Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ ഫലങ്ങള്‍ പൂഴ്ത്തിവെക്കാനുള്ളതല്ല

islam.jpg

മാതൃകാപരവും, സവിശേഷമായ ലക്ഷ്യവും, മാര്‍ഗവുമുള്ള ഒരു സംഘത്തിന്റെ നിര്‍മാണത്തിലേക്ക് ഇസ്‌ലാം ക്ഷണിക്കുന്നത്, അത് സ്വയം ഒതുങ്ങിക്കൂടിയ സങ്കുചിതമായ, സ്വന്തത്തിന് വേണ്ടി ജീവിക്കുന്ന, മറ്റു ജനങ്ങളെ പരിഗണിക്കാത്ത ദര്‍ശനമാണെന്നല്ല കുറിക്കുന്നത്.

മുഴുവന്‍ ലോകത്തിനും ജനങ്ങള്‍ക്കുമുള്ള സന്ദേശമായാണ് ഇസ്‌ലാം ഉറവപൊട്ടുന്നത് തന്നെ. ജാതി, ദേശം, കുടുംബം, വര്‍ണ്ണം തുടങ്ങിയ വേര്‍തിരിവുകളില്ലാതെ അല്ലാഹുവിന്റെ മുഴുവന്‍ അടിമകള്‍ക്കും കാരുണ്യമായിട്ടാണത് അവതരിപ്പിച്ചിട്ടുള്ളത്. ഇസ്‌ലാമിക പ്രബോധനത്തിന്റെ സാര്‍വലൗകികത വ്യക്തമാക്കുന്ന ധാരാളം ആയത്തുകള്‍ നമുക്ക് ഖുര്‍ആനില്‍ കാണാവുന്നതാണ്:

‘ലോകര്‍ക്കാകെ അനുഗ്രഹമായിട്ടല്ലാതെ നാം നിന്നെ അയച്ചിട്ടില്ല’

‘തന്റെ ദാസന് ശരിതെറ്റുകളെ വേര്‍തിരിച്ചുകാണിക്കുന്ന ഈ പ്രമാണം ഇറക്കിക്കൊടുത്ത അല്ലാഹു അളവറ്റ അനുഗ്രഹമുള്ളവനാണ്. അദ്ദേഹം ലോകര്‍ക്കാകെ മുന്നറിയിപ്പു നല്‍കുന്നവനാകാന്‍ വേണ്ടിയാണിത്.’
‘പറയുക: ‘ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. പിന്നെ ഞാന്‍ കള്ളം കെട്ടിച്ചമച്ചുണ്ടാക്കുന്നവനുമല്ല. ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്‌ബോധനമാണ്.’

‘പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കുമുള്ള, ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്റെ ദൂതനാണ്.’
‘മനുഷ്യര്‍ക്കാകമാനം ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.’

സാര്‍വലൗകികമായ ഈ സന്ദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും എത്തിക്കാല്‍ ചുമതലപ്പെടുത്തപ്പെട്ടവരാണ് മുസ്‌ലിം സമൂഹം. അതിന്റെ പ്രകാശത്തെയും നന്മയെയും പൂഴ്ത്തിവെക്കല്‍ അനുവദനീയമല്ല. അല്ലാഹുവിന്റെ പ്രകാശത്താല്‍ സന്മാര്‍ഗം ലഭിച്ചവര്‍ മറ്റുള്ളവരെയും ആ പ്രകാശത്തിലേക്ക് നയിക്കണം. വിശ്വാസവും സല്‍കര്‍മങ്ങളും കൊണ്ട് സംസ്‌കരിക്കപ്പെട്ടവന്‍ മറ്റുള്ളവരെയും അതിലേക്ക് ക്ഷണിക്കണം.

ഇക്കാരണത്താലാണ് മുസ്‌ലിം സമൂഹത്തെ അല്ലാഹു പ്രശംസിച്ചിട്ടുള്ളത്. ‘മനുഷ്യസമൂഹത്തിനായി പുറപ്പെടുവിക്കപ്പെട്ട ഉത്തമ സമുദായമായാണ് നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു.’ ഇവിടെ ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്ന ‘പുറപ്പെടുവിക്കപ്പെട്ട’ എന്നത് അവരെ പുറപ്പെടുവിച്ച ഒരാളുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ലോകൈക നാഥനായ അല്ലാഹുവാണത്. ഭൂമിയില്‍ നിന്ന് ഒരു സസ്യം പൊട്ടിമുളക്കും പോലെ ചുമ്മാ മുളച്ച് വന്ന ഒന്നല്ല ഈ സമുദായം. മറിച്ച് അതിനായി വിത്തിറക്കി അതില്‍ നിന്ന് മുളപ്പിച്ച് അതിന് വേണ്ട സംരക്ഷണവും നല്‍കിയിരിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടിയാണതിനെ ഉണ്ടാക്കിയിരിക്കുന്നത്. ജനങ്ങളെ സന്മാര്‍ഗത്തിലാക്കാന്‍, അവര്‍ക്ക് നന്മ ചെയ്യാന്‍, അവരെ സംസ്‌കരിക്കാന്‍, അന്ധകാരത്തില്‍ നിന്നവരെ പ്രകാശത്തിലേക്ക് നയിക്കാന്‍ ഇതിനെല്ലാമാണ് അവരെ നിയോഗിച്ചിരിക്കുന്നത്.

അല്ലാഹു തന്റെ ദൂതനെ നിയോഗിച്ച അതേ സന്ദേശം പ്രചരിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ടവരാണ് ഈ സമൂഹം. നിങ്ങളെ എളുപ്പമുണ്ടാക്കുന്നവരായാണ് നിയോഗിച്ചിരിക്കുന്നത്, പ്രയാസമുണ്ടാക്കുന്നവരായി നിങ്ങളെ അയച്ചിട്ടില്ല എന്ന് പ്രവാചകന്‍(സ) പറഞ്ഞതിന് കാരണവും അതായിരുന്നു. അല്ലാഹു പറയുന്നു: ‘നന്മയിലേക്ക് ക്ഷണിക്കുകയും തിന്മയില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ നിന്നുണ്ടാവണം. അവരാണ് വിജയിച്ചവര്‍.’ സൂക്തത്തില്‍ ‘നിങ്ങളില്‍ നിന്നും’ എന്ന് പ്രയോഗിച്ചത് മുസ്‌ലിം സമൂഹം മുഴുവനും അതുകൊണ്ടുദ്ദേശിക്കുന്നു എന്ന് പറയുന്നവരുണ്ട്. അതല്ല അതിന്റെ ഉദ്ദേശ്യം മുസ്‌ലിംകളില്‍ അത്തരത്തില്‍ ഒരു വിഭാഗം ഉണ്ടായിരിക്കണമെന്നാണ് പറഞ്ഞാലും മുസ്‌ലിം സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് നന്മ കല്‍പ്പിക്കലും തിന്മ വിരോധിക്കലും.

ഖാദിസിയ യുദ്ധത്തില്‍ പേര്‍ഷ്യന്‍ സൈന്യാധിപന്‍ റുസ്തമിന്റെ ‘നിങ്ങള്‍ ആരാണെന്ന’ ചോദ്യത്തിന് മറുപടി നല്‍കിയ രിബ്ഇയ് ബിന്‍ ആമിര്‍ ഇത് മനസിലാക്കിയിരുന്നു. അചഞ്ചലമായ വിശ്വാസത്തോടും അതില്‍ നിന്നുണ്ടാകുന്ന പ്രതാപത്തോടെയും അദ്ദേഹം മറുപടി നല്‍കി: അല്ലാഹു നിയോഗിച്ച സമൂഹമാണ് ഞങ്ങള്‍. അടിമകള്‍ക്ക് വഴിപ്പെടുന്നതില്‍ നിന്ന് ഏകനായ അല്ലാഹുവിനെ മാത്രം വഴിപ്പെടുന്നതിനാണത്. ഇഹലോകത്തിന്റെ കുടുസ്സതയില്‍ നിന്നും ഇഹ-പര ലോകങ്ങളുടെ വിശാലതയിലേക്കും മതങ്ങളുടെ അക്രമത്തില്‍ നിന്നും ഇസ്‌ലാമിന്റെ നീതിയിലേക്കും കൊണ്ടുവരുന്നതിനാണത്.

പ്രമുഖനായ സഹാബി വളരെ സംഗ്രഹിച്ച് നല്‍കിയ മറുപടി ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നോ പുസ്തകത്തില്‍ നിന്നോ അധ്യാപകരില്‍ നിന്നോ പഠിച്ചെടുത്തതല്ല. ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റികളുടെ ആകെ ലക്ഷ്യം തന്നെ ഈ ചുരുങ്ങിയ വാക്കുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മുഹമ്മദ് നബിയുടെ പാഠശാലയില്‍ നിന്നാണദ്ദേഹമത് പഠിച്ചത്. ലോകം ഇതുവരെ കാണാത്ത ഒരു മാതൃകയാണ് അദ്ദേഹം കാണിച്ചത്. ഇസ്‌ലാമിന്റെ സന്ദേശം അല്ലാഹു തന്നെ വിശേഷിപ്പിച്ചത് പോലെ സാര്‍വലൗകിക സന്ദേശമാണ്. ഉത്തമമായ മനുഷ്യവര്‍ഗത്തെ സൃഷ്ടിക്കുന്നതിനാണത്. ഇസ്‌ലാമിന്റെ എല്ലാ അധ്യാപനങ്ങളിലും ഈ കാരുണ്യവും നന്മയും വെളിപ്പെടുന്നുണ്ട്.

ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും അടിസ്ഥാനങ്ങളും

1. മനുഷ്യന്റെ അടിമത്വത്തില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കല്‍: ശുദ്ധമായ ഏകദൈവത്വത്തിലേക്കാണ് ഇസ്‌ലാം ക്ഷണിക്കുന്നത്. എല്ലാ തരത്തിലുള്ള പങ്കുചേര്‍ക്കലിനെയും അത് നിഷേധിക്കുന്നു. മനുഷ്യരെ മനുഷ്യന്റെ അടിമത്വത്തില്‍ നിന്നും അതുപോലെ മറ്റുവസ്തുക്കളുടെയും ഇച്ഛകളുടെയും സ്വന്തത്തിന്റെയും അടിമത്വത്തില്‍ നിന്നുമത് മോചിപ്പിക്കുന്നു.
ജനങ്ങള്‍ വിശുദ്ധമാക്കിയ വ്യാജ്യ ദൈവങ്ങളെയെല്ലാം അത് തള്ളിക്കളയുന്നു. അല്ലാഹുവോടൊപ്പം അവയെ കൂടി ദൈവങ്ങളാക്കുകയായിരുന്നു അവര്‍. അതിന്‍െ മതനേതാക്കളുണ്ടാകാം രാഷ്ട്രീയ നേതാക്കളുണ്ടാകാം അധികാര ശക്തികളുണ്ടാകാം. അല്ലാഹു പറയുന്നു: ‘അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനു പുറമെ ദൈവങ്ങളാക്കി സ്വീകരിച്ചു. മര്‍യമിന്റെ മകന്‍ മസീഹിനെയും. എന്നാല്‍ ഇവരൊക്കെ ഒരേയൊരു ദൈവത്തിന് വഴിപ്പെടാനല്ലാതെ കല്‍പിക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ദൈവമില്ല. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ എത്രയോ വിശുദ്ധനാണ് അവന്‍.’

‘വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: ‘അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക.’ എന്ന ഖുര്‍ആന്‍ സൂക്തം കൊണ്ടായിരുന്നു പ്രവാചകന്‍(സ) ഖൈസര്‍, മുഖൗഖിസ്, നജ്ജാശി പോലുള്ള രാജാക്കന്‍മാര്‍ക്കയച്ച കത്തുകള്‍ അവസാനിപ്പിച്ചിരുന്നത്.

ഞങ്ങള്‍ അല്ലാഹുവല്ലാത്തവരെ പരസ്പരം ദൈവമാക്കുന്നില്ലെന്നത് പുതു മനുഷ്യകുലത്തെ അടയാളപ്പെടുത്തലാണ് ഇവ. അവര്‍ പരസ്പരം ദൈവമായി കരുതുന്നില്ല. പരസ്പരമവര്‍ സാഷ്ടാഗം ചെയ്യുന്നില്ല. തങ്ങളുടെ സ്രഷ്ടാവിന് മാത്രമാണ് അവരുടെ സാഷ്ടാംഗം. തന്നെ പടച്ചവന് മുന്നിലല്ലാതെ അവന്‍ കുനിയുകയും കുമ്പിടുകയുമില്ല. ഏകനും ആധിപത്യത്തിനുടമയുമായ അല്ലാഹുവിനല്ലാതെ അവര്‍ കീഴ്‌പ്പെടുകയില്ല. അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിലേക്ക് മാത്രം തിരിച്ച് വെച്ചതായിരിക്കും. അവന്റെ കാരുണ്യം പ്രതീക്ഷിക്കുന്ന അവര്‍ അവന്റെ ശിക്ഷയെ ഭയക്കുകയും ചെയ്യുന്നു. അവന്റെ എല്ലാ അവയവങ്ങളും അവനിലേക്കായിരിക്കും നീളുക. കൊടുക്കുന്നതും തടയുന്നതും അവന്‍ മാത്രമാണ്. ഉയര്‍ച്ച താഴ്ച്ചകളും മരണവും ജീവിതവും നിശ്ചയിക്കുന്നതും അവന്‍ തന്നെ.

മനുഷ്യര്‍ക്കുള്ള നിയമങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമാണ്. എണ്ണിക്കണക്കാക്കാന്‍ കഴിയാത്തത്ര അനുഗ്രഹങ്ങള്‍ സൃഷ്ടികള്‍ക്ക് നല്‍കിയ അവന്‍ തന്നെയാണ് അവര്‍ക്കു വേണ്ട നിയമങ്ങളും തയ്യാറാക്കേണ്ടത്. അവര്‍ എന്തൊക്കെ ചെയ്യരുതെന്നും എന്തൊക്കെ ചെയ്യണമെന്നും തീരുമാനിക്കേണ്ടതും അവന്‍ തന്നെ. കാരണം സൃഷ്ടിച്ചവന് തന്നെയാണ് അതിനെ കൈകാര്യം ചെയ്യുന്നതിനുമുള്ള അവകാശം.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles