ത ഒരു സമൂഹത്തിന് ഇത്തരം അത്ഭുതകൃത്യങ്ങള്‍ അനായാസമായിരുന്നു.

ഖുര്‍ആന്‍ പഠനത്തിന് ശേഷം വളരെ വ്യവസ്ഥാപിതമായി തന്നെ ഹദീഥ് നിദാനശാസ്ത്രവും ഇസ്‌ലാമിക ലോകത്ത് പടര്‍ന്നു പന്തലിക്കുകയുണ്ടായി. ഹദീഥുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരുടെ സത്യസന്ധതയും ക്ലിപ്തതയും പരിശോധിക്കുക വഴി പ്രവാചകവചനങ്ങളെ പരമാവധി കറകളഞ്ഞെടുക്കാനുള്ള കഠിനപരിശ്രമം അന്നത്തെ മുന്‍ഗാമികള്‍ നടത്തിയിരുന്നു. ഇമാം ബുഖാരിയും മുസ്‌ലിമും തങ്ങളുടെ ആയുസ്സിന്റെ നല്ലൊരു ഭാഗവും ഹദീഥ് ക്രോഡീകരണത്തിന് വേണ്ടി ഉഴിഞ്ഞുവെച്ചവരായിരുന്നു. ഖുര്‍ആന്‍ പഠനവും ഹദീഥ് പഠനവും പഠിതാക്കള്‍ക്ക് നല്‍കിയ ഊര്‍ജം തന്നെയാണ് ഇസ്‌ലാമിന്റെ മറ്റ് വൈജ്ഞാനിക മേഖലകളിലേക്കും ശാസ്ത്രീയമായി കാലെടുത്തു വെക്കാന്‍ അവര്‍ക്ക് പ്രേരകമായതും.

ഫിഖ്ഹും അതിന്റെ അടിസ്ഥാനങ്ങളും വളരെ ശാസ്ത്രീയമായി ക്രോഡീകരിക്കപ്പെട്ടതും പഠിപ്പിക്കപ്പെട്ടതും മറ്റൊരു കുതിച്ചുചാട്ടമാണ്. ആധുനികലോകത്തിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വ്യവസ്ഥാപിതമായ വ്യക്തിനിയമങ്ങള്‍ ഫിഖ്ഹിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക നാടുകളില്‍ പ്രാവര്‍ത്തികമായിരുന്നു. അനന്തരാവകാശം പോലുള്ള ഫിഖ്ഹി വിഷയങ്ങളില്‍ ഗണിതശാസ്ത്രവും പരീക്ഷിക്കപ്പെട്ടിരുന്നു. ഇറാഖിലെ അല്‍-മുസ്തന്‍സിരിയ്യയില്‍ ഫിഖ്ഹിന്റെ ഭാഗമായി ഗണിതവും പഠിപ്പിക്കപ്പെട്ടിരുന്നു. കുത്തുബ് മിനാര്‍ കോംപ്ലക്‌സിനകത്ത് അലാവുദ്ദീന്‍ ഖില്‍ജി സ്ഥാപിച്ച മദ്രസകള്‍ ഇന്നും കാണാം. അക്ബറിന്റെ കാലത്തെ മദ്രസകളില്‍ കാര്‍ഷികരംഗം, സാമ്പത്തികശാസ്ത്രം, പ്രജാശാസ്ത്രം, ചരിത്രം എന്നിവയൊക്കെ സിലബസിന്റെ ഭാഗമായിരുന്നു. ചരിത്രപഠനങ്ങളിലും ഇബ്‌നു ഖല്‍ദൂനും അല്‍-ബിറൂനിയും ഇന്നും ലോകത്ത് തുല്യതയില്ലാത്തവരായി മാറിയത് വിഷയങ്ങളെ സമീപിക്കുന്നതില്‍ അവര്‍ കാണിച്ച ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ പഠനരീതികള്‍ കൊണ്ടായിരുന്നു.

പല മദ്രസകളും മസ്ജിദുകളോടൊപ്പം തന്നെ വഖ്ഫിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപകന്മാര്‍ അത്തരം വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്തിരുന്നുവെങ്കിലും അവയുടെ എല്ലാവിധ ചെലവുകളും വഹിച്ചിരുന്നത് സകാത്ത് ഫണ്ടില്‍ നിന്നോ പൊതുഖജനാവില്‍ നിന്നോ ആയിരുന്നു. അധ്യാപകര്‍ക്കുള്ള ശമ്പളവും വിദ്യാര്‍ഥികള്‍ക്കുള്ള താമസ-ഭക്ഷണ സൗകര്യങ്ങളും കെട്ടിടങ്ങളുടെ അറ്റകുറ്റപണികളുമൊക്കെ ഇങ്ങനെ നിര്‍വഹിച്ചിരുന്നു. വര്‍ഷാവസനങ്ങളില്‍ കൃത്യമായി എഴുത്തുപരീക്ഷകളും ഇത്തരം വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നടന്നിരുന്നു. പഠനത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഭരണാധികാരികളോ നാട്ടിലെ മറ്റ് ഉന്നതരോ സ്‌കോളര്‍ഷിപ്പുകളും നല്‍കിയിരുന്നു.

ചുരുക്കത്തില്‍, ആധുനിക ലോകത്ത് നമ്മള്‍ കണ്ടും കേട്ടും പരിചയിച്ച പല സംവിധാനങ്ങളും രീതികളും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പ്രവാചക പാഠശാലയില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട നമ്മുടെ മുന്‍ഗാമികള്‍ സ്ഥാപിച്ചിരുന്നു എന്നത് അത്ഭുതാവഹമാണ്. കാരണം, ഇഖ്‌റഅ് എന്ന ആദ്യ ആഹ്വാനത്തിലൂടെ ഖുര്‍ആന്‍ ഉത്തേജിപ്പിച്ചതും ഉണര്‍ത്തിയതും എത്രയോ തലമുറകളെയാണ്. എന്നാല്‍, വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ പാരമ്പര്യം അവകാശപ്പെടാനുള്ള മുസ്‌ലിംകള്‍ ആധുനിക ലോകത്ത് പിന്നാക്കം പോയത് ഖേദകരമായ വസ്തുതയാണ്.

വിവ: അനസ് പടന്ന  

Related Articles